
പഹല്‍ഗാമില്‍ വീണ നിരപരാധികളുടെ കണ്ണീരിന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യ. പുലര്‍ച്ചെ 1.44ന് തുടങ്ങി 23 മിനിറ്റ് നീണ്ടുനിന്ന ആക്രമണത്തില്‍ 9 ലഷ്‌കര്‍, ജെയ്‌ഷെ താവളങ്ങള്‍ ഇന്ത്യതകര്‍ത്തു. ഇന്ത്യന്‍ സ്ത്രീകളുടെ നെറുകയിലെ സിന്ദൂരം മായ്ച്ച ഭീകരവാദികള്‍ക്കെതിരായ ദൗത്യത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയത് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരാണ്. പാക് അധീന കശ്മീരിലെയടക്കം ഒന്‍പത് കേന്ദ്രങ്ങളെ ആക്രമിച്ചുകൊണ്ടാണ് ഇന്ത്യ നീതി നടപ്പാക്കിയത്. ഭീകരസംഘടനകള്‍ക്ക് തഴച്ചുവളരാനുള്ള എല്ലാ സാഹചര്യവും പാകിസ്താന്‍ ഒരുക്കിക്കൊടുക്കുന്നുണ്ടെന്ന് ആരോപിച്ച ഇന്ത്യ ലക്ഷ്യമിട്ടത് സൈനിക കേന്ദ്രങ്ങളെയല്ല, ഭീകരരുടെ കേന്ദ്രങ്ങളെ മാത്രമാണ്. നീതിയുടെ പക്ഷത്തുനിന്നുകൊണ്ട് പാകിസ്താന് നല്‍കിയ കൃത്യമായ മറുപടി!
ലഷ്‌കര്‍ ഇ ത്വയ്ബ, ജയ്ഷ് ഇ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ ഭീകര സംഘടനകള്‍ക്ക് യുദ്ധ പരിശീലനവും സൈനിക സഹായവും സാമ്പത്തിക സഹായവും ഉള്‍പ്പെടെയുള്ള രഹസ്യ സഹായങ്ങള്‍ പാകിസ്താന്‍ സൈന്യത്തില്‍ നിന്നും ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സില്‍ നിന്നും ലഭിക്കുന്നുണ്ടെന്ന്് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇവരുടെ പരിശീലന ക്യാമ്പുകളില്‍ പാക് സൈനികര്‍ പതിവായി സന്ദര്‍ശനം നടത്തുകയും സെഷനുകള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്യാറുണ്ട്. ലോകത്തിന്റെ കണ്ണില്‍ പൊടിയിടുന്നതിനായി അല്ലെങ്കില്‍ ഈ ഭീകരസംഘടനകളെ തദ്ദേശീയ പ്രതിരോധ പ്രസ്ഥാനമായി ലോകത്തിന് മുന്നില്‍ ചിത്രീകരിക്കുന്നതിനായി ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്), പീപ്പിള്‍സ് ആന്റി-ഫാസിസ്റ്റ് ഫ്രണ്ട് (പിഎഎഫ്എഫ്), കശ്മീര്‍ ടൈഗേഴ്സ് (കെടി) എന്നിങ്ങനെ പുനര്‍നാമകരണം ചെയ്തുകൊണ്ടാണ് പ്രവര്‍ത്തനം.
