ഓപ്പറേഷൻ 'സിന്ദൂറി'ന് മേലെ പാക് കുപ്രചാരണം; സോഷ്യൽ മീഡിയയിൽ ഇന്ത്യയുടെ 'ഫാക്ട് ചെക്ക് സ്ട്രൈക്ക്' മറുപടി

'ഓപ്പറേഷൻ സിന്ദൂർ' ന് മറുപടി പറയാനാവാതെ പാകിസ്താൻ പ്രചരിപ്പിച്ച നുണപ്രചാരം പൊളിച്ചടുക്കി ഇന്ത്യ

dot image

നിരപരാധികളായ 26 മനുഷ്യരെ ഭീകരവാദത്തിന്റെ മറപറ്റി കൊന്നുതള്ളിയ പാകിസ്താന് ഇന്ത്യ ഒടുവിൽ ശക്തമായ മറുപടി നൽകിയിരിക്കുകയാണ്. തിരിച്ചടിക്കുമെന്ന് ഇന്ത്യൻ സൈന്യം ഔദ്യോഗിക പ്രഖ്യാപനം നടത്തിയ മണിക്കൂറിൽ തന്നെ നടത്തിയ ഇരുട്ടടിയിൽ ഇന്ത്യക്കെതിരെ കെട്ടിപ്പൊക്കിയ ഭീകര സാമ്രാജ്യങ്ങൾ നിലം പൊത്തിയപ്പോൾ ഒന്ന് പ്രതിരോധിക്കാൻ പോലുമാവാതെ വിറങ്ങലിച്ച പാകിസ്താനെയാണ് നമ്മൾ കണ്ടത്.

'ഓപ്പറേഷൻ സിന്ദൂർ' എന്ന് പേരിട്ട സൈനിക ആക്രമണത്തിലൂടെ ഒരു രാത്രിയിൽ ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ ലക്ഷ്യംവച്ചത്. ഇതിലൂടെ നൂറോളം ഭീകരരെ വകവരുത്താനായി. പുരുഷന്മാരെ തിരഞ്ഞുപിടിച്ചാക്രമിച്ച് സ്ത്രീകളെ തീരാ കണ്ണീരിലേക്ക് തള്ളവിട്ട ഭീകര ർക്ക് അർഹിച്ച ശിക്ഷ നൽകിയതിലൂടെ 'ഓപ്പറേഷൻ സിന്ദൂർ' അതിന്റെ പേര് കൊണ്ടും കർമം കൊണ്ടും അർത്ഥപൂർണമാവുകയാണ്.

അതേ സമയം 'ഓപ്പറേഷൻ സിന്ദൂർ' ന് മറുപടി പറയാനാവാതെ കുഴഞ്ഞ പാകിസ്താൻ രാജ്യത്തെ ഭരണകൂട മാധ്യമങ്ങളെ കൂട്ടുപിടിച്ച് നുണ പടച്ചുവിട്ടാണ് പിടിച്ചുനില്കുന്നത്. ശ്രീനഗര്‍ വ്യോമതാവളത്തില്‍ പാക് സേന ആക്രമണം നടത്തിയെന്നും ഇന്ത്യന്‍ സൈനിക താവളം നശിപ്പിച്ചുവെന്നുമെല്ലാം പാക് സേനയുടെ മീഡിയ വിങ് ആയ ഇന്റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍സ് പോലും ഒരുളുപ്പുമില്ലാതെയാണ് ബിഗ് ബ്രേക്കിങ് പോലെ പുറത്തുവിട്ടത്. ഇന്ത്യയുടെ റഫാൽ, സുഖോയ് വിമാനങ്ങൾ തങ്ങൾ വെടിവച്ചിട്ടെന്നും വ്യാജ പ്രചാരണം നടന്നു.

എന്നാൽ ഇതിനിടെയെല്ലാം പാകിസ്താനെ പക്ഷെ ഉപഗ്രഹ ചിത്രങ്ങൾ അടക്കമുള്ള തെളിവുകൾ നിരത്തി തന്നെ ഇന്ത്യൻ സൈന്യം നേരിട്ടു. മാധ്യമങ്ങളും രാജ്യത്തെ ജനതയും അതിന് കൂടെനിന്നു. ഓപ്പറേഷൻ സിന്ദൂറിന് മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യയ്ക്കുള്ളിലെ 15 സ്ഥലങ്ങളിൽ മിസൈൽ ആക്രമണം നടത്തിയെന്ന് വാദിച്ച് പാക് മാധ്യമങ്ങളും പ്രൊപ്പഗാന്‍ഡ എക്സ് ഹാൻഡിലുകളും രംഗത്തെത്തിയപ്പോൾ ചിത്രങ്ങൾ ഡീകോഡ് ചെയ്ത് ഫാക്ട് ചെക്ക് നടത്തിയാണ് സുബൈർ അടക്കമുള്ള ഫാക്ട് ചെക്കർമാർ അതിന് മറുപടി നൽകിയത്.

