സഹോദരൻ അയ്യപ്പൻ മുതൽ മഅ്ദനിയിലൂടെ കറുത്ത ജൂതരുടെ ജീവിതം വരെ; സലിം കുമാർ ചേർത്ത് പിടിച്ച പ്രതിരോധ പക്ഷങ്ങൾ

കറുത്തവനോടും ദളിതനോടും മണ്ണില്‍പണിയെടുക്കുന്നവരോടും നീതിനിഷേധിക്കപ്പെടുന്നവരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 'ജീവിച്ച' എത്ര സിനിമാതാരങ്ങളെ നമുക്ക് അടയാളപ്പെടുത്താന്‍ കഴിയുമെന്ന ചോദ്യത്തിന് മുന്നിലാണ് സലിം കുമാര്‍ വ്യത്യസ്താകുന്നത്

സഹോദരൻ അയ്യപ്പൻ മുതൽ മഅ്ദനിയിലൂടെ കറുത്ത ജൂതരുടെ ജീവിതം വരെ; സലിം കുമാർ ചേർത്ത് പിടിച്ച പ്രതിരോധ പക്ഷങ്ങൾ
dot image

മലയാള സിനിമയില്‍ ചിരിയുടെ അരങ്ങ് ഒരുക്കിയപ്പോഴും ജീവിതവീക്ഷണം കൊണ്ടും നിലപാട് കൊണ്ടും അരികുവത്കരിക്കപ്പെട്ടവരോട് ചേര്‍ന്ന് നിന്ന കലാകാരനായിരുന്നു സലിം കുമാര്‍. ജാതിക്കും മതത്തിനും അതീതമാണ് തന്റെ ജീവിതവീക്ഷണം എന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍ സലിം കുമാര്‍ ഒരിക്കലും മടിച്ചിട്ടില്ല. സ്വന്തം പേരിന്റെ വേര് ചെന്നെത്തി നില്‍ക്കുന്ന സാമൂഹിക പരിഷ്‌കരണത്തിന്റെ ഒരേടിനെ പകര്‍ത്തിയെഴുതുന്നതാകണം തന്റെ ജീവിതം എന്ന ദൃഢനിശ്ചയം ജീവിതകാലത്തുടനീളം സലിം കുമാറിനുണ്ടായിരുന്നു. സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ള ജീവിതം അനുഭവിച്ചറിഞ്ഞു വന്ന സലിം കുമാര്‍ അവിടെ കാലുറപ്പിച്ച് നിന്നാണ് ഉയരങ്ങളിലേയ്ക്ക് വളര്‍ന്നത്.

ജീവിതത്തിന്റെ കെട്ടകാലത്ത് ഒപ്പം കൂടിയ ബീഡിവലിയെന്ന ശീലം പോലും അത്തരത്തില്‍ വന്നവഴികളുടെ ഓര്‍മ്മപോലെയാണ് സലിം കുമാര്‍ ചേര്‍ത്ത് പിടിച്ചിരുന്നതെന്ന് തോന്നിപ്പോയിട്ടുണ്ട്. ജനിച്ച് വളര്‍ന്ന മണ്ണിന്റെ ജൈവികമായ സ്വാഭാവികതകളെയെല്ലാം ഹൃദയവികാരമായി ഒപ്പം ചേര്‍ത്ത് പിടിച്ച് തന്നെയാണ് സിനിമയുടെ ലൈംലൈറ്റില്‍ തിളങ്ങി നിന്ന മൂന്ന് പതിറ്റാണ്ടിലേറെക്കാലവും സലിം കുമാര്‍ എന്ന അഭിനേതാവ് മുന്നോട്ട് പോയത്. കാമറയ്ക്ക് പിന്നില്‍ അഭിനയിക്കാത്ത പച്ചയായ ഒരു മനുഷ്യനായിരുന്നു സലിം കുമാര്‍ എന്നത് തന്നെയാണ് സലിം കുമാറിനെ വേറിട്ട് നിര്‍ത്തുന്നത്.