നിലവില്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ ലക്ഷ്യമിട്ട നിരവധി പരിശീലന ക്യാമ്പുകളും ലോഞ്ച് പാഡുകളും സൈനിക സ്ഥാപനങ്ങള്‍ക്കും കന്റോണ്‍മെന്റ് പ്രദേശങ്ങള്‍ക്കും സമീപമായാണ് പ്രവര്‍ത്തിക്കുന്നത്. അതും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെയും അടിസ്ഥാന ആരോഗ്യ യൂണിറ്റുകളുടെയും മറവില്‍. ഈ ഭീകരവാദ ഗ്രൂപ്പുകള്‍ക്ക് സൈനിക നിലവാരമുള്ള ആശയവിനിമയ ഉപകരണങ്ങള്‍ വരെ നല്‍കിയിട്ടുള്ളതായാണ് വിവരം. നീക്കങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുമായി ഹൈ-ഫ്രീക്വന്‍സി കമ്മ്യൂണിക്കേഷന്‍ സജ്ജീകരണങ്ങളാണ് ഭീകരര്‍ ഉപയോഗിക്കുന്നത്. മതപരമായ പ്രബോധനങ്ങള്‍, ധനസഹായം, പ്രചാരണം, റിക്രൂട്ട്‌മെന്റ് തുടങ്ങി ആവശ്യമായ മറ്റ് പിന്തുണകളെല്ലാം ലഭിക്കുന്നത് മുരിദ്കെയിലെ എല്‍ഇടിയുടെ മര്‍കസ് തായ്ബ, ബഹാവല്‍പൂരിലെ ജെയ്ഷെമിന്റെ മര്‍കസ് സുബ്ഹാന്‍ അല്ലാഹ് തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്നാണ്. ഈ പ്രദേശങ്ങളിലാണ് മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ താമസിക്കുന്നത്. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ ഈ പ്രദേശങ്ങളാണ് തീവ്രവാദത്തിന്റെയും പരിശീലനത്തിന്റെയും പ്രഭവകേന്ദ്രങ്ങള്‍.
ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ ലക്ഷ്യമിട്ട ഒമ്പത് ലക്ഷ്യസ്ഥാനങ്ങള്‍
മര്‍കസ് സുബ്ഹാന്‍ അല്ലാഹ്, ബഹവല്‍പൂര്‍
2015 മുതല്‍ പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രം ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനമാണ്. പരിശീലനവും പ്രബോധനവും നടത്തുന്ന പ്രധാന കേന്ദ്രം. 2019 ഫെബ്രുവരി 14 ലെ പുല്‍വാമ ആക്രമണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തത് ഇവിടെവച്ചാണ്. ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹര്‍, മുഫ്തി അബ്ദുള്‍ റൗഫ് അസ്ഗര്‍, മൗലാന അമ്മര്‍, എന്നിവരുടെ വസതികള്‍ ഇവിടെയാണ്. യുവാക്കളോട് ഇസ്ലാമിക ജിഹാദില്‍ ചേരാന്‍ ആഹ്വാനം ചെയ്തുകൊണ്ട് മസൂദ് അസ്ഹര്‍ ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങള്‍ നടത്തിയ ഇടം കൂടിയാണ് ഇത്. ആയുധ-കായിക-മത പരിശീലനങ്ങള്‍ നടക്കുന്ന സ്ഥലമാണ് ഇത്.
മര്‍കസ് ത്വയിബ, മുരിഡ്‌കെ
2000-ല്‍ മുരിദ്‌കെയിലെ (ഷെയ്ഖുപുര, പഞ്ചാബ്) നംഗല്‍ സഹ്ദാനില്‍ സ്ഥാപിതമായ മര്‍കസ് ത്വയിബ, ലഷ്‌കര്‍ ഇ ത്വയിബയുടെ പ്രധാന പരിശീലനകേന്ദ്രമാണ്. പാകിസ്ഥാനകത്തും പുറത്തുമുള്ള റിക്രൂട്ട്‌മെന്റുകള്‍ക്ക് ആയുധപരിശീലനവും മത പ്രബോധനവും നല്‍കുന്നത് ഇവിടെയാണ്. ആയിരത്തോളം വിദ്യാര്‍ഥികളെ ഇവിടെ വര്‍ഷം തോറും ചേര്‍ക്കപ്പെടുന്നുണ്ട്. ഒസാമ ബിന്‍ ലാദന്‍ ഇവിടെ ഒരു പള്ളിയും ഗസ്റ്റ്ഹൗസും നിര്‍മ്മിക്കുന്നതിന് ധനസഹായം നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. 26/11 മുംബൈ ആക്രമണകാരികളായ അജ്മല്‍ കസബ് ഉള്‍പ്പെടെയുള്ളവരെ പരിശീലിപ്പിച്ചതാണ് ഈ കേന്ദ്രം, ഡേവിഡ് ഹെഡ്ലി, തഹാവൂര്‍ റാണ തുടങ്ങിയ ഗൂഢാലോചനക്കാര്‍ക്കും ഇവിടം ആതിഥേയത്വം വഹിച്ചു.
