

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പ് ഫലത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ലോകം. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഒന്നിന് പുറകെ ഒന്നായി വിമർശനങ്ങൾ ഉയർന്നിരുന്ന സാഹചര്യമാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം കൂട്ടിയത്. ട്രംപിനുള്ള ഒരു മാർക്കിടൽ ചടങ്ങായി ഈ ഇടക്കാല തെരഞ്ഞെടുപ്പ് ഫലത്തെ വിശേഷിപ്പിക്കാം. ആ പരീക്ഷയിൽ ട്രംപ് തോറ്റു തൊപ്പിയിട്ടു എന്നതാണ് യാഥാർഥ്യം. വെറും വീറ്റോ പദവി മാത്രമുള്ള ഒരു പ്രസിഡന്റായി ട്രംപിന് ഭരണകാലാവധി അവസാനിപ്പിക്കേണ്ടി വരും.
അധികാരത്തിലെത്തിയ ശേഷം ട്രംപ് എടുത്ത ഏകപക്ഷീയമായ തീരുമാനങ്ങളാണ് ഇടക്കാല തെരഞ്ഞെടുപ്പിലെ പ്രധാന പരാജയകാരണമായി കണക്കാക്കപ്പെടുന്നത്. അതിൽ കൂടുതൽ തിരിച്ചടിയായത് ഇറാനെതിരെയുള്ള കടുത്ത നിലപാടുകളാണ്
നയപരമായ ഒരു കാര്യത്തിലും ഇനി അങ്ങോട്ട് ട്രംപിന് ഏകപക്ഷീയമായി തീരുമാനമെടുക്കാൻ സാധിക്കില്ല. നിർണ്ണായക നിയമനങ്ങൾ, ഫണ്ട് ചെലവഴിക്കൽ തുടങ്ങിയ സുപ്രധാന കാര്യങ്ങളെല്ലാം കോൺഗ്രസ് അംഗീകരിച്ചാൽ മാത്രമേ ട്രംപിന് മുന്നോട്ട് നീങ്ങാൻ സാധിക്കുകയുള്ളൂ. അധികാരത്തിലെത്തിയ ശേഷം ട്രംപ് എടുത്ത ഏകപക്ഷീയമായ തീരുമാനങ്ങളാണ് ഇടക്കാല തെരഞ്ഞെടുപ്പിലെ പ്രധാന പരാജയകാരണമായി കണക്കാക്കപ്പെടുന്നത്. അതിൽ കൂടുതൽ തിരിച്ചടിയായത് ഇറാനെതിരെയുള്ള കടുത്ത നിലപാടുകളാണ് എന്ന് സ്വന്തം പാർട്ടിക്കാരനായ വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസ് ഉൾപ്പെടെയുള്ളവർതന്നെ തുറന്ന് പറയുകയും ചെയ്തു.
ഇസ്രയേലിനെ അതിരുവിട്ട് പിന്തുണയ്ക്കുമ്പോൾ, ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ കുടിയേറിപ്പാർക്കുന്ന രാജ്യമാണ് അമേരിക്കയെന്ന വസ്തുതയും ട്രംപ് ഓർമ്മിക്കാൻ മറന്നുപോയിരുന്നു. തനിക്ക് മേൽ ഒരു പരുന്തും പറക്കില്ല എന്ന അമിത ആത്മവിശ്വാസമാണ് ട്രംപിനെ തോൽവിയുടെ പടുകുഴിയിലേക്ക് തള്ളിവിട്ടത്. ട്രംപിന്റെ ഭരണത്തിൽ അമേരിക്കക്കാർ തൃപ്തരല്ല എന്ന് ഫലം വന്നതോടെ വ്യക്തമായിരിക്കുകയാണ്. വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി, സർക്കാരിലെ അഴിമതികൾ അങ്ങനെ നിരവധി മേഖലകളിൽ അമേരിക്കക്കാർക്ക് ആശങ്ക ഉണ്ടായിരുന്നു.

