രാഷ്ട്രീയ ചാണക്യൻ കെ കരുണാകരൻ്റെ വാട്ട‍ർലൂ ആയ 2006ലെ തെരഞ്ഞെടുപ്പ്; വി എസ് തരം​ഗത്തിൽ വേരറ്റ ഡിഐസി

2006ൽ കേരളത്തിൽ ആഞ്ഞുവീശിയ വി എസ് തരംഗത്തിൽ നിലംപതിച്ചത് കെ കരുണാകരൻ ഡിഐസി (കെ) എന്ന പുതിയ രാഷ്ട്രീയ പാർട്ടിയെ മുൻനിർത്തി തയ്യാറാക്കിയ ചാണക്യതന്ത്രം കൂടിയായിരുന്നു

രാഷ്ട്രീയ ചാണക്യൻ കെ കരുണാകരൻ്റെ വാട്ട‍ർലൂ ആയ 2006ലെ തെരഞ്ഞെടുപ്പ്; വി എസ് തരം​ഗത്തിൽ വേരറ്റ ഡിഐസി
dot image

സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടതിന് പിന്നാലെ കെ സുധാകരൻ നടത്തിയ വിമതനീക്കത്തിൽ കോൺ​ഗ്രസ് ദേശീയ-സംസ്ഥാന നേതൃത്വങ്ങൾ ചക്രശ്വാസം വലിച്ച ദിവസങ്ങളാണ് കടന്ന് പോകുന്നത്. കണ്ണൂരിൽ മത്സരിപ്പിച്ചില്ലെങ്കിൽ കോൺ​ഗ്രസ് വിട്ട് കെ സുധാകരൻ പുതിയ പാ‍ർട്ടി രൂപീകരിക്കുമെന്ന സ്ഥിതിവിശേഷമാണ് ഹൈക്കമാൻഡിനെ അടക്കം പ്രതിരോധത്തിലാക്കിയത്. കോൺ​ഗ്രസ് വിട്ട് സുധാകരൻ പുതിയ പാ‍ർ‍ട്ടി ഉണ്ടാക്കുമെന്ന ചർച്ചകൾ സജീവമാകവെ 2005ലെ തദ്ദേശ തെരഞ്ഞെടുപ്പും 2006ലെ നിയമസഭാ തെരഞ്ഞെടുപ്പുമാകും രാഷ്ട്രീയ കേരളം ഓർമ്മിച്ചിരിക്കുക. കെ കരുണാകരനും ഡിഐസിയും ഉദിച്ച് അസ്തമിച്ച ആ കാലഘട്ടത്തിൻ്റെ ചരിത്രം കെ സുധാകരനിലൂടെ പരിഹാസ്യമായി കോൺഗ്രസിൽ വീണ്ടും ആവർത്തിക്കപ്പെടുമോയെന്ന ആശങ്കയ്ക്ക് ഒടുവിൽ താൽക്കാലിക ആശ്വാസമായിരിക്കുകയാണ്. ഹൈക്കമാൻഡിന് വഴങ്ങാതെ മുന്നോട്ട് പോയ കരുണാകരൻ്റെ അനുഭവമാകണം ഒടുവിൽ പാർട്ടിക്ക് വിധേയനാകാൻ കെ സുധാകരനെ പ്രേരിപ്പിച്ചിരിക്കുക. കെ കരുണാകരൻ ഡിഐസി രൂപീകരിച്ച ആ കാലഘട്ടം കേരള രാഷ്ട്രീയ ചരിത്രത്തിലെ സംഭവബഹുലമായ ഒരു ഏടാണ്.

കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ സമാനതകളില്ലാത്ത ചാണക്യ കരുനീക്കങ്ങൾക്ക് നേതൃത്വം കൊടുത്ത നേതാവായിരുന്നു കെ കരുണാകരൻ. രാഷ്ട്രീയമായ തിരിച്ചടികളിൽ നിന്ന് പലവട്ടം ഫീനികസ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റ ചരിത്രമുള്ള കരുണാകരൻ പക്ഷെ ചിറക് തളർന്ന് വീണുപോയ ഘട്ടവും കേരള രാഷ്ട്രീയം അടയാളപ്പെടുത്തിയിട്ടുണ്ട്. ഒരുപക്ഷെ കരുണാകരൻ്റെ രാഷ്ട്രീയ പ്രഭാവത്തിൻ്റെ തിളക്കങ്ങളെല്ലാം നിഷ്പ്രഭമാകുന്ന ഒരു കാലഘത്തിൻ്റെ കൂടി തുടക്കമായിരുന്നു അത്. ഒരുപരിധിവരെ അന്ന് കരുണാകരൻ്റെ കരുനീക്കങ്ങളുടെ മുനയൊടിച്ചത് വി എസ് അച്യുതാനന്ദൻ്റെ സവിശേഷമായ ജനപ്രീതിയായിരുന്നു. ചുരുക്കി പറഞ്ഞാൽ 2006ൽ കേരളത്തിൽ ആഞ്ഞുവീശിയ വി എസ് തരംഗത്തിൽ നിലംപതിച്ചത് കെ കരുണാകരൻ ഡിഐസി (കെ) എന്ന പുതിയ രാഷ്ട്രീയ പാർട്ടിയെ മുൻനിർത്തി തയ്യാറാക്കിയ ചാണക്യതന്ത്രം കൂടിയായിരുന്നു. ഇടതുമുന്നണിയിലെ രണ്ടാംകക്ഷിയായ സിപിഐയും അന്ന് ഇടതുപക്ഷത്തായിരുന്ന അവിഭക്ത ആർഎസ്പിയും വി എസിനൊപ്പം അണിനിരന്നതും ചരിത്രമാണ്. കേരള രാഷ്ട്രീയത്തിൽ പുതിയൊരു യുഗപ്പിറവി കൊതിച്ച കെ കരുണാകരനെ ഒരുപരിധിവരെ അപ്രഖ്യാപിത രാഷ്ട്രീയ വനവാസത്തിലേയ്ക്ക് തള്ളിവിടുന്നതിൽ നിർണ്ണായകമായിരുന്നു ഈ നീക്കങ്ങൾ.

ഡിഐസിയുടെ രൂപീകരണം

1995 മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ടതിന് ശേഷം കോൺ​ഗ്രസിലെ പ്രതിപക്ഷമായി കെ കരുണാകരൻ മാറിയിരുന്നു. എ കെ ആൻ്റണിയെയും ഉമ്മൻ ചാണ്ടിയെയും സർവ്വോപരി എ ​ഗ്രൂപ്പിനെയും എതിർപക്ഷത്ത് നിർത്തി ഏതാണ്ട് ഒരു പതിറ്റാണ്ടോളം കരുണാകരൻ നടത്തിയ ഉൾപ്പാർട്ടി പോരാട്ടങ്ങളുടെ ഏറ്റവും ത്രീവമായ ഘട്ടത്തിനാണ് 2004-2005 കാലഘട്ടം സാക്ഷ്യം വഹിച്ചത്. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിൻ്റെ സമ്പൂ‍ർണ്ണ പരാജയം കോൺഗ്രസിലെ ഗ്രൂപ്പ് പോരിനെ തീവ്രമാക്കി. ഇടതുമുന്നണി 18 സീറ്റുകളിൽ വിജയിച്ച 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല. ഒരൊറ്റ സീറ്റിൽ മാത്രം വിജയിച്ച മുസ്ലിം ലീഗ് മാത്രമാണ് യുഡിഎഫ് ബാനറിൽ കേരളത്തിൽ നിന്ന് ലോക്സഭയിലെത്തിയത്. പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് എ കെ ആൻ്റണിയെ മാറ്റി ഉമ്മൻ ചാണ്ടിയെ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിയോഗിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്മജ വേണുഗോപാൽ മുകുന്ദപുരത്തും ആൻ്റണി മന്ത്രിസഭയിൽ മന്ത്രിയായിരുന്ന കെ മുരളീധരൻ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിലും പരാജയപ്പെട്ടത് കരുണാകരനെ പ്രകോപിപ്പിച്ചിരുന്നു. കോൺ​ഗ്രസിനുള്ളിൽ നിന്ന് ഉണ്ടായ നീക്കങ്ങളാണ് ശക്തികേന്ദ്രങ്ങളായ മുകുന്ദപുരത്തും വടക്കാഞ്ചേരിയിലും തോൽവിക്ക് വഴിവെച്ചത് എന്നതായിരുന്നു കരുണാകരൻ്റെ പ്രകോപനത്തിൻ്റെ പ്രധാനകാരണം.

