പെഹ്‌ലവി കുടുംബത്തിലെ 'രാജകുമാരനെ' ട്രംപ് ഇറാനിൽ തിരികെ കൊണ്ടുവരുമോ? ആരാണ് റെസ പെഹ്‌ലവി?

35 വർഷം നീണ്ട ഖമനയി യുഗത്തിന് അന്ത്യമാകുമ്പോൾ പകരമാര് എന്ന ചോദ്യം സജീവമാണ്

പെഹ്‌ലവി കുടുംബത്തിലെ 'രാജകുമാരനെ' ട്രംപ് ഇറാനിൽ തിരികെ കൊണ്ടുവരുമോ? ആരാണ് റെസ പെഹ്‌ലവി?
dot image

'വിമോചനത്തിനുള്ള ശരിയായ സമയം അടുത്തു'; ഖമനയി കൊല്ലപ്പെട്ടു എന്ന വാർത്തകൾ വന്നപ്പോൾ പെഹ്‌ലവി രാജകുടുംബാംഗവും കിരീടാവകാശിയുമായ റെസ പെഹ്‌ലവി പ്രതികരിച്ച് ഇങ്ങനെയായിരുന്നു. രാജ്യത്തെപ്പറ്റിയുള്ള തന്റെ ആശങ്ക, ഖമനയിയോടുള്ള തന്റെ എതിർപ്പ് തുടങ്ങിയവ റെസ പെഹ്‌ലവി പല രീതിയിൽ പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോൾ പങ്കുവെച്ചത് ഒരു പ്രത്യാശയാണ്. ആ പ്രത്യാശ പങ്കുവെയ്ക്കുമ്പോൾ റെസ പഹ്‌ലവിയുടെ മനസ്സിൽ അധികാരക്കസേര എന്ന സ്വപ്നം ഉണ്ടായിരുന്നിരിക്കണമെന്ന് ഉറപ്പാണ്. പലപ്പോഴായി, പല വാക്കുകളിലൂടെയായി, റെസ പെഹ്‌ലവി ആ ആഗ്രഹം പറഞ്ഞിട്ടുള്ളതുമാണ്.

കറൻസിയുടെ വിലയിടിവും വിലക്കയറ്റവും ഉന്നയിച്ച് ഇറാനിൽ പ്രതിഷേധങ്ങൾ വ്യാപകമായിക്കൊണ്ടിയിരിക്കെയായിരുന്നു റെസ പെഹ്‌ലവി തിരിച്ചുവരവിന്റെ സൂചന നൽകിയത്. പ്രതിഷേധത്തെ ദേശീയ വിപ്ലവം എന്നാണ് റെസ പെഹ്‌ലവി വിശേഷിപ്പിച്ചത്. 'ദേശീയ വിപ്ലവത്തിൻ്റെ വിജയസമയത്ത് മാതൃരാജ്യത്തേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണ്. നിങ്ങൾക്കൊപ്പം ഞാനും ഇറാനിൽ ഉണ്ടാകേണ്ടതുണ്ട്. ആ ദിനം അടുത്തെത്തിയതായി ഞാൻ വിശ്വസിക്കുന്നു' എന്നായിരുന്നു എക്സ് പോസ്റ്റിലൂടെയുള്ള റെസ പഹ്‌ലവിയുടെ അന്നത്തെ പ്രതികരണം.  എന്നാൽ ആ ഘട്ടത്തിൽ റെസ പെഹ്‌ലവിയെ ട്രംപ് അതേ അർത്ഥത്തിൽ പിന്തുണച്ചിരുന്നില്ല. 'അദ്ദേഹം വളരെ നല്ലവനാണെന്ന് തോന്നുന്നു, പക്ഷേ സ്വന്തം രാജ്യത്ത് അദ്ദേഹം എങ്ങനെ പ്രവർത്തിക്കുമെന്ന് എനിക്കറിയില്ല. നമ്മൾ ഇതുവരെ ആ ഘട്ടത്തിലേക്ക് എത്തിയിട്ടില്ല. അദ്ദേഹത്തിന്റെ രാജ്യം അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിക്കുമോ ഇല്ലയോ എന്ന് എനിക്കറിയില്ല, തീർച്ചയായും അവർ അംഗീകരിക്കുകയാണെങ്കിൽ, അത് എനിക്ക് കുഴപ്പമില്ല' എന്നായിരുന്നു അക്കാലത്ത് പെഹ്‌ലവിയെ കുറിച്ചുള്ള ട്രംപിൻ്റെ പ്രതികരണം.

