
രാജ്യത്തിൻ്റെ വർത്തമാനകാല രാഷ്ട്രീയ സാഹചര്യത്തിൽ ഏറെ പ്രാധാന്യമുണ്ട് ബിഹാറിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്. എല്ലാ കാലത്തും ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറെ നാടകീയമായ സംഭവവികാസങ്ങളുടെ ഭൂമികയായി ബിഹാർ മാറിയിട്ടുണ്ട്. ബിഹാറിൻ്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ ഇത്തരം നാടകീയ നീക്കങ്ങളുടെ ഒരു പരമ്പര തന്നെ കാണാൻ കഴിയും. ഇതിൽ ഏറ്റവും പ്രധാനമായിരുന്നു റാബ്റി ദേവി ബിഹാർ മുഖ്യമന്ത്രിയായി സ്ഥാനമേറ്റ സംഭവം.
ഏതെങ്കിലും ഘട്ടത്തിൽ രാഷ്ട്രീയത്തിൻ്റെ ഓരം പറ്റിപോലും പോകാൻ ആഗ്രഹിക്കാതെ വീട്ടമ്മയുടെ ഉത്തരവാദിത്തങ്ങള്‍ നിർവ്വഹിച്ച് പോന്നിരുന്ന റാബ്റി ദേവി ആകസ്മികമായിട്ടായിരുന്നു ബിഹാർ മുഖ്യമന്ത്രി പദവിയിലേയ്ക്ക് നിയോഗിതയാകുന്നത്. കാലിത്തീറ്റ കുംഭകോണക്കേസുമായി ബന്ധപ്പെട്ട് ലാലു പ്രസാദ് യാദവിന് ബിഹാർ മുഖ്യമന്ത്രി പദവി ഒഴിയേണ്ടി വരുന്ന സാഹചര്യം 1997 ജൂലൈ മാസത്തിൽ രൂപപ്പെട്ടു. റാബ്റി ദേവിയുടെ മുഖ്യമന്ത്രി പദവി ലബ്ധിക്ക് മാത്രമല്ല ജനതാദളിൻ്റെ പിളർപ്പിനും രാഷ്ട്രീയ ജനതാദളിൻ്റെ രൂപീകരണത്തിനും ഈ സംഭവം വഴിതെളിച്ചു. മറ്റാരെയെങ്കിലും മുഖ്യമന്ത്രിപദം ഏൽപ്പിച്ചാൽ പാർട്ടിയിലെ നിയന്ത്രണം നഷ്ടമാകുമെന്ന ലാലു പ്രസാദ് യാദവിൻ്റെ ഭയമായിരുന്നു യഥാർത്ഥത്തിൽ റാബ്റി ദേവിയെ മുഖ്യമന്ത്രി പദവിയിലേയ്ക്ക് എത്തിച്ചത്.
റാബ്റി ദേവി മുഖ്യമന്ത്രി പദവിയിലേയ്ക്ക് എത്തപ്പെട്ട ആ ദിവസങ്ങൾക്കും നാടകീയമായ ഒരുപിടി ട്വിസ്റ്റും ടേണും ഉണ്ട്. 1997 ജൂൺ 23നാണ് സിബിഐ ലാലു പ്രസാദ് യാദവിനെതിരെ കാലിത്തീറ്റ കുംഭകോണ കേസിൽ കുറ്റം പത്രം സമർപ്പിച്ചത്. ഇതോടെ ലാലുവിൻ്റെ പാർട്ടിയായിരുന്ന ജനതാദളിലും രാജി ആവശ്യം ശക്തമായി. ഇതിന് പിന്നാലെ ജനതാദളിനെ പിളർത്തി ജൂലൈ മാസം ആരംഭത്തിൽ ലാലു പ്രസാദ് യാദവ് രാഷ്ട്രീയ ജനതാദൾ എന്ന പാർട്ടി രൂപീകരിച്ചു. ജനതാദളിൻ്റെ എംഎൽഎമാരിലും രാജ്യസഭ-ലോക്സഭാ എംപിമാരിലും ഭൂരിപക്ഷം ലാലുവിനൊപ്പം നിന്നു. ലാലു പ്രസാദ് യാദവ് തന്നെയായിരുന്നു പുതിയതായി രൂപീകരിച്ച് ആർജെഡിയുടെ അധ്യക്ഷൻ.
ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ലാലുവിൻ്റെ അറസ്റ്റ് ആസന്നമായി. ലാലുവിന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ കഴിയില്ലെന്ന് ഗവർണർ അഖ്ലാഖ്-ഉർ-റഹ്മാൻ കിദ്വായിയും വ്യക്തമാക്കി. ഇതോടെ മുഖ്യമന്ത്രി പദത്തിൽ നിന്ന് രാജിവെയ്ക്കാനുള്ള സമ്മർദ്ദം ലാലുവിന് മേൽ ശക്തമായി.
അങ്ങനെയാണ് ലാലുവിനെ സംബന്ധിച്ച് വളരെ നിർണ്ണായകമായ ആ ജൂലൈ 24 കടന്ന് വരുന്നത്. ഇനിയെന്ത് എന്ന ചിന്താഭാരത്തോടെയാണ് ലാലു ആ ദിവസം കഴിച്ച് കൂട്ടിയത്. കോൺഗ്രസ് നേതാവ് രാധാനന്ദൻ ഝായാണ് ലാലുവിൻ്റെ ആലോചനയ്ക്ക് പരിഹാരം നിർദ്ദേശിച്ചത്. ഝായാണ് റാബ്റി ദേവിയെ മുഖ്യമന്ത്രിയാക്കാൻ ലാലുവിനെ ഉപദേശിച്ചത്. ലാലു യാദവ് പ്രശ്‌നങ്ങളിൽ അകപ്പെടുമ്പോഴെല്ലാം മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന രാധാനന്ദൻ ഝായുടെ സഹായം തേടിയിരുന്നതായാണ് പറയപ്പെടുന്നത്. ലാലു പ്രസാദ് യാദവ് ഏറ്റവും വലിയ പ്രതിസന്ധിയിൽ അകപ്പെട്ട ഈ ഘട്ടത്തിലും അത് ആവർത്തിക്കപ്പെടുകയായിരുന്നു. അങ്ങനെ ഝായുടെ ഉപദേശപ്രകാരം അധികാരത്തിൻ്റെ താക്കോൽ റാബ്റി ദേവിക്ക് കൈമാറാൻ ലാലു പ്രസാദ് യാദവ് തീരുമാനിച്ചു.
ആ രാത്രിയിൽ ലാലു പ്രസാദ് യാദവ് അന്നത്തെ കോൺഗ്രസ് പ്രസിഡൻ്റായിരുന്ന സീതാറാം കേസരിയെ ഫോണിൽ വിളിച്ചത് അടക്കമുള്ള സംഭവവികാസങ്ങൾ മുതിർന്ന പത്രപ്രവർത്തകൻ അനുരഞ്ജൻ ഝാ തന്റെ 'ഗാന്ധി മൈതാൻ: ദി ബ്ലഫ് ഓഫ് സോഷ്യൽ ജസ്റ്റിസ്' എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. 'കേസരി ജി! ഞങ്ങൾ റാബ്റി ജിയെ മുഖ്യമന്ത്രിയാക്കുന്നു. നിങ്ങൾ ഞങ്ങളെ പിന്തുണയ്ക്കുമോ? നിങ്ങൾ എന്ത് ചോദിച്ചാലും അത് സ്വീകാര്യമാണ്' എന്ന സന്ദേശം ലാലു പ്രസാദ് യാദവ് നൽകി എന്നാണ് സന്തോഷ് സിംഗ് വ്യക്തമാക്കുന്നത്.
ആ ജൂലൈ 24ന് വൈകുന്നേരം ലാലുവിൻ്റെ ഔദ്യോഗിക വസതിയ്ക്ക് സമീപം കേന്ദ്ര സേനയും നിലയുറപ്പിച്ചു. അറസ്റ്റ് ആസന്നമാണെന്ന ഘട്ടത്തിൽ അന്ന് രാത്രി ലാലു പ്രസാദ് യാദവ് റാബ്റി ദേവിയോട് സംസാരിച്ചു. നാളെ നീ ബിഹാറിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യണം എന്നായിരുന്നു മറ്റൊരു മുഖവുരയും ഇല്ലാതെ ലാലു പ്രസാദ് യാദവ് റാബ്റിയെ അറിയിച്ചത്. ഞെട്ടലോടെ ആയിരുന്നു റാബ്റി ദേവി ഇത് കേട്ടത്. അപ്രതീക്ഷിതമായി ഉയർന്ന ആവശ്യം കേട്ട് റാബ്റി പൊട്ടിക്കരഞ്ഞുവെന്നാണ് പറയപ്പെടുന്നത്. കരയുന്നതിൽ അർത്ഥമില്ലെന്നും ആ സാഹചര്യം ഒഴിവാക്കാൻ കഴിയില്ലെന്നും ഒടുവിൽ റാബ്റി ദേവിയെ ലാലു പ്രസാദ് യാദവ് ബോധ്യപ്പെടുത്തി.