കെ കരുണാകരൻ പുതിയ പാർട്ടി രൂപീകരിക്കാനുള്ള തീരുമാനം ആസന്നമാക്കിയത് കെ മുരളീധരനെതിരായ അച്ചടക്ക നടപടിയായിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ആൻ്റണിയെ മാറ്റി ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രിയാക്കാനുള്ള കോൺ​ഗ്രസ് നീക്കം കരുണാകരനെ സംബന്ധിച്ച് മുറിവിൽ ഉപ്പുതേയ്ക്കുന്നത് പോലുള്ള തീരുമാനമായിരുന്നു. പിന്നാലെ കെ കരുണാകരനും കെ മുരളീധരനും ഉമ്മൻചാണ്ടി മന്ത്രിസഭയ്ക്കെതിരെ പരസ്യമായ നിലപാടുകൾ സ്വീകരിച്ചു. കോൺ​ഗ്രസ് ഹൈക്കമാൻഡിനെതിരായ കെ മുരളീധരൻ്റെ പ്രതികരണങ്ങളും സമാന്തര റാലികൾ സംഘടിപ്പിക്കാനുള്ള നീക്കങ്ങളും ഹൈക്കമാൻഡിനെ ചൊടിപ്പിച്ചു. അഹമ്മദ് പട്ടേലിനെ അലുമിനിയം പട്ടേൽ എന്ന് അഭിസംബോധന ചെയ്ത കെ മുരുളീധരൻ സോണിയാ ​ഗാന്ധിക്കെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. പിന്നാലെ 2005 മാ‍ർച്ച് മാസത്തിൽ കോൺ​ഗ്രസ് ഹൈക്കമാൻഡ് കെ മുരളീധരനെ പാർട്ടി അം​ഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തു. തുട‍‍ർന്ന് ഏപ്രിൽ മാസത്തിൽ മുരളീധരനെ കോൺ​ഗ്രസിൽ നിന്ന് പുറത്താക്കി. കെ കരുണാകരൻ പുതിയ പാർട്ടി രൂപീകരിക്കാനുള്ള തീരുമാനം ആസന്നമാക്കിയത് കെ മുരളീധരനെതിരായ അച്ചടക്ക നടപടിയായിരുന്നു.

Democratic Indira Congress (Karunakaran) was a political party in Kerala, India. DIC was founded at a meeting in Thrissur by the K. Karunakuran faction of the Indian National Congress on 1 May 2005. The DIC is now defunct
കെ മുരളീധരൻ, കെ കരുണാകരൻ, ടി എം ജേക്കബ്

നാല് പതിറ്റാണ്ടോളം കേരളത്തിൽ കോൺ​ഗ്രസിൻ്റെ ഭാ​ഗധേയം നി‍ർണ്ണയിക്കുന്നതിൽ നിർണ്ണായകമായ നേതൃത്വം നൽകിയ കെ കരുണാകരൻ ഡമോക്രാറ്റിക് കോൺ​ഗ്രസ് ഇന്ദിര എന്ന പുതിയ പാർട്ടി രൂപീകരിച്ചായിരുന്നു നേതൃത്വത്തെ വെല്ലുവിളിച്ചത്. കരുണാകരനൊപ്പം നിന്ന ഒൻപത് എംഎൽഎമാർ നിയമസഭാ അം​ഗത്വം രാജിവെച്ച് ഡിഐസിയുടെ ഭാ​ഗമായി. തൊഴിലാളി രാഷ്ട്രീയത്തിലൂടെ ഉയർന്നുവന്ന കെ കരുണാകരൻ പാ‍ർട്ടി രൂപീകരിക്കാനുള്ള സമ്മേളനം നടത്തിയത് 2005ലെ തൊഴിലാളി ദിനത്തിലായിരുന്നു. കെ മുരളീധരൻ സംസ്ഥാന അധ്യക്ഷനായി നിലവിൽ വന്ന ഡിഐസി ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ ശക്തമായ നിലപാടുകളാണ് സ്വീകരിച്ചത്. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ നിന്നും ഒഴിവാക്കിയ കേരള കോൺ​ഗ്രസ് ജേക്കബ് വിഭാ​ഗം ഡിഐസിയിൽ ലയിക്കാൻ തീരുമാനിച്ചത് കരുണാകരൻ്റെ വിലപേശൽ ശക്തി വർ‍ദ്ധിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനിൽ പാർ‍ട്ടിയുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ഡമോക്രാറ്റിക് കോൺ​ഗ്രസ് ഇന്ദിര എന്നത് ഡമോക്രാറ്റിക് കോൺ​ഗ്രസ് ഇന്ദിര (കെ) എന്നാക്കി മാറ്റി.