ഇടക്കാല തെരഞ്ഞെടുപ്പിലെ തോൽവി ട്രംപിന്റെ അമിതാധികാര പ്രവണതയ്ക്ക് ഏറ്റ കനത്ത തിരിച്ചടി തന്നെയാണ്. ട്രംപിന്റെ അധികാരം ഭാഗികമായി കുറഞ്ഞു എന്ന് തന്നെ വേണം കരുതാൻ. അമേരിക്കയിലെ ഈ പുതിയ രാഷ്ട്രീയ അന്തരീക്ഷം ഇന്ത്യയ്ക്ക് ഗുണം ചെയ്യുമോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം.
ഇന്ത്യയും അമേരിക്കയും തമ്മിൽ നിരവധി നയതന്ത്ര കരാറുകൾ നിലനിൽക്കുന്നുണ്ട്. അതേസമയം, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ ട്രംപ് ചുമത്തിയ അമിത തീരുവയും വ്യാപാര നയങ്ങളും ഇന്ത്യയെ ചെറുതായൊന്നുമല്ല വലയ്ക്കുന്നത്. ഇത്തരം കാരണങ്ങളാൽ തന്നെ പ്രസ്തുത ഇടക്കാല തെരഞ്ഞെടുപ്പ് ഇന്ത്യയ്ക്കും ഏറെ സുപ്രധാനമായിരുന്നു.
പുതിയ സാഹചര്യങ്ങൾ ഇന്ത്യയ്ക്ക് അനുകൂലമായ ചില അവസരങ്ങളും ഒപ്പം ചില അനിശ്ചിതത്വങ്ങളും സൃഷ്ടിക്കാമെന്നാണ് നയതന്ത്ര നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചില പ്രധാന അനുമാനങ്ങളും അവർ മുന്നോട്ട് വയ്ക്കുന്നുണ്ട്.
തോൽവി ഏറ്റുവാങ്ങിയ ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം തീരുവ സംബന്ധിച്ച വിഷയങ്ങളിൽ ട്രംപ് സ്വീകരിക്കുന്ന നിലപാടിലേക്കാണ് ഇന്ത്യ പ്രധാനമായും ഉറ്റുനോക്കുന്നത്. ഇന്ത്യൻ വ്യാപാരത്തെ തന്നെ പ്രതിസന്ധിയിലാക്കുന്ന സമീപനമായിരുന്നു കുറച്ച് കാലങ്ങളായി ട്രംപ് സ്വീകരിച്ചിരുന്നത്. ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് മേൽ മുൻപ് 50% വരെയും നിലവിൽ ശരാശരി 18% വരെയുമുള്ള കടുത്ത ഇറക്കുമതി തീരുവകളാണ് ട്രംപ് ഭരണകൂടം ചുമത്തുന്നത്. ഇത് ഇന്ത്യയെ സംബന്ധിച്ച് വലിയ തലവേദന തന്നെയായിരുന്നു.
എന്നാൽ, പുതിയ സാഹചര്യത്തിൽ ഡെമോക്രാറ്റുകൾക്ക് കോൺഗ്രസിൽ സ്വാധീനം വർദ്ധിച്ചതോടെ, ട്രംപിന്റെ ഇടക്കിടക്ക് തീരുവ വർദ്ധിപ്പിക്കുന്ന സമീപനത്തിന് അറുതി വരും എന്നാണ് നിഗമനം. ട്രംപിന്റെ ഇത്തരം ഏകപക്ഷീയമായ താരിഫ് വർദ്ധനവുകൾ അമേരിക്കൻ ബിസിനസുകളെയും ഉപഭോക്താക്കളെയും എങ്ങനെ ബാധിക്കുന്നു എന്ന് പരിശോധിക്കാൻ പുതിയ നിയമനിർമ്മാണ സഭയ്ക്ക് സാധിക്കും. അതായത് തീരുവയിൽ ഇനി മാറ്റം വരുത്തണമെങ്കിൽ ട്രംപിന് കോൺഗ്രസ് അനുമതിയോടെ മാത്രമേ സാധിക്കൂ എന്ന് സാരം. ഒരുപക്ഷെ തീരുവ വെട്ടിക്കുറക്കുകയോ നിലവിലെ തീരുവ വർദ്ധനവില്ലാതെ തുടരുകയോ ചെയ്താൽ അത് ഇന്ത്യൻ വ്യവസായത്തിന് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ കയറ്റുമതി സാധ്യത ഇതിലൂടെ വർദ്ധിക്കാനാണ് സാധ്യത.
