

2026 ഒക്ടോബർ 27-ന് നടന്ന ഇസ്രയേൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പലസ്തീൻ പൗരന്മാരുടെ രാഷ്ട്രീയ കക്ഷികൾ നേടിയ ചരിത്രവിജയം രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയൊരു രാഷ്ട്രീയ പരീക്ഷണമായി മാറിയിരിക്കുന്നു. 120 അംഗ നെസെറ്റിൽ ജോയിന്റ് ലിസ്റ്റ് 11 സീറ്റുകളും മൻസൂർ അബ്ബാസിന്റെ നേതൃത്വത്തിലുള്ള റാഅം (United Arab List) എട്ട് സീറ്റുകളും നേടി. ആകെ 19 സീറ്റുകൾ—2020-ലെ 15 സീറ്റെന്ന മുൻ റെക്കോർഡിനേക്കാൾ നാല് സീറ്റുകൾ അധികം. ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം നിലകൊണ്ട കക്ഷികൾക്ക് 53 സീറ്റും ഗാദി ഐസൻകോട്ടിനെ പിന്തുണച്ച എതിർചേരിക്ക് 48 സീറ്റുമാണ് ലഭിച്ചത്. ഒരുചേരിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷമായ 61 സീറ്റുകൾ ഇല്ലാത്ത സാഹചര്യത്തിൽ, ഇന്നലെവരെ അധികാരത്തിൽ നിന്ന് മാറ്റിനിർത്തപ്പെട്ട പലസ്തീൻ രാഷ്ട്രീയ കക്ഷികൾ ഭരണരൂപീകരണ ചർച്ചയുടെ കേന്ദ്രത്തിലേക്ക് എത്തി.
ഈ മാറ്റത്തിന്റെ നിർണായകഘട്ടം നവംബർ എട്ടിനായിരുന്നു. പ്രസിഡന്റ് ഐസക് ഹെർസോഗ്, 67 പാർലമെന്റ് അംഗങ്ങളുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ, യഷാർ പാർട്ടി നേതാവ് ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ചുമതലപ്പെടുത്തി. നെതന്യാഹുവിന് 46 അംഗങ്ങളുടെ ശുപാർശ മാത്രമാണ് ലഭിച്ചത്. ഏഴ് അംഗങ്ങളുള്ള യുണൈറ്റഡ് തോറ ജൂതായിസം ആരെയും ശുപാർശ ചെയ്തില്ല. ജോയിന്റ് ലിസ്റ്റിന്റെയും റഅമിന്റെയും പിന്തുണയും ഐസൻകോട്ടിന് ഈ രാഷ്ട്രീയ മുൻതൂക്കം ലഭിക്കാൻ സഹായിച്ചു. നവംബർ 10-ന് പുതിയ നെസെറ്റ് സത്യപ്രതിജ്ഞ ചെയ്തു. എന്നാൽ നവംബർ 12 വരെയും പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടിട്ടില്ല. നെതന്യാഹു കെയർടേക്കർ പ്രധാനമന്ത്രിയായി തുടരുന്നു. അതിനാൽ പലസ്തീൻ കക്ഷികൾ അധികാരത്തിലേറി എന്ന് പറയാനാവില്ല. പക്ഷേ ഇസ്രായേലിൽ ആര് സർക്കാർ രൂപീകരിക്കണമെന്ന തീരുമാനത്തെ സ്വാധീനിക്കാൻ അവർക്ക് കഴിഞ്ഞിരിക്കുന്നു.

ഇത് വെറും തിരഞ്ഞെടുപ്പ് കണക്കുകളുടെ മാറ്റമല്ല. ഒരു ന്യൂനപക്ഷസമൂഹത്തിന്റെ വോട്ടവകാശം അംഗീകരിക്കുമ്പോഴും അവരുടെ രാഷ്ട്രീയ പങ്കാളിത്തത്തെ എത്രത്തോളം അംഗീകരിക്കാൻ ഒരു രാഷ്ട്രത്തിന്റെ ഭൂരിപക്ഷ രാഷ്ട്രീയം തയ്യാറാണ് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ഗണിതശാസ്ത്രപരമായി 48-ഉം 19-ഉം ചേർന്നാൽ 67 ആകും. എന്നാൽ പ്രസിഡന്റിനോട് ഒരാളെ ശുപാർശ ചെയ്യുന്നതും അയാളുടെ മന്ത്രിസഭയിൽ ചേരുന്നതും സർക്കാരിന് സ്ഥിരമായ വിശ്വാസവോട്ട് നൽകുന്നതും മൂന്ന് വ്യത്യസ്ത രാഷ്ട്രീയ നടപടികളാണ്. ആ വ്യത്യാസത്തിലാണ് പുതിയ ഇസ്രായേലി രാഷ്ട്രീയത്തിന്റെ വൈരുധ്യം വ്യക്തമാകുന്നത്. അതിന്റെ ചരിത്രപ്രാധാന്യം തിരിച്ചറിയാൻ ഇസ്രയേലിനുള്ളിൽ കഴിയുന്ന പലസ്തീനികളുടെ എട്ട് പതിറ്റാണ്ടിലേറെ നീളുന്ന അനുഭവങ്ങളിലേക്ക് തിരിഞ്ഞുനോക്കേണ്ടതുണ്ട്.
പലസ്തീൻ ജനതയെക്കുറിച്ചുള്ള ചർച്ചകൾ സാധാരണയായി ഗസ്സ, വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലേം, വിവിധ രാജ്യങ്ങളിലെ അഭയാർഥി ക്യാമ്പുകൾ എന്നിവയെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. എന്നാൽ ഇസ്രയേൽ എന്ന രാഷ്ട്രത്തിന്റെ അതിർത്തിക്കുള്ളിൽ ജീവിക്കുന്ന ദശലക്ഷക്കണക്കിന് പലസ്തീനികൾ ഈ ചർച്ചകളിൽ പലപ്പോഴും വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല. ഇസ്രയേലിലെ അറബ് പൗരന്മാർ, പലസ്തീൻ പൗരന്മാർ, 1948-ലെ പലസ്തീനികൾ എന്നിങ്ങനെ വിവിധ പേരുകളിൽ അവർ അറിയപ്പെടുന്നു. എന്നാൽ ഈ നാമകരണങ്ങൾ കേവലം ഭാഷാപരമായ വ്യത്യാസങ്ങളല്ല; മറിച്ച് ചരിത്രസ്മൃതി, ദേശീയ സ്വത്വം, രാഷ്ട്രീയ അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാനമായ രാഷ്ട്രീയ പ്രശ്നമാണ്. ഇസ്രയേൽ ഭരണകൂടം ഔദ്യോഗികമായി ഉപയോഗിക്കുന്ന 'ഇസ്രയേലി അറബികൾ' എന്ന വിശേഷണം അവരെ വിശാലമായ അറബ് ഭാഷാ-സാംസ്കാരിക സമൂഹത്തിന്റെ ഭാഗമായി അവതരിപ്പിക്കുമ്പോൾ അവരുടെ സവിശേഷമായ പലസ്തീൻ ദേശീയ സ്വത്വത്തെ പിന്നിലേക്ക് മാറ്റുന്നു. ചരിത്രപരമായി പലസ്തീനികളെ സ്വതന്ത്രമായ ദേശീയ സമൂഹമായി അംഗീകരിക്കാൻ വിസമ്മതിച്ച ഇസ്രയേലി രാഷ്ട്രീയ സമീപനത്തിന്റെ പശ്ചാത്തലത്തിൽ ഈ നാമകരണത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.
'അറബ്' എന്നതിനു പകരം 'പലസ്തീൻ' എന്ന പദം ഉപയോഗിക്കുന്നത് ഒരു ഭാഷാപരമായ തിരഞ്ഞെടുപ്പ് മാത്രമല്ല, ചരിത്രപരമായി നിഷേധിക്കപ്പെടുകയും പാർശ്വവൽക്കരിക്കപ്പെടുകയും ചെയ്ത ഒരു ജനതയുടെ ദേശീയ സ്വത്വത്തെയും രാഷ്ട്രീയ അസ്തിത്വത്തെയും അംഗീകരിക്കുന്ന പ്രവൃത്തി കൂടിയാണ്
അതേസമയം, 'പലസ്തീൻ പൗരന്മാർ' എന്ന വിശേഷണം സ്വീകരിക്കുന്നത് ഒരു ജനവിഭാഗത്തിന്റെ ദേശീയവും രാഷ്ട്രീയവുമായ സ്വത്വത്തെ ബോധപൂർവം അംഗീകരിക്കുന്ന നിലപാടാണ്. 1948-ൽ ഇസ്രയേൽ സ്ഥാപിതമായതോടെ അവരുടെ ചരിത്രപരമായ പലസ്തീൻ സ്വത്വം ഇല്ലാതായിട്ടില്ലെന്നും അവർ കേവലം അറബി സംസാരിക്കുന്ന ഒരു മത-ഭാഷാ ന്യൂനപക്ഷമല്ലെന്നും മറിച്ച് സ്വന്തം മാതൃഭൂമിയോടും ദേശീയ ചരിത്രത്തോടും കൂട്ടായ രാഷ്ട്രീയ അവകാശങ്ങളോടും ബന്ധമുള്ള പലസ്തീൻ ജനതയുടെ അവിഭാജ്യ ഘടകമാണെന്നും ഈ വിശേഷണം വ്യക്തമാക്കുന്നു. അതിനാൽ 'അറബ്' എന്നതിനു പകരം 'പലസ്തീൻ' എന്ന പദം ഉപയോഗിക്കുന്നത് ഒരു ഭാഷാപരമായ തിരഞ്ഞെടുപ്പ് മാത്രമല്ല, ചരിത്രപരമായി നിഷേധിക്കപ്പെടുകയും പാർശ്വവൽക്കരിക്കപ്പെടുകയും ചെയ്ത ഒരു ജനതയുടെ ദേശീയ സ്വത്വത്തെയും രാഷ്ട്രീയ അസ്തിത്വത്തെയും അംഗീകരിക്കുന്ന പ്രവൃത്തി കൂടിയാണ്.