സര്‍ജല്‍ / തെഹ്റ കലാന്‍
നരോവല്‍ ജില്ലയിലെ (പഞ്ചാബ്, പാകിസ്ഥാന്‍) ഷക്കര്‍ഗഡ് തെഹ്സിലില്‍ സ്ഥിതി ചെയ്യുന്ന ജെയ്ഷെ മുഹമ്മദ് കേന്ദ്രം തെഹ്റ കലാന്‍ ഗ്രാമത്തിലെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ മറവിലാണ് പ്രവര്‍ത്തിക്കുന്നത്. ജമ്മു കാശ്മീരിലെ സാംബ സെക്ടറിനടുത്തുള്ള അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 6 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം ഡ്രോണ്‍ പ്രവര്‍ത്തനങ്ങള്‍, ആയുധങ്ങളുടെയും മയക്കുമരുന്നുകളുടെയും കള്ളക്കടത്ത് എന്നിവയുടെ കേന്ദ്രമാണ്. മുഹമ്മദ് അദ്നാന്‍ അലി, കാഷിഫ് ജാന്‍ തുടങ്ങിയ മുതിര്‍ന്ന ജെയ്ഷെ മുഹമ്മദ് നേതാക്കള്‍ ഇവിടെ പതിവായി എത്താറുണ്ട്.
മെഹ്‌മൂന ജോയ ഫസിലിറ്റി, സിയാല്‍കോട്ട്
സിയാല്‍കോട്ട് ജില്ലയിലെ ഹെഡ് മറാലയിലെ ഭൂട്ട കോട്ലി ഗവണ്‍മെന്റ് ബിഎച്ച്യുവില്‍ സ്ഥിതി ചെയ്യുന്ന ഈ ഹിസ്ബുള്‍ മുജാഹിദീന്‍ കേന്ദ്രം ജമ്മുവിലേക്ക് നുഴഞ്ഞുകയറ്റത്തിനായി ഉപയോഗിക്കുന്നു. ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും തീവ്രവാദ തന്ത്രങ്ങളിലും കേഡര്‍മാര്‍ക്ക് ഇവിടെ പരിശീലനം നല്‍കുന്നു. ജമ്മു മേഖലയിലെ ഒന്നിലധികം ആക്രമണങ്ങളുമായി ബന്ധമുള്ള മുഹമ്മദ് ഇര്‍ഫാന്‍ ഖാന്‍ ആണ് ഈ കേന്ദ്രത്തിന്റെ കമാന്‍ഡര്‍.
മര്‍കസ് അഹ്ലെ ഹദീസ്, ബര്‍ണാല, ഭിംബര്‍
ബര്‍ണാലയുടെ പ്രാന്തപ്രദേശത്തുള്ള കോട്ട് ജമാല്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഈ ലഷ്‌കര്‍ കേന്ദ്രം പൂഞ്ച്-രജൗരി-റിയാസി മേഖലയിലേക്ക് പ്രവര്‍ത്തകരെയും ആയുധങ്ങളെയും നുഴഞ്ഞുകയറാന്‍ സഹായിക്കുന്നു. ഇതിന് 100-150 കേഡറുകളെ ഉള്‍ക്കൊള്ളാനും പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി പ്രവര്‍ത്തിക്കാനും കഴിയും. മുതിര്‍ന്ന കമാന്‍ഡര്‍മാരുടെ മേല്‍നോട്ടത്തോടെ ഖാസിം ഗുജ്ജാര്‍, ഖാസിം ഖണ്ഡ, അനസ് ജരാര്‍ തുടങ്ങിയ ലഷ്‌കര്‍ പ്രവര്‍ത്തകര്‍ ഇവിടെ നിന്നാണ് പ്രവര്‍ത്തിക്കുന്നത്.