ഡെമോക്രാറ്റുകൾക്ക് കോൺഗ്രസിൽ സ്വാധീനം വർദ്ധിച്ചതോടെ, ട്രംപിന്റെ ഇടക്കിടക്ക് തീരുവ വർദ്ധിപ്പിക്കുന്ന സമീപനത്തിന് അറുതി വരാം. ഒരുപക്ഷെ തീരുവ വെട്ടിക്കുറക്കുകയോ നിലവിലെ തീരുവ വർദ്ധനവില്ലാതെ തുടരുകയോ ചെയ്താൽ അത് ഇന്ത്യൻ വ്യവസായത്തിന് ഗുണകരമാകാം.
എങ്കിലും ഇന്ത്യക്ക് ആശ്വസിക്കാനുള്ള സമയം ഇനിയും ആയിട്ടില്ല. കാരണം ഡെമോക്രാറ്റുകൾ സ്വതന്ത്ര വ്യാപാരത്തെ പിന്തുണയ്ക്കുന്നവരല്ല. സ്വന്തം രാജ്യത്തെ തൊഴിലാളികളുടെ താത്പര്യം സംരക്ഷിക്കുന്നതിലാണ് ഡെമോക്രാറ്റുകൾക്ക് കൂടുതൽ താത്പര്യം. അതുകൊണ്ട് ട്രംപിന്റെ അധികാരം ചുരുങ്ങി ഡെമോക്രാറ്റുകൾക്ക് സ്വാധീനം വർദ്ധിച്ചാലും വ്യാപാര നയങ്ങൾ പെട്ടെന്ന് പൂർണ്ണമായി ഉദാരവൽക്കരിക്കപ്പെടുമെന്ന് കരുതാനാവില്ല.
ചുരുക്കത്തിൽ, ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം അമേരിക്കയുടെ വ്യാപാര നയങ്ങളിൽ, പ്രത്യേകിച്ച് ഇന്ത്യയുമായുള്ള നികുതി-തീരുവ വിഷയങ്ങളിൽ എന്ത് മാറ്റമാണ് വരാൻ പോകുന്നത് എന്നത് കാത്തിരുന്ന് തന്നെ കാണണം.
ഇന്ത്യൻ ഐടി ജീവനക്കാർക്കും അമേരിക്കൻ കമ്പനികൾക്കും ഒരുപോലെ തലവേദന സൃഷ്ടിച്ച ഒന്നാണ് H-1B വീസയിൽ ട്രംപ് ഭരണകൂടം സ്വീകരിച്ച സമീപനം. പുതിയ H-1B അപേക്ഷകൾക്ക് 100,000 ഡോളർ വരെയുള്ള വൻ ഫീസ് ചുമത്താൻ ട്രംപ് ഭരണകൂടം തയ്യാറെടുത്തിരുന്നു. രണ്ട് ഫെഡറൽ കോടതികൾ ഈ നീക്കത്തെ തടഞ്ഞെങ്കിലും തീരുമാനത്തിൽ ഉറച്ചുനിൽക്കുമെന്ന സൂചനയാണ് ട്രംപ് നൽകിയത്.H-1B വിസകൾക്ക് അന്യായ ഫീസ് ചുമത്താൻ ട്രംപ് തീരുമാനിച്ചതോടെ വിദഗ്ദ്ധ തൊഴിലാളികളുടെ വരവ് കുറയ്ക്കുകയും അമേരിക്കൻ കമ്പനികളെപ്പോലും പ്രതിസന്ധിയിലേക്ക് നയിക്കുകയും ചെയ്തിരുന്നു.

