
ഇന്ത്യന്‍ വ്ളോഗറും മോട്ടോര്‍ സൈക്ലിസ്റ്റുമായ യുവാവിന് അഫ്ഗാനിസ്ഥാനില്‍ ഊഷ്മള സ്വീകരണം നല്‍കി താലിബാന്‍ സൈനികൻ. അപ്രതീക്ഷിതമായി താലിബാന്‍ സൈനികരുടെ പ്രീതിയും സൗഹൃദവും ലഭിച്ച അനുഭവം ഇന്ത്യന്‍ റൈഡര്‍ ഗൗരവ് ശര്‍മയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഇയാളുടെ ഹെല്‍മറ്റ് ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ആയുധധാരികളായ രണ്ട് താലിബാന്‍ സൈനികരുള്ള ചെക്ക്‌പോസ്റ്റിലാണ് റൈഡര്‍ എത്തിപ്പെട്ടത്. അവര്‍ യാത്രികനെ തടഞ്ഞു. പാസ്‌പോര്‍ട്ടും മറ്റും രേഖകളും പരിശോധിക്കാനായി ഒരാള്‍ മുന്നിലേക്ക് വന്ന്, നിങ്ങള്‍ എവിടെ നിന്നാണെന്നും എങ്ങോട്ട് പോകുന്നുവെന്നും ചോദിക്കുന്നു. ഇന്ത്യയില്‍ നിന്നാണെന്ന് മറുപടി പറയുമ്പോള്‍, സൈനികന്റെ രീതിയാകെ മാറുകയാണ്. പുഞ്ചിരിയോടെ, ഇന്ത്യയില്‍ നിന്നാണോ. പാസ്‌പോര്‍ട്ടൊന്നും വേണ്ട ബ്രദര്‍ എന്നൊക്കെ പറഞ്ഞ് റൈഡറെ അയാള്‍ കാബൂളിലേക്ക് സ്വാഗതം ചെയ്യുന്നതാണ് പിന്നെ കാണുന്നത്. ഇരുവരും കൈകൊടുത്താണ് പിരിയുന്നതും.
അഫ്ഗാനിസ്ഥാനില്‍ ചെന്ന് നിങ്ങള്‍ ഇന്ത്യയില്‍ നിന്നാണെന്ന് പറഞ്ഞാല്‍ മികച്ച പെരുമാറ്റമാണ് ഉണ്ടാവുകയെന്നാണ് ഗൗരവ് പറയുന്നത്. ഗൗരവിന്റെ വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ പോസിറ്റീവ് കമന്റുകളുമായി എത്തിയപ്പോള്‍, സ്ത്രീകളുടെ അവകാശങ്ങളെ അടിച്ചമര്‍ത്തുന്ന അഫ്ഗാനിസ്ഥാനില്‍ ഒരു സ്ത്രീയെ ഇത്തരത്തില്‍ കടത്തിവിടുമോ എന്ന ചോദ്യവും ചിലര്‍ ചോദിക്കുന്നുണ്ട്.
Content Highlights: Indian got a warm welcome in Afganistan, Video viral