രണ്ട് വള്ളത്തിൽ കാല് ചവിട്ടുന്ന പാക് തന്ത്രം; യുഎസിനെയും ചൈനയെയും ഒരുമിച്ച് കൊണ്ടു പോകാൻ പാകിസ്താൻ

പാകിസ്താന്റെ പാസ്‌നിക്ക് സമീപം യുഎസ് നിയന്ത്രണത്തിലുള്ള തുറമുഖം സ്ഥാപിക്കാൻ അമേരിക്കയെ ക്ഷണിച്ചിരിക്കുകയാണ് പാകിസ്താൻ

രണ്ട് വള്ളത്തിൽ കാല് ചവിട്ടുന്ന പാക് തന്ത്രം; യുഎസിനെയും ചൈനയെയും ഒരുമിച്ച് കൊണ്ടു പോകാൻ പാകിസ്താൻ
ഹർഷ ഉണ്ണികൃഷ്ണൻ
1 min read|07 Oct 2025, 11:11 am
dot image

ഇറാനിൽ ഇന്ത്യ നിർമ്മിക്കുന്ന ചാബഹാർ തുറമുഖത്തിന് വെറും 300 km മാത്രം ദൂരമുള്ള പാകിസ്താൻ പ്രദേശം..പാസ്‌നി. ബലൂചിസ്ഥാനിലെ തീരദേശ മേഖലയും അറബിക്കടലിനോട് ചേർന്നുള്ള പട്ടണവുമായ പാസ്‌നി ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. പാസ്‌നിക്ക് സമീപം യുഎസ് നിയന്ത്രണത്തിലുള്ള തുറമുഖം സ്ഥാപിക്കാൻ പാകിസ്താൻ അമേരിക്കയെ ക്ഷണിച്ചിരുന്നു. ഈ റിപ്പോർട്ടുകൾ വന്നതിനു ശേഷമാണ് പാകിസ്താൻ്റെ ഈ പുതിയ നീക്കം ആരെ ലക്ഷ്യം വെച്ചാണെന്നുള്ള ചോദ്യവും ഉയർന്ന് തുടങ്ങിയത്.

പദ്ധതി സംബന്ധിച്ച ആശയവുമായി പാക് സൈനിക മേധാവി അസിം മുനീർ അമേരിക്കൻ ഭരണകൂടത്തെ സമീപിച്ചു എന്നാണ് അഭ്യൂഹങ്ങൾ ഉള്ളത്. പാസ്‌നിയെ ഒരു ആഴക്കടൽ തുറമുഖമാക്കി വികസിപ്പിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് 1.2 ബില്യൺ ഡോളർ വരെ മുതൽമുടക്കുള്ള ഈ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് പാകിസ്ഥാന്റെ തീരുമാനം. സൈനിക താവളമായല്ല മറിച്ച് വ്യാപാരത്തിന് പ്രധാന്യം നൽകി സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പാസ്നി പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

പദ്ധതി നടപ്പിലാവുകയാണെങ്കിൽ ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ മേഖലകളിലൊന്നിൽ ചുവടുറപ്പിക്കാൻ അമേരിക്കക്ക് ലഭിക്കുന്ന ഒരു അവസരമാകും അതെന്നാണ് വിലയിരുത്തപ്പെടുന്നത്. അഫ്ഗാനിസ്ഥാനും ഇറാനും അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഈ പട്ടണം സൈനീക നീക്കങ്ങളിലടക്കം തന്ത്രപരമായ മേഖലയാണ്. ഇതിന് പുറമെ പാകിസ്താൻ്റെ നിർണായക ധാതുക്കളായ ചെമ്പ്, ആന്റിമണി എന്നിവ കയറ്റുമതി ചെയ്യുന്ന പ്രധാന ടെർമിനൽ ആക്കി ഇവിടം മാറ്റാമെന്നും പാകിസ്താൻ ലക്ഷ്യമിടുന്നു. ലോക രാജ്യങ്ങൾ പല ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ബാറ്ററികൾ, അഗ്നി പ്രതിരോധങ്ങൾ, മിസൈൽ ഘടകങ്ങൾ എന്നിവയ്ക്ക് ഈ ധാതുക്കൾ അത്യാവശ്യമാണ്. അതിനാൽ തന്നെ ഇവയുടെ കയറ്റുമതിയിൽ നിന്ന് വലിയ സാമ്പത്തിക നേട്ടം പാകിസ്താൻ പ്രതീക്ഷിക്കുന്നുണ്ട്.