ഇന്ന് ഇസ്രയേലിലെ ജനസംഖ്യയുടെ ഏകദേശം 21 ശതമാനം അറബ് വിഭാഗക്കാരാണ്. ഇവരിൽ ഭൂരിഭാഗവും പലസ്തീൻ വംശജരാണ്. മുസ്ലിംകളും ക്രിസ്ത്യാനികളും ഡ്രൂസ് വിഭാഗക്കാരും ഉൾപ്പെടുന്ന ഈ ജനസമൂഹത്തിൽ മതപരവും സാമൂഹികവുമായ വൈവിധ്യങ്ങളുണ്ട്. എല്ലാവരും ഒരേ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നവരുമല്ല. എന്നാൽ ഭൂമിയോടും ഭാഷയോടും ചരിത്രത്തോടുമുള്ള ബന്ധം അവരുടെ സാമൂഹിക ജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നാണ്. ഇവരുടെ പ്രശ്നം ഒരു രാജ്യത്തേക്ക് കുടിയേറിയ ന്യൂനപക്ഷത്തിന്റെ പ്രശ്നമല്ല. മറിച്ച് തങ്ങൾ തലമുറകളായി ജീവിച്ചിരുന്ന പ്രദേശത്ത് മറ്റൊരു രാഷ്ട്രം സ്ഥാപിക്കപ്പെട്ടതിനെ തുടർന്ന് ന്യൂനപക്ഷമായി മാറിയ ജനതയുടെ അനുഭവമാണ്. ഈ ചരിത്രപരമായ വ്യത്യാസം അവരുടെ രാഷ്ട്രീയ അവകാശങ്ങൾ സംബന്ധിച്ച ചർച്ചകളിൽ നിർണായകമാണ്.
ഇസ്രയേലിലെ പലസ്തീനികളുടെ ചരിത്രം മനസ്സിലാക്കാനുള്ള പ്രധാനപ്പെട്ട തുടക്കമാണ് 1948. ബ്രിട്ടീഷ് മാൻഡേറ്റ് ഭരണത്തിന്റെ അവസാനഘട്ടത്തിലും ഇസ്രയേൽ രാഷ്ട്രത്തിന്റെ രൂപീകരണത്തോടനുബന്ധിച്ച യുദ്ധത്തിലും ലക്ഷക്കണക്കിന് പലസ്തീനികൾ സ്വന്തം വീടുകളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിൽ നിന്നും പുറത്താക്കപ്പെടുകയോ പലായനം ചെയ്യേണ്ടിവരികയോ ചെയ്തു. പലസ്തീനികൾ ഈ ദുരന്തത്തെ 'നക്ബ' അഥവാ മഹാദുരന്തം എന്നാണ് വിശേഷിപ്പിക്കുന്നത്. ഏകദേശം ഏഴര ലക്ഷം പലസ്തീനികൾ അഭയാർഥികളായതായാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. നൂറുകണക്കിന് പലസ്തീൻ ഗ്രാമങ്ങൾ നശിപ്പിക്കപ്പെടുകയോ ജനവാസം ഇല്ലാതാക്കപ്പെടുകയോ ചെയ്തു. ഭൂമി നഷ്ടപ്പെട്ടവർ ലബനാൻ, സിറിയ, ജോർദാൻ, ഗാസ, വെസ്റ്റ് ബാങ്ക് തുടങ്ങിയ പ്രദേശങ്ങളിലേക്ക് അഭയം തേടി.
ഒരു കുടുംബത്തിലെ ചിലർ ഇസ്രായേലിനുള്ളിലും മറ്റു ചിലർ അതിർത്തിക്കപ്പുറമുള്ള അഭയാർഥി ക്യാമ്പുകളിലും കഴിയേണ്ടിവന്നു. പതിറ്റാണ്ടുകളായി സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചുവരാൻ കഴിയാത്ത ബന്ധുക്കളെക്കുറിച്ചുള്ള ഓർമകൾ അവരുടെ കുടുംബ ചരിത്രത്തിന്റെ ഭാഗമായി. അങ്ങനെ 1948 ഒരു പുതിയ രാഷ്ട്രത്തിന്റെ രൂപീകരണവർഷം മാത്രമായിരുന്നില്ല, ഒരേ ജനതയെ പൗരന്മാർ, അധിനിവേശ പ്രദേശങ്ങളിലെ ജനങ്ങൾ, അഭയാർഥികൾ എന്നിങ്ങനെ വ്യത്യസ്ത രാഷ്ട്രീയ-നിയമപരമായ വിഭാഗങ്ങളായി വേർതിരിച്ച ചരിത്രഘട്ടം കൂടിയായിരുന്നു
എന്നാൽ എല്ലാവരും പലായനം ചെയ്തില്ല. ഏകദേശം ഒന്നര ലക്ഷത്തോളം പലസ്തീനികൾ പിന്നീട് ഇസ്രയേലായി മാറിയ പ്രദേശത്ത് തുടർന്ന് ജീവിച്ചു. അവരും അവരുടെ പിൻതലമുറക്കാരുമാണ് ഇന്നത്തെ ഇസ്രയേലിലെ പലസ്തീൻ പൗരസമൂഹത്തിന്റെ പ്രധാന അടിസ്ഥാനം. ഈ അനുഭവം അവരെ സവിശേഷമായ ഒരു ചരിത്രസാഹചര്യത്തിലാക്കി. ഒരു കുടുംബത്തിലെ ചിലർ ഇസ്രായേലിനുള്ളിലും മറ്റു ചിലർ അതിർത്തിക്കപ്പുറമുള്ള അഭയാർഥി ക്യാമ്പുകളിലും കഴിയേണ്ടിവന്നു. പതിറ്റാണ്ടുകളായി സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചുവരാൻ കഴിയാത്ത ബന്ധുക്കളെക്കുറിച്ചുള്ള ഓർമകൾ അവരുടെ കുടുംബ ചരിത്രത്തിന്റെ ഭാഗമായി. അങ്ങനെ 1948 ഒരു പുതിയ രാഷ്ട്രത്തിന്റെ രൂപീകരണവർഷം മാത്രമായിരുന്നില്ല, ഒരേ ജനതയെ പൗരന്മാർ, അധിനിവേശ പ്രദേശങ്ങളിലെ ജനങ്ങൾ, അഭയാർഥികൾ എന്നിങ്ങനെ വ്യത്യസ്ത രാഷ്ട്രീയ-നിയമപരമായ വിഭാഗങ്ങളായി വേർതിരിച്ച ചരിത്രഘട്ടം കൂടിയായിരുന്നു.
1948-നു ശേഷം ഇസ്രയേലിൽ തുടർന്ന പലസ്തീനികൾക്ക് പിന്നീട് പൗരത്വം ലഭിച്ചെങ്കിലും അതുകൊണ്ട് അവർക്ക് പൂർണമായ സ്വാതന്ത്ര്യവും തുല്യമായ അവകാശങ്ങളും ഉടനടി ലഭിച്ചില്ല. 1948 മുതൽ 1966 വരെ ഭൂരിഭാഗം അറബ് ജനവാസ കേന്ദ്രങ്ങളും സൈനിക ഭരണത്തിന്റെ നിയന്ത്രണത്തിലായിരുന്നു. ഒരു ഗ്രാമത്തിൽ നിന്ന് മറ്റൊന്നിലേക്ക് യാത്ര ചെയ്യുന്നതിനും തൊഴിൽ അന്വേഷിക്കുന്നതിനും സ്വന്തം ഭൂമിയിലേക്ക് പ്രവേശിക്കുന്നതിനും വിവിധ നിയന്ത്രണങ്ങൾ നിലനിന്നിരുന്നു. അനുമതിപത്രങ്ങളും സൈനിക ഉദ്യോഗസ്ഥരുടെ തീരുമാനങ്ങളും സാധാരണ പൗരജീവിതത്തെ നിയന്ത്രിച്ചു.
