

ടെഹ്റാൻ: അമേരിക്കയുമായുള്ള ആണവ ചർച്ചകളിലേക്ക് ഇറാൻ കടക്കുകയാണെന്ന വാർത്തകൾക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി ഇറാൻ. അമേരിക്കയുടെ ഭീഷണിക്ക് ഇറാൻ വഴങ്ങില്ലെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ മുഖ്യ ഉപദേഷ്ടാവ് അലി ഷംഖാനി വ്യക്തമാക്കി.
ആണവ ചർച്ചയിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും സമ്പുഷ്ടീകരിച്ച യുറേനിയം ഇറാൻ വിട്ടുനൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ആണവ ചർച്ചകളിൽ നിന്ന് പിന്മാറുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. എന്തുവന്നാലും സമ്പുഷ്ടീകരിച്ച യുറേനിയം വിട്ടുനൽകിക്കൊണ്ടുള്ള സമവായത്തിന് ഇല്ലെന്ന സൂചനയാണ് അലി ഷംഖാനി നൽകിയിരിക്കുന്നത്. അമേരിക്ക ഉപരോധങ്ങൾ നീക്കിയാൽ ആലോചിക്കാമെന്നും ഷംഖാനി വ്യക്തമാക്കി.
ഇറാൻ അമേരിക്കയുമായി ആണവ ചർച്ചകളിലേക്ക് കടക്കുമെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. ഉചിതമായ സാഹചര്യം ഉരുത്തിരിഞ്ഞാൽ ചർച്ചകൾക്ക് തയ്യാറാണെന്നും ഇറാൻ വിദേശകാര്യ മന്ത്രിയെ ഇതിനായി ചുമതലപ്പെടുത്തിയെന്നും ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ പറഞ്ഞതായായിരുന്നു റിപ്പോർട്ട്. ഇസ്താംബുളിലായിരിക്കും ചർച്ചകൾ നടക്കുകയെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. മിഡിൽ ഈസ്റ്റിലെ പ്രധാന അറബ് - ഇസ്ലാമിക് രാഷ്ട്രങ്ങൾ ചർച്ചയിൽ പങ്കെടുക്കുമെന്നും ഇറാന്റെ ആണവ പദ്ധതി തന്നെയാകും പ്രധാന ചർച്ചയെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
Content Highlight : Iran leader has rejected the possibility of nuclear talks with the United States, ruling out negotiations.