സലിം കുമാറിന്റെ ഏറ്റവും വിശാലമായ സാമൂഹിക ബോധം അദ്ദേഹത്തിന്റെ സലിം എന്ന പേരുമായി തന്നെ ചേര്‍ന്ന് കിടക്കുന്നതാണ്. സഹോദരന്‍ അയ്യപ്പന്റെ ജാതിവിരുദ്ധവും വിപ്ലവാത്മകവുമായ ആശയങ്ങള്‍ സ്വാധീനിച്ച ഒരു കാലഘട്ടത്തിന്റെ അടയാളമായി പതിഞ്ഞ പേരിന്റെ വഴിയെ പിന്നീടങ്ങോട്ട് നടക്കാനുള്ള തീരുമാനത്തോട് ജീവിതാവസാനം വരെ ആ ബാലന്‍ നീതിപുലര്‍ത്തി. മതപരപമായ ഒരുചടങ്ങും വേണ്ടെന്ന് നിര്‍ദ്ദേശം നല്‍കി, മത-ജാതി ബോധങ്ങള്‍ക്ക് കീഴ്‌പ്പെടാത്ത 56 വര്‍ഷം നീണ്ട ജീവിതത്തിന്റെ തുറന്ന പുസ്തകം ഇനിയും വായിക്കാന്‍ ബാക്കിയാക്കിയാണ് സലിം മടങ്ങുന്നത്

കറുത്തവനോടും ദളിതനോടും മണ്ണില്‍പണിയെടുക്കുന്നവരോടും നീതിനിഷേധിക്കപ്പെടുന്നവരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 'ജീവിച്ച' എത്ര സിനിമാതാരങ്ങളെ നമുക്ക് അടയാളപ്പെടുത്താന്‍ കഴിയുമെന്ന ചോദ്യത്തിന് മുന്നിലാണ് സലിം കുമാര്‍ വ്യത്യസ്താകുന്നത്. സലിം കുമാറിന്റെ ഏറ്റവും വിശാലമായ സാമൂഹിക ബോധം അദ്ദേഹത്തിന്റെ സലിം എന്ന പേരുമായി തന്നെ ചേര്‍ന്ന് കിടക്കുന്നതാണ്. സഹോദരന്‍ അയ്യപ്പന്റെ ജാതിവിരുദ്ധവും വിപ്ലവാത്മകവുമായ ആശയങ്ങള്‍ സ്വാധീനിച്ച ഒരു കാലഘട്ടത്തിന്റെ അടയാളമായി പതിഞ്ഞ പേരിന്റെ വഴിയെ പിന്നീടങ്ങോട്ട് നടക്കാനുള്ള തീരുമാനത്തോട് ജീവിതാവസാനം വരെ ആ ബാലന്‍ നീതിപുലര്‍ത്തി. മതപരപമായ ഒരുചടങ്ങും വേണ്ടെന്ന് നിര്‍ദ്ദേശം നല്‍കി, മത-ജാതി ബോധങ്ങള്‍ക്ക് കീഴ്‌പ്പെടാത്ത 56 വര്‍ഷം നീണ്ട ജീവിതത്തിന്റെ തുറന്ന പുസ്തകം ഇനിയും വായിക്കാന്‍ ബാക്കിയാക്കിയാണ് സലിം മടങ്ങുന്നത്.

