

ഉയർന്നു വന്നത് വലിയ തോതിലുള്ള പുകയും ചാരവും…അത് സഞ്ചരിച്ചത് ആയിരകണക്കിന് കിലോമീറ്റര്‍ ദൂരത്തിലും…കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപര്‍വതം പൊട്ടിത്തെറിച്ചപ്പോൾ ഉണ്ടായത് സാധാരണ ഒരു അഗ്നി പർവ്വത സ്ഫോടന ആഘാതം ആയിരുന്നില്ല. എത്യോപ്യയിൽ നിന്ന് ആയിരകണക്കിന് കിലോമീറ്റര്‍ ദൂരത്തോളം ചാരവും പുകയും ഉയർന്നതോടെ ഇന്ത്യയിൽ അടക്കം വ്യോമഗതാഗതം തടസ്സപ്പെട്ടു. വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ റദ്ദാക്കാനും വഴിതിരിച്ചുവിടാനും ഇതോടെ നിര്‍ബന്ധിതരായി. ഇതോടെ ചർച്ചകളും ആരംഭിച്ചു. ഇനി എന്തൊക്കെ ആഘാതങ്ങൾ ആയിരിക്കും ഈ പുക സൃഷ്ടിക്കാൻ പോകുന്നത് എന്നായിരുന്നു ചർച്ച.

ഏകദേശം 12,000 വർഷത്തിനിടെ ഇതാദ്യമായാണ് വടക്കുകിഴക്കൻ എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്നത്. ലാവയോ മാഗ്മ പ്രവാഹമോ ഉണ്ടായിരുന്നില്ല, പക്ഷേ വലിയ അളവിൽ വാതകം, പുക പടലങ്ങൾ, പാറകളുടെ ചെറിയ ശകലങ്ങൾ, ഗ്ലാസ്, മറ്റ് ചില വസ്തുക്കൾ എന്നിവ സ്ഫോടനത്തിൽ പുറന്തള്ളപ്പെട്ടു. ഇവയിൽ ഏറ്റവും ഭാരമേറിയത് സമീപ പ്രദേശങ്ങളിൽ പതിക്കുകയായിരുന്നു. എന്നാൽ വളരെ സൂക്ഷ്മമായ കണികകളും സൾഫർ ഡൈ ഓക്സൈഡ് അല്ലെങ്കിൽ കാർബൺ ഡൈ ഓക്സൈഡ് പോലുള്ള വാതകങ്ങളും അന്തരീക്ഷത്തിൽ വളരെ ഉയർന്ന നിലയിൽ പൊങ്ങി വന്നു. അഗ്നിപർവ്വതത്തിന് ചുറ്റുമുള്ള വായു വളരെയധികം ചൂടാകുകയും, സൂക്ഷ്മമായ കണികകളും വാതകങ്ങളും ആ വായു കൊണ്ടുപോകുകയും ചെയ്യുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. അഗ്നിപർവ്വത പുക സാധാരണയായി വായു പ്രവാഹത്തിന്റെ ദിശയിലാണ് സഞ്ചരിക്കുന്നത്. എത്യോപ്യൻ സ്ഫോടനങ്ങളിൽ നിന്ന് പുറത്തുവരുന്ന പുകയുടെ കാര്യത്തിലും ഇതാണ് സംഭവിച്ചത്.
ഇത് മൂലം അഗ്നിപർവ്വത ചാരവും വാതകങ്ങളും പടിഞ്ഞാറോട്ട് ഇന്ത്യൻ മേഖലയിലേക്ക് സഞ്ചരിച്ച്, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ചെന്നെത്തി. തുടർന്ന് തെക്ക് പടിഞ്ഞാറ് മുതൽ വടക്കുകിഴക്ക് ദിശയിലേക്ക് -ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിലേക്ക് നീങ്ങി. അതാണ് ഡൽഹിയിൽ നാം കണ്ടത്. ഇനി എത്രമാത്രം അപകടം ഉള്ളതാണീ പൊട്ടിത്തെറിച്ച അഗ്നിപർവതം എന്നുള്ളതാണ് അറിയേണ്ടത്.

അഗ്നിപർവ്വത സ്ഫോടനങ്ങളിൽ നിന്ന് പുറത്തുവരുന്ന വസ്തുക്കൾ ആരോഗ്യത്തിന് വലിയ ഭീഷണി തന്നെയാണ്. എന്നാൽ ഈ പുക വളരെ ഉയരത്തിൽ നീങ്ങുന്നതിനാൽ മനുഷ്യർക്ക് ഒരു ഭീഷണിയും ഇതുവരെ ഉയർത്തുന്നുണ്ടായിരുന്നില്ല. പക്ഷെ വിമാനങ്ങളുടെ കാര്യം അങ്ങനെയല്ല. ഭൂമിയിൽ നിന്ന് 10-14 കിലോമീറ്റർ ഉയരത്തിൽ പറക്കുന്ന വാണിജ്യ വിമാനങ്ങൾ അഗ്നിപർവ്വത പുക ചലിക്കുന്ന മേഖലയിലൂടെയാണ് പറക്കുന്നത്.
അങ്ങനെ പറന്നു നീങ്ങുന്ന അഗ്നിപർവ്വത പുകക്ക് പൈലറ്റിന്റെ കാഴ്ച തടയാനും പറക്കൽ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനും സാധിക്കും. വിമാനങ്ങളിൽ ശക്തമായ ഫിൽട്രേഷൻ സംവിധാനങ്ങൾ ഉള്ളതിനാൽ യാത്രക്കാർ പുറം വായു ശ്വസിക്കുന്നതിനുള്ള സാധ്യതയില്ല. എന്നാൽ ഫിൽട്ടറുകളും സെൻസറുകളും പുകയിലൂടെയുള്ള സൂക്ഷ്മ കണികകളാൽ അടഞ്ഞു പോകാൻ സാധ്യതയുണ്ട്. കൂടാതെ, ചില വാതകങ്ങൾ ഫിൽട്ടർ ചെയ്യപ്പെടാതെ വിമാനങ്ങൾക്കുള്ളിലേക്ക് കയറാനുള്ള സാധ്യതയും ഉണ്ട്.

അഗ്നിപർവ്വത ചാരം സാധാരണ പൊടി പോലെയല്ല. പലപ്പോഴും അസിഡിക് സംയുക്തങ്ങൾ കൊണ്ട് പൊതിഞ്ഞതും സൾഫർ ഡൈ ഓക്സൈഡ് പോലുള്ള വാതകങ്ങളുമായി കലർന്നതുമാണ്. നേർത്ത ചാരം അല്ലെങ്കിൽ അഗ്നിപർവ്വത പുക ശ്വസിക്കുന്നത് ശ്വാസകോശത്തെ ബാധിക്കുകയും മറ്റ് ശ്വസന പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇങ്ങനെ പറന്നു നീങ്ങുന്ന പുക എവിടെ ചെന്നവസാനിക്കും? അഗ്നിപർവ്വത പുകയുടെ ചലനം ഒരു ചെറിയ കാലത്തേക്ക് മാത്രമേ ഉണ്ടാവുകയുള്ളു. വളരെ പെട്ടെന്ന് തന്നെ അവയുടെ ആഘാതം പൂർണ്ണമായും ഇല്ലാതാകാൻ സാധ്യതയുണ്ട് എന്നും വിദഗ്ദ്ധർ പറയുന്നു.
Content Highlights : How do volcanic eruptions from Ethiopia affect human life?