പിറ്റേന്ന്, 1997 ജൂലായ് 25ന് ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. അന്ന് ഉച്ചയ്ക്ക് 2:30ന് ലാലുവിന്റെ വീട്ടിൽ ആർജെഡി നിയമസഭാംഗങ്ങളുടെ ഒരു യോഗം നടന്നു. വൈകുന്നേരം 5 മണിക്ക് റാബ്റി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 29 അംഗങ്ങളുള്ള കോൺഗ്രസ് ആർജെഡിയെ പിന്തുണച്ചു. മുഖ്യമന്ത്രിയായി വന്ന റാബ്റി ദേവി ആദ്യഘട്ടത്തിൽ വിമർശനങ്ങളുടെ ശരങ്ങളേറ്റ് വലഞ്ഞിരുന്നു. സത്യപ്രതിജ്ഞ സമയത്ത് തന്നെ റാബ്റിക്ക് സത്യവാചകം വായിക്കുന്നതിൽ ഇടർച്ച സംഭവിച്ചിരുന്നു. സത്യാപ്രതിജ്ഞാ ചടങ്ങിൻ്റെ പേരിലും പിന്നീട് അധികാരമേറ്റ ആദ്യ ദിനങ്ങളിലും റാബ്റി പരിഹാസത്തിന് പാത്രമായി. പിന്നാലെ ബിഹാറിലെ ഭരണം ജംഗിൾരാജ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിലയിലേയ്ക്ക് കാര്യങ്ങൾ മാറി. കൂട്ടക്കൊലകളും കുറ്റകൃത്യങ്ങളും അഴിമതിയും ബിഹാറിനെ പ്രതിയുള്ള നിത്യവാർത്തകളായി ഇക്കാലത്ത് തലക്കെട്ടുകളിൽ നിറഞ്ഞു.
1997 ജൂലൈ 28ന് ബിഹാർ നിയമസഭയിൽ അവതരിപ്പിച്ച വിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ പ്രമേയം അവതരിപ്പിക്കുമ്പോൾ വായനയിൽ തടസ്സം നേരിട്ടതിൻ്റെ പേരിൽ സുശീൽ കുമാര്‍ മോദി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ റാബ്റി ദേവിയെ പരിഹസിച്ചിരുന്നു. എന്നാൽ ഇതിനോടുള്ള റാബ്റിയുടെ പ്രതികരണത്തിൽ സഭയിലുണ്ടായിരുന്ന ലാലു പ്രസാദ് യാദവ് പോലും അതിശയപ്പെട്ടു പോയി. സുശീൽ കുമാറിൻ്റെ പരിഹാസത്തിന് പുഞ്ചിരിച്ച് കൊണ്ടായിരുന്നു റാബ്റിയുടെ പ്രതികരണം. 'ഞാൻ നിങ്ങളെ എപ്പോഴും എന്റെ ജ്യേഷ്ഠനായി കണക്കാക്കുന്നു' എന്നായിരുന്നു റാബ്റി ദേവി പറഞ്ഞത്. 'ദയവായി ആ കുറ്റവാളിയെ മുഖ്യമന്ത്രിയുടെ വസതിയിൽ നിന്ന് കൊണ്ടുപോകൂ'. എന്നായിരുന്നു ഇതിനോടുള്ള സുശീൽ കുമാറിൻ്റെ പ്രതികരണം. 'ഞാൻ അയാളെ നിങ്ങളുടെ വീട്ടിലേക്ക് അയക്കും.' എന്നായിരുന്നു ഉരുളയ്ക്ക് ഉപ്പേരി പോലുള്ള റാബ്റിയുടെ മറുപടി. റാബ്റിയുടെ പ്രതികരണത്തിൽ അത്ഭുത പരതന്ത്രനായി രണ്ട് കൈകളും ഉയർത്തിയാണ്
ലാലു പ്രസാദ് യാദവ് സന്തോഷം പ്രകടിപ്പിച്ചത്.