സലിം എന്ന സ്വന്തം പേര് വന്നതിനെക്കുറിച്ച് സലിം കുമാര്‍ തന്നെ പറഞ്ഞിട്ടുണ്ട്. 'സഹോദരന്‍ അയ്യപ്പന് എന്റെ ജീവിതവുമായി ഒരു പ്രത്യേക ബന്ധമുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണം എന്റെ പേര് തന്നെയാണ്. അന്നത്തെ കാലത്ത് നിരവധി ചെറുപ്പക്കാര്‍ സഹോദരന്‍ അയ്യപ്പന്റെ ജാതിവിരുദ്ധവും വിപ്ലവാത്മകവുമായ ആശയങ്ങളില്‍ ആകൃഷ്ടരായിരുന്നു. അതിന്റെ സ്വാധീനഫലമായി അവര്‍ സ്വന്തം മക്കള്‍ക്ക് ജാതിയോ മതമോ തിരിച്ചറിയാന്‍ കഴിയാത്ത പേരുകള്‍ നല്‍കാന്‍ തുടങ്ങി. ഉദാഹരണത്തിന്, സലീം, ജലീല്‍, ജമാല്‍, നൗഷാദ് തുടങ്ങിയ പേരുകള്‍ ഈഴവരായ ഹിന്ദു കുട്ടികള്‍ക്കും നല്‍കപ്പെട്ടു. അത്തരത്തിലുള്ള ഒരു സാമൂഹിക മാറ്റത്തിന്റെ ഭാഗമായാണ് എനിക്കും ''സലിം'' എന്ന പേര് ലഭിച്ചത്'. ഒരു വ്യക്തിയുടെ ജീവിതത്തില്‍ സ്വന്തം പേര് തന്നെ ഏറ്റവും ഉദാത്തമായ മതേതര ബോധ്യത്തിന്റെ അടിസ്ഥാന ശിലയായി മാറിയെന്നാണ് സലിം കുമാര്‍ ഇതിലൂടെ പറഞ്ഞ് വെച്ചത്. പിന്നീട് ജീവിത്തില്‍ ഉടനീളം തന്റെ പേരിനെ കറകളഞ്ഞ മതേതര ചിഹ്നമായി അഭിമാന ബോധത്തോടെ സലിം കുമാര്‍ കൊണ്ടു നടന്നു എന്നതും പ്രധാനമാണ്. സലിം എന്ന പേരിനെ ഹിന്ദുവത്കരിച്ച സിസ്റ്റത്തിന്റെ സങ്കുചിതമായ കാഴ്ചയെക്കുറിച്ചും സ്വതസിദ്ധമായ ബ്ലാക്ക് ഹ്യൂമറിലൂടെ സലിം കുമാര്‍ പ്രതികരിച്ചിട്ടുണ്ട്.

'അങ്ങനെ സലീമിനൊപ്പം കുമാര്‍ കൂടി ചേര്‍ത്ത് എന്നെ ഹിന്ദുവാക്കി. അഞ്ചാം ക്ലാസ് വരെ ഞാന്‍ മുസ്ലീമായിരുന്നു. അഞ്ചാം ക്ലാസിന് ശേഷം ഞാന്‍ വിശാല ഹിന്ദുവായി എന്ന സലിം കുമാറിന്റെ അനുഭവ സാക്ഷ്യം ഏത് കാലത്തും ചിന്തനീയമായ സാമൂഹ്യാക്ഷേപമായി മാറുന്നുണ്ട്

പേരിനൊപ്പം കുമാര്‍ വന്നതിനും കഥയുണ്ട്. ഈ സലിം എന്ന പേരും കൊണ്ട് ചിറ്റാറ്റുപുഴ എല്‍പിഎസില്‍ ചേര്‍ക്കാന്‍ ചെന്നു. അവിടെ വച്ച് സലിം എന്ന പേര് കേട്ടപ്പോള്‍ ഇത് മുസ്ലീം കുട്ടിയുടെ പേര് ആണെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. അച്ഛനും അന്ന് ഇതേ കുറിച്ച് ധാരണ ഉണ്ടായിരുന്നില്ല. അങ്ങനെ അധ്യാപകര്‍ പേരിനൊപ്പം കുമാര്‍ എന്ന് കൂടി ചേര്‍ത്താല്‍ മതിയെന്ന് പറഞ്ഞു. അങ്ങനെ സലീമിനൊപ്പം കുമാര്‍ കൂടി ചേര്‍ത്ത് എന്നെ ഹിന്ദുവാക്കി. അഞ്ചാം ക്ലാസ് വരെ ഞാന്‍ മുസ്ലീമായിരുന്നു. അഞ്ചാം ക്ലാസിന് ശേഷം ഞാന്‍ വിശാല ഹിന്ദുവായി എന്ന സലിം കുമാറിന്റെ അനുഭവ സാക്ഷ്യം ഏത് കാലത്തും ചിന്തനീയമായ സാമൂഹ്യാക്ഷേപമായി മാറുന്നുണ്ട്.