ഇതിനിടെ ഭൂമിയുടെ ഉടമസ്ഥാവകാശത്തിൽ വലിയ മാറ്റങ്ങളും നടന്നു. 1950-ലെ Absentees' Property Law ഉൾപ്പെടെയുള്ള നിയമങ്ങൾ യുദ്ധകാലത്ത് പുറത്തുപോയവരുടെയും ചില സാഹചര്യങ്ങളിൽ രാജ്യത്തിനുള്ളിൽ തന്നെയുണ്ടായിരുന്നെങ്കിലും സ്വന്തം വീടുകളിൽ നിന്ന് മാറിനിൽക്കേണ്ടിവന്നവരുടെയും സ്വത്തുക്കൾ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാക്കാൻ ഉപയോഗിക്കപ്പെട്ടു. ഇത്തരത്തിലുള്ള നിയമങ്ങൾ പലസ്തീനികളുടെ ഭൂമി ഉടമസ്ഥതയെ ഗണ്യമായി ബാധിച്ചതായി മനുഷ്യാവകാശ സംഘടനയായ അദാല വ്യക്തമാക്കുന്നു.
സ്വന്തം വീടിന് സമീപം ജീവിക്കുമ്പോഴും ആ വീട്ടിലേക്കോ ഭൂമിയിലേക്കോ നിയമപരമായി മടങ്ങാൻ കഴിയാത്തവരുടെ അനുഭവം ഇതിന്റെ ഏറ്റവും വേദനാജനകമായ ഉദാഹരണമാണ്. പൗരത്വരേഖകളിൽ അവർ ഇസ്രയേൽ പൗരന്മാരായിരുന്നെങ്കിലും അവരുടെ ചരിത്രഭൂമിയുമായുള്ള ബന്ധം ഭരണകൂട നിയമങ്ങളുടെ നിയന്ത്രണത്തിലായി. ഇവിടെ ഒരു അടിസ്ഥാന വൈരുധ്യം ഉയർന്നുവന്നു: രാഷ്ട്രത്തിന്റെ പൗരനാകുന്നതും ആ രാഷ്ട്രത്തിൽ തുല്യ സ്ഥാനമുള്ളവനാകുന്നതും ഒരേ കാര്യമല്ല.
1966-ൽ സൈനിക ഭരണം അവസാനിച്ചെങ്കിലും ഇസ്രായേലിലെ പലസ്തീനികൾ നേരിട്ടിരുന്ന വിവേചനവും അവകാശ നിഷേധവും അവസാനിച്ചില്ല. പകരം, ഭൂമിയുടെ ഉടമസ്ഥാവകാശം, പാർപ്പിട നിർമാണം, നഗരാസൂത്രണം, വിഭവവിതരണം, പൗരത്വം തുടങ്ങിയ മേഖലകളിൽ നിയമങ്ങളുടെയും ഭരണനയങ്ങളുടെയും രൂപത്തിൽ അവ തുടർന്നു. ഇസ്രായേലി പൗരത്വവും വോട്ടവകാശവും ഉണ്ടായിരുന്നിട്ടും ജൂത പൗരന്മാർക്ക് ലഭിക്കുന്ന തുല്യമായ അവസരങ്ങളും അവകാശങ്ങളും പലസ്തീനികൾക്ക് പല മേഖലകളിലും നിഷേധിക്കപ്പെട്ടു. ഈ വ്യവസ്ഥാപിത വിവേചനത്തെയാണ് നിരവധി ഗവേഷകരും മനുഷ്യാവകാശ സംഘടനകളും വർണവിവേചനം അഥവാ അപ്പാർത്തീഡ് എന്ന ആശയത്തിലൂടെ വിശകലനം ചെയ്യുന്നത്.
പലസ്തീനികൾ നേരിട്ട വിവേചനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മേഖല ഭൂമിയുടെ ഉടമസ്ഥാവകാശമാണ്. 1950-ലെ Absentees' Property Law പ്രകാരം 1948-ലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വീടുവിട്ടുപോകേണ്ടിവന്ന പലസ്തീനികളുടെ ഭൂമിയും സ്വത്തുക്കളും ഇസ്രായേൽ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാക്കി. രാജ്യത്തിനുള്ളിൽ തന്നെ തുടർന്നെങ്കിലും സ്വന്തം ഗ്രാമങ്ങളിൽ നിന്ന് മാറിത്താമസിക്കേണ്ടിവന്ന നിരവധി പലസ്തീനികൾക്കും ഈ നിയമത്തിന്റെ ഫലമായി ഭൂമി നഷ്ടപ്പെട്ടു. 1953-ലെ Land Acquisition Law ഉൾപ്പെടെയുള്ള നിയമങ്ങളും ഭൂമി ഏറ്റെടുക്കലിന് നിയമപരമായ അടിത്തറയൊരുക്കി. ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ 2021-ലെ പഠനമനുസരിച്ച് വിവിധ നിയമങ്ങളും ഭരണ നടപടികളും ഉപയോഗിച്ച് കുറഞ്ഞത് 4,500 ചതുരശ്ര കിലോമീറ്റർ പലസ്തീൻ ഭൂമി ഇസ്രായേൽ അധികാരികൾ ഏറ്റെടുത്തിട്ടുണ്ട്. 1948-നു മുമ്പ് പലസ്തീനികളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമിയുടെ ഏകദേശം 65–75 ശതമാനത്തിന് തുല്യമായിരുന്നു ഇത്. ഭൂമിയുടെ ഉടമസ്ഥാവകാശം നഷ്ടപ്പെടുത്തുന്നതിൽ മാത്രം ഈ വിവേചനം ഒതുങ്ങിയില്ല. ഭൂമി ഏറ്റെടുക്കലിനൊപ്പം പലസ്തീൻ പട്ടണങ്ങളുടെയും ഗ്രാമങ്ങളുടെയും ഭൂമിശാസ്ത്രപരമായ വികസനവും നിയന്ത്രിക്കപ്പെട്ടു. ഇസ്രയേലിലെ ഭൂമിയുടെ ഏകദേശം 93 ശതമാനം സർക്കാർ നിയന്ത്രണത്തിലുള്ളതാണെങ്കിലും ഭൂരിപക്ഷം ഫലസ്തീൻ പൗരന്മാരും താമസിക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധികാരപരിധി രാജ്യത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ മൂന്ന് ശതമാനത്തിൽ താഴെയാണെന്ന് മനുഷ്യാവകാശ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ജൂത ജനവാസ കേന്ദ്രങ്ങൾക്ക് വിപുലീകരണത്തിനും പുതിയ പാർപ്പിട പദ്ധതികൾക്കും അനുമതി ലഭിക്കുമ്പോൾ നിരവധി പലസ്തീൻ ഗ്രാമങ്ങളിൽ പുതിയ വീടുകൾ നിർമിക്കുന്നതിനുള്ള അനുമതി നേടുന്നത് ദുഷ്കരമായി. ചില പ്രദേശങ്ങൾ കൃഷിഭൂമിയായോ സംരക്ഷിത മേഖലയായോ പ്രഖ്യാപിച്ചതും ഗ്രാമങ്ങളുടെ സ്വാഭാവിക വികസനത്തെ തടസ്സപ്പെടുത്തി. 2011-ലെ Admissions Committees Law ചെറിയ ജനവാസ കേന്ദ്രങ്ങളിൽ താമസക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള കമ്മിറ്റികൾക്ക് നൽകിയ അധികാരങ്ങൾ അറബ് പൗരന്മാരെ ഒഴിവാക്കാൻ ഉപയോഗിക്കപ്പെടാമെന്നും മനുഷ്യാവകാശ സംഘടനകൾ വിമർശിക്കുന്നു.
ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കിടയിലാണ് 1976 മാർച്ച് 30-ന് ചരിത്രപ്രസിദ്ധമായ ഭൂമിദിന പ്രതിഷേധം നടന്നത്. ഗലീലി പ്രദേശത്തെ പലസ്തീനികളുടെ ഭൂമി ഏറ്റെടുക്കാനുള്ള ഭരണകൂട തീരുമാനത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധങ്ങളിൽ ഇസ്രായേൽ സുരക്ഷാ സേനയുടെ നടപടികളിൽ ആറ് പലസ്തീനികൾ കൊല്ലപ്പെട്ടു. ഈ സംഭവം ഇസ്രായേലിലെ പലസ്തീനികളുടെ ദേശീയ ബോധത്തെയും സംഘടിത പ്രതിരോധത്തെയും ശക്തിപ്പെടുത്തിയ നിർണായകമായ വഴിത്തിരിവായി. പിന്നീട് എല്ലാ വർഷവും മാർച്ച് 30 പലസ്തീനികൾ ഭൂമിദിനമായി ആചരിച്ചുവരുന്നു
നെഗേവ് മേഖലയിലെ ബദൂയിൻ പലസ്തീനികളുടെ അനുഭവം ഈ വിവേചനത്തിന്റെ രൂക്ഷത വ്യക്തമാക്കുന്നു. തലമുറകളായി താമസിച്ചിരുന്ന നിരവധി ഗ്രാമങ്ങൾക്ക് ഔദ്യോഗിക അംഗീകാരം നൽകാത്തതിനാൽ വീടുകൾ പൊളിച്ചുമാറ്റപ്പെടുന്നതിന്റെയും വൈദ്യുതി, ജലം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നിഷേധിക്കപ്പെടുന്നതിന്റെയും ഭീഷണിയിലാണ് ജനങ്ങൾ കഴിയുന്നത്. ജനങ്ങളുടെ നിയമപരമായ പൗരത്വം അംഗീകരിക്കപ്പെടുമ്പോഴും അവരുടെ പരമ്പരാഗത താമസ സ്ഥലങ്ങളുടെ അസ്തിത്വം അംഗീകരിക്കപ്പെടാത്ത വൈരുധ്യമാണിത്. ഭൂമിയുമായി ബന്ധപ്പെട്ട ഈ പ്രശ്നങ്ങൾക്കിടയിലാണ് 1976 മാർച്ച് 30-ന് ചരിത്രപ്രസിദ്ധമായ ഭൂമിദിന പ്രതിഷേധം നടന്നത്. ഗലീലി പ്രദേശത്തെ പലസ്തീനികളുടെ ഭൂമി ഏറ്റെടുക്കാനുള്ള ഭരണകൂട തീരുമാനത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധങ്ങളിൽ ഇസ്രായേൽ സുരക്ഷാ സേനയുടെ നടപടികളിൽ ആറ് പലസ്തീനികൾ കൊല്ലപ്പെട്ടു. ഈ സംഭവം ഇസ്രായേലിലെ പലസ്തീനികളുടെ ദേശീയ ബോധത്തെയും സംഘടിത പ്രതിരോധത്തെയും ശക്തിപ്പെടുത്തിയ നിർണായകമായ വഴിത്തിരിവായി. പിന്നീട് എല്ലാ വർഷവും മാർച്ച് 30 പലസ്തീനികൾ ഭൂമിദിനമായി ആചരിച്ചുവരുന്നു. ഭൂമി കേവലം സാമ്പത്തിക സ്വത്തല്ലെന്നും അത് ദേശീയ സ്വത്വത്തിന്റെയും ചരിത്രസ്മൃതിയുടെയും നിലനിൽപ്പിന്റെയും ഭാഗമാണെന്നുമുള്ള രാഷ്ട്രീയ പ്രഖ്യാപനം കൂടിയാണ് ഈ ദിനാചരണം.
ഭൂമിയുടെ ഉടമസ്ഥാവകാശത്തിനപ്പുറം ദേശീയ സ്വത്വത്തിന്റെ നിയമപരമായ അംഗീകാരത്തിലും അസമത്വം നിലനിൽക്കുന്നു. 2018-ൽ ഇസ്രയേൽ പാസാക്കിയ Jewish Nation-State Basic Law ദേശീയ സ്വയംനിർണയാവകാശം ജൂത ജനതയ്ക്ക് മാത്രമായി നിർവചിക്കുകയും അറബി ഭാഷയുടെ ഔദ്യോഗിക പദവിയിൽ മാറ്റം വരുത്തുകയും ചെയ്തു. ജൂത ദേശീയ സ്വത്വത്തിന് ഭരണഘടനാപരമായ മുൻഗണന നൽകുന്ന ഈ നിയമം ഫലസ്തീനികളുടെ കൂട്ടായ ദേശീയ അവകാശങ്ങളെ പാർശ്വവൽക്കരിക്കുന്നുവെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
ഇത്തരം നിയമങ്ങളുടെയും നയങ്ങളുടെയും സമഗ്രമായ ഫലങ്ങളാണ് ഇസ്രയേലിനെ അപ്പാർത്തീഡ് ഭരണവ്യവസ്ഥയായി വിശേഷിപ്പിക്കാൻ നിരവധി പണ്ഡിതന്മാരെയും മനുഷ്യാവകാശ സംഘടനകളെയും പ്രേരിപ്പിച്ചത്. 2021-ൽ പ്രസിദ്ധീകരിച്ച A Threshold Crossed എന്ന റിപ്പോർട്ടിൽ ഹ്യൂമൻ റൈറ്റ്സ് വാച്ച് ഇസ്രായേലി അധികാരികൾ ഫലസ്തീനികൾക്കെതിരെ അപ്പാർത്തീഡും പീഡനവും ഉൾപ്പെടുന്ന മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങൾ നടത്തിയതായി വിലയിരുത്തി. 2022-ൽ ആംനസ്റ്റി ഇന്റർനാഷണലും പലസ്തീനികൾക്കെതിരായ ഇസ്രയേലിന്റെ ഭരണസംവിധാനത്തെ അപ്പാർത്തീഡ് എന്ന് വിശേഷിപ്പിച്ചു. ഇസ്രയേലിനുള്ളിലെ പലസ്തീൻ പൗരന്മാരും അധിനിവേശ പ്രദേശങ്ങളിലെ പലസ്തീനികളും നേരിടുന്ന നിയമപരമായ സാഹചര്യങ്ങളും നിയന്ത്രണങ്ങളുടെ തീവ്രതയും വ്യത്യസ്തമാണെങ്കിലും ജൂത ജനതയ്ക്ക് ഘടനാപരമായ മുൻഗണന നൽകുന്ന വിശാലമായ ഭരണസംവിധാനത്തിന്റെ ഭാഗമായാണ് ഈ വിവേചനങ്ങളെ സംഘടനകൾ വിലയിരുത്തുന്നത്. ഇസ്രയേൽ ഈ അപ്പാർത്തീഡ് ആരോപണങ്ങൾ നിരാകരിക്കുന്നു.

ഈ പശ്ചാത്തലത്തിൽ 2000 ഒക്ടോബറിൽ നടന്ന പലസ്തീൻ പ്രതിഷേധങ്ങൾക്കു നേരെ ഇസ്രയേൽ പൊലീസ് നടത്തിയ വെടിവെപ്പിൽ 13 ഫലസ്തീനികൾ കൊല്ലപ്പെട്ടതും ശ്രദ്ധേയമാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഓർ കമ്മീഷന്റെ കണ്ടെത്തലുകൾ പൊലീസ് നടപടികളിലെ ഗുരുതരമായ വീഴ്ചകൾ വെളിപ്പെടുത്തിയെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കുറ്റപത്രങ്ങൾ സമർപ്പിക്കപ്പെട്ടില്ല. ഇത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വത്തെയും നിയമത്തിനു മുന്നിലുള്ള തുല്യതയെയും സംബന്ധിച്ച ആശങ്കകൾ ശക്തമാക്കി. അതുകൊണ്ടുതന്നെ ഇസ്രയേലിലെ പലസ്തീനികളുടെ പ്രശ്നം കേവലം ഒരു ന്യൂനപക്ഷ സമൂഹം അനുഭവിക്കുന്ന സാമൂഹിക പിന്നാക്കാവസ്ഥയല്ല. മറിച്ച് ഭൂമിയുടെയും വിഭവങ്ങളുടെയും നിയന്ത്രണം, ദേശീയ സ്വത്വത്തിന്റെ അംഗീകാരം, നിയമപരമായ സമത്വം, രാഷ്ട്രീയ അധികാരത്തിലെ പങ്കാളിത്തം എന്നിവയെല്ലാം ഉൾക്കൊള്ളുന്ന ഘടനാപരമായ വിവേചനത്തിന്റെ പ്രശ്നമാണ്. ഔപചാരിക പൗരത്വം നിലനിൽക്കുമ്പോഴും അതിന്റെ പ്രായോഗികമായ തുല്യത നിഷേധിക്കപ്പെടുന്ന ഈ സാഹചര്യത്തിലാണ് പലസ്തീനികളുടെ രാഷ്ട്രീയ പ്രതിരോധവും തിരഞ്ഞെടുപ്പ് വിജയങ്ങളും കൂടുതൽ ചരിത്രപ്രാധാന്യം കൈവരിക്കുന്നത്.
