
ഉപരിപഠനത്തിന് അമേരിക്ക തിരഞ്ഞെടുക്കാൻ താൽപര്യപ്പെടുന്ന വിദ്യാർത്ഥികൾക്ക് തിരിച്ചടിയാവാനൊരുങ്ങി ട്രംപ് ഭരണകൂടത്തിന്റെ പുതിയ തീരുമാനം. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ച ശേഷം മാത്രം വിദേശ വിദ്യാർത്ഥികൾക്ക് അമേരിക്കയിലേക്ക് പ്രവേശനം നൽകിയാൽ മതി എന്നതാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ തീരുമാനം.
ഇതിന്റെ ഭാഗമായി ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിദേശ വിദ്യാർത്ഥികളുടെ ഇന്റർവ്യൂകൾ താൽകാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
വിദ്യാർത്ഥികളുടെയും, ജോബ് വിസയിൽ അമേരിക്കയിലെത്തി പിന്നീട് സ്റ്റുഡന്റ് വിസയിലേക്ക് മാറുന്നവരുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ച ശേഷമായിരിക്കും സ്റ്റുഡന്റ് വിസയ്ക്കുള്ള അനുമതി നൽകുക. സമൂഹമാധ്യമങ്ങളിൽ അമേരിക്കൻ നയങ്ങൾക്ക് വിരുദ്ധമായ പരാമർശങ്ങളുണ്ടെങ്കിൽ വിസ നിരസിക്കപ്പെടുമെന്നാണ് സൂചന.
വിദ്യാർത്ഥികളെ ബാധിക്കുന്നതെങ്ങനെ
ട്രംപ് ഭരണകൂടം പുതിയ നയം എന്ന നിലയിൽ വിദേശ വിദ്യാർത്ഥികളുടെ വിസ റദ്ദാക്കുകയും, വിദേശീയരായ ആളുകളെ സ്വന്തം രാജ്യത്തേക്ക് നാടുകടത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പുതിയ നിയമത്തിൽ തീരുമാനമുണ്ടാകുന്നത് വരെ ഇന്റർവ്യൂകൾ നിർത്തിവെക്കാൻ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയായ മാർക്കോ റൂബിയ നിർദേശിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ അപേക്ഷകരുടെ സോഷ്യൽ മീഡിയ പരിശോധന പൂർത്തിയാകുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
നിലവിൽ അമേരിക്കയിൽ പഠിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥികൾ സ്വന്തം രാജ്യത്ത് പോയി മടങ്ങി വരുമ്പോൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കാറുണ്ട്. പലസ്തീൻ-ഇസ്രയേൽ സംഘര്‍ഷത്തിന് ശേഷമാണ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ അമേരിക്ക ഒരുങ്ങുന്നത്. വിദ്യാർത്ഥികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കുന്ന രീതി അടുത്തകാലത്താണ് അമേരിക്കയിൽ നിലവിൽ വന്നത്. രാജ്യത്തെ യൂണിവേഴ്‌സിറ്റികൾ സെമിറ്റിക് വിരുദ്ധ നീക്കങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്ന വിമർശനവും ഭരണകൂടത്തിനുണ്ട്.
പുതിയ നിർദേശത്തോടെ അമേരിക്കൻ സ്റ്റുഡന്റ് വിസയ്ക്കായി കാത്തിരിക്കുന്നവർക്ക് അവസരം ഇനിയും വൈകുമെന്ന് വൃത്തങ്ങൾ അറിയിച്ചു. അമേരിക്കയിലെ പ്രമുഖ സർവ്വകലാശാലകളിൽ പലതിലും വിദേശ വിദ്യാർത്ഥികളാണ് അധികവും, അതിനാൽ പുതിയ നീക്കത്തോടെ സർവ്വകലാശാലകളിൽ വിദ്യാർത്ഥികൾക്ക് ക്ഷാമമുണ്ടാകുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കി. ഇത് സർവ്വകലാശാലകളുടെ സാമ്പത്തിക സ്ഥിതിയെ പോലും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യം നിലവിലുണ്ട്.
Content Highlight; New Student Visa Appointments Paused Under Trump Administration