സന്തോഷ് സിങ്ങിന്റെ 'ഭരണം അല്ലെങ്കിൽ തെറ്റിദ്ധാരണ' എന്ന പുസ്തകത്തിൽ മുഖ്യമന്ത്രി റാബ്റി ദേവിക്ക് വായിക്കാനും എഴുതാനും ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് പരാമർശിച്ചിട്ടുണ്ട്. 'അവർക്ക് ഫയലുകളിൽ ഒന്നും എഴുതാൻ കഴിഞ്ഞില്ല. അവർ പറയുന്നതെല്ലാം OSD ഉദ്യോഗസ്ഥർ എഴുതി ഫയലുകളിൽ ചേർക്കുകയായിരുന്നു' എന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ രാഷ്ട്രീയത്തിലെ കളികൾ റാബ്റി പെട്ടെന്ന് തന്നെ സ്വായത്തമാക്കി. ജയിലിൽ കഴിഞ്ഞിരുന്ന ലാലുവിൻ്റെ ഉപദേശം ആ നിലയിൽ സ്വീകരിച്ചായിരുന്നു റാബ്റി ഭരണം മുന്നോട്ട് കൊണ്ടുപോയിരുന്നത്. ഈ ഘട്ടത്തിൽ 'റബ്ബർ സ്റ്റാംമ്പ്' എന്ന വിളിപ്പേരും റാബ്റി ദേവിക്ക് ഉണ്ടായിരുന്നു. ഇതിന് പുറമെ സഹോദരന്മാരായ സാധു യാദവിൻ്റെയും സുഭാഷ് യാദവിൻ്റെയും ഭരണത്തിലെ കൈകടത്തലും റാബ്റി ദേവിക്കെതിരായ വിമർശനത്തിന് വഴിതെളിച്ചിരുന്നു. ഇവരുടെ നേതൃത്വത്തിൽ കുറ്റകൃത്യങ്ങൾ വ്യാപകമായതായി ആരോപണം ഉയർന്നു. അനുരഞ്ജൻ ഝാ തന്റെ 'ഗാന്ധി മൈതാൻ: ദി ബ്ലഫ് ഓഫ് സോഷ്യൽ ജസ്റ്റിസ്' എന്ന പുസ്തകത്തിൽ ഈ കാലഘട്ടത്തെക്കുറിച്ച് എഴിയിട്ടുണ്ട്. 'റാബ്റിയുടെ മൂക്കിനു താഴെ, അവരുടെ സ്വന്തം പാർട്ടി നേതാക്കൾ സാധുവിന്റെയും സുഭാഷിന്റെയും സഹകരണത്തോടെ എല്ലാത്തരം കുറ്റകൃത്യങ്ങളും ചെയ്തുകൊണ്ടിരുന്നു. കൂട്ടക്കൊല, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, ബലാത്സംഗം, മോഷണം, കവർച്ച തുടങ്ങിയ സംഭവങ്ങൾ സംസ്ഥാനത്ത് സാധാരണമായി. കൈക്കൂലിയും തട്ടിപ്പുകളും അതിന്റെ ഉച്ചസ്ഥായിയിലായിരുന്നു' എന്നാണ് അനുരഞ്ജൻ ഝാ എഴുതിയത്.
റാബ്റി അധികാരമേറ്റതിന് പിന്നാലെ ബിഹാറിൽ നടക്കുന്നത് ജംഗിൾരാജാണെന്ന് കോടതിയും അഭിപ്രായപ്പെട്ടിരുന്നു. 1997 ഓഗസ്റ്റ് 5-നായിരുന്നു ഒരു കേസിൽ വാദം കേൾക്കുന്നതിനിടെ പട്‌ന ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ വി പി സിംഗ്, ധർമ്മപാൽ സിൻഹ എന്നിവരടങ്ങിയ ബെഞ്ച് റാബ്റി സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. 'ബിഹാറിൽ സർക്കാർ എന്നൊന്നില്ല. ഇതാണ് ജംഗിൾ രാജ്. അഴിമതിക്കാരായ ഉദ്യോഗസ്ഥർ ഭരണം നടത്തുന്നു' എന്നായിരുന്നു ഹൈക്കോടതി ബെഞ്ചിൻ്റെ പരാമർശം.
1999 ഫെബ്രുവരിയിൽ രാഷ്ട്രീയ നാടകങ്ങൾക്കിടെ റാബ്റിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറേണ്ടി വന്നു. രാഷ്ട്രപതി ഭരണത്തിന് പിന്നാലെ 1999 മാർച്ച് 9ന് ബിഹാർ മുഖ്യമന്ത്രിയായി രണ്ടാമൂഴം റാബ്റിയെ തേടിയെത്തി. ഒരുവർഷത്തിനകം വീണ്ടും മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും റാബ്റി പുറത്തായി. പിന്നീട് 2000ത്തിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ റാബ്റി വീണ്ടും അധികാരത്തിൽ എത്തി. 2000 മാർച്ച് 11ന് മൂന്നാമതും മുഖ്യമന്ത്രി പദവിയിലെത്തിയ റാബ്റി അഞ്ച് വർഷ കാലാവധി പൂർത്തിയാക്കി.