താന്‍ ജീവിക്കുന്ന മണ്ണിനോടും അവിടെ അടയാളപ്പെടുത്തപ്പെടാതെ ജീവിച്ച് മരിച്ച മനുഷ്യരോടുമുള്ള സലിം കുമാറിന്റെ അനുഭാവ പ്രകടനമായിരുന്നു കറുത്ത ജൂതന്‍ എന്ന സിനിമ.

തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച് പ്രധാനവേഷത്തില്‍ അഭിനയിച്ച് സ്വന്തം കുഞ്ഞിനെപ്പോലെ താലോലിച്ച് സലിം കുമാര്‍ പുറത്തിറക്കിയ സിനിമയായിരുന്നു കറുത്ത ജൂതന്‍. സലിം കുമാര്‍ എന്ന വ്യക്തിയുടെ സാമൂഹിക നിലപാട് കൂടി അടയാളപ്പെടുത്തിയിരിക്കുന്ന കലാസൃഷ്ടിയാണത്. മതസൗഹാര്‍ദ്ദം, മാനവികത, മുന്‍വിധികള്‍ക്കെതിരായ വിമര്‍ശനം എന്നിവയെ പ്രമേയമാക്കിയ കറുത്ത ജൂതന്‍ മനുഷ്യനെ മതത്തിന്റെയോ സാമൂഹിക തിരിച്ചറിയലിന്റെയോ അടിസ്ഥാനത്തില്‍ അല്ല, അവന്റെ മാനവിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ കാണണമെന്ന് പ്രേക്ഷകരെ ഓര്‍മ്മപ്പെടുത്തുന്ന സിനിമയാണ്. കറുത്തവന്റെയും ദളിതന്റെയും ജീവിത പരിസരം എല്ലാ സമൂഹങ്ങളിലും ആ സമൂഹം എത്ര ഔന്നിത്യത്തിലാണെന്ന ബോധം ഉണ്ടായിരിക്കുമ്പോള്‍ പോലും ഒരേ പോലെയാണെന്ന് കറുത്ത ജൂതനില്‍ സലിം കുമാര്‍ പറയാതെ പറഞ്ഞിട്ടുണ്ട്.

ഏറ്റവും മികച്ച കഥാകൃത്തിനുള്ള സംസ്ഥാന അവാര്‍ഡ് ഈ സിനിമയ്ക്ക് സലിം കുമാറിന് ലഭിച്ചിരുന്നു. അവാര്‍ഡ് പ്രഖ്യാപിക്കപ്പെട്ടതിന് ശേഷമാണ് കറുത്ത ജൂതന്‍ തീയറ്ററുകളിലേയ്ക്ക് എത്തിയത്. കറുത്ത ജൂതന്റെ റിലീസുമായി ബന്ധപ്പെട്ട് സലിം കുമാര്‍ പങ്കുവെച്ച ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സിനിമയുടെ രാഷ്ട്രീയ-സാമൂഹിക-ചരിത്ര പ്രാധാന്യം വരച്ചിട്ടുണ്ട്. ചരിത്രത്തിലായാലും ജീവിതത്തിലായാലും കറുത്തവന്‍ എന്നും കറുത്തവന്‍ തന്നെ എന്ന ലോകസത്യം ഇവരിലൂടെ ഒരിക്കല്‍കൂടി യാഥാര്‍ഥ്യമാവുകയായിരുന്നു എന്ന സലിം കുമാറിന്റെ വിലയിരുത്തല്‍ തന്നെയാണ് കറുത്ത ജൂതന്‍ എന്ന സിനിമയുടെ ഉള്‍ക്കാമ്പ്.

