
തിരുവനന്തപുരം: ചികിത്സയ്ക്കായി ആശുപത്രിയിൽ പോകുന്ന കാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര സൗകര്യം ഒരുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
കെഎസ്ആർടിസിയുടെ സൂപ്പർ ഫാസ്റ്റ് വരെയുള്ള ബസുകളിലാണ് സൗജന്യ യാത്ര. കാൻസർ സെന്റുകൾക്ക് പുറമെ സ്വകാര്യ ആശുപത്രിയിലേക്കാണെങ്കിലും യാത്ര സൗജന്യമായിരിക്കും. നിലവിലുള്ള ഉത്തരവ് പ്രകാരം 50 ശതമാനം നിരക്കിൽ ഇളവുണ്ടായിരുന്നു. ഇതാണ് പൂർണമായും സൗജന്യമാക്കുന്നത്. കാൻസർ സെന്ററുകളിലേക്ക് പോകുന്ന അർബുദ രോഗികൾക്ക് യാത്രാ ഇളവ് നൽകുന്ന 2012ലെ ഉത്തരവിൽ മാറ്റം വരുത്തിയാണ് ഇത് നടപ്പാക്കുന്നത്. റേഡിയേഷനും കീമോയ്ക്കുമായി ആശുപത്രിയിലേക്ക് പോകുന്ന രോഗികൾക്ക് ഈ സേവനം ലഭ്യമാകുമെന്ന് മന്ത്രി വ്യക്തമാക്കി.
പ്രഖ്യാപനം നടത്തുന്നതിനിടെ ബഹളം വെച്ച പ്രതിപക്ഷത്തെ മന്ത്രി പരിഹസിച്ചു. പ്രതിപക്ഷത്തിന് ഇത് വലിയകാര്യമായിരിക്കില്ലെന്നും പ്രഖ്യാപനം നടത്തിയപ്പോൾ പ്രതിപക്ഷം പറയുന്നത് ഷെയിം ഷെയിം എന്നാണെന്നും പ്രതിപക്ഷത്തിന് ഇത് ഷെയിം ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം കെഎസ്ആർടിസിയിൽ വരുമാനം അനുദിനം വർധിച്ച് വരികയാണെന്ന് സഭയിൽ മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ 26 കോടി രൂപയോളം വർധനവാണ് വരുമാനത്തിലുണ്ടായിട്ടുള്ളത്. യാത്രക്കാരുടെ എണ്ണത്തിൽ 22 ലക്ഷത്തിലധികം വർധനവാണ് ഉണ്ടായിട്ടുള്ളത്. നഷ്ടം കുറച്ചുകൊണ്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Free travel on KSRTC buses for cancer patients going to hospital for treatment