സിന്ദൂരം മായ്ച്ചവരെ ഭൂമിയിൽ നിന്ന് തന്നെ തുടച്ചുനീക്കി;'ഓപ്പറേഷൻ സിന്ദൂര്‍' രാജ്യത്തിന്റെ പെൺമക്കൾക്ക് വേണ്ടി

പുരുഷന്മാരെ തിരഞ്ഞുപിടിച്ചാക്രമിച്ച് സ്ത്രീകളെ തീരാ കണ്ണീരിലേക്ക് തള്ളിവിട്ട ഭീകർക്ക് അർഹിച്ച ശിക്ഷ നൽകിയതിലൂടെ 'ഓപ്പറേഷൻ സിന്ദൂർ' അതിന്റെ പേര് കൊണ്ടും കർമം കൊണ്ടും അർത്ഥപൂർണമാവുകയാണ്.

dot image

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 നിരപരാധികളിൽ ഒരാളായിരുന്നു ഉത്തർപ്രദേശ് സ്വദേശിയായ ശുഭം ദ്വിവേദി. വിവാഹിതരായിട്ട് രണ്ട് മാസം മാത്രമായിട്ടുള്ള ശുഭവും ഭാര്യ ഐഷാന്യ ദ്വിവേദിയും ഹണിമൂണിനെന്ന പോലെയാണ് പഹൽഗാമിലെത്തുന്നത്. ഭൂമിയിലെ സ്വർഗ്ഗമെന്ന് വിളിപ്പേരുള്ള കശ്മീരിന്റെ താഴ്വരകളിൽ അവരുടെ ദാമ്പത്യ ജീവിതത്തിന്റെ മനോഹര നിമിഷങ്ങളിലൂടെ ഉല്ലാസ യാത്ര നടത്തുമ്പോഴാണ് പെട്ടെന്നവിടെ നരക തുല്യമാകുന്നത്.

ശുഭം ദ്വിവേദിയുടെ നെഞ്ചിലേക്ക് വെടിയുതിർത്ത ഭീകരർക്ക് മുന്നിൽ തന്നെയും വെടിവെക്കൂ, അവനില്ലാതെ ഞാൻ മാത്രമെന്തിനാണ് ഈ ലോകത്ത് എന്ന് കെഞ്ചിപ്പറഞ്ഞ ഐഷാന്യ ദ്വിവേദിയോട് നിന്നെ വധിക്കില്ലെന്നും നിങ്ങളോട് എന്താണ് ഞങ്ങൾ ചെയ്തതെന്ന് നിങ്ങളുടെ സർക്കാരിനോട് പറയണമെന്നുമായിരുന്നു ഭീകരർ ആക്രോശിച്ചത്. ഐഷാന്യ ദ്വിവേദിയും ഒരു ആഴ്ച മുമ്പ് വിവാഹം കഴിഞ്ഞ ഹിമാൻഷി നർവാളും അടക്കം ഡസനോളം രാജ്യത്തിന്റെ മക്കളുടെ മുഖത്ത് നിന്നും സിന്ദൂരവും സന്തോഷവും മായ്‌ച്ചുകളഞ്ഞവരെ ഭൂമിയിൽ നിന്നും തന്നെ തുടച്ചുകളയുകയാണ് ഈ രാവിൽ ഇന്ത്യൻ സൈനികർ ചെയ്‍തത്.

ഇതിലൂടെ ഇന്ത്യൻ മണ്ണിൽ കടന്നുകയറി പാക് ഭീകരർ നടത്തിയ ഭീകരാക്രമണത്തിന് അതിർത്തി കടക്കാതെ തന്നെ അതിശക്തമായ തിരിച്ചടി നൽകുകയാണ് രാജ്യം. 'ഓപ്പറേഷൻ സിന്ദൂർ' എന്ന് പേരിട്ട സൈനിക ആക്രമണത്തിലൂടെ ഒരു രാത്രിയിൽ ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ ലക്ഷ്യം വെച്ചത്. ഇതിലൂടെ നൂറോളം ഭീകരരെ വകവരുത്താനായി. പുരുഷന്മാരെ തിരഞ്ഞുപിടിച്ചാക്രമിച്ച് സ്ത്രീകളെ തീരാ കണ്ണീരിലേക്ക് തള്ളവിട്ട ഭീകർക്ക് അർഹിച്ച ശിക്ഷ നൽകിയതിലൂടെ 'ഓപ്പറേഷൻ സിന്ദൂർ' അതിന്റെ പേര് കൊണ്ടും കർമം കൊണ്ടും അർത്ഥപൂർണമാവുകയാണ്.

ഏപ്രിൽ 22-ന് പഹൽഗാമിലെ ബൈസരൻ താഴ്‌വരയിൽ വിനോദസഞ്ചാരികളുൾപ്പെടെ 26 നിരപരാധികളെ തീവ്രവാദികൾ വെടിവച്ചു കൊല്ലുമ്പോൾ അതിൽ മുഴുവൻ പേരും പുരുഷന്മാരായിരുന്നു. ഇതിലൂടെ നിരവധി സ്ത്രീകൾക്കാണ് അവരുടെ ഭർത്താക്കൻമാരെ നഷ്ടമായത്. ഭീകരാക്രമണത്തിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട സ്ത്രീകൾ ഇവരാണ്.