ജൂത സമൂഹത്തിലെ വര്‍ണ്ണവിവേചനത്തിന്റെ ഒരു ചരിത്രസത്യത്തെ ചോദ്യചിഹ്നം പോലെ സലിം കുമാര്‍ അന്ന് ആ പോസ്റ്റിലൂടെ മലയാളിക്ക് മുന്നില്‍ അടയാളപ്പെടുത്തിയിരുന്നു. പാര്‍ശ്വവത്കരിക്കപ്പെടുന്ന ഒരു ജനതയുടെ എഴുതപ്പെടാതെ പോയ ചരിത്രം ചൂണ്ടികാണിക്കുമ്പോഴെല്ലാം അതിനോടുണ്ടാകാറുള്ള പൊതുപ്രതികരണങ്ങളുടെ അതേ നിസംഗതയോടെയാണ് പക്ഷെ സലിം കുമാര്‍ മുന്നോട്ടുവെച്ച ചര്‍ച്ചയും അവഗണിക്കപ്പെട്ട് പോയത്.

കറുത്ത ജൂതന്‍ എന്ന സിനിമ എങ്ങനെ ഉണ്ടായി എന്ന ആ പോസ്റ്റില്‍ സലിം കുമാര്‍ വ്യക്തമാക്കുന്നുണ്ട്. 'ഇപ്പോള്‍ നിലവിലുള്ള മാള പോസ്റ്റ് ഓഫീസ് പണ്ട് ഒരു ജൂതന്റെ വീടായിരുന്നു എന്ന് ഞാന്‍ അറിഞ്ഞപ്പോള്‍ അത് അന്വേഷിച്ചറിയാനുള്ള കൗതുകമാണ് 'കറുത്ത ജൂതന്‍ ' എന്ന സിനിമയായി പരിണമിച്ചത്. ബാല്യകാലത്ത് എന്റെ അയല്‍ക്കാരായി വടക്കന്‍ പറവൂരിലും പരിസര പ്രദേശത്തും ഉണ്ടായിരുന്ന, ഇന്ന് ഇസ്രായേലില്‍ എങ്ങോ ജീവിക്കുന്ന ആ പഴയ മിത്രങ്ങളോടുള്ള എന്റെ സ്‌നേഹാദരവാണ് 'കറുത്ത ജൂതന്‍' എന്ന് സലിം കുമാര്‍ അടിവരയിട്ട് വ്യക്തമാക്കിയിരുന്നു. ജൂത സമൂഹത്തിലെ വര്‍ണ്ണവിവേചനത്തിന്റെ ഒരു ചരിത്രസത്യത്തെ ചോദ്യചിഹ്നം പോലെ സലിം കുമാര്‍ അന്ന് ആ പോസ്റ്റിലൂടെ മലയാളിക്ക് മുന്നില്‍ അടയാളപ്പെടുത്തിയിരുന്നു. പാര്‍ശ്വവത്കരിക്കപ്പെടുന്ന ഒരു ജനതയുടെ എഴുതപ്പെടാതെ പോയ ചരിത്രം ചൂണ്ടികാണിക്കുമ്പോഴെല്ലാം അതിനോടുണ്ടാകാറുള്ള പൊതുപ്രതികരണങ്ങളുടെ അതേ നിസംഗതയോടെയാണ് പക്ഷെ സലിം കുമാര്‍ മുന്നോട്ടുവെച്ച ചര്‍ച്ചയും അവഗണിക്കപ്പെട്ട് പോയത്.

കൊളോണിയല്‍ കാലഘട്ടത്തില്‍ നമ്മളെ കൊണ്ട് വേല ചെയ്യിക്കാന്‍ വെള്ളക്കാരന്റെ ആജ്ഞാനുവര്‍ത്തികളായി മട്ടാഞ്ചേരിയിലെത്തിയ പരദേശി ജൂതര്‍ അഥവാ വെളുത്ത ജൂതരെ നാം ആഘോഷിക്കുമ്പോള്‍, ബാബിലോണിയ, അസ്സീറിയ തുടങ്ങിയ രാജ്യങ്ങളിലെ ചക്രവര്‍ത്തിമാരുടെ നിരന്തര ആക്രമണങ്ങളില്‍ ഭയന്ന് പ്രാണരക്ഷാര്‍ത്ഥം നമ്മുടെ മണ്ണില്‍ അഭയംതേടി, പച്ച മലയാളികളായി ഇവിടെ ജീവിച്ച കറുത്ത ജൂതരുടെ ജീവിതം രേഖപ്പെടുത്താന്‍, അവര്‍ നമുക്ക് തന്ന സംസ്‌ക്കാരങ്ങള്‍ അടയാളപ്പെടുത്താന്‍ ചരിത്രകാരന്മാര്‍ എന്തിനാണ് മടിച്ചതെന്ന സലിം കുമാറിന്റെ ചോദ്യം ഇപ്പോഴും അവിടെ അവശേഷിക്കുന്നുണ്ട്. ഈ ചരിത്രാവഗണനയോടുള്ള തന്റെ വിയോജനകുറിപ്പാണ് 'കറുത്ത ജൂതന്‍ ' എന്നും സലിം കുമാര്‍ പറഞ്ഞ് വെച്ചിരുന്നു.

