
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കാതിരുന്നതില്‍ പ്രതികരണവുമായി സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി. വരാനിരിക്കുന്ന പരമ്പരകളില്‍ കളിക്കാന്‍ താന്‍ പൂര്‍ണമായും ഫിറ്റാണെന്നും മത്സരത്തിന് തയ്യാറാണെന്നും ഷമി പറഞ്ഞു. സെലക്ഷന്‍ തീരുമാനങ്ങള്‍ തന്റെ കൈകളിലല്ലെന്നും സെലക്ടര്‍മാരുടെയും ക്യാപ്റ്റന്റെയും കോച്ചുമാരുടെയും നിയന്ത്രണത്തിലാണെന്നും ഷമി തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. തന്‍റെ ഫിറ്റ്നസിനെ കുറിച്ചും ഷമി പ്രതികരിച്ചു.
'ഞാന്‍ തിരഞ്ഞെടുക്കപ്പെടുമോ ഇല്ലയോ എന്നത് എന്റെ കൈകളിലുള്ള കാര്യമല്ല. ആ തീരുമാനം എടുക്കുന്നത് സെലക്ഷന്‍ കമ്മിറ്റിയും ക്യാപ്റ്റനും കോച്ചുമാണ്. സെലക്ട് ചെയ്യണോ അതോ കുറച്ചുകൂടി സമയം അനുവദിക്കണോ എല്ലാം അവരുടെ കൈകളിലാണ്. പക്ഷേ ഇപ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ ഞാന്‍ റെഡിയാണ്. എന്റെ പരിശീലനം നന്നായി നടക്കുകയാണ്. ഞാന്‍ പൂര്‍ണമായും ഫിറ്റുമാണ്. പക്ഷേ ഇനിയും നന്നായി ചെയ്യാന്‍ ഞാന്‍ പരിശ്രമിക്കുക തന്നെ ചെയ്യും. കാരണം എത്രത്തോളം കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവോ അത്രത്തോളം നിങ്ങള്‍ കൂടുതല്‍ മോട്ടിവേറ്റഡ് ആയിരിക്കണം', ഷമി വ്യക്തമാക്കി.
'ഒരുപാട് കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ഈയടുത്ത് ഞാന്‍ ഒരു ദുലീപ് ട്രോഫി മത്സരത്തില്‍ 35 ഓവറുകളാണ് ഞാന്‍ പന്തെറിഞ്ഞത്. അതില്‍ ഞാന്‍ വളരെ കംഫര്‍ട്ടബിളും സന്തോഷവാനുമായിരുന്നു. അതുകൊണ്ടുതന്നെ യാതൊരു വിധത്തിലുള്ള ഫിറ്റ്‌നസ് പ്രശ്‌നങ്ങളുമില്ല. എന്നെ എപ്പോള്‍ സെലക്ട് ചെയ്താലും ഞാന്‍ കളിക്കാന്‍ തയ്യാറാണ്', ഷമി കൂട്ടിച്ചേര്‍ത്തു.
അതേസമയം ഓസ്ട്രേലിയയ്ക്കെതിരെ വരാനിരിക്കുന്ന ഏകദിന പരമ്പരയില്‍ നിന്ന് ഷമിയെ ബിസിസിഐ തഴഞ്ഞതോടെ ഇന്ത്യന്‍ ടീമിലേക്ക് ബിസിസിഐ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയെ തിരിച്ചുവിളിക്കാന്‍ സാധ്യതയില്ലെന്നാണ് ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ ഷമിയുടെ സമീപകാല പ്രകടനങ്ങള്‍ മികച്ചതല്ലെന്നും 35കാരനായ പേസര്‍ ദേശീയ ടീമിലേക്ക് തിരിച്ചെത്താനുള്ള സാധ്യത വളരെ കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2025 മാര്‍ച്ചില്‍ ചാമ്പ്യന്‍സ് ട്രോഫിയിലാണ് ഷമി അവസാനമായി ഇന്ത്യയുടെ കുപ്പായത്തില്‍ കളത്തിലിറങ്ങിയത്. പരിക്കിനെ തുടര്‍ന്ന് വെറ്ററന്‍ പേസര്‍ ആഭ്യന്തര ക്രിക്കറ്റ് മാത്രമേ കളിച്ചിട്ടുള്ളൂ. പക്ഷേ നിരാശാജനകമായ പ്രകടനം സെലക്ടര്‍മാര്‍ക്ക് ഷമി നല്ലൊരു ഓപ്ഷനായി കണക്കാക്കുന്നില്ല.
Content Highlights: Mohammad Shami opens up about not getting place in India’s squad for Australia tour