ഇസ്രയേലിലെ പലസ്തീനികൾക്ക് വോട്ടവകാശമുണ്ട്. അവർക്ക് പാർലമെന്റിലേക്ക് മത്സരിക്കാനും പൊതുസ്ഥാപനങ്ങളിൽ പ്രവർത്തിക്കാനും കോടതികളെ സമീപിക്കാനും സാധിക്കും. എന്നാൽ ഈ ഔപചാരിക അവകാശങ്ങൾ നിലനിൽക്കുമ്പോൾത്തന്നെ ഭൂമി ഉടമസ്ഥത, പാർപ്പിടം, വിദ്യാഭ്യാസം, തൊഴിൽ, പൊതുവിഭവങ്ങളുടെ വിതരണം തുടങ്ങിയ മേഖലകളിൽ അസമത്വങ്ങൾ നിലനിൽക്കുന്നതായി മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. പല അറബ് പട്ടണങ്ങളിലും മതിയായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലാത്തതും നഗരവികസനത്തിനും ഭവന നിർമാണത്തിനുമുള്ള നിയന്ത്രണങ്ങളും പ്രധാന പരാതികളാണ്. പ്രത്യേകിച്ച് നെഗേവ് മരുഭൂമിയിലെ ബദൂയിൻ സമൂഹങ്ങളുടെ അംഗീകാരം ലഭിക്കാത്ത ഗ്രാമങ്ങൾ ഭവനങ്ങൾ പൊളിച്ചുമാറ്റപ്പെടുന്നതും അടിസ്ഥാന സേവനങ്ങളുടെ അഭാവവും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നേരിടുന്നു.
ഭൂരിപക്ഷത്തിന്റെ ദേശീയ സ്വത്വത്തെ ഭരണഘടനാപരമായി അംഗീകരിക്കുന്ന ഒരു രാഷ്ട്രത്തിൽ ന്യൂനപക്ഷത്തിന്റെ ദേശീയ സ്വത്വവും തുല്യമായ രാഷ്ട്രീയ സ്ഥാനവും എങ്ങനെ ഉറപ്പാക്കും? തിരഞ്ഞെടുപ്പുകളിൽ പങ്കെടുക്കാനുള്ള അവസരം മാത്രം പോരെന്നും രാജ്യത്തിന്റെ പൊതുസ്വഭാവത്തിലും വിഭവവിതരണത്തിലും തുല്യപരിഗണന ആവശ്യമാണ് എന്നുമാണ് പലസ്തീൻ അവകാശ പ്രസ്ഥാനങ്ങളുടെ വാദം
2018-ൽ ഇസ്രായേൽ പാർലമെന്റ് പാസാക്കിയ ജൂത രാഷ്ട്രനിയമം ഈ അസമത്വത്തെക്കുറിച്ചുള്ള ചർച്ചകൾ കൂടുതൽ ശക്തമാക്കി. ഇസ്രയേലിൽ ദേശീയ സ്വയംനിർണയാവകാശം ജൂത ജനതയ്ക്ക് മാത്രമാണെന്ന് ഈ നിയമം പ്രഖ്യാപിക്കുന്നു. ഹീബ്രുവിനെ രാഷ്ട്രത്തിന്റെ ഭാഷയായി നിർവചിക്കുകയും അറബിക്ക് പ്രത്യേക പദവി നൽകുകയും ചെയ്തു. ഇതിനെ പലസ്തീനികളുടെ തുല്യ പൗരത്വത്തിനും കൂട്ടായ ദേശീയ അവകാശങ്ങൾക്കും എതിരായ നിയമനിർമാണമായി അദാല ഉൾപ്പെടെയുള്ള സംഘടനകൾ വിമർശിക്കുന്നു. അതേസമയം, നിയമത്തെ പിന്തുണയ്ക്കുന്നവർ അതിനെ ഇസ്രയേലിന്റെ ജൂത ദേശീയ സ്വഭാവത്തിന്റെ ഭരണഘടനാപരമായ പ്രഖ്യാപനമായാണ് അവതരിപ്പിക്കുന്നത്. ഇവിടെ ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രശ്നം ഉയർന്നുവരുന്നു. ഭൂരിപക്ഷത്തിന്റെ ദേശീയ സ്വത്വത്തെ ഭരണഘടനാപരമായി അംഗീകരിക്കുന്ന ഒരു രാഷ്ട്രത്തിൽ ന്യൂനപക്ഷത്തിന്റെ ദേശീയ സ്വത്വവും തുല്യമായ രാഷ്ട്രീയ സ്ഥാനവും എങ്ങനെ ഉറപ്പാക്കും? തിരഞ്ഞെടുപ്പുകളിൽ പങ്കെടുക്കാനുള്ള അവസരം മാത്രം പോരെന്നും രാജ്യത്തിന്റെ പൊതുസ്വഭാവത്തിലും വിഭവവിതരണത്തിലും തുല്യപരിഗണന ആവശ്യമാണ് എന്നുമാണ് പലസ്തീൻ അവകാശ പ്രസ്ഥാനങ്ങളുടെ വാദം.
രാഷ്ട്രീയവും നിയമപരവുമായ വെല്ലുവിളികൾക്കിടയിലും ഇസ്രയേലിലെ പലസ്തീനികൾ തങ്ങളുടെ സാംസ്കാരിക സ്വത്വം സംരക്ഷിക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ട്. അറബി ഭാഷ, സാഹിത്യം, കവിത, കല, നാടകം, സംഗീതം, ചരിത്രസ്മരണകൾ എന്നിവയിലൂടെ അവർ സ്വന്തം ദേശീയ പാരമ്പര്യം നിലനിർത്തി. പലസ്തീൻ ദേശീയ സാഹിത്യത്തിലെ പ്രമുഖരായ മഹ്മൂദ് ദർവീശും സമീഹ് അൽ ഖാസിമും ഇസ്രായേലിനുള്ളിലെ പലസ്തീൻ അനുഭവവുമായി ആഴത്തിൽ ബന്ധപ്പെട്ട കവികളായിരുന്നു. പ്രത്യേകിച്ച് ദർവീശിന്റെ കവിതകളിൽ മാതൃഭൂമി, പ്രവാസം, ഓർമ, സ്വത്വം എന്നിവ ആവർത്തിച്ചു വരുന്ന വിഷയങ്ങളാണ്. സ്വന്തം നാട്ടിൽ കഴിയുമ്പോഴും അന്യവൽക്കരണം അനുഭവിക്കേണ്ടിവരുന്ന മനുഷ്യന്റെ വേദന അദ്ദേഹത്തിന്റെ രചനകളിൽ പ്രതിഫലിക്കുന്നു. സാംസ്കാരിക പ്രവർത്തനങ്ങൾ ഇവിടെ രാഷ്ട്രീയ പ്രതിരോധത്തിന്റെ ഭാഗം കൂടിയാണ്. ചരിത്രം മറക്കാതിരിക്കുക, ഗ്രാമങ്ങളുടെ പേരുകൾ ഓർമിക്കുക, അറബി ഭാഷയെ തലമുറകളിലേക്ക് കൈമാറുക, നക്ബയുടെ അനുഭവങ്ങൾ രേഖപ്പെടുത്തുക എന്നിവയെല്ലാം ദേശീയ സ്വത്വത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു.
അതേസമയം, ഇസ്രയേലിലെ പലസ്തീൻ സമൂഹം വിദ്യാഭ്യാസം, വൈദ്യശാസ്ത്രം, നിയമം, മാധ്യമപ്രവർത്തനം, കല തുടങ്ങിയ മേഖലകളിലും ശ്രദ്ധേയമായ മുന്നേറ്റങ്ങൾ കൈവരിച്ചിട്ടുണ്ട്. അതിനാൽ അവരുടെ ചരിത്രത്തെ ദുരിതങ്ങളുടെ മാത്രം ചരിത്രമായി കാണാനാവില്ല. പ്രതികൂല സാഹചര്യങ്ങൾക്കിടയിൽ സ്ഥാപനങ്ങളും ബൗദ്ധിക പാരമ്പര്യവും രാഷ്ട്രീയ പ്രസ്ഥാനങ്ങളും വളർത്തിയെടുത്ത ഒരു ജനതയുടെ ചരിത്രം കൂടിയാണത്. ഇസ്രയേലിലെ പലസ്തീനികളുടെ രാഷ്ട്രീയ ചരിത്രം ഏകീകൃതമായ ഒന്നല്ല. ഇടതുപക്ഷ രാഷ്ട്രീയം, പലസ്തീൻ ദേശീയവാദം, ഇസ്ലാമിക രാഷ്ട്രീയ പ്രസ്ഥാനം, പ്രായോഗികമായ ഭരണ പങ്കാളിത്തം തുടങ്ങിയ വ്യത്യസ്ത സമീപനങ്ങൾക്കിടയിൽ അവർ രാഷ്ട്രീയ സംവാദങ്ങൾ നടത്തി. ഹദാഷ്, തഅൽ, ബലദ്, റഅം തുടങ്ങിയ കക്ഷികൾ പലസ്തീൻ പൗരസമൂഹത്തിലെ വ്യത്യസ്ത രാഷ്ട്രീയ ധാരകളെ പ്രതിനിധീകരിക്കുന്നു. ചിലർ ജൂത-അറബ് സഹകരണത്തിനും സാമൂഹിക സമത്വത്തിനും ഊന്നൽ നൽകുമ്പോൾ മറ്റു ചിലർ പലസ്തീൻ ദേശീയ സ്വത്വത്തിനും സ്വയംനിർണയാവകാശത്തിനും കൂടുതൽ പ്രാധാന്യം നൽകുന്നു.