കേരളത്തിലെ ജൂത കുടിയേറ്റത്തിന്റെ ചരിത്രം തിരഞ്ഞ് പോകാന്‍ ആഗ്രഹിക്കുന്ന ചരിത്രകുതകികള്‍ക്ക് അന്വേഷണത്തില്‍ ഉണ്ടായിരിക്കേണ്ട മൗലികമായ കാഴ്ചപ്പാടുകള്‍ എന്തെന്ന് കൂടി ഈ കുറിപ്പില്‍ സലിം കുമാര്‍ പറഞ്ഞുവെച്ചിരുന്നു. മലയാളത്തില്‍ ജൂത സമൂഹത്തിന്റെ കഥ പറയാന്‍ സിനിമയായാലും, സാഹിത്യമായാലും (നോവലിസ്റ്റ് സേതു ഒഴികെ) നമ്മളെ കൊണ്ട് ചെന്നെത്തിക്കുന്നത് മട്ടാഞ്ചേരിയിലെ 'പരദേശി ജൂതന്മാര്‍' അഥവാ വെളുത്ത ജൂതന്മാരുടെ ജൂതതെരുവിലേക്കും, സെനഗോഗിലേക്കും (ആരാധനാലയം) അവരുടെ ജീവിതകഥകളിലേക്കും മാത്രമാണ് എന്ന വിമര്‍ശനവും സലിം കുമാര്‍ മുന്നോട്ട് വെച്ചിരുന്നു. 2500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇസ്രായേലില്‍ നിന്നും പ്രാണരക്ഷാര്‍ത്ഥം കേരളത്തിലെ മുസരീസ് (കൊടുങ്ങല്ലൂര്‍) തുറമുഖത്ത് എത്തുകയും 2500 വര്‍ഷക്കാലം മലയാള മണ്ണില്‍ ജീവിതം കഴിച്ചുകൂട്ടി, സ്വാതന്ത്രാനന്തര ഇസ്രായേല്‍ ഭരണകൂടത്തിന്റെ വിളി വന്നപ്പോള്‍ വാഗ്ദത്തഭൂമിയിലേക്ക് മടങ്ങിപ്പോയ മലബാറി ജൂതന്മാരുടെ അഥവാ കറുത്ത ജൂതന്മാരുടെ കഥ നമ്മോടു പറഞ്ഞുതരാന്‍ ചരിത്രം എന്തുകൊണ്ടോ മറന്നു, അല്ലെങ്കില്‍ മനഃപൂര്‍വ്വം നമ്മളില്‍ നിന്നും മറച്ചുവെച്ചു. ഇരു കൂട്ടരും യാക്കൂബിന്റെ അഥവാ ഇസ്രായേലിന്റെ സന്തതികളാണെങ്കിലും (യാക്കൂബിന്റെ മറ്റൊരു പേരാണ് ഇസ്രായേല്‍ എന്നത്) ചരിത്രത്തിലായാലും ജീവിതത്തിലായാലും കറുത്തവന്‍ എന്നും കറുത്തവന്‍ തന്നെ എന്ന ലോകസത്യം ഇവരിലൂടെ ഒരിക്കല്‍കൂടി യാഥാര്‍ഥ്യമാവുകയായിരുന്നു എന്നും ഫേസ്ബുക്ക് കുറിപ്പില്‍ സലിം കുമാര്‍.

മനുഷ്യരