ഇന്ത്യ ഇതുവരെ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ പോലെയല്ല 'സിന്ദൂര്‍';തിരിച്ചടിക്കാന്‍ വൈകിയതിന് ഇതാണ് കാരണം

ബാലകോട്ട് ഓപ്പറേഷനുശേഷം ഇന്ത്യ നടത്തിയ ഏറ്റവും വിപുലമായ അതിർത്തി കടന്നുള്ള ആക്രമണം മാത്രമായിരുന്നില്ല ഓപ്പറേഷൻ സിന്ദൂർ, മറിച്ച് ഇന്ത്യയുടെ തന്ത്രപരമായ നിലപാടിലെ ഒരു പരിണാമം കൂടിയായിരുന്നു അത്

dot image

2016 ലെ ഉറി സർജിക്കൽ സ്ട്രൈക്ക്, 2019 ലെ ബാലാക്കോട്ട് വ്യോമാക്രമണം പാക് മണ്ണില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കുകളില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായിരുന്നു മെയ് ഏഴിന് പുലര്‍ച്ചെ 1.44ന് നടന്ന 'ഓപ്പറേഷൻ സിന്ദൂർ'. ഉറി പോലെയോ ബാലാക്കോട്ട് പോലെയോ വലിയ വ്യാപ്തി അവകാശപ്പെടാനില്ലെങ്കിലും സാങ്കേതികമായി അതിനേക്കാൾ ശക്തവും വിപുലവുമായിരുന്നു 'ഓപ്പറേഷൻ സിന്ദൂർ'. ഇത് വരെ ഇന്ത്യ സൈനിക നീക്കങ്ങളിൽ പിന്തുടർന്നിരുന്ന സിദ്ധാന്തങ്ങളെ പൂർണമായും തള്ളിക്കളഞ്ഞായിരുന്നു ഈ പുതിയ പരീക്ഷണം.

ബാലക്കോട്ട് ഓപ്പറേഷനുശേഷം ഇന്ത്യ നടത്തിയ ഏറ്റവും വിപുലമായ അതിർത്തി കടന്നുള്ള ആക്രമണം മാത്രമായിരുന്നില്ല ഓപ്പറേഷൻ സിന്ദൂർ, മറിച്ച് ഇന്ത്യയുടെ തന്ത്രപരമായ നിലപാടിലെ ഒരു പരിണാമം കൂടിയായിരുന്നു അത്. തീവ്രവാദികള്‍ക്കെന്ന പോലെ അവരെ അദൃശ്യമായി നയിക്കുന്നവർക്കും ശക്തമായ സന്ദേശം നൽകാൻ ഇതുമൂലമായി. ഞങ്ങൾ ആക്രമിക്കും എന്ന് പറഞ്ഞ് കൊണ്ട് തന്നെ ആക്രമിക്കാനും ഇന്ത്യയ്ക്ക് എത്തിപിടിക്കാനാവാത്ത ഒരിടവും പാകിസ്‌താനിൽ ഇല്ലെന്ന തോന്നലുണ്ടാക്കാനും സൈന്യത്തിന് സാധിച്ചു.

ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 നിരപരാധികൾ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇന്ത്യ ഈ ആക്രമണത്തിന് മുതിര്‍ന്നത്. ഇന്ത്യൻ സിവിലിയന്മാരെയും സുരക്ഷാ സേനയെയും ലക്ഷ്യമിട്ട് നിരന്തരം ആക്രമണം നടത്തുന്ന ലഷ്‌കർ-ഇ-ത്വയ്ബയെ ലക്ഷ്യം വെച്ച് മാത്രമായിരുന്നില്ല മിസൈൽ വർഷം. പ്രതികാരത്തിനും ശക്തി പ്രകടനത്തിനുമപ്പുറം പാകിസ്താൻ മണ്ണിൽ നിന്ന് ഉത്ഭവിക്കുന്ന ഭീകരതയുടെ അവസാന വേരും പിഴുതെറിയാനുള്ള സമഗ്ര സങ്കല്പമായണ് ഓപ്പറേഷന്‍ സിന്ദൂര്‍ വിഭാവനം ചെയ്യപ്പെട്ടത്.

പാകിസ്താൻ, പാക് അധിനിവേശ കശ്മീര്‍ എന്നിവിടങ്ങളിലെ ഭീകരരുടെ ഒമ്പത് കേന്ദ്രങ്ങളിലാണ് ഈ ഓപ്പറേഷൻ ആക്രമണം നടത്തിയത്. മുസാഫറാബാദ്, കോട്‌ലി, ബഹവൽപൂർ, റാവലകോട്ട്, ചക്സ്വാരി, ഭീംബർ, നീലം വാലി, ഝലം, ചക്വാൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 23 മിനിറ്റിനുള്ളില്‍ 24 മിസൈല്‍ ആക്രമണങ്ങള്‍ നടന്നു. ഇന്ത്യ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ നടത്തിയ വിപുലമായ പ്രത്യാക്രമണം.

ഏകോപിത ആക്രമണത്തിൽ 80 ലധികം ഭീകരവാദികള്‍ കൊല്ലപ്പെട്ടതായും 60 ലധികം പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ച റിപ്പോർട്ടുണ്ട്.

ആക്രമണം നടന്ന ഈ ഒമ്പത് സ്ഥലങ്ങളും പഹല്‍ഗാം ആക്രമണത്തിന് ശേഷം ഇന്ത്യന്‍ സൈന്യത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു. ഉപഗ്രഹ ചിത്രങ്ങളും മനുഷ്യ സ്രോതസ്സുകളും തുടങ്ങി എല്ലാ സാധ്യതകളും ഉപയോഗിച്ചായിരുന്നു തയ്യാറെടുപ്പുകൾ നടന്നത്. ഏപ്രിൽ 22 ന് നടന്ന ഭീകരക്രമണത്തിന് മറുപടി നൽകാൻ 15 ദിവസമെടുത്തത് അതുകൊണ്ട് കൂടിയായിരുന്നു. പെട്ടെന്നൊരു വൈകാരിക ആയുധ പ്രതികരണം വേണ്ടെന്നും നടത്തുന്ന തിരിച്ചടി പാളിപോകരുതെന്നും ഇന്ത്യക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ-ഇ-തൊയ്ബ തുടങ്ങിയ ഭീകരരുടെ ഒളിത്താവളങ്ങൾ കണ്ടെത്തിയ സൈന്യം കെട്ടിടങ്ങളുടെ രൂപരേഖ തയ്യാറാക്കി. രക്ഷപെടാനുള്ള രഹസ്യ വഴികളും ബങ്കറുകളും മാർക്ക് ചെയ്തു. എല്ലാവിധ പഴുതുകളും അടച്ചതിന് ശേഷമാണ് ഒരുമിച്ചുള്ള ആക്രമണം നടത്തിയത്.

ഓപ്പറേഷൻ സിന്ദൂരിൽ വ്യോമ, നാവിക, കര സൈനികരുടെ സംയുക്ത പങ്കാളിത്തവും ഉണ്ടായിരുന്നു. സ്കാൽപ്പ് ക്രൂയിസ് മിസൈലുകൾ, ഹാമർ, പ്രിസിഷൻ-ഗൈഡഡ് ബോംബുകൾ തുടങ്ങി കൃത്യത അണുവിട ഉറപ്പാക്കുന്ന ആയുധങ്ങളാണ് ഉപയോഗിച്ചത്. ഏത് ബങ്കറുകളെയും കമാൻഡ് പോസ്റ്റുകളെയും തകർക്കാൻ ശേഷിക്കുന്ന 250 കിലോമീറ്ററിലധികം ദൂരപരിധിയുള്ള സ്റ്റോം ഷാഡോ മിസൈലുകളും ദൗത്യത്തിന്റെ ഭാഗമായി.

ബഹുനില കെട്ടിടങ്ങൾക്ക് നേരെയാണ് ഹാമർ ബോംബുകൾ ഉപയോഗിച്ചത്. ആകാശത്ത് അലഞ്ഞുതിരിയുന്ന യുദ്ധോപകരണങ്ങളായ
കാമികേസ് ഡ്രോണുകൾ പാകിസ്താനെ മൊത്തത്തില്‍ ഇന്ത്യയുടെ നിരീക്ഷണത്തിലാക്കി. ഒരു മണിക്കൂറിനുള്ളിൽ, എല്ലാ മിസൈലുകളും അവയുടെ നിശ്ചിത ലക്ഷ്യങ്ങളിൽ പതിച്ചു. സാധാരണക്കാരാരും കൊല്ലപ്പെടരുതെന്ന് ഇന്ത്യക്ക് നിര്‍ബന്ധമായിരുന്നു. ദൗത്യം പൂര്‍ത്തിയാക്കി ഇന്ത്യന്‍ സൈന്യം തിരിച്ചെത്തി. എല്ലാം കൊണ്ടും അഭിമാനിക്കാവുന്ന ഒരു വിജയം.

Content Highlights :Why did it take so long to retaliate against the April 22 terror attack?; Here are the moves taken by the Indian Army

dot image
To advertise here,contact us
dot image