ഹിമാൻഷി നർവാൾ

ഭർത്താവിന്റെ മൃതദേഹത്തിനരികെ കരഞ്ഞുതളർന്നിരുന്ന ഹിമാൻഷിയുടെ ചിത്രം രാജ്യം ഒരിക്കലും മറക്കില്ല. വിവാഹം കഴിഞ്ഞ് ആറാം നാളാണ് നേവിയിൽ ലഫ്റ്റ്നൻറ് കേണലായിരുന്ന വിനയ് നർവാൾ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. വിവാഹശേഷം മധുവിധു ആഘോഷിക്കാനായിരുന്നു ഇരുവരും കശ്മീരിലെത്തിയത്.

ഐഷന്യ ദ്വിവേദി

നേരത്തെ മുകളിൽ പരാമർശിച്ച ഉത്തർപ്രദേശിൽ നിന്നുള്ള വിനോദസഞ്ചാരിയായ ശുഭം ദ്വിവേദിയുടെ ഭാര്യയാണ് ഐഷന്യ ദ്വിവേദിയാണ് മറ്റൊരു ഇര. ദമ്പതികൾ വിവാഹിതരായിട്ട് രണ്ട് മാസം മാത്രമേ ആയിട്ടുള്ളൂ.

ശീതൽ കലാത്തിയ

ഗുജറാത്തിലെ സൂറത്തിൽ നിന്നുള്ള ബാങ്കറായ ശൈലേഷ് കലാത്തിയയുടെ ഭാര്യയാണ് ശീതൽ. ജന്മദിനം ആഘോഷിക്കാൻ കടുംബത്തോടപ്പമെത്തിയപ്പോഴാണ് അദ്ദേഹം കൊല്ലപ്പെട്ടത്.

സോഹിനി അധികാരി

പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ട കൊൽക്കത്തയിൽ നിന്നുള്ള ഐടി പ്രൊഫഷണലായ ബിതാൻ അധികാരിയുടെ ഭാര്യയാണ് സോഹിനി . യുഎസിൽ ജോലി ചെയ്തിരുന്ന ബിതാൻ അവധിക്കാലം ആഘോഷിക്കാൻ ഇന്ത്യയിലേക്ക് തിരിച്ചെത്തിയതായിരുന്നു. മനോഹരമായ പഹൽഗാമിലെ പുൽമേടുകൾ ആസ്വദിക്കുന്നതിനിടെ മൂന്നര വയസ്സുള്ള മകന്റെ മുന്നിൽ വെച്ചാണ് ബിതാൻ കൊല്ലപ്പെടുന്നത്.

കാജൽബെൻ പർമാർ

കാജൽബെന്നിന്റെ ഭർത്താവ് യതീഷ്ഭായ് പർമാർ ഗുജറാത്തിലെ ഭാവ്‌നഗറിൽ സലൂൺ നടത്തിപ്പുകാരനായിരുന്നു. മിച്ചമായി എടുത്തുവെച്ച വരുമാനം കൊണ്ട് കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു അവർ.

പ്രഗതി ജഗ്ദലെ

കൂട്ടക്കൊലയിൽ കൊല്ലപ്പെട്ട മഹാരാഷ്ട്രയിൽ നിന്നുള്ള സന്തോഷ് ജഗ്ദലേയുടെ ഭാര്യയാണ് പ്രഗതി ജഗ്ദലേ . ജഗ്ദലേസ് കുടുംബം പൂനെയിൽ നിന്നുള്ളവരാണ്. സംഭവം നടക്കുമ്പോൾ മകളും ഇവർക്കൊപ്പമുണ്ടായിരുന്നു.

ഷീല രാമചന്ദ്രൻ

കൊല്ലപ്പെട്ട മലയാളി എൻ രാമചന്ദ്രന്റെ ഭാര്യ. മകളുടെയും പേരക്കുട്ടികളുടെയും മുന്നിൽ വെച്ചാണ് അദ്ദേഹം വെടിയേറ്റ് മരിച്ചത്. ആരോഗ്യപരമായ കാരണങ്ങളാൽ ഷീല അവരോടൊപ്പം യാത്രയിൽ പങ്കെടുത്തിരുന്നില്ല. തന്നെ കാശ്മീരി യുവാക്കളാണ് രക്ഷപ്പെടുത്തിയത് എന്ന മകൾ ആരതിയുടെ സംഭവ ശേഷമുള്ള പ്രതികരണം ശ്രദ്ധേയമായിരുന്നു.

ജെന്നിഫർ നഥാനിയേൽ

മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുള്ള 58 വയസ്സുള്ള എൽഐസി ബ്രാഞ്ച് മാനേജർ സുശീൽ നഥാനിയേലിന്റെ ഭാര്യയാണ് 54 വയസ്സുള്ള ജെന്നിഫർ നഥാനിയേൽ. ജെന്നിഫറിന്റെ ജന്മദിനം ആഘോഷിക്കാനാണ് പഹൽഗാമിലെത്തിയത്. ഒടുവിൽ തീരാ ദുഃഖമായി ആ ജന്മദിനം മാറി.

ജയ മിശ്ര

42 വയസ്സുള്ള ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനായ മനീഷ് രഞ്ജൻ മിശ്രയുടെ ഭാര്യയാണ് ജയ മിശ്ര. കുടുംബത്തെ അവധിക്കാലം ആഘോഷിക്കാൻ കശ്മീരിലേക്ക് കൊണ്ടുപോയ അദ്ദേഹം പഹൽഗാമിൽ ഭാര്യയുടെയും കുട്ടികളുടെയും മുന്നിൽ വെച്ച് ഭീകരരുടെ വെടിയേറ്റ് മരിച്ചു.

Content Highlights: operation sindoor; this operation was for the daughters of the country

dot image
To advertise here,contact us
dot image