ഈ പദ്ധതി കൊണ്ട് പാകിസ്താന് ഒന്നിലേറെ ലക്ഷ്യങ്ങളുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ചൈനീസ് സഹായത്തോടെ പാകിസ്താനിൽ പ്രവർത്തിക്കുന്ന ഗ്വദർ തുറമുഖത്തു നിന്നും 112 കിലോമീറ്റർ അകലെയാണു പാസ്‌നി. ചൈനയുടെ 'ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിന്റെ' ഭാഗമായുള്ള സുപ്രധാന പദ്ധതിയാണ് ഗ്വദർ. ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള എണ്ണ ഇറക്കുമതിക്കായി ചൈന ഏറ്റവും സുരക്ഷിതമായി ആശ്രയിക്കുന്നതും പാകിസ്താനിലെ ഈ തുറമുഖമാണ്. ഗ്വാദർ തുറമുഖത്തിലൂടെ ചൈനക്ക് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാനാകും, ഇത് ചൈനയ്ക്ക് തന്ത്രപരമായ മേൽക്കൈ നൽകുന്നുണ്ട്.

എന്നാൽ പാസ്‌നിക്ക് സമീപനം യുഎസ് മുൻകൈയിൽ മറ്റൊരു തുറമുഖം വന്നു കഴിഞ്ഞാൽ അത് അമേരിക്കയ്ക്ക് ഈ മേഖലയിൽ തന്ത്രപരമായ മേൽക്കൈ നൽകും. ഇതോടെ അറേബ്യൻ കടലിലും മധ്യേഷ്യയിലും യുഎസ് സ്വാധീനം വികസിക്കുകയും യുഎസ്- പാക് ബന്ധം കൂടുതൽ ശക്തിപ്പെടുകയും ചെയ്യുമെന്ന് ഉറപ്പാണ്. ഇതെല്ലാം പരി​ഗണിക്കുമ്പോഴാണ് രണ്ട് വഞ്ചിയിൽ കാല് വെച്ച് മുന്നോട്ട് പോകാനുള്ള പാക് തന്ത്രം ചർച്ചയാകുന്നത്. അമേരിക്കയെയും ചൈനയെയും ഒരുപോലെ തൃപ്തിപ്പെടുത്തി എങ്ങനെയാണു പാകിസ്ഥാൻ കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോവുക എന്നതാണ് ആകാംക്ഷയോടെ ഉയരുന്ന ചോദ്യം.

മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ സ്വഭാവത്തിന് അനുസരിച്ച് വഴുതി കളിക്കുന്ന പാകിസ്താൻ നീക്കമാണ് ഇവിടെ നമുക്ക് ‌കാണാൻ സാധിക്കുന്നത്. അമേരിക്കയുമായുള്ള പാകിസ്താന്റെ ബന്ധം ശക്തിപ്പെടുന്നതിൻ്റെ ലക്ഷണങ്ങൾ അടുത്തിടെ പ്രകടമായി തന്നെ പുറത്ത് വന്നിരുന്നു. പാക്സിതാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി അസിം മുനീറും ട്രംപുമായി നടത്തിയ കൂടിക്കാഴ്‌ച ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്ന കൂടിക്കാഴ്ചകളായാണ് വിലയിരുത്തപ്പെട്ടത്.. ട്രംപുമായി ബന്ധപ്പെട്ട ഒരു ക്രിപ്‌റ്റോ കറൻസി സംരംഭത്തെ പാകിസ്താൻ പിന്തുണച്ചതും, ട്രംപിന്റെ ഗാസ പദ്ധതിയെ അംഗീകരിച്ചതും ഇന്ത്യ-പാക് വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചതിന്റെ ക്രെഡിറ്റ് കൊടുത്ത് ട്രംപിനെ ആശംസിച്ചതും, സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്തതുമെല്ലാം ലോക രാജ്യങ്ങൾ അടക്കം കൗതുകത്തോടെയാണ് വീക്ഷിച്ചത്. ‌

China, Pakistan and US

അതുപോലെതന്നെയായിരുന്നു അമേരിക്കയുടെയും നിലപാട്. പാകിസ്ഥാൻ സൈന്യത്തെ പരസ്യമായി പ്രശംസിക്കുകയും പാകിസ്താനിൽനിന്നുള്ള അപൂർവ ധാതു സാമ്പിളുകൾ ട്രംപ് ഏറ്റുവാങ്ങിയതുമെല്ലാം ഇരുരാജ്യങ്ങൾക്കും ഇടയിൽ രൂപപ്പെടുന്ന സൗഹാ‍ർദ്ദത്തിൻ്റെ സൂചനകളാ‌യാണ് വിലയിരുത്തപ്പെട്ടത്. ഇതിനെല്ലാം പുറമെ പാകിസ്താനിലെ എണ്ണശേഖരം
വികസിപ്പിക്കാൻ അമേരിക്ക പാകിസ്താനെ സഹായിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

