
താടിയും മീശയും ഷേവ് ചെയ്യാതെ എങ്ങനെയാണ് ഷാഫി പറമ്പില്‍ എംപി ശസ്ത്രക്രിയ ചെയ്തത് എന്ന വിഷയത്തില്‍ പലതരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പേരാമ്പ്രയില്‍ നടന്ന സംഘര്‍ഷത്തിനിടെ പൊലീസില്‍ നിന്ന് ഷാഫിക്ക് മര്‍ദമേല്‍ക്കുകയും മൂക്കിന്‍റെ പാലത്തില്‍ പൊട്ടലുണ്ടാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഷാഫിക്ക് ശസ്ത്രക്രിയ നടത്തി എന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോഴാണ് താടിയും മീശയും ഷേവ് ചെയ്യാതെ എങ്ങനെയാണ് ശസ്ത്രക്രിയ നടത്തിയത് എന്നും വ്യാജ അവകാശവാദമാണ് നടത്തുന്നതെന്നുമുള്ള തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിവാദങ്ങളുയര്‍ന്നത്.
അതിനിടയില്‍ ഇതുമായി ബന്ധപ്പെട്ട് നടിയായ സജിതാമഠത്തിലും പ്രതികരണം നടത്തി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്രെയിന്‍ ട്യൂമര്‍ ഓപ്പറേഷന് ശേഷം വീട്ടില്‍ എത്തിയപ്പോള്‍ എടുത്ത ഫോട്ടോ പങ്കുവച്ചുകൊണ്ടായിരുന്നു സജിത മഠത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 'എന്റെ മുടി ഓപ്പണ്‍ സര്‍ജറി ചെയ്ത ഭാഗത്ത് അല്‍പ്പം മാത്രമേ മുറിച്ചിരിന്നുള്ളൂ. പുറത്തുനിന്ന് നോക്കിയാല്‍ തലയില്‍ ഇത്രയും വലിയ ഓപ്പറേഷന്‍ ചെയ്തതായി തോന്നുകയില്ലായിരുന്നു, ഓപ്പറേഷന്‍ വിവാദങ്ങള്‍ കണ്ടപ്പോള്‍ വെറുതെ ഓര്‍ത്തുപോയെന്നുമാത്രം' എന്നായിരുന്നു സജിതയുടെ കുറിപ്പ്.
യഥാര്‍ഥത്തില്‍ ശസ്ത്രക്രിയ നടത്തുമ്പോള്‍ ശരീരത്തിലെ രോമങ്ങള്‍ നീക്കം ചെയ്യേണ്ടതുണ്ടോ? എന്താണ് ഇതിനുപിന്നിലെ മെഡിക്കല്‍ നിയമങ്ങള്‍? പട്ടം SUT ഹോസ്പിറ്റലിലെ ന്യൂറോ സര്‍ജന്‍ ഡോക്ടര്‍ മനോജ് വെളളനാട് വിശദീകരിക്കുന്നു.
ഓരോ തരത്തിലുള്ള സര്‍ജറിക്കും ഓരോ രീതിയാണ്. മൂക്കിനകത്ത് ചെയ്യുന്ന സര്‍ജറിയാണ് ഈ പ്രത്യേക കേസ്. അതിന് ശരിക്കും താടിയും മീശയും നീക്കം ചെയ്യണമെന്ന് നിര്‍ബന്ധമൊന്നും ഇല്ല. ഇപ്പോള്‍ സര്‍ജറികളില്‍ ഷേവിങ് ചെയ്യാറില്ല. ഹെയര്‍ ക്ലിപ്പിംഗ് മാത്രമേ ചെയ്യാറുള്ളൂ. അതും ട്രിമ്മര്‍ ഉപയോഗിച്ച്. ഹൈജീന്‍ പ്രാക്ടീസിന്റെ ഭാഗമായിട്ടാണ് കൂടുതലായും ഇങ്ങനെ ചെയ്യുന്നത്. മുഖത്ത് ചെയ്യുന്ന സര്‍ജറിയിലും സര്‍ജിക്കല്‍ ഏരിയയിലെ ഹെയര്‍ റിമൂവ് ചെയ്താല്‍ മതി. അത് മുഖത്തായാലും തലയില്‍ ആയാലും തലയ്ക്കകത്ത് ചെയ്യുന്നതായാലും മുറിവ് ഉണ്ടാക്കുന്നതിന് ചുറ്റുമുളള രോമങ്ങള്‍ മാത്രം നീക്കിയാല്‍ മതി.
താടിയും മീശയും വയ്ക്കുന്നത് കൊണ്ട് സര്‍ജിക്കലി വലിയ പ്രശ്‌നം ഒന്നും ഇല്ല. ജനറല്‍ അനസ്‌തേഷ്യ നല്‍കിയാണ് ഓപ്പറേഷന്‍ ചെയ്യുന്നതെങ്കില്‍ ട്യൂബ് ഇടാറുണ്ട്. ഈ ട്യൂബ് മുടിയുടെ പുറമേ മാത്രമേ ഫിക്‌സ് ചെയ്യാന്‍ സാധിക്കൂ. അങ്ങനെയുള്ളപ്പോള്‍ ജനറല്‍ അനസ്‌തേഷ്യയില്‍ താടി ഷേവ് ചെയ്യുന്ന കാര്യം പരിഗണിക്കും. മീശ ഒരാളുടെ ഐഡന്റിറ്റിയുടെയും സൗന്ദര്യസങ്കല്പങ്ങളുടെയും ഭാഗം കൂടിയായതുകൊണ്ട് പലപ്പോഴും മീശ എടുക്കാന്‍ നിര്‍ബന്ധിക്കാറില്ല. അങ്ങനെ ചെയ്യുന്നതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനവും ഇല്ല.
ഓപ്പറേഷന്‍ ചെയ്യുന്ന ഭാഗം (സര്‍ജിക്കല്‍ പാര്‍ട്ട്) വ്യത്തിയായിരിക്കുക എന്നതാണ് പ്രധാനം. മുന്‍പ് പ്രൈവറ്റ് പാര്‍ട്ട് മുഴുവന്‍ ക്ലീന്‍ ചെയ്യണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ഇപ്പോള്‍ അങ്ങനെ നിര്‍ബന്ധിക്കാറില്ല. അങ്ങനെ ഷേവിങ് ചെയ്യുമ്പോള്‍ ശരീരത്തില്‍ മുറിവുണ്ടാക്കാനും അണുബാധ ഉണ്ടാകാനും കാരണമാകുകയേയുള്ളൂ.
Content Highlights :Is it necessary to remove body hair during all surgical procedures?