

മിക്കപ്പോഴും എല്ലാദിവസങ്ങളിലും കഴുത്തുവേദന അല്ലെങ്കിൽ തലവേദന കൊണ്ട് നിങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കാറുണ്ടോ? സഹിക്കാൻ വയ്യാതെ വരുമ്പോൾ വേദനസംഹാരിയെ ആശ്രയിക്കും. കുറച്ച് മണിക്കൂർ ആശ്വാസം തോന്നുമെങ്കിലും പിന്നീട് ജോലിയൊക്കെ തീർത്ത് വീട്ടിലെത്തുമ്പോൾ നിങ്ങൾ ഒറ്റയ്ക്ക് ആയിരിക്കില്ല. ഇതിൽ ഏതെങ്കിലും ഒന്ന് അല്ലെങ്കിൽ രണ്ടും നിങ്ങൾക്കൊപ്പമുണ്ടാകും. സാധാരണയായ വർക്കിലുള്ള സമ്മർദമാണ് ഇതിന് പിന്നിലെന്നാണ് മിക്കവരും ധരിക്കുന്നത്. എന്നാൽ യഥാർത്ഥ വില്ലൻ നിങ്ങളുടെ കൺമുന്നിൽ തന്നെയുണ്ട് എന്നതാണ് വാസ്തവമെന്ന് ഡോക്ടർ കുനാൽ സൂദ് ചൂണ്ടിക്കാട്ടുന്നു.
നിങ്ങൾ മൊബൈലോ ലാപ്പ്‌ടോപ്പോ ഉപയോഗിക്കുമ്പോഴുള്ള നിങ്ങളുടെ ശരീരത്തിന്റെ പോസ്ച്ചർ ഈ വേദനയെ സ്വാധീനിക്കുന്നു എന്നു പറഞ്ഞാൽ വിശ്വസിക്കുമോ? അനസ്‌തേഷ്യോളജിയിലും ഇന്റർവെൻഷ്‌നൽ പെയിൻ മെഡിസിനിലും വിദഗ്ധനായ സൂദ് പറയുന്നത്, നിങ്ങൾ ഉപയോഗിക്കുന്ന ഫോൺ അല്ലെങ്കിൽ ലാപ്‌ടോപിന്റെ സ്‌ക്രീൻ ഹൈറ്റ് പ്രശ്‌നക്കാരനാണെന്നാണ്. നിങ്ങളുടെ ഫോണിലേക്ക് അല്ലെങ്കിൽ ലാപ്‌ടോപ്പിലേക്ക് കുനിഞ്ഞ് നോക്കിയിരിക്കുക എന്നത് കഴുത്തിന് വലിയ ഭാരമാണ് നൽകുന്നത്. ഇത് നിങ്ങളുടെ പേശികളിൽ സമ്മർദം ഉണ്ടാക്കും. ഇത് അവസാനം കൊണ്ടെത്തിക്കുന്നത് നീണ്ടു നിൽക്കുന്ന വേദന അല്ലെങ്കിൽ തലവേദനയിലായിരിക്കും.
കുനിഞ്ഞ് ഫോണിലേക്ക് അല്ലെങ്കിൽ ലാപ്പിലേക്ക് നോക്കുക എന്നത് സെർവിക്കൽ സ്‌പൈനിൽ ഭാരമുണ്ടാക്കും. ഇത് അതിനനുസരിച്ച് കഴുത്തിന് പ്രശ്‌നമുണ്ടാക്കും. സാധാരണ ഇരിക്കുന്നത് പോലെ, അതായത് ന്യൂട്രൽ പൊസിഷനിൽ ഇരുന്നാൽ മനുഷ്യന്റെ തലയുടെ ഭാരം 10 മുതൽ 12 lbആയിരിക്കും. എന്നാൽ കഴുത്ത് മുന്നോട്ട് വച്ച് കുനിഞ്ഞിരിക്കുമ്പോൾ സെർവിക്കൽ സ്‌പൈന് മേൽ സമ്മർദം കൂടും. 45മുതൽ 60 ഡിഗ്രി വരെ ചരിവ് അനുഭവപ്പെടുമ്പോൾ കഴുത്തിന് അനുഭവപ്പെടുന്ന ഭാരം 40 മുതൽ 60lb ആയിരിക്കും. സാധാരണ ഇരിക്കുന്ന രീതിയിൽ അനുഭവപ്പെടുന്ന ഭാരത്തിന്റെ മൂന്ന് മുതല്‍ അഞ്ചു മടങ്ങ് ഇരട്ടി ഭാരമാണിത്.
ഈ രീതി ഇങ്ങനെ തുടരുമ്പോൾ കഴുത്തിന് ഉണ്ടാകുന്ന ബുദ്ധിമുട്ട് പിന്നീട് സമ്മർദം മൂലമുണ്ടാകുന്ന തലവേദന പോലെ അനുഭവപ്പെടും. വേദന ആരംഭിക്കുന്നത് കഴുത്തിലായിരിക്കും പിന്നീട് അനുഭവപ്പെടുന്നത് തലയിലായിക്കും. സ്‌ക്രീൻ ഹൈറ്റും തലയുടെ പോസ്ച്ചറുമെല്ലാം പിന്നീട് സമ്മർദം ഇരട്ടിയാക്കും. ഇതിനെ പ്രതിരോധിക്കാൻ കണ്ണിന്റെ ലെവലിലേക്ക് സ്‌ക്രീൻ ഹൈറ്റ് കൂട്ടുന്നത് നല്ലതാണ്. ഇടവേളകൾ എടുക്കുന്നതും ഉത്തമമായ രീതിയാണ്. പൊസിഷൻ ഇടയ്ക്ക് മാറ്റാമെന്നും ഡോക്ടർ പറയുന്നു.
Content Highlights: Screen height may be the reason for constant neck pain and headache