സമീപകാലത്തായി ഗാസയിലും മറ്റും നടന്ന യുദ്ധങ്ങളുടെ ദൃശ്യങ്ങള്‍ ഇന്ത്യയിലേതെന്ന് പറഞ്ഞ് ആഘോഷിച്ചവർക്ക് മുന്നിൽ ഡാറ്റ സഹിതം ഇവരെത്തിയപ്പോൾ അക്കൗണ്ടും പൂട്ടി ഓടിയവരും ധാരാളം. ഇതിന് പിന്നാലെ പാകിസ്താനെതിരെ നടത്തിയ സൈനിക ആക്രമണത്തെ അപലപിച്ച് ചില ഇന്ത്യൻ പേരിലുള്ള അക്കൗണ്ടുകളും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇതെല്ലാം ഫേക്ക് അക്കൗണ്ടുകളാണെന്നും വ്യാജ അക്കൗണ്ടുകളുടെ പേരുകൾ നിരത്തി ഫാക്ട് ചെക്കേഴ്സ് സർജിക്കൽ സ്ട്രൈക്ക് നടത്തി.

പാകിസ്താൻ പ്രചരിപ്പിച്ച വ്യാജ വാർത്തകളും യാഥാർഥ്യവും.

തങ്ങൾ വെടിവച്ചു വീഴ്ത്തിയെന്ന് അവകാശപ്പെട്ട് പാകിസ്താൻ സൈന്യത്തിന്റെ മീഡിയ സെൽ പങ്കുവെച്ച ഒരു ചിത്രമായിരുന്നു തകർന്നുകിടക്കുന്ന മിഗ്-29 ഫൈറ്റർ ജെറ്റിന്റേത്. എന്നാലിത് 2024 സെപ്റ്റംബറിൽ രാജസ്ഥാനിലെ ബാർമറിൽ തകർന്നുവീണ ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) മിഗ്-29 യുദ്ധവിമാനമാണ് എന്ന് സ്ഥിരീകരിക്കപ്പെട്ടു.

ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിനെതിരെ പാകിസ്താൻ നടത്തിയ പ്രതികാര നടപടിയാണെന്ന് വ്യാജമായി ആരോപിച്ച് നിരവധി പാകിസ്താൻ അനുകൂല അക്കൗണ്ടുകൾ ഒരു പഴയ വീഡിയോ പ്രചരിപ്പിച്ചിരുന്നു. ശ്രീനഗർ വ്യോമതാവളത്തിൽ പാകിസ്താൻ സൈന്യം നടത്തിയ ആക്രമണം എന്നായിരുന്നു അവകാശപ്പെട്ടത്. എന്നാലിത് 2024-ൽ പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വയിൽ നടന്ന വിഭാഗീയ സംഘർഷങ്ങളുടെതായിരുന്നു. ഇന്ത്യൻ ബ്രിഗേഡ് ആസ്ഥാനം ആക്രമിച്ചുവെന്ന വാർത്തയും ഇതുപോലെ പൊളിഞ്ഞു. ഗാസയിലെ ഒരു കെട്ടിടം ബോംബാക്രമണത്തിൽ തകർന്നുവീഴുന്ന ചിത്രമാണ് ഇതിന് ഉപയോഗിച്ചിരുന്നത്.

പാകിസ്താൻ വ്യോമസേന രണ്ട് ഇന്ത്യൻ വിമാനങ്ങൾ വെടിവച്ചിട്ടു എന്ന വ്യാജ ചിത്രത്തിന്റെ ഉള്ളടക്കം രാജസ്ഥാനിൽ നടന്ന ഒരു ഐഎഎഫ് മിഗ് യുദ്ധവിമാന അപകടത്തിന്റേതായിരുന്നു. ഒരു വർഷത്തിലേറെ പഴക്കമുള്ളതാണ് ചിത്രം. പാകിസ്താനിൽ തകർന്നുവീണ ഇന്ത്യൻ വിമാനത്തിന്റെ അവശിഷ്ടം എന്നുപറഞ്ഞുള്ള വാർത്തയും വ്യാജമായിരുന്നു. വിമാനത്തിൽ നിന്നുള്ള ഡ്രോപ്പ് ടാങ്ക് കാണിച്ചായിരുന്നു ഈ നുണ പ്രചാരണം.

ഇതിനിടയിൽ ഇന്ത്യൻ സൈനികർ എന്നവകാശപ്പെട്ട് എക്‌സിൽ പോസ്റ്റ് ചെയ്യപ്പെട്ട നുണകളും പൊളിച്ചടക്കപ്പെട്ടു. പലസ്തീനിൽ മിസൈൽ വർഷിക്കുന്ന ചിത്രം വച്ചായിരുന്നു ഹാപ്പി ദിവാലി , ജയ് ഭാരത് തുടങ്ങി ക്യാപ്‌ഷനിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യപ്പെട്ടത്. എന്നാൽ ഇത് ലോക രാജ്യങ്ങൾക്ക് മുന്നിൽ തെറ്റിദ്ധരിക്കപ്പെടാൻ വേണ്ടി നടത്തിയ പാകിസ്താന്റെ കുബുദ്ധിയാണെന്ന് വൈകാതെ തെളിഞ്ഞു.

Content Highlights: Operation Sindoor: Fact-checking Pakistan’s claims in social media

dot image
To advertise here,contact us
dot image