എന്നാൽ ആയത്തുള്ള ഖമനേയിയെ ഇസ്രയേൽ വധിച്ചതോടെ ഇറാനിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മാറിയിട്ടുണ്ട്.  ഇറാനിലെ ഇസ്‌ലാമിക ഭരണകൂടത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന അമേരിക്കൻ-ഇസ്രയേൽ നിലപാട് വിജയിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. അങ്ങനെ സംഭവിച്ചാൽ ഇറാനിൽ അമേരിക്കൻ പാവ സർക്കാരാകുമോ അധികാരത്തിൽ വരിക എന്ന ചർച്ച സജീവമാണ്. ഈ ഘട്ടത്തിലാണ് റെസ പെഹ്‌ലവിയുടെ പേര് വീണ്ടും ഉയർന്ന് വരുന്നത്. പഴയ 'പഹ്‌ലവി കാല'ത്തെ ട്രംപ് തിരികെ കൊണ്ടുവരുമോ എന്ന ചോദ്യമാണ് ഉയരുന്നത്. 54 വർഷത്തോളം ഇറാൻ ഭരിച്ച ഷാ പെഹ്‌ലവി കുടുംബത്തിലെ നിലവിലെ 'കിരീടാവകാശി'യാണ് റെസ പെഹ്‌ലവി. 1978-79ലെ ഇസ്‌ലാമിക വിപ്ലവത്തെ തുടർന്നാണ് റെസാ പഹ്‌ലവിയുടെ പിതാവ് ഷാ മുഹമ്മദ് റെസ പെഹ്‌ലവിക്ക് അധികാരം നഷ്ടമാകുകയും നാടുവിടേണ്ടിവരികയുമായിരുന്നു. ലോകത്ത് പലയിടങ്ങളിലായി പെഹ്‌ലവി കുടുംബം ചിതറിപ്പോയിരുന്നു.

1960ലാണ് റെസ പെഹ്‌ലവി ജനിച്ചത്. 1967ൽ പിതാവ് മുഹമ്മദ് റെസ പെഹ്‌ലവിയുടെ കിരീടധാരണ സമയത്താണ് റെസ പെഹ്‌ലവിയെ രാജകുമാരനായി പ്രഖ്യാപിച്ചത്. 1978ൽ എയർഫോഴ്സ് ബേസിൽ പരിശീലനം നേടുന്നതിനായി റെസ പെഹ്‌ലവി അമേരിക്കയിലെ ടെക്സസിലേക്ക് പോയി. മാസങ്ങൾക്ക് ശേഷം, ഇറാനിൽ ഭരണകൂട അട്ടിമറി സംഭവിക്കുകയും പെഹ്‌ലവി കുടുംബത്തിന് രാജ്യം വിടേണ്ടിവരികയും ചെയ്തു. ഈജിപ്ത്, മൊറോക്കോ, മെക്സിക്കോ, ബഹാമസ് എന്നിവിടങ്ങളിലാണ് പെഹ്‌ലവി കുടുംബം അഭയം തേടിയത്.  ഇതിന് പിന്നാലെ നാടുകടത്തപ്പെട്ടിരുന്ന റൂഹുള്ള ഖൊമൈനി ഇറാനിൽ തിരിച്ചെത്തുകയും രാജ്യത്തെ ഇസ്ലാമിക് റിപ്പബ്ലിക്ക് ആയി പ്രഖ്യാപിക്കുകയുമായിരുന്നു. 1980ൽ കെയ്റോയിൽ വെച്ച് ഷാ മുഹമ്മദ് റെസ പഹ്‌ലവി നിര്യാതനായി. ഇതിന് പിന്നാലെ റെസ പഹ്‌ലവി സ്വയം ഷാ ആയി പ്രഖ്യാപിച്ചിരുന്നു.

