തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ്ങ് സ്കൂളുകളില് വിജിലന്സ് നടത്തിയ മിന്നല് പരിശോധനയില് വ്യാപക ക്രമകേടുകള്. മോട്ടോര് വാഹന വകുപ്പ് ഉദ്യോഗസ്ഥര് കൈക്കൂലി വാങ്ങി ക്രമക്കേടുകള്ക്ക് കൂട്ടു നില്ക്കുന്നതായും പരിശോധനയില് കണ്ടെത്തി.
ചില ഡ്രൈവിംഗ് സ്കൂളുകള് പേരിനു മാത്രമാണ് പ്രവര്ത്തിക്കുന്നത്. കണ്ണൂര് ജില്ലയിലെ തോട്ടടയിലും കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലും ടെസ്റ്റ് നടത്താന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന് ഗ്രൗണ്ടില് ഹാജരാകാതെയാണ് ടെസ്റ്റ് നടത്തുന്നത്. തിരുവനന്തപുരം വര്ക്കലയില് ആര്ടിഒയുടെ ടെസ്റ്റ് ഗ്രൗണ്ട് പ്രവര്ത്തിക്കുന്നത് സ്വകാര്യ ഭൂമിയില് ആയതിനാല് ടെസ്റ്റിന് വരുന്നവരില് നിന്നും 15 രൂപ ഭൂമി വാടക ഈടാക്കുന്നതായും കണ്ടെത്തി. തൃപ്പൂണിത്തുറ സബ് ആര്ടിഒക്ക് കീഴിലുള്ള ഡ്രൈവിംഗ് സ്കൂളിലെ ഇന്സ്ട്രക്ടര് പത്തുമാസമായി വിദേശത്ത് ജോലി ചെയ്യുകയാണ്. കണ്ണൂര് സൗത്ത് ബസാറിലെ ഡ്രൈവിംഗ് സ്കൂള് 2021ല് ലൈസന്സ് കാലാവധി കഴിഞ്ഞിട്ടും പ്രവര്ത്തിക്കുകയാണ്. ഇത്തരത്തില് നിരവധി ക്രമക്കേടുകളാണ് കണ്ടെത്തിയത്.
ഓപ്പറേഷന് സ്റ്റെപ്പിനി എന്ന പേരിലായിരുന്നു മിന്നല് പരിശോധന. മോട്ടോര് വാഹന വകുപ്പിന്റെ 60 ഗ്രൗണ്ടുകളിലും തെരഞ്ഞെടുത്ത 170ല് പരം ഡ്രൈവിംഗ് സ്കൂളുകളിലുമാണ് പരിശോധന നടത്തിയത്.