

ഐപിഎൽ 19-ാം സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആശ്വാസം. ഫ്രാഞ്ചൈസിയുമായി ചേരാൻ ശ്രീലങ്കൻ പേസർ മതീഷ പതിരാനയ്ക്ക് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ അനുമതി. പരിക്കിൽ നിന്ന് മുക്തനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഐപിഎല്ലിൽ കളിക്കാനുള്ള എൻ.ഒ.സി ബോർഡ് നൽകിയിരുന്നില്ല. അനുമതി ലഭിച്ചതോടെ താരം ഉടൻ തന്നെ ടീമിനൊപ്പം ചേരുമെന്ന കാര്യം ഉറപ്പായി.
ഇക്കഴിഞ്ഞ ഐസിസി ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിനിടെയാണ് പതിരാനയ്ക്ക് പരിക്കേറ്റത്. ഇതേത്തുടർന്ന് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾ താരത്തിന് നഷ്ടമായിരുന്നു. എന്നാൽ നിലവിൽ താരം കായികക്ഷമത വീണ്ടെടുത്തെന്നും ഐപിഎല്ലിൽ കളിക്കാൻ തയ്യാറാണെന്നും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് സെക്രട്ടറി ബന്ദുല ദിസാനായകെ അറിയിച്ചു.
18 കോടി രൂപയ്ക്കായിരുന്നു ഐപിഎൽ താരലേലത്തിൽ പതിരാനയെ കൊൽക്കത്ത സ്വന്തമാക്കിയത്. കൊൽക്കത്തയുടെ ബൗളിംഗ് നിരയെ സംബന്ധിച്ച് താരത്തിന്റെ സാന്നിധ്യം ഏറെ നിർണ്ണായകമാണ്. ഹർഷിത് റാണയ്ക്ക് പരിക്കേറ്റതും മുസ്തഫിസുർ റഹ്മാനെ റിലീസ് ചെയ്യേണ്ടി വന്നതും കെകെആറിന് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. മുസ്തഫിസുറിന് പകരക്കാരനായി സിംബാബ്‌വെ താരം ബ്ലസിങ് മുസറബനിയെയും കെകെആർ സൈൻ ചെയ്തിരുന്നു. പതിരാന തിരികെ എത്തുന്നതോടെ ഡെത്ത് ഓവറുകളിലെ ബൗളിംഗ് കരുത്ത് വീണ്ടെടുക്കാൻ ടീമിന് സാധിക്കും.
Content highlight: Srilankan pacer Matheesha Pathirana is fit for IPL 2026