2005ലെ തദ്ദേശ തെരഞ്ഞെടുപ്പായിരുന്നു രാഷ്ട്രീയ കരുത്ത് തെളിയിക്കാൻ ഡിഐസിക്ക് വീണ് കിട്ടിയ ആദ്യവേദി. കോൺ​ഗ്രസിനെയും ഉമ്മൻചാണ്ടി സർക്കാരിനെയും വിമർശിച്ച കളം നിറഞ്ഞ കരുണാകരനും കൂട്ടരുമായും സഹകരിക്കാൻ സിപിഐഎം തീരുമാനിച്ചു. വിഎസ്-പിണറായി പക്ഷ വിഭാ​ഗീയത സിപിഐഎമ്മിൽ കൊടുമ്പിരിക്കൊണ്ടിരുന്ന കാലമായിരുന്നത്. അടിയന്തരാവസ്ഥക്കാലത്തെ കരുണാകരൻ്റെ പൊലീസ് നടപടികൾ അടക്കം ചൂണ്ടിക്കാണിച്ച് ഇടതുമുന്നണിയുടെ ഡിഐസി സഹകരണത്തിനെതിരെ മുന്നണിക്കുള്ളിൽ നിന്ന് തന്നെ എതിർപ്പുയർന്നിരുന്നു. വി എസ് അച്യുതാനന്ദനും ഡിഐസി-ഇടതുമുന്നണി സഹകരണത്തിന് എതിരായിരുന്നു. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ഡിഐസിയുമായി സഹകരിക്കാൻ തന്നെയായിരുന്നു സിപിഐഎമ്മിൻ്റെ ഔദ്യോ​ഗിക തീരുമാനം. ശക്തികേന്ദ്രങ്ങളിൽ പ്രതീക്ഷിച്ച കരുത്ത് തെളിയിക്കാൻ സാധിച്ചില്ലെങ്കിലും പ്രദേശികമായി യുഡിഎഫിന് തിരിച്ചടി നൽകാൻ ഡിഐസി (കെ)യുമായുള്ള സഹകരണം 2005ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ സഹായിച്ചു. 550ലേറെ പഞ്ചായത്ത് വാ‍ർഡുകളിൽ വിജയിക്കാൻ ഡിഐസിയ്ക്ക് സാധിച്ചിരുന്നു. ബിജെപിക്ക് ലഭിച്ചതിനെക്കാൾ കൂടുതലായിരുന്നു ഇത്. ഡിഐസി സ്വന്തം നിലയിൽ കരുത്ത് തെളിയിച്ചതല്ല സംസ്ഥാനത്ത് പൊതുവെ ഉണ്ടായിരുന്ന ഇടത് അനുകൂല തരം​ഗമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന നിലപാട് ചില ഇടതുനേതാക്കൾ പിന്നീട് പരസ്യമായി പറയുകയും ചെയ്തിരുന്നു. അപ്പോഴും കോൺ​ഗ്രസിലെ കരുണാകരൻ അനുകൂല വിഭാ​ഗം പ്രദേശിക തലത്തിൽ കോൺ​ഗ്രസിൻ്റെ വോട്ടുകൾ ഭിന്നിപ്പിച്ചതാണ് ഇടതുമുന്നണിയ്ക്ക് മികച്ച മുന്നേറ്റം ഉണ്ടാക്കിയതെന്നായിരുന്നു പൊതുവെയുണ്ടായ വിലയിരുത്തൽ.

Kannoth Karunakaran was an Indian politician, political strategist, decision maker and statesman who served as the chief minister of Kerala in 1977, from 1981 to March 1982, from May 1982 to 1987 and from 1991 to 1995
കെ കരുണാകരൻ

2005ലെ തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ ഡിഐസിയുമായി ഇടതു മുന്നണിയുടെ ബന്ധം തുടരുമെന്ന പ്രതീതിയാണ് പൊതുവെ സൃഷ്ടിക്കപ്പെട്ടത്. എൽഡിഎഫുമായുള്ള സഹകരണത്തെപ്പറ്റി കെ കരുണാകരൻ പരസ്യ നിലപാടുമായി രം​ഗത്ത് വരികയും ചെയ്തിരുന്നു. എൽഡിഎഫുമായി, നീക്കുപോക്കല്ല യഥാർത്ഥ മതേതര സഖ്യമാണ് ഉണ്ടാക്കുകയെന്നായിരുന്നു ഈ ഘട്ടത്തിൽ കെ കരുണാകരൻ്റെ പ്രതികരണം. എന്നാൽ ഡിഐസി സഹകരണവുമായി ബന്ധപ്പെട്ട് വി എസ് അച്യുതാനന്ദൻ സ്വീകരിച്ച നിലപാടുകൾ കാര്യമാക്കുന്നില്ല എന്ന പരോക്ഷ സൂചനയും കരുണാകരൻ നൽകിയിരുന്നു. സിപിഐഎമ്മുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ ഊ‍ർജ്ജിതമാക്കുമെന്നും വിഎസിനോട് പ്രത്യേക അടുപ്പമോ വിരോധമോ ഇല്ലായെന്നും കരുണാകരൻ പ്രതികരിച്ചിരുന്നു. സിപിഐഎമ്മിലെ വിഭാ​ഗീയതയുടെ സാഹചര്യം പരി​ഗണിച്ച് ഔദ്യോ​ഗിക വിഭാ​ഗവുമായാണ് തനിക്ക് കൂടുതൽ അടുപ്പമെന്നും കരുണകരൻ പറയാതെ പറഞ്ഞു. വി എസിനോട് തനിക്ക് പിണക്കമില്ലെങ്കിലും പിണറായിയുടെ അഭിപ്രായങ്ങളോടാണ് കൂടുതൽ യോജിപ്പ് എന്നായിരുന്നു കരുണാകരൻ്റെ ഈ ഘട്ടത്തിലെ പ്രതികരണം.

