വെന്തുരുകുന്ന ഭൂമി, ഉയരുന്ന ചൂട്; ഇന്ത്യയടക്കം രാജ്യങ്ങൾ അപകടത്തിലെന്ന് ഗവേഷണ റിപ്പോർട്ട്

2050 ആകുമ്പോഴേക്കും 3.79 ബില്യൺ ആളുകളെ ആഗോള താപനം ബാധിക്കും

വെന്തുരുകുന്ന ഭൂമി, ഉയരുന്ന ചൂട്; ഇന്ത്യയടക്കം രാജ്യങ്ങൾ അപകടത്തിലെന്ന് ഗവേഷണ റിപ്പോർട്ട്
dot image

അനുദിനം അന്തരീക്ഷത്തിൽ ചൂട് കൂടുകയാണ്. പുറത്തേക്ക് ഇറങ്ങുമ്പോൾ ഒരു തീചൂളയിൽ ചെന്നുപെട്ടത് പോലെയാണ് പലപ്പോഴും അനുഭവപ്പെടുന്നത്. ആഗോള താപനം അപകടകരമായ നിലയിൽ എത്തിച്ചേരാൻ ഇനി അധികം നാളുകൾ എടുക്കില്ല. ജീവന് തന്നെ ഭീഷണി ആയേക്കാവുന്ന ഈ ചൂട് മനുഷ്യരിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും വഴിവെക്കുന്നുണ്ട്.

കൂടുതൽ ആശങ്കപ്പെടുത്തുന്ന ഒരു പഠന റിപ്പോർട്ടാണ് ഇപ്പോൾ ഓക്സ്ഫോർഡ് യൂണിവേർഴ്സിറ്റി പുറത്തുവിട്ടിരിക്കുന്നത്. അടുത്ത കാലത്തായി ഇന്ത്യ ഉൾപ്പെടെയുള്ള ഉഷ്ണമേഖലാ മിതോഷ്മേഖലാ പ്രദേശങ്ങളിൽ ചൂട് വർധിക്കുന്നതായാണ് കണ്ടുവരുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ (2015-2024) ഇന്ത്യയിലെ താപനില 0.9 ഡിഗ്രി സെൽഷ്യസായി ഉയർന്നിരുന്നു എന്നാണ് പിടിഐ മുന്നോട്ട് വെച്ച ഒരു പഠനം പറയുന്നത്.

താപനില ഇരട്ടിയാകാൻ സാധ്യത
ഇവിടെയാണ് ഓക്സ്‌ഫോർഡ് യൂണിവേഴ്സിറ്റി മുന്നോട്ട് വെക്കുന്ന പഠനത്തിന്റെ പ്രശസ്തി. വ്യാവസായിക വിപ്ലവ കാലത്തേക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസ് ചൂട് ആഗോളതലത്തിൽ കൂടിയതായി പഠനം കണ്ടെത്തി. ഇത് 2050 ആകുമ്പോഴേക്കും 3.79 ബില്യൺ ആളുകളെ ബാധിക്കും എന്നാണ് ഓക്സ്ഫോർഡ് ഗവേഷകരുടെ കണക്കുകൂട്ടൽ. അതായത് ലോകജനസംഖ്യയുടെ പകുതിയോളം മനുഷ്യരെ ഈ കഠിന ചൂട് ബാധിക്കുമെന്ന് ചുരുക്കം.

Drought due to global warming

2010ൽ താപനില ഉയർന്നപ്പോൾ ലോകജനസംഖ്യയുടെ 23% ആളുകളെ ബാധിച്ചിരുന്നു എന്നും എന്നാൽ അധികം താമസിയാതെ അത് 41% ആളുകളെ ബാധിക്കുന്ന തരത്തിലേക്ക് എത്തുമെന്നും ഓക്സ്ഫോർഡ് ഗവേഷകർ നടത്തിയ പഠനം വ്യക്തമാക്കുന്നു. പാരീസ് ഉടമ്പടിക്ക് മുന്നേ തന്നെ ആഗോള താപനില 1.5 ഡിഗ്രി സെൽഷ്യസ് ഉയർന്നിരുന്നു. അന്ന് മുതൽ താപനില കുറക്കാനുള്ള പ്രതിവിധികളും ആലോചിച്ചിരുന്നു. താപനില ഉയർന്നാൽ ഇന്ത്യ, നൈജീരിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ ചുട്ടുപൊള്ളുമെന്ന് ഓക്സ്ഫോർഡ് പഠനം മുന്നറിയിപ്പ് നൽകുന്നുണ്ട്.