അമേരിക്ക വരുമ്പോൾ ഇന്ത്യയും ഈ വിഷയം ജാ​ഗ്രതയോടെ നിരീക്ഷിക്കുമെന്ന് തീ‍ർച്ചയാണ്. ഇന്ത്യയ്ക്ക് പ്രധാനമാണ് ഈ മേഖലയുടെ തന്ത്രപരമായ പ്രധാന്യം. ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഇറാനിലെ തുറമുഖ പദ്ധതിയായ ചാബഹാർ തന്നെയാവും ഇന്ത്യയുടെ പ്രധാന ആശങ്ക. 100 കോടി രൂപമാണ് 2024-25ൽ ഇന്ത്യ വായ്പയായി ചബഹാറിന് അനുവദിച്ചത്. പാകിസ്താനെ മറികടന്ന് അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും പ്രവേശിക്കാൻ ചബഹാർ തുറമുഖം ഇന്ത്യയെ സഹായിക്കും. ടെർമിനൽ വികസിപ്പിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി ഇന്ത്യയും ഇറാനും 10 വർഷത്തെ കരാറിൽ 2024ൽ ഒപ്പുവെക്കുകയും ചെയ്തിരുന്നു. എന്നാൽ പദ്ധതിക്ക് അടുത്തിടെ അമേരിക്ക ഉപരോധം ഏർപ്പെടുത്തി. തുറമുഖത്തിന് ഉപരോധം വന്നതിലൂടെ ഇന്ത്യയുടെ നിക്ഷേപങ്ങൾ തുലാസിലാവുകയാണ് എന്ന റിപ്പോർട്ടുകളും വന്നിരുന്നു. ചാബഹാരിൽ നിന്ന് 300 km ദൂരം മാത്രമുള്ള പാസ്‌നിയിൽ അമേരിക്കയുടെ പുതിയ തുറമുഖം വന്നാൽ ഇന്ത്യക്ക് കാര്യങ്ങൾ അനുകൂലമായേക്കില്ലെന്നാണ് വിലയിരുത്തൽ. നിലവിലെ ഉപരോധം ഇന്ത്യയെ പ്രതിരോധത്തിൽ ആക്കുന്ന സാഹചര്യത്തിൽ അമേരിക്ക ഈ പ്രദേശത്ത് അവരുടെ സ്വാധീനം ശക്തിപ്പെടുത്താൻ മാത്രമേ ശ്രമിക്കൂ എന്നതും തീ‍ർച്ചയാണ്.

Also Read:

പാസ്‌നി പദ്ധതിയിൽ അമേരിക്കയുടെ സഹായമാണ് പാകിസ്താൻ ആഗ്രഹിക്കുന്നത് എങ്കിലും ചൈനീസ് സ്വാധീനത്തിന് ഒരു പ്രതിവിധിയായാണ് ഇസ്ലാമബാദ് പുത്തൻപദ്ധതിയെ കാണുന്നത്. ഗ്വാദറിൽ ചൈനയോടും കടപ്പെട്ടിരിക്കുന്ന പാകിസ്താൻ ഇരു രാജ്യങ്ങളെയും പിണക്കാതെ എങ്ങനെ മുന്നോട്ട് പോകണമെന്നാണ് ഇനി അറിയേണ്ടത്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി തീവ്രവാദ ബന്ധങ്ങളെ പിന്തുണയ്ക്കുകയും, പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധം വഷളാക്കുകയും, ചൈനീസ് വായ്പകളെ ആശ്രയിക്കുകയും ചെയ്ത രാജ്യമാണ് പാക്സിതാൻ. എന്നാൽ ഇതിലെല്ലാം ഒരു മാറ്റം വേണമെന്ന് കരുതിക്കൂട്ടിയാവും പാകിസ്താന്റെ ഈ പുതിയ നീക്കം. എന്നാൽ അറബിക്കടലിലെ ഈ തുറമുഖത്തിന് അമേരിക്ക ഇതുവരെ പച്ച കോടി കാണിച്ചില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നത്. അതിനാൽ പാസ്നിയെ പ്രതി ഒരുപാട് സ്വപ്നം കണ്ട പാകിസ്താന് ഈ പ​ദ്ധതി അമേരിക്കയെ കൊണ്ട് സമ്മതിപ്പിക്കുക എന്നതാണ് നിലവിലെ സാഹചര്യത്തിൽ തുറമുഖം പണിയുന്നതിനെക്കാൾ വെല്ലുവിളി എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

Content Highlights: Pakistan courts US with pitch for new port on Arabian Sea

dot image
To advertise here,contact us
dot image