2006ലെ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ഇടതുമുന്നണി സഖ്യകക്ഷികളായ സിപിഐയെയും ആർഎസ്പിയെയും കരുണാകരൻ വിമർശിച്ചിരുന്നു. സിപിഐയേയും ആർഎസ്പിയേയും ചെറിയ പാർട്ടികൾ എന്നായിരുന്നു കരുണാകരൻ പരിഹസിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഐസിയുമായി സഖ്യം വേണ്ടെന്ന നിലപാടിൽ വി എസ് അച്യുതാനന്ദൻ അടിയുറച്ച് നിന്ന സാഹചര്യത്തിലായിരുന്നു സിപിഐയും ആർഎസ്പിയും സമാന നിലപാട് സ്വീകരിച്ചത്. ഇതിനെ തുടർന്നായിരുന്നു കരുണാകരൻ്റെ പ്രതികരണം. ഇതിന് പിന്നാലെ പ്രതികരണത്തിൽ ഖേദം പ്രകടിപ്പിച്ച് കരുണാകരൻ രം​ഗത്ത് വന്നിരുന്നു. 'സിപിഐയേയും ആർഎസ്പിയേയും ചെറിയ പാർട്ടികൾ എന്ന് വിളിച്ചതിൽ ഖേദമുണ്ട്. ഈ അഭിപ്രായം പെട്ടെന്ന് പറഞ്ഞുപോയതാണ്. മുന്നണി രാഷ്ട്രീയം കെട്ടിപ്പടുത്ത താൻ രാഷ്ട്രീയപാർട്ടികൾക്ക് ആൾബലം നോക്കിയല്ല പരിഗണന നൽകിയിരിക്കുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയെ പറ്റിയും മോശമായി പറഞ്ഞിട്ടുമില്ല' എന്നായിരുന്നു കരുണാകരൻ്റെ ഖേദപ്രകടനം. തിരഞ്ഞെടുപ്പിൽ സഹായം തേടി ജയിച്ച ശേഷം തളളിപ്പറയുന്നത് മര്യാദയല്ല എന്ന ഒളിയമ്പും തദ്ദേശ തെരഞ്ഞെടുപ്പ് വിജയം പരോക്ഷമായി ചൂണ്ടിക്കാണിച്ച് ഇടതു സഖ്യകക്ഷികൾക്കെതിരെ കരുണാകരൻ എയ്തിരുന്നു. ഖേദം പ്രകടിപ്പിച്ചപ്പോഴും സിപിഐയെ വിമർശിക്കാനും കരുണാകരൻ മടിച്ചില്ല. ഡിഐസിക്ക് ആളില്ലെങ്കിൽ തിരുവനന്തപുരം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ സിപിഐ എങ്ങനെ ജയിക്കുമായിരുന്നുവെന്ന് ചോദിച്ച കരുണാകരൻ സിപിഐയുമായി ഒരു കാലത്ത് യോജിച്ചു പ്രവർത്തിച്ച ആളായിരുന്നു താനെന്നും ഓർമ്മിപ്പിച്ചിരുന്നു. കരുണാകരനെ അറിയാവുന്നവരാരും താനിനി കോൺഗ്രസിലേക്ക് തിരിച്ചുപോവുമെന്ന് വിശ്വസിക്കില്ലെന്നും 2006 ജനുവരി രണ്ടാം വാരത്തിൽ നടത്തിയ പ്രതികരണത്തിൽ കരുണാകരൻ വ്യക്തമാക്കിയിരുന്നു.