താപനില ഇനിയും ഉയർന്നാൽ സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, നൈജീരിയ, ദക്ഷിണ സുഡാൻ, ലാവോസ്, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെയാണ് ഏറ്റവും ഗുരുതരമായി ബാധിക്കുക. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളും പട്ടികയുടെ മുൻ നിരയിൽ തന്നെയുണ്ട്. ഉഷ്ണമേഖലയിലും ഇപ്പോൾ തന്നെ ഉയർന്ന താപനില അനുഭവപ്പെടുന്നുണ്ട്. എന്നാൽ ഈ താപനില ക്രമാതീതമായി ഉയർന്നാൽ ആരോഗ്യത്തെയും ദൈനംദിന ജീവിതത്തെയും കാര്യമായി ബാധിക്കുമെന്ന് ഓക്സ്ഫോർഡ് പഠനം പറയുന്നു.

തണുപ്പ് രാജ്യങ്ങളും പ്രതിസന്ധിയിൽ തന്നെ

താപനില ഉയരുന്നത് മൂലം അതീവ തണുപ്പ് അനുഭവപ്പെടുന്ന രാജ്യങ്ങളുടെ സ്ഥിതിയും പ്രതിസന്ധിയിൽ തന്നെയാണ്. 2006 മുതൽ 2016 വരെയുള്ള കാലഘട്ടം പരിശോധിച്ചാൽ ഈ മേഖലയിൽ ഒരു ഡിഗ്രി സെൽഷ്യസിന്റെ വർധനവ് ഉണ്ടായത് മൂലം ഓസ്ട്രിയ കാനഡ തുടങ്ങിയ രാജ്യങ്ങളിലെ ചൂട് ദിനങ്ങൾ ഇരട്ടിച്ചിരുന്നു. യുകെ, സ്വീഡൻ, ഫിൻലാൻഡ് എന്നീ രാജ്യങ്ങളിൽ താപനില ഉയർന്നത് 150% ആയിരുന്നു. നോർവേ, അയർലാൻഡ് രാജ്യങ്ങളിൽ യഥാക്രമം 200%, 230% എന്നിങ്ങനെ ആയിരുന്നു താപനില ഉയർന്നത്.

താപനില ഉയർന്നതിനനുസരിച്ച് തണുപ്പ് രാജ്യങ്ങൾ വീടുകളും മറ്റും നിർമ്മിക്കുന്നതിലും മാറ്റങ്ങൾ വരുത്തിയിരുന്നു. ഒരേസമയം ചൂടിനേയും അതിനുശേഷം വരുന്ന കടുത്ത തണുപ്പിനെയും അതിജീവിക്കാൻ സാധിക്കുന്ന തരത്തിലുള്ള വീടുകളും കെട്ടിടങ്ങളും അവർ നിർമിക്കാൻ തുടങ്ങി. കെട്ടിട നിർമാണത്തിൽ വലിയ തോതിലുള്ള മാറ്റങ്ങൾ ഇനിയും അനിവാര്യമായി വരാമെന്നാണ് ഗവേഷണ സംഘത്തിലെ അംഗമായ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് സയൻസിലെ അസോസിയേറ്റ് പ്രൊഫസർ ഡോ ജീസസ് ലിസാന വ്യക്തമാക്കി. താപനില 1.5 ഡിഗ്രി സെൽഷ്യസ് പിന്നീടുന്നതോടെ അനുഭവപ്പെടുന്ന ചൂടിന്റെയും തണുപ്പിന്റെയും തോത് കൂടും എന്നത് തീർച്ചയായതിനാൽ പ്രസ്തുത സാഹചര്യം മുന്നിൽ കണ്ട് ഇപ്പോൾ മുതൽ വ്യാപകമായി കെട്ടിട നിർമാണ മേഖലയിൽ മാറ്റങ്ങൾ കൊണ്ടുവരണമെന്നാണ് ഡോ ജീസസ് ലിസാന അഭിപ്രായപ്പെടുന്നത്. മാത്രമല്ല താപനില ഇനിയും ഉയർന്നാൽ വിദ്യാഭ്യാസം, ആരോഗ്യം, കുടിയേറ്റം, കൃഷി തുടങ്ങിയ മേഖലകളെയും സാരമായി ബാധിക്കുമെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ തന്നെ മറ്റൊരു ഗവേഷകയായ പ്രൊഫസർ ഡോ രാധിക കോസ്‌ലയും വ്യക്തമാക്കി.

Content Highlights: 4 billion people could face extreme heat by 2050 and India will be among worst-hit regions in the world says Oxford report.

dot image
To advertise here,contact us
dot image