2013ൽ റെസ പെഹ്‌ലവി ഇറാൻ നാഷണൽ കൗൺസിൽ എന്ന രാഷ്ട്രീയസ്വഭാവമുള്ള ഒരു സംഘടന രൂപീകരിച്ചു. ഇറാനിൽ ജനാധിപത്യപരമായ ഒരു ഭരണം സ്ഥാപിക്കുക, നിലവിലെ ഖമനയി ഭരണകൂടത്തെ താഴെയിറക്കുക, ഇസ്‌ലാമിക ഭരണ വ്യവസ്ഥിതിയിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുക എന്നിങ്ങനെയാണ് സംഘടനയുടെ അജണ്ടകൾ. ഫ്രാൻസ് ആസ്ഥാനമായുള്ള ഈ സംഘടന ഇറാനിലെ പ്രതിപക്ഷ സ്വഭാവമുള്ളവരുടെ ഒരു കൂട്ടായ്മയായാണ് വിലയിരുത്തപ്പെടുന്നത്.

35 വർഷം നീണ്ട ഖമനയി യുഗത്തിന് അന്ത്യമാകുമ്പോൾ പകരമാര് എന്ന ചോദ്യം സജീവമാണ്. ഖമനയി കുടുംബത്തിൽ നിന്നുതന്നെ അനന്തരാവകാശികൾ ഉണ്ടാകുമെന്ന അഭ്യൂഹങ്ങളുണ്ട്. എന്നാൽ ഇറാനിലെ ഇസ്‌ലാമിക ഭരണകൂടത്തെ പൂർണ്ണമായി തുടച്ച് നീക്കിയേ യുദ്ധം അവസാനിപ്പിക്കൂ എന്ന് അമേരിക്കയും ഇസ്രയേലും തീരുമാനിച്ചാൽ പുതിയൊരു ഭരണകൂടം ഇറാനിൽ ഉദയം ചെയ്തേക്കും. നേരത്തെ ഇറാഖിൽ സദ്ദാം ഹുസൈൻ ഭരണകൂടത്തെ തൂത്തെറിഞ്ഞ് അവിടെ അരക്ഷിതാവസ്ഥ സൃഷ്ടിച്ച സാഹചര്യം ഇറാനിലും ഉണ്ടാകുമോയെന്ന ആശങ്കയും ശക്തമാണ്. ഇറാനിൽ തങ്ങൾ നിയന്ത്രിക്കുന്ന ഒരു ഭരണകൂടം വേണമെന്ന് അമേരിക്ക തീരുമാനിച്ചാൽ റെസാ പഹ്‌ലവിക്ക് അവസരമുണ്ടായേക്കും എന്നും വിലയിരുത്തലുകളുണ്ട്. നേരത്തെ റെസ പെഹ്‌ലവി നടത്തിയ പ്രതികരണങ്ങൾ ചൂണ്ടിക്കാണിച്ച് രാജഭരണകാലം തിരികെ വരുമെന്ന പ്രതീതിയും ഒരു വിഭാഗം സൃഷ്ടിക്കുന്നുണ്ട്. അത്തരത്തിലൊരു നീക്കത്തിന് ട്രംപ് തന്നെ ചുക്കാൻ എന്ന ചോദ്യവും ഇപ്പോൾ ഉയരുന്നുണ്ട്.

Content Highlights: Who is reza pahlavi? will he become the next main man in Iran?

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us