വിദഗ്ധ കുടിയേറ്റം തടയുന്നത് അമേരിക്കൻ സാങ്കേതിക കമ്പനികളെയും സാമ്പത്തിക രംഗത്തെയും എങ്ങനെ പ്രതികൂലമായി ബാധിക്കുന്നു എന്നതിനെക്കുറിച്ച് പുതിയ സാഹചര്യത്തിൽ ഡെമോക്രാറ്റുകൾ കാര്യമായ പരിശോധന നടത്തിയാൽ അത് ഇന്ത്യൻ ഐടി ജീവനക്കാർക്കും വിദേശ വിദഗ്ദ്ധ തൊഴിലാളികളെ ആശ്രയിക്കുന്ന അമേരിക്കൻ കമ്പനികൾക്കും ഗുണം ചെയ്യും. അതിനാൽ തന്നെ H-1B വീസയിൽ പരിഷ്കരണത്തിന് സാധ്യത ഉണ്ടെന്നാണ് അനുമാനിക്കപ്പെടുന്നത്.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യ റഷ്യയിൽ നിന്ന് വൻതോതിൽ അസംസ്കൃത എണ്ണ വാങ്ങുന്നതിനെ ട്രംപ് കടുത്ത ഭാഷയിലാണ് എതിർത്തിരുന്നത്. റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങുന്നത് അവർക്ക് സാമ്പത്തിക വരുമാനം നൽകുന്നു എന്ന് ചൂണ്ടിക്കാട്ടി, ഈ വ്യാപാരത്തിൽ നിന്ന് ഇന്ത്യ പിന്മാറണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ അതിന് തയ്യാറാകാതിരുന്ന സാഹചര്യത്തിൽ 100% ഉപരോധ തീരുവകൾ ഏർപ്പെടുത്തുമെന്ന ഭീഷണിയും ട്രംപ് മുഴക്കിയിരുന്നു.
നിലവിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ മാറുമ്പോൾ ക്രൂഡ് ഓയിലിന്റെ വില കുറയാം. അങ്ങനെയെങ്കിൽ ഇന്ത്യക്ക് അത് ഗുണം ചെയ്യും
എന്നാൽ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് കൂടുതൽ സ്വാധീനം ലഭിച്ചതോടെ വിദേശകാര്യ നയങ്ങളിൽ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കാനുള്ള ട്രംപിന്റെ സ്വാതന്ത്ര്യത്തിന് കടിഞ്ഞാൺ വീണിരിക്കുകയാണ്. അതുകൊണ്ടുതന്നെ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്ന കാര്യത്തിൽ ഇന്ത്യയ്ക്ക് മേലുള്ള അമേരിക്കൻ സമ്മർദ്ദം കുറയാനാണ് സാധ്യത. മാത്രമല്ല നിലവിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ മാറുമ്പോൾ ക്രൂഡ് ഓയിലിന്റെ വില കുറയാനും സാധ്യത കൂടുതലാണ്. ഇതും ഇന്ത്യക്ക് ഗുണം ചെയ്യും. രാജ്യത്തിന് ആവശ്യമായ അസംസ്കൃത എണ്ണയുടെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് ഇത് വലിയ ആശ്വാസമാകും. ഓഗസ്റ്റിൽ ഇന്ത്യ ഇറക്കുമതി ചെയ്ത മൊത്തം ക്രൂഡ് ഓയിലിന്റെ ഏകദേശം 44 ശതമാനവും റഷ്യയിൽ നിന്നായിരുന്നു എന്നത് കൂടി ഇതിനോടൊപ്പം ചേർത്തു വായിക്കേണ്ടതുണ്ട്.
അമേരിക്കയുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധം ഇന്ത്യക്ക് കൂടുതൽ സാധ്യതകൾ തുറന്നു നല്കി എന്നത് തർക്കമില്ലാത്ത വിഷയമാണ്. തീരുവ, ചില ഉപരോധങ്ങൾ, ട്രംപിന്റെ അധിനിവേശ നയം തുടങ്ങിയ വിഷയങ്ങൾ ഒഴിച്ചാൽ അമേരിക്കയുടെ കൂട്ട് ഇന്ത്യക്ക് കൂടുതലും ഗുണമാണ് ചെയ്തിട്ടുള്ളത്. അതിൽ എടുത്തുപറയേണ്ട ഒന്നാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ-സുരക്ഷാ പങ്കാളിത്ത കരാർ.
ചൈനയുടെ ആഗോള സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യയും അമേരിക്കയും ഒന്നിച്ചു നിൽക്കേണ്ടത് അത്യാവശ്യമാണെന്ന നിലയിലാണ് ഈ സഹകരണങ്ങൾ വിലയിരുത്തപ്പെട്ടിരുന്നത്. അതുകൊണ്ട് തന്നെ ഇടക്കാല തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ ഈ വിഷയത്തെ ബാധിക്കാൻ സാധുതയില്ല. റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികൾക്ക് ഈ വിഷയം ഏറെ പ്രധാനപ്പെട്ടതുമാണ്. മാത്രമല്ല 2025 ഒക്ടോബറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ച 10 വർഷത്തെ പ്രതിരോധ കരാർ (10-Year Defence Framework) മാറ്റമില്ലാതെ തുടരുകയും ചെയ്യും.
ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിലും അനുകൂല സാഹചര്യം ഉണ്ടാകാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. ഇടക്കാല തെരഞ്ഞെടുപ്പിലെ തിരിച്ചടി ഡോളറിന്റെ മൂല്യം കുറക്കാൻ സാധ്യത ഏറെയാണ്. അതുകൊണ്ട് നിക്ഷേപകർ അമേരിക്കൻ മാർക്കറ്റിൽ നിന്നും വളർന്നുവരുന്ന ഇന്ത്യ ഉൾപ്പെടയുള്ള രാജ്യങ്ങളുടെ മാർക്കറ്റുകളിലേക്ക് കൂറുമാറാനും സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ, ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്സിനും നിഫ്റ്റിക്കും ഗുണം ചെയ്യും.
പറഞ്ഞു വരുമ്പോൾ, ഇടക്കാല തെരെഞ്ഞെടുപ്പ് ഇന്ത്യക്ക് ഗുണം ചെയ്തോ ഇല്ലയോ എന്നത് കാത്തിരുന്നു തന്നെ കാണേണ്ടിയിരിക്കുന്നു. അമേരിക്കയിൽ ആര് അധികാരത്തിൽ വന്നാലും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചങ്ങാത്തം ഒരു വശത്ത് തുടരുകയും മറു വശത്ത് നിലനിൽക്കുന്ന അസ്വാരസ്യങ്ങൾ മാറ്റമില്ലാതെ തുടരുകയും ചെയ്യും എന്നാണ് കരുതപ്പെടുന്നത്.
ട്രംപിന്റെ ഭരണകാലം ഇന്ത്യയ്ക്ക് ആശങ്കകൾ സൃഷ്ടിച്ചിട്ടുണ്ട് എന്നത് സത്യമാണ്. എന്നാൽ അതേസമയം അത് നിരവധി അവസരങ്ങളും നൽകിയിട്ടുണ്ട്. പ്രതിരോധ രംഗത്ത് നല്ല സമീപനമാണ് അമേരിക്ക ഇന്ത്യക്ക് നല്കിയത്. എന്നാൽ തീരുവകളും ഉപരോധങ്ങളും ഇന്ത്യക്ക് തലവേദനയും നല്കി. നിലവിലെ സാഹചര്യത്തിൽ ഡെമോക്രാറ്റുകളുടെ വിജയം ട്രംപിന്റെ അജണ്ടകളുടെ വേഗത കുറച്ചേക്കാം. എന്നാൽ ദീർഘകാലങ്ങളായി നിലനിൽക്കുന്ന വ്യാപാരം, വിപണി ലഭ്യത, കുടിയേറ്റം, റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം തുടങ്ങിയ വിഷയങ്ങളിലെ ഭിന്നതകൾ പെട്ടെന്ന് പരിഹരിക്കപ്പെടില്ല. അതുകൊണ്ടുതന്നെ പുതിയ കോൺഗ്രസിന്റെ ഇന്ത്യയോടുള്ള നയതന്ത്ര സമീപനം പ്രവചനാതീതമാണ്.
Content Highlights: The 2026 US Midterm Elections have dealt a major setback to Donald Trump and his party. As his influence weakens in Congress, questions arise over whether this shift could benefit India, particularly regarding high trade tariffs and other key policies.