മര്‍കസ് അബ്ബാസ്, കോട്ലി
മര്‍കസ് സെയ്ദ്ന ഹസ്രത്ത് അബ്ബാസ് ബിന്‍ അബ്ദുള്‍ മുത്തലിബ് എന്നും അറിയപ്പെടുന്ന ഈ ജെയ്ഷെ മുഹമ്മദ് കേന്ദ്രം, ഷൂറ അംഗവും മുഫ്തി അബ്ദുള്‍ റൗഫ് അസ്ഗറിന്റെ അടുത്ത സഹായിയുമായ ഹാഫിസ് അബ്ദുള്‍ ഷക്കൂറിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 100-125 ജെയ്ഷെ മുഹമ്മദ് പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളാന്‍ ഇതിന് കഴിയും, കൂടാതെ പൂഞ്ച്-രജൗരി മേഖലയിലേക്ക് നുഴഞ്ഞുകയറ്റ ദൗത്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും ആരംഭിക്കുന്നതിനുമുള്ള ഒരു കേന്ദ്രമായും ഇത് പ്രവര്‍ത്തിക്കുന്നു. ഇന്ത്യയുടെ എന്‍ഐഎ അന്വേഷിക്കുന്നയാളാണ് ഖാരി സര്‍റാര്‍.
മസ്‌കര്‍ റഹീല്‍ ഷാഹിദ്, കോട്ലി
150-200 തീവ്രവാദികളെ പാര്‍പ്പിക്കാന്‍ കഴിവുള്ള ഈ ക്യാമ്പ്, ആയുധ പരിശീലനം, സ്നൈപ്പിംഗ്, ബിഎടി പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കുള്ളതാണ്.പോഷ്‌കോട്ട് കെയിലെ എച്ച്എമ്മിന്റെ ഏറ്റവും പഴയ പ്രവര്‍ത്തന കേന്ദ്രങ്ങളില്‍ ഒന്നാണിത്.
ഷവായ് നല്ലാ ക്യാമ്പ്, മുസാഫറാബാദ്
ബൈത്ത്-ഉല്‍-മുജാഹിദീന്‍ എന്നറിയപ്പെടുന്ന ഈ ലഷ്‌കര്‍ ഇ തൊയ്ബ ക്യാമ്പ് 2000കളുടെ തുടക്കം മുതല്‍ സജീവമാണ്. മതപഠനം, കായിക പരിശീലനം, ജിപിഎസ് ഉപയോഗം, ആയുധങ്ങള്‍ എന്നിവയില്‍ റിക്രൂട്ട് ചെയ്യുന്നവരെ ഇത് പരിശീലിപ്പിക്കുന്നു. 26/11 ആക്രമണകാരികള്‍ക്ക് ഇവിടെ പരിശീലനം നല്‍കുന്നു. 200-250 തീവ്രവാദികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഇവിടെ വടക്കന്‍ കശ്മീരിനെ ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു വേദിയായി ഇത് പ്രവര്‍ത്തിക്കുന്നു.
മര്‍കസ് സയ്യിദ്ന ബിലാല്‍
മുസാഫറാബാദിലെ ചെങ്കോട്ടയ്ക്ക് എതിര്‍വശത്തായി സ്ഥിതി ചെയ്യുന്ന ജെയ്ഷ് മുഹമ്മദ് ഭീകരവാദികളുടെ കേന്ദ്രമാണ്. ജമ്മു കാശ്മീരിലേക്ക് തീവ്രവാദികള്‍ നുഴഞ്ഞുകയറ്റം നടത്തുന്നതിന് മുമ്പ് അവര്‍ക്കുള്ള ഒരു ട്രാന്‍സിറ്റ് ക്യാമ്പായി ഇത് പ്രവര്‍ത്തിക്കുന്നു. 50-100 പ്രവര്‍ത്തക ഭീകരവാദികള്‍ ഇവിടെ ഉണ്ടാകാറുണ്ട്. മുഫ്തി അസ്ഗര്‍ ഖാന്‍ കശ്മീരിയാണ് ഇതിന്‌നേതൃത്വം നല്‍കുന്നത്. ആഷിഖ് നെന്‍ഗ്രൂവും ജെഎം കമാന്‍ഡര്‍ അബ്ദുള്ള ജിഹാദിയും ഇവിടെയാണ്. പാകിസ്ഥാന്‍ ആര്‍മിയിലെ എസ്എസ്ജി കമാന്‍ഡോകള്‍ ഇവിടെയാണ് പരിശീലനം നല്‍കി വരുന്നത്.
Content Highlights: How the 9 targets India hit during Operation Sindoor were providing support to terrorists