വി എസ് അച്യുതാനന്ദൻ്റെ നിലപാടിന് പോളിറ്റ്ബ്യൂറോയുടെ ഔദ്യോ​ഗിക അം​ഗീകാരം ലഭിച്ചതോടെ അതുവരെ യുഡിഎഫ് സർക്കാരിനെയും കോൺ​ഗ്രസിനെയും ശക്തമായി വിമർശിച്ചിരുന്ന കരുണാകരനും കൂട്ടരും യുഡിഎഫ് പാളയത്തിൽ അഭയം പ്രാപിച്ചു

ആ ഘട്ടത്തിലും പിണറായി വിജയൻ്റെ പ്രതികരണത്തെ കൂട്ട് പിടിച്ച് ഇടതുമുന്നണി സഖ്യകക്ഷികളെ കുത്തിനോവിക്കാനും കരുണാകരൻ മടിച്ചില്ല. കൂറുമുന്നണിയെക്കുറിച്ചുള്ള സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നിലപാടിനോട് യോജിക്കുന്നുവെന്നായിരുന്നു കരുണാകരൻ വ്യക്തമാക്കിയത്. മുന്നണിക്കുള്ളിൽ കുറു മുന്നണി ഉണ്ടാക്കുന്നത് ദോഷം ചെയ്യുമെന്നും ഏതുമുന്നണിയിലായാലും കൂറുമുന്നണിയുണ്ടാക്കുന്നത് ശരിയല്ലെന്നും കരുണാകരൻ പറഞ്ഞിരുന്നു.

തർക്കങ്ങൾ ഈ നിലയിൽ പുരോ​ഗമിക്കവെ ഡിഐസി സഖ്യം വേണ്ടെന്ന് ഒടുവിൽ സിപിഐഎം ഔദ്യോ​ഗിക തീരുമാനം എടുത്തു. വി എസ് അച്യുതാനന്ദൻ്റെ നിലപാടിന് പോളിറ്റ്ബ്യൂറോയുടെ ഔദ്യോ​ഗിക അം​ഗീകാരം ലഭിച്ചതോടെ അതുവരെ യുഡിഎഫ് സർക്കാരിനെയും കോൺ​ഗ്രസിനെയും ശക്തമായി വിമർശിച്ചിരുന്ന കരുണാകരനും കൂട്ടരും യുഡിഎഫ് പാളയത്തിൽ അഭയം പ്രാപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ അടിപതറിയ കോൺ​ഗ്രസ് നേതൃത്വം ഡിഐസിയുമായി ചേർന്ന് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ നിർബന്ധിതരാവുകയായിരുന്നു. പി കെ കുഞ്ഞാലിക്കുട്ടിയും മുസ്ലിം ലീ​ഗ് നേതൃത്വവുമാണ് അന്ന് യുഡിഎഫ്-സിഐസി സഹകരണത്തിന് മുൻകൈ എടുത്തത്.

Velikkakathu Sankaran Achuthanandan, also known by his initialism VS, was an Indian communist politician, independence activist, writer and statesman who was the Chief Minister of Kerala from 2006 to 2011. At 82, he was the oldest person to have assumed the office. He was affiliated with the Communist Party of India
വി എസ് അച്യുതാനന്ദൻ

2006ലെ വി എസ് തരം​ഗം കെ കരുണാകരൻ്റെ വാട്ടർലൂ

വി എസ് അച്യുതാനന്ദൻ്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട ത‍ർക്കങ്ങൾ സംസ്ഥാനത്ത് ഒരു വി എസ് തരം​ഗത്തിൻ്റെ പ്രതീതി സൃഷ്ടിച്ച പശ്ചാത്തലത്തിലായിരുന്നു 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങിയത്. യുഡിഎഫ് മുന്നണിയുടെ ഭാ​ഗമായി മത്സരിച്ച ഡിഐസി 18 സീറ്റുകളിലാണ് മത്സരിച്ചത്. മുസ്ലിം ലീ​ഗ് 21 സീറ്റിൽ മത്സരിപ്പപ്പോഴായിരുന്നു ഡിഐസിക്ക് 18 സീറ്റുകൾ മത്സരിക്കാനായി ലഭിച്ചത്. ഡിഐസി രൂപീകരണ സമയത്ത് രാജിവെച്ച ഒൻപത് എംഎൽഎമാരിൽ എട്ടു പേർക്കും 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് ലഭിച്ചിരുന്നു. വടക്കേ വയനാട് എംഎൽഎ രാധാ രാഘവന് മാത്രമായിരുന്നു വീണ്ടും മത്സരിക്കാൻ അവസരം ലഭിക്കാതിരുന്നത്. ഡിഐസി-യുഡിഎഫ് സഹകരണത്തിന് ചുക്കാൻ പിടിച്ച മുസ്ലിംലീ​ഗ് കെ മുരളീധരന് മത്സരിക്കാനായി കൊടുവള്ളി സീറ്റ് വിട്ടുനൽകിയിരുന്നു. വടക്കേ വയനാട് സീറ്റ് മുസ്ലിം ലീ​ഗിന് വിട്ടുകൊടുത്തുകൊണ്ടായിരുന്നു ഈ ധാരണ. സുൽത്താൻ ബത്തേരി സീറ്റ് ഡിഐസിയിലെ എൻഡി അപ്പച്ചന് വിട്ടുനൽകിയതും രാധാ രാഘവന് സീറ്റ് ലഭിക്കുന്നതിന് തടസ്സമായിരുന്നു. ചെങ്ങന്നൂരിൽ സിറ്റിം​ഗ് എംഎൽഎ ആയിരുന്ന ശോഭനാ ജോ‍ർജ് മണ്ഡലം മാറി തിരുവനന്തപുരം വെസ്റ്റിൽ നിന്നായിരുന്നു മത്സരിച്ചത്.

