അപ്പോൾ ഇനി കാത്തിരിക്കേണ്ട അല്ലേ, നസ്ലെൻ-ഗിരീഷ് എഡി ചിത്രം 'പ്രേമലു 2' ഉപേക്ഷിച്ചു; റിപ്പോർട്ട്

ചില സാങ്കേതിക കാരണങ്ങളാല്‍ പ്രേമലുവിന്റെ രണ്ടാം ഭാഗം ഉടനെ ഉണ്ടാകില്ലെന്ന് ദിലീഷ് പോത്തൻ നേരത്തെ അറിയിച്ചിരുന്നു

അപ്പോൾ ഇനി കാത്തിരിക്കേണ്ട അല്ലേ, നസ്ലെൻ-ഗിരീഷ് എഡി ചിത്രം 'പ്രേമലു 2' ഉപേക്ഷിച്ചു; റിപ്പോർട്ട്
dot image

തിയേറ്ററിൽ നിന്ന് മികച്ച വിജയം നേടിയ ചിത്രമായിരുന്നു ഗിരീഷ് എ ഡി സംവിധാനത്തിൽ നസ്ലെൻ നായകനായി എത്തിയ പ്രേമലു. ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ വിജയമാണ് കൊയ്തത്. മികച്ച പ്രതികരണം നേടിയ സിനിമ 100 കോടിക്കും മുകളിൽ നേടിയിരുന്നു. സിനിമയുടെ വലിയ വിജയത്തെത്തുടർന്ന് ഒരു രണ്ടാം ഭാഗവും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ടും പ്രേമലു 2 നീണ്ടുപോകുകയായിരുന്നു. ഇപ്പോഴിതാ ചിത്രം ഉപേക്ഷിച്ചു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ചിത്രം ഉപേക്ഷിക്കാനുള്ള കാരണം വ്യക്തമല്ല. അതേസമയം സിനിമയിലെ പ്രധാന നടനായ നസ്ലെന് സ്ക്രിപ്റ്റ് വർക്ക് ആകാതെ പോയതാണ് സിനിമ ഉപേക്ഷിക്കാനുള്ള കാരണമെന്ന് ചില ഓൺലൈൻ ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ ചില സാങ്കേതിക കാരണങ്ങളാല്‍ പ്രേമലുവിന്റെ രണ്ടാം ഭാഗം ഉടനെ ഉണ്ടാകില്ലെന്ന് ദിലീഷ് പോത്തൻ അറിയിച്ചിരുന്നു. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിൽ നസ്ലിനും മമിത ബൈജുവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ഗിരീഷ് എ ഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിച്ച ചിത്രം ഭാവന സ്റ്റുഡിയോസാണ് നിർമ്മിച്ചത്.

നിവിൻ പോളിയെ നായകനാക്കി ഒരുങ്ങുന്ന ബത്‌ലഹേം കുടുംബ യൂണിറ്റ് ആണ് ഇനി പുറത്തിറങ്ങാനുള്ള ഗിരീഷ് എ ഡി ചിത്രം. വമ്പൻ താരനിരയിൽ ഒരുങ്ങുന്ന സിനിമയിൽ മമിത ബൈജു ആണ് നായിക. 2026 ഓണം റിലീസായി ചിത്രം തിയേറ്ററിൽ എത്തുമെന്നാണ് ഏറ്റവും പുതിയ വിവരം. പ്രേമലുവിന് തിരക്കഥയൊരുക്കിയ ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ഈ ചിത്രത്തിന്‍റെയും രചന നിര്‍വഹിക്കുന്നത്. വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം. നാട്ടിൻപുറത്തെ ഒരു റൊമാന്റിക് കോമഡി ചിത്രമാകും ബത്‌ലഹേം കുടുംബ യൂണിറ്റ് എന്ന് നിവിൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

പ്രേമലു പോലെ ഒരു കിടിലൻ റോം കോം സിനിമയാകും ബത്‌ലഹേം കുടുംബ യൂണിറ്റ് എന്നാണ് നിവിൻ ആരാധകർ പറയുന്നത്. സർവ്വം മായയുടെ ഇരട്ടി ബോക്സ് ഓഫീസിൽ പൊട്ടൻഷ്യൽ ഉള്ള സിനിമയാണ് ഗിരീഷ് എ ഡി ചിത്രെമെന്നാണ് ചിലർ എക്സിൽ കുറിക്കുന്നത്. ഓണം സ്ലോട്ട് നിർമാതാക്കളായ ഭാവന സ്റ്റുഡിയോസ് ലോക്ക് ചെയ്തിട്ടുണ്ടെന്നും ഈ ഡേറ്റിൽ നിവിൻ പോളി ചിത്രം പുറത്തിറക്കാനാണ് പ്ലാൻ എന്നുമാണ് ചില ട്വിറ്റർ ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നത്. അങ്ങനെയെങ്കിൽ പൃഥ്വിരാജ് ചിത്രം ഖലീഫ, ടൊവിനോ തോമസ്-ബേസിൽ ചിത്രം അതിരടി, ദുൽഖറിന്റെ ഐ ആം ഗെയിം എന്നിവയ്‌ക്കൊപ്പമാകും ബത്‌ലഹേം കുടുംബ യൂണിറ്റ് റിലീസിനെത്തുക.

Content Highlights: Naslen-girish ad film premalu 2 dropped according to reports

dot image
To advertise here,contact us
dot image