2021-ൽ മൻസൂർ അബ്ബാസിന്റെ നേതൃത്വത്തിലുള്ള റഅം ഇസ്രയേലിലെ ഭരണ സഖ്യത്തിൽ അംഗമായി. അറബ് നേതൃത്വത്തിലുള്ള ഒരു രാഷ്ട്രീയ കക്ഷി ഔപചാരികമായി ഭരണ സഖ്യത്തിൽ ചേരുന്ന ആദ്യ സംഭവമായിരുന്നു അത്. വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം, പൊതു സുരക്ഷ, വികസനം തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക നേട്ടങ്ങൾ കൈവരിക്കാമെന്ന പ്രതീക്ഷയായിരുന്നു ഈ സമീപനത്തിന് പിന്നിൽ. എന്നാൽ പലസ്തീൻ പ്രശ്നത്തിന്റെ അടിസ്ഥാന രാഷ്ട്രീയ പരിഹാരമില്ലാതെ ഇസ്രയേൽ ഭരണ സംവിധാനത്തിൽ പങ്കാളികളാകുന്നത് എത്രത്തോളം ഫലപ്രദമാണെന്ന ചോദ്യം അന്നുതന്നെ ഉയർന്നിരുന്നു
2015-ൽ വിവിധ കക്ഷികൾ ചേർന്ന് ജോയിന്റ് ലിസ്റ്റ് രൂപീകരിച്ചത് രാഷ്ട്രീയ ഐക്യത്തിന്റെ പ്രധാനപ്പെട്ട പരീക്ഷണമായിരുന്നു. 2020-ലെ തിരഞ്ഞെടുപ്പിൽ ഈ സഖ്യം 15 സീറ്റുകൾ നേടി ചരിത്ര വിജയം കൈവരിച്ചു. എന്നാൽ പിന്നീട് അഭിപ്രായ വ്യത്യാസങ്ങളും രാഷ്ട്രീയ തന്ത്രങ്ങളിലെ ഭിന്നതകളും സഖ്യത്തെ ദുർബലപ്പെടുത്തി. 2021-ൽ മൻസൂർ അബ്ബാസിന്റെ നേതൃത്വത്തിലുള്ള റഅം ഇസ്രയേലിലെ ഭരണ സഖ്യത്തിൽ അംഗമായി. അറബ് നേതൃത്വത്തിലുള്ള ഒരു രാഷ്ട്രീയ കക്ഷി ഔപചാരികമായി ഭരണ സഖ്യത്തിൽ ചേരുന്ന ആദ്യ സംഭവമായിരുന്നു അത്. വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം, പൊതു സുരക്ഷ, വികസനം തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക നേട്ടങ്ങൾ കൈവരിക്കാമെന്ന പ്രതീക്ഷയായിരുന്നു ഈ സമീപനത്തിന് പിന്നിൽ. എന്നാൽ പലസ്തീൻ പ്രശ്നത്തിന്റെ അടിസ്ഥാന രാഷ്ട്രീയ പരിഹാരമില്ലാതെ ഇസ്രയേൽ ഭരണ സംവിധാനത്തിൽ പങ്കാളികളാകുന്നത് എത്രത്തോളം ഫലപ്രദമാണെന്ന ചോദ്യം അന്നുതന്നെ ഉയർന്നിരുന്നു. ഇങ്ങനെ ഭരണകൂടത്തിനകത്തുനിന്നുള്ള പരിഷ്കരണവും ദേശീയ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത പ്രതിപക്ഷ പ്രവർത്തനവും തമ്മിലുള്ള സംവാദം പലസ്തീൻ രാഷ്ട്രീയത്തിന്റെ പ്രധാന സവിശേഷതയായി തുടരുന്നു.
2026-ലെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ പ്രധാന വിശദീകരണം അറബ് വോട്ടർമാരുടെ അസാധാരണമായ പങ്കാളിത്തമാണ്. ഇസ്രായേൽ ഡെമോക്രസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനമനുസരിച്ച്, അറബ്-ഡ്രൂസ് ജനവാസപ്രദേശങ്ങളിലെ പോളിങ് ഏകദേശം 77 ശതമാനത്തിലെത്തി. 2022-ൽ ഇത് 53.2 ശതമാനമായിരുന്നു. ഈ കണക്കിൽ മിശ്രനഗരങ്ങളിലെ അറബ് വോട്ടർമാർ ഉൾപ്പെട്ടിട്ടില്ലെന്ന പരിമിതിയും പഠനം വ്യക്തമാക്കുന്നുണ്ട്. നെഗേവിലെ ബദൂയിൻ സമൂഹത്തിൽ പങ്കാളിത്തം ഏകദേശം 51 ശതമാനത്തിൽനിന്ന് 80 ശതമാനത്തിനടുത്തെത്തി, ഔദ്യോഗിക അംഗീകാരമില്ലാത്ത ഗ്രാമങ്ങളിൽ ഏകദേശം 38 ശതമാനത്തിൽനിന്ന് 74 ശതമാനമായി ഉയർന്നു. 19 സീറ്റുകളുടെ രാഷ്ട്രീയ പശ്ചാത്തലം ഈ ജനകീയ മുന്നേറ്റമാണ്. ഇത് സാധാരണ തിരഞ്ഞെടുപ്പ് ആവേശം മാത്രമായി കാണാനാവില്ല. അറബ് പ്രദേശങ്ങളിൽ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ, പൊതുസുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ, ഭവനങ്ങൾ പൊളിച്ചുമാറ്റൽ, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, തീവ്രവലതുപക്ഷ നേതാക്കളുടെ ഭാഷയും നയങ്ങളും, 2023 ഒക്ടോബറിനു ശേഷമുള്ള രാഷ്ട്രീയ സമ്മർദങ്ങൾ എന്നിവ വോട്ടർമാരുടെ നിലപാടുകളെ സ്വാധീനിച്ചതായി വിവിധ പഠനങ്ങളും റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു. സ്വന്തം ജീവിതത്തെ ബാധിക്കുന്ന തീരുമാനങ്ങളിൽ സ്വാധീനം ചെലുത്താനുള്ള ശ്രമമായിരുന്നു പലർക്കും വോട്ടെടുപ്പ്. അതിനാൽ ഈ മുന്നേറ്റം ഭരണകൂടത്തോടുള്ള പ്രതിഷേധം മാത്രമല്ല; രാഷ്ട്രീയമായി നിശ്ശബ്ദരാകാൻ തയ്യാറല്ലെന്ന പ്രഖ്യാപനം കൂടിയാണ്.
ജോയിന്റ് ലിസ്റ്റും റഅമും വ്യത്യസ്ത രാഷ്ട്രീയ സമീപനങ്ങളുള്ള കക്ഷികളാണ്. എന്നിരുന്നാലും ആകെ 19 സീറ്റുകൾ അവർക്ക് മുമ്പിലില്ലാത്ത രീതിയിൽ ഭരണരൂപീകരണ ചർച്ചകളിൽ ഇടപെടാൻ അവസരം നൽകി. നെതന്യാഹുവിന്റെ സഖ്യകക്ഷികൾക്ക് 61 എന്ന പരിധിയിലെത്താൻ കഴിയാതിരുന്നതോടൊപ്പം, എതിർചേരിക്ക് ആവശ്യമായ സംഖ്യ ഉറപ്പാക്കുന്നതിലും അവരുടെ പങ്ക് മുന്നിലെത്തി. എണ്ണം വർധിച്ചതുകൊണ്ടുമാത്രം രാഷ്ട്രീയ സ്വീകാര്യത ഉറപ്പാകില്ലെന്നതാണ് ഇതിനോടുള്ള പ്രതികരണങ്ങൾ വെളിപ്പെടുത്തിയത്.
