
ബഹ്റൈനില്‍ നിയമലംഘകരെ കണ്ടെത്തുന്നതിനായുള്ള പരിശോധന ശക്തമാക്കി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി. താമസ രേഖ ഇല്ലാതെ രാജ്യത്ത് തുടര്‍ന്നുവന്ന 97 പ്രവാസികളെ നാടുകടത്തി. നിയമ ലംഘകരെ കണ്ടെത്തുന്നതായുള്ള പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് അതോറിറ്റി അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ 1,934 പരിശോധനകളാണ് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയത്. വ്യാപക നിയമ ലംഘനങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്. നിരവധി പ്രവാസികളെയും അറസ്റ്റ് ചെയ്തു. ഗുരുതര നിയമ ലംഘനം നടത്തിയ 97 ആളുകളെ രാജ്യത്ത് നിന്ന് നാടുകടത്തിയതായും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.
ആഭ്യന്തരമന്ത്രാലയം, ദേശീയത, സുരക്ഷാ ഡയറക്ടറേറ്റുകള്‍, ജനറല്‍ ഡയറക്ടറേറ്റ്, ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടറേറ്റ്, സോഷ്യല്‍ ഇന്‍ഷുറന്‍സ്, ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍സ് അതോറിറ്റി എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിശോധന.
താമസ, തൊഴില്‍ നിയമ ലംഘകരെ കണ്ടെത്തുന്നതിനായി എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധന കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. നിയമ ലംഘകര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി.
നിയമ ലംഘകര്‍ക്ക് അഭയവും ജോലിയും നല്‍കുന്നത് ഗുരുതരമായ കുറ്റമാണെന്ന് അതോറിറ്റി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. തടവും പിഴയും ഉള്‍പ്പെടെയുള്ള കടുത്തശിക്ഷാ നടപടികളാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്. നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഔദ്യോഗിക സംവിധാനത്തിലൂടെ അറിയിക്കണമെന്നും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.
Content Highlights: Bahrain's LMRA Intensifies Inspections to Catch Violators.