ഡിഐസിയെ സംബന്ധിച്ച് നിരാശജനകമായിരുന്നു തെരഞ്ഞെടുപ്പ് ഫലം. രാജിവെച്ച എംഎൽഎമാരുടെ സിറ്റിം​ഗ് മണ്ഡലങ്ങളിലെല്ലാം വലിയ തിരിച്ചടിയാണ് ഡിഐസിക്ക് നേരിട്ടത്. ഡിഐസി സ്ഥാനാർത്ഥികളിൽ വടക്കേക്കരയിൽ എം എ ചന്ദ്രശേഖരനും പിറവത്ത് ടി എം ജേക്കബും കൊടുവള്ളിയിൽ കെ മുരളീധരനും മാത്രമാണ് പതിനായിരത്തിൽ താഴെ ഭൂരിപക്ഷത്തിന് പരാജയപ്പെട്ടത്. മറ്റ് 16 സ്ഥാനാ‍ർത്ഥികൾക്കും വൻ പരാജയത്തെയാണ് നേരിടേണ്ടി വന്നത്. ആറന്മുളയിൽ സിറ്റിം​ഗ് എംഎൽഎ ആയിരുന്ന മാലേത്ത് സരളാദേവി മൂന്നാം സ്ഥാനത്തായത് ഡിഐസിയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. കോൺ​ഗ്രസ് വിമതൻ കെ ആ‍ർ രാജപ്പനായിരുന്നു ഇവിടെ രണ്ടാമതെത്തിയത്. കുട്ടനാട് നിന്ന് മത്സരിച്ച തോമസ് ചാണ്ടിക്ക് മാത്രമാണ് ഡിഐസി ലേബലിൽ നിയമസഭയിൽ എത്താനായത്. തോമസ് ചാണ്ടി പിന്നീട് എൻസിപി വഴി എൽഡിഎഫ് പാളയത്തിലെത്തിയിരുന്നു.

എൽഡിഎഫുമായി ചേർന്ന് മത്സരിച്ച് കേരള രാഷ്ട്രീയത്തിലെ നിർണ്ണായക ശക്തിയാകാമെന്ന കരുണാകരൻ്റെ മോഹം യഥാർത്ഥത്തിൽ തകർന്നത് വി എസ് എന്ന അതികായൻ്റെ കർക്കശ നിലപാടിലും ജനപ്രീതിയിലും തട്ടിയായിരുന്നു. മോരും മുതിരയും പോലെയായിരുന്നു ഡിഐസി സഹകരണം യുഡിഎഫ് അണികൾ, വിശേഷിച്ച് കോൺ​ഗ്രസ് അണികൾ ഉൾക്കൊണ്ടത് എന്ന് വ്യക്തമാക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം. കോൺ​ഗ്രസിൻ്റെ പരമ്പരാ​ഗത ശക്തികേന്ദ്രങ്ങളിൽ പോലും വലിയ ഭൂരിപക്ഷത്തിനായിരുന്നു ഡിഐസി സ്ഥാനാർത്ഥികൾ പരാജയപ്പെട്ടത്.