നവംബർ 5-ന് ജോയിന്റ് ലിസ്റ്റ് പ്രസിഡന്റിനെ കണ്ടു ഐസൻകോട്ടിന് സർക്കാർ രൂപീകരണച്ചുമതല നൽകണമെന്ന് ശുപാർശ ചെയ്തു. റഅമും ഐസൻകോട്ടിന് അനുകൂലമായി നിലകൊണ്ടതോടെ, അദ്ദേഹത്തിന് 67 ശുപാർശകൾ ലഭിച്ചു. നെതന്യാഹുവിന്റെ ലിക്കുഡ് 27 സീറ്റോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നെങ്കിലും, രാഷ്ട്രപതി വ്യക്തിഗത കക്ഷിയുടെ വലുപ്പമല്ല, സർക്കാർ രൂപീകരിക്കാനുള്ള സാധ്യതയാണ് പരിഗണിച്ചത്. 2026 നവംബർ 8-ന് ഐസൻകോട്ടിന് ഔദ്യോഗികമായി ചുമതല നൽകിയ തീരുമാനം പലസ്തീൻ പാർലമെന്റ് അംഗങ്ങളുടെ വോട്ടിനും ശുപാർശയ്ക്കും പുതിയ രാഷ്ട്രീയഭാരം ഉണ്ടെന്ന് തെളിയിച്ചു. എങ്കിലും രാഷ്ട്രപതിയോട് ശുപാർശ നൽകിയ 67 അംഗങ്ങൾ സ്ഥിരമായ ഭരണസഖ്യമായി രൂപപ്പെട്ടിട്ടില്ല. ഐസൻകോട്ടിന്റെ സഖ്യത്തിൽ തന്നെ അറബ് കക്ഷികളെ ആശ്രയിക്കുന്ന സർക്കാരിനോട് എതിർപ്പുള്ള നേതാക്കളുണ്ട്. പലസ്തീൻ ദേശീയ അവകാശങ്ങൾ, സയണിസത്തോടുള്ള നിലപാട്, ഗസ്സയെക്കുറിച്ചുള്ള രാഷ്ട്രീയ വീക്ഷണം എന്നിവയിൽ കാര്യമായ ഭിന്നതകൾ നിലനിൽക്കുന്നു. മറുവശത്ത്, 48 അംഗ എതിർചേരി 13 സീറ്റുകളുള്ള ഷാസ്, യുണൈറ്റഡ് തോറ ജൂതായിസം എന്നീ അൾട്രാ-ഓർത്തഡോക്സ് കക്ഷികളുമായി ചേർന്നാൽ ഗണിതപരമായി 61 സീറ്റിന്റെ ഭൂരിപക്ഷം ലഭിക്കും. എന്നാൽ നിർബന്ധിത സൈനികസേവനം പോലുള്ള വിഷയങ്ങളിൽ ഐസൻകോട്ടിന്റെ നിലപാടുകളും ഈ കക്ഷികളുടെ ആവശ്യങ്ങളും തമ്മിൽ വലിയ തർക്കമുണ്ട്. നെതന്യാഹുവിന്റെ ലിക്കുഡുമായി സഹകരിക്കുന്ന സാധ്യതയും രാഷ്ട്രീയമായി സങ്കീർണമാണ്.
നവംബർ 10-ന് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ, ഐസൻകോട്ടിന്റെ ചേരിയും അറബ് കക്ഷികളും ചേർന്ന ഭൂരിപക്ഷത്തിന്റെ പിന്തുണയോടെ നവംബർ 11-ന് റോയ് ഫോൾക്മാനെ പാർലമെന്റിലെ സുപ്രധാനമായ അറേഞ്ച്മെന്റ്സ് കമ്മിറ്റിയുടെ അധ്യക്ഷനായി തെരഞ്ഞെടുത്തു. സ്പീക്കർ സ്ഥാനത്ത് ലിക്കുഡിന്റെ അമീർ ഒഹാനയ്ക്ക് പകരം യഷാറിന്റെ മതാൻ കഹാനയെ കൊണ്ടുവരാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്
ഐസൻകോട്ടിന് ഡിസംബർ 6 വരെയാണ് ആദ്യം അനുവദിച്ച 28 ദിവസത്തെ സമയം. രാഷ്ട്രപതിക്ക് പരമാവധി 14 ദിവസം കൂടി നീട്ടിനൽകാം. അതിനുള്ളിൽ ഭൂരിപക്ഷം ഉറപ്പാക്കാൻ കഴിയാത്തപക്ഷം മറ്റൊരു നേതാവിന് അവസരം നൽകുന്നതിനോ വീണ്ടും തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനോ വഴി തുറന്നേക്കാം. അതിനാൽ “പുതിയ സർക്കാർ രൂപീകരിച്ചു” എന്ന വിലയിരുത്തൽ ഇപ്പോൾ ശരിയല്ല. സർക്കാർ രൂപീകരിക്കാനുള്ള അധികാരം ആർക്കു ലഭിച്ചു, ഭരണത്തിൽ ആരെ ഉൾപ്പെടുത്തും, ആരുടെ പിന്തുണയിലാണ് ആ സർക്കാർ നിലനിൽക്കുക—ഇവയാണ് ഇതുവരെ തീർപ്പാകാത്ത പ്രശ്നങ്ങൾ. പുതിയ മന്ത്രിസഭ ഉണ്ടാകുന്നതിനുമുമ്പുതന്നെ ഈ തെരഞ്ഞെടുപ്പ് ഫലം നെസെറ്റിന്റെ പ്രവർത്തനത്തെ സ്വാധീനിച്ചു തുടങ്ങി. നവംബർ 10-ന് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ, ഐസൻകോട്ടിന്റെ ചേരിയും അറബ് കക്ഷികളും ചേർന്ന ഭൂരിപക്ഷത്തിന്റെ പിന്തുണയോടെ നവംബർ 11-ന് റോയ് ഫോൾക്മാനെ പാർലമെന്റിലെ സുപ്രധാനമായ അറേഞ്ച്മെന്റ്സ് കമ്മിറ്റിയുടെ അധ്യക്ഷനായി തെരഞ്ഞെടുത്തു. സ്പീക്കർ സ്ഥാനത്ത് ലിക്കുഡിന്റെ അമീർ ഒഹാനയ്ക്ക് പകരം യഷാറിന്റെ മതാൻ കഹാനയെ കൊണ്ടുവരാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. 2023 ഒക്ടോബർ ഏഴിലെ ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണം, പ്രധാനമന്ത്രിയുടെ കാലാവധിക്കുള്ള നിയന്ത്രണങ്ങൾ, നീതിന്യായ സംവിധാനവുമായി ബന്ധപ്പെട്ട മുൻ സർക്കാരിന്റെ നടപടികൾ പുനഃപരിശോധിക്കൽ തുടങ്ങിയ വിഷയങ്ങൾ പരിഗണിക്കപ്പെടുന്നു.
ഇവിടെ പ്രത്യേകം തിരിച്ചറിയേണ്ട ഒരു രാഷ്ട്രീയ വ്യത്യാസമുണ്ട്. അറബ് അംഗങ്ങളുടെ പിന്തുണ ഉപയോഗിച്ച് പാർലമെന്റിന്റെ നടപടിക്രമങ്ങൾ നിയന്ത്രിക്കാൻ ചില കക്ഷികൾക്ക് താത്പര്യമുണ്ടാകാം; എന്നാൽ അതേ അംഗങ്ങളെ സർക്കാർ പങ്കാളികളായി അംഗീകരിക്കുന്നതിൽ അവർ മടിക്കുന്നു. അറബ് പാർട്ടികളുടെ പിന്തുണയുള്ള സർക്കാരിനെതിരെ നെതന്യാഹുവും മറ്റു വലതുപക്ഷ നേതാക്കളും പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. അറബ് വോട്ടുകളിൽ വ്യാപക കൃത്രിമം നടന്നു എന്ന നെതന്യാഹുവിന്റെ ആരോപണങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തെ മാറ്റിയെന്നതിന് സ്ഥിരീകരിച്ച തെളിവുകളില്ലെന്ന വിവരവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഒരു വിഭാഗത്തിന്റെ വോട്ടുകൾ സാധുവായി അംഗീകരിച്ചശേഷം, ഭരണത്തിൽ അതിന്റെ സ്വാധീനം പ്രതിസന്ധിയാക്കുന്ന സമീപനം ജനാധിപത്യത്തിന്റെ ഉൾക്കൊള്ളൽശേഷിയെക്കുറിച്ചുള്ള അടിസ്ഥാന ചോദ്യമാണ് ഉയർത്തുന്നത്.
ഇസ്രയേലിനുള്ളിലെ പലസ്തീനികളുടെ രാഷ്ട്രീയ അനുഭവത്തെ ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും സംഭവങ്ങളിൽ നിന്ന് പൂർണമായി വേർതിരിക്കാനാവില്ല. നിയമപരമായി അവർ വ്യത്യസ്ത വിഭാഗങ്ങളാണ്. ഇസ്രയേലിലെ പലസ്തീൻ പൗരന്മാർക്ക് ഇസ്രയേൽ തിരഞ്ഞെടുപ്പിൽ വോട്ടവകാശമുണ്ട്. അധിനിവേശ വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും ഭൂരിഭാഗം പലസ്തീനികൾക്ക് ആ അവകാശമില്ല. എന്നാൽ ഈ നിയമപരമായ വ്യത്യാസങ്ങൾ അവരുടെ ചരിത്രപരവും കുടുംബപരവും സാംസ്കാരികവുമായ ബന്ധങ്ങളെ ഇല്ലാതാക്കുന്നില്ല.