രാഷ്ട്രീയക്കാരനായി ലാലു പ്രസാദ് യാദവ് പേരെടുക്കുന്നതിന് മുമ്പായിരുന്നു റാബ്റി ദേവി ലാലുവിന്റെ ജീവിതത്തേയ്ക്ക് വരുന്നത്. സമ്പന്ന കുടുംബത്തിൽ ജനിച്ച റാബ്റിയുടെ വരനായി സ്വന്തമായി വീട് പോലും ഇല്ലാതിരുന്ന ദരിദ്ര കുടുംബത്തിൽ ജനിച്ച ലാലു പ്രസാദ് യാദവ് വന്നതും നാടകീയമായിട്ടായിരുന്നു. വിവാഹത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ റാബ്റി ദേവി മനസ്സ് തുറന്നിട്ടുണ്ട്. കോൺട്രാക്ടറായിരുന്ന ശിവപ്രസാദ് ചൗധരിയുടെ ഏഴ് മക്കളിൽ മൂന്നാമത്തെ ആളായിരുന്നു റാബ്റി ദേവി. റാബ്റി താമസിച്ചിരുന്ന ഗോപാൽഗഞ്ച് ഗ്രാമത്തിലെ സെലാർകാല ഗ്രാമത്തിൽ നിന്ന് സ്കൂളിലേയ്ക്ക് ഏറെ ദൂരമുണ്ടായിരുന്നതിനാൽ അഞ്ചാം ക്ലാസിന് ശേഷം അവർക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. പിന്നീട് ഗ്രാമമുഖ്യൻ മുഖേനയാണ് 14കാരിയായ റാബ്റിക്ക് ലാലു പ്രസാദ് യാദവിൻ്റെ വിവാഹാലോചന വരുന്നത്. പട്നയിൽ വിദ്യാർത്ഥിയായിരുന്നു ലാലുവിൻ്റെ കുടുംബത്തിൻ്റെ സാമ്പത്തിക പശ്ചാത്തലം മോശമായിരുന്നു. സ്വന്തമായി വീടുപോലും ഇല്ലാത്ത ചെറുപ്പക്കാരന് റാബ്റിയെ വിവാഹം കഴിച്ച് കൊടുക്കണമോ എന്ന ആശങ്ക അമ്മാവനുണ്ടായിരുന്നു. എന്നാൽ ലാലുവുമായുള്ള റാബ്റിയുടെ വിവാഹം ശിവപ്രസാദ് ചൗധരി ഉറപ്പിച്ചു. അങ്ങനെയാണ് 1973-ലെ ബസന്ത് പഞ്ചമി ദിനത്തിൽ ലാലു യാദവിനെ റാബ്റി വിവാഹം കഴിക്കുന്നത്. ചൗധരി ലാലുവിന് വിവാഹ സമ്മാനമായി 5 ഏക്കർ ഭൂമിയും അഞ്ച് പശുക്കളെയുമാണ് നൽകിയത്.
ഇരുവരുടെയും വിവാഹത്തെക്കുറിച്ച് എന്ന് മുതിർന്ന പത്രപ്രവർത്തകൻ സന്തോഷ് സിംഗ് എഴുതിയത് ഇങ്ങനെയാണ്. "ശിവപ്രസാദ് ചൗധരിക്ക് വേണമെങ്കിൽ റാബ്റിയെ ഒരു സമ്പന്ന കുടുംബത്തിലേക്ക് വിവാഹം കഴിപ്പിക്കാമായിരുന്നു, പക്ഷേ ലാലുവിന്റെ ബുദ്ധിശക്തി, ശരീരഘടന, വിദ്യാഭ്യാസം എന്നിവയിൽ അദ്ദേഹം ആകൃഷ്ടനായി". അപ്പോഴേയ്ക്കും രാഷ്ട്രീയ ഇടനാഴികളിൽ ലാലു പ്രസാദ് യാദവിൻ്റെ പേര് ചർച്ച ചെയ്യപ്പെട്ടിരുന്നു.
Content Highlights: Bihar of political curiosities Rabri's Chief Ministership as dramatic as her marriage to Lalu