ഇന്ദിരാ ​ഗാന്ധിയും ചർക്കയും ആലേഖനം ചെയ്ത ഡിഐസിയുടെ മൂവർണ്ണക്കൊടിയും ടെലിവിഷൻ എന്ന ഡിഐസിയുടെ തെരഞ്ഞെടുപ്പ് ചിഹ്നവും അങ്ങനെ ഒരു രാഷ്ട്രീയ എടുത്തുചാട്ടത്തിൻ്റെയും അനിവാര്യമായ രാഷ്ട്രീയ തിരിച്ചടികളുടെയും ചരിത്ര അടയാളമായി കേരള രാഷ്ട്രീയത്തിൽ അടയാളപ്പെടുത്തപ്പെട്ടു. വി എസ് അച്യുതാനന്ദൻ്റെ രാഷ്ട്രീയ നിലപാടുകളുടെ കാ‍ർക്കശ്യവും ജനകീയതയും കെ കരുണാകരൻ്റെ വാട്ടർലൂ ആയെന്ന് കൂടിയാണ് ചരിത്രം പറഞ്ഞ് വെയ്ക്കുന്നത്.

എന്തായാലും 2006ലെ തെരഞ്ഞെടുപ്പ് പരാജയം ഡിഐസിയെ ദുർബലമാക്കി. ടി എം ജേക്കബ് കേരള കോൺ​ഗ്രസ് ​ഗ്രൂപ്പിനെ വീണ്ടും പുനഃരുജ്ജീവിപ്പിച്ച് ഡിഐസിയിൽ നിന്ന് മടങ്ങി. പിന്നാലെ ഡിഐസി എൻസിപിയിൽ ലയിച്ചതോടെ കേരള രാഷ്ട്രീയത്തിൽ വീണ്ടും കിം​ഗ് മേക്കറാകാമെന്ന കെ കരുണാകരൻ്റെ മോഹത്തിന് ആൻ്റിക്ലൈമാക്സായി. പിന്നാലെ മുരളീധരൻ്റെ എതിർപ്പ് അ​വ​ഗണിച്ച് കെ കരുണാകരൻ കോൺ​ഗ്രസിൽ മടങ്ങിയെത്തി. തന്നെ അറിയാവുന്നവരാരും താനിനി കോൺഗ്രസിലേക്ക് തിരിച്ചുപോവുമെന്ന് വിശ്വസിക്കില്ലെന്ന് പറഞ്ഞ് രണ്ട് വർഷത്തിനിപ്പുറമായിരുന്നു ഉപാധികളൊന്നുമില്ലാതെയുള്ള കരുണാകരൻ്റെ മടക്കം. എന്നാൽ പിന്നീടൊരിക്കലും കോൺ​ഗ്രസ് രാഷ്ട്രീയത്തിൽ പഴയ പ്രതാപത്തിൻ്റെ നിഴൽ പോലുമാകാൻ കെ കരുണാകരന് സാധിച്ചില്ലെന്നതും ശ്രദ്ധേയമാണ്. കേരള രാഷ്ട്രീയത്തെ ഇളക്കി മറിക്കുമെന്ന പ്രതീക്ഷയിൽ ഒരു തെരഞ്ഞെടുപ്പ് ഘട്ടത്തിൽ രൂപം കൊണ്ട ഡിഐസിയുടെ ആയുസ്സ് ഏതാണ്ട് രണ്ട് വർഷത്തോളം മാത്രമായിരുന്നു. ഇന്ദിരാ ​ഗാന്ധിയും ചർക്കയും ആലേഖനം ചെയ്ത ഡിഐസിയുടെ മൂവർണ്ണക്കൊടിയും ടെലിവിഷൻ എന്ന ഡിഐസിയുടെ തെരഞ്ഞെടുപ്പ് ചിഹ്നവും അങ്ങനെ ഒരു രാഷ്ട്രീയ എടുത്തുചാട്ടത്തിൻ്റെയും അനിവാര്യമായ രാഷ്ട്രീയ തിരിച്ചടികളുടെയും ചരിത്ര അടയാളമായി കേരള രാഷ്ട്രീയത്തിൽ അടയാളപ്പെടുത്തപ്പെട്ടു. വി എസ് അച്യുതാനന്ദൻ്റെ രാഷ്ട്രീയ നിലപാടുകളുടെ കാ‍ർക്കശ്യവും ജനകീയതയും കെ കരുണാകരൻ്റെ വാട്ടർലൂ ആയെന്ന് കൂടിയാണ് ചരിത്രം പറഞ്ഞ് വെയ്ക്കുന്നത്.

Content Highlights: The 2006 Kerala Assembly election marked the dramatic downfall of veteran leader K. Karunakaran, often called his 'Waterloo'. Riding the VS Achuthanandan-led LDF wave, DIC(K) won just 1 seat and faded away, ending Karunakaran's era of influence in Kerala politics.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us