2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണവും അതിനെത്തുടർന്നുള്ള ഇസ്രയേലിന്റെ ഗാസയിലെ സൈനിക നടപടികളും ഇരു സമൂഹങ്ങൾക്കുമിടയിലെ ബന്ധങ്ങളെ കൂടുതൽ സങ്കീർണമാക്കി. ഗാസയിലെ മാനുഷിക ദുരന്തത്തിൽ ആശങ്ക പ്രകടിപ്പിക്കുന്നതിനൊപ്പം സ്വന്തം പൗരാവകാശങ്ങളും സുരക്ഷയും സംരക്ഷിക്കേണ്ട സാഹചര്യം ഇസ്രയേലിലെ പലസ്തീനികൾ നേരിട്ടു. ഈ സാഹചര്യത്തിൽ സമാധാനം, വെടിനിർത്തൽ, തുല്യ പൗരത്വം, പലസ്തീൻ രാഷ്ട്ര അവകാശം എന്നിവയെക്കുറിച്ചുള്ള അവരുടെ രാഷ്ട്രീയ നിലപാടുകൾക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചു.
2026-ലെ തിരഞ്ഞെടുപ്പിന് ശേഷമുള്ള ഭരണചർച്ചകളിൽ ഗാസയുടെ ഭാവിയും വെസ്റ്റ് ബാങ്കിലെ സാഹചര്യങ്ങളും പശ്ചാത്തല വിഷയങ്ങളല്ല. വിവിധ കക്ഷികളെ തമ്മിൽ വേർതിരിക്കുന്ന അടിസ്ഥാന രാഷ്ട്രീയ ചോദ്യങ്ങളാണ്. ഗാസയിലെ യുദ്ധാനന്തര ഭരണം, സുരക്ഷ, മനുഷ്യാവകാശങ്ങൾ, പലസ്തീനികളുടെ ദേശീയ അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ അന്തിമമായ ധാരണയില്ലാതെ ഭരണസഖ്യം രൂപീകരിക്കുക പ്രയാസകരമായേക്കും. ഇസ്രയേലിലെ പലസ്തീൻ പൗരന്മാർക്ക് വോട്ടവകാശം ഉണ്ടെന്നത് ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും പലസ്തീനികളുടെ രാഷ്ട്രീയ അവകാശനിഷേധങ്ങളെ ഇല്ലാതാക്കുന്നില്ല. എന്നാൽ അവരെക്കുറിച്ചുള്ള ചർച്ചകൾ നെസെറ്റിനുള്ളിൽ കൂടുതൽ ശക്തമായി ഉയർത്താനുള്ള രാഷ്ട്രീയ സാധ്യത ഈ പുതിയ കക്ഷിബലത്തിൽ ഉണ്ടാകാം.
2026-ലെ തിരഞ്ഞെടുപ്പ് ഫലവും തുടർന്ന് നടന്ന രാഷ്ട്രപതിയുടെ തീരുമാനവും ഇസ്രായേലിലെ പലസ്തീനികളുടെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായമാണ്. 1948-ൽ സ്വന്തം നാട്ടിൽ ന്യൂനപക്ഷമായി മാറിയ ജനതയുടെ പിൻതലമുറകൾ പാർലമെന്റിൽ ചരിത്രത്തിലേറെ സീറ്റുകൾ നേടി; പ്രധാനമന്ത്രി ആരാകണമെന്ന ചോദ്യം നിർണയിക്കുന്ന നടപടിയിലും പങ്കുവഹിച്ചു; പുതിയ നെസെറ്റിന്റെ പ്രാരംഭ പ്രവർത്തനങ്ങളെയും സ്വാധീനിച്ചു. എന്നാൽ ഇതൊന്നും ഇതുവരെ ഭൂമി, പാർപ്പിടം, പൊതുസുരക്ഷ, വിദ്യാഭ്യാസം, ദേശീയ സ്വത്വം, നിയമത്തിനു മുന്നിലുള്ള തുല്യത തുടങ്ങിയ മേഖലകളിലെ ഘടനാപരമായ പ്രശ്നങ്ങൾ പരിഹരിച്ചിട്ടില്ല. ഇവിടെയാണ് തിരഞ്ഞെടുപ്പ് വിജയത്തിന്റെയും യഥാർഥ രാഷ്ട്രീയ മുന്നേറ്റത്തിന്റെയും വ്യത്യാസം. ഭരണകൂടത്തെ മാറ്റാനുള്ള ഭൂരിപക്ഷത്തിൽ പങ്കാളികളാകാൻ അവസരമുണ്ടെന്നത് ഒരുതരം അധികാരമാണ്. എന്നാൽ പുതിയ നയങ്ങൾ രൂപപ്പെടുത്താനും ധനവിഹിതത്തിലും അവകാശസംരക്ഷണത്തിലും മാറ്റം വരുത്താനും കഴിയുക മറ്റൊരു തലത്തിലുള്ള അധികാരമാണ്. അടുത്ത സർക്കാർ എങ്ങനെ രൂപപ്പെടുന്നു എന്നതിലുപരി, അതിൽ പലസ്തീൻ പൗരന്മാരുടെ ആവശ്യങ്ങൾക്കു ലഭിക്കുന്ന സ്ഥാനം എന്തെന്നതാണ് വിജയത്തിന്റെ യഥാർഥ അളവുകോൽ.

പലസ്തീൻ പാർട്ടികളുടെ വ്യത്യസ്ത രാഷ്ട്രീയ ദർശനങ്ങൾ തുടരുമ്പോഴും, സാമൂഹിക സമത്വം, അക്രമങ്ങളിൽനിന്നുള്ള സുരക്ഷ, ഭവനാവകാശം, ഭാഷയും സംസ്കാരവും, ഭൂമിയുടെ സംരക്ഷണം എന്നീ വിഷയങ്ങളിൽ പൊതുവായ പ്രവർത്തനപദ്ധതി രൂപപ്പെടുത്താൻ അവർക്കു കഴിയുമോ എന്നതും നിർണായകമായിരിക്കും. ഇസ്രയേലിന്റെ ജനാധിപത്യാവകാശവാദത്തിന്റെ വിശ്വാസ്യത പരിശോധിക്കപ്പെടുന്നത് എല്ലാ പൗരന്മാർക്കും വോട്ടവകാശമുണ്ടോ എന്ന ചോദ്യത്തിൽ മാത്രം അല്ല; ആ വോട്ടുകൾക്കു തുല്യമായ രാഷ്ട്രീയ വിലയും അവയുടെ പ്രതിനിധികൾക്കു യഥാർഥ പങ്കാളിത്തവും ലഭിക്കുന്നുണ്ടോ എന്നതിലുമാണ്.
19 സീറ്റുകളുടെ വിജയം ആ ചരിത്രത്തിന്റെ അവസാനമല്ല, മറിച്ച് രാഷ്ട്രം അംഗീകരിക്കുന്ന വോട്ടിനെയും അത് പലപ്പോഴും പരിമിതപ്പെടുത്താൻ ശ്രമിക്കുന്ന രാഷ്ട്രീയ അധികാരത്തെയും തമ്മിൽ ബന്ധിപ്പിക്കാനുള്ള പുതിയ സമരത്തിന്റെ തുടക്കമാണ്. ഭരണരൂപീകരണത്തിലെ ഈ പരീക്ഷണത്തിന്റെ ഫലം എന്തായാലും, ഇസ്രയേലിലെ പലസ്തീനികൾ ഇനി രാഷ്ട്രീയ സമവാക്യങ്ങളിലെ അവഗണിക്കാവുന്ന സാന്നിധ്യമല്ലെന്ന് 2026-ലെ തിരഞ്ഞെടുപ്പ് തെളിയിച്ചിരിക്കുന്നു
നക്ബയുടെ മുറിവുകൾ, സൈനിക ഭരണത്തിന്റെ ഓർമകൾ, ഭൂമി നഷ്ടം, അസമമായ പൗരത്വത്തിന്റെ അനുഭവങ്ങൾ—ഇവയെല്ലാം അതിജീവിച്ചാണ് പലസ്തീനികൾ ഇന്നത്തെ രാഷ്ട്രീയസ്ഥാനത്തെത്തിയത്. 19 സീറ്റുകളുടെ വിജയം ആ ചരിത്രത്തിന്റെ അവസാനമല്ല, മറിച്ച് രാഷ്ട്രം അംഗീകരിക്കുന്ന വോട്ടിനെയും അത് പലപ്പോഴും പരിമിതപ്പെടുത്താൻ ശ്രമിക്കുന്ന രാഷ്ട്രീയ അധികാരത്തെയും തമ്മിൽ ബന്ധിപ്പിക്കാനുള്ള പുതിയ സമരത്തിന്റെ തുടക്കമാണ്. ഭരണരൂപീകരണത്തിലെ ഈ പരീക്ഷണത്തിന്റെ ഫലം എന്തായാലും, ഇസ്രയേലിലെ പലസ്തീനികൾ ഇനി രാഷ്ട്രീയ സമവാക്യങ്ങളിലെ അവഗണിക്കാവുന്ന സാന്നിധ്യമല്ലെന്ന് 2026-ലെ തിരഞ്ഞെടുപ്പ് തെളിയിച്ചിരിക്കുന്നു.
Content Highlights: From the trauma of the 1948 Nakba to growing political participation, the story of Palestinians in Israel reflects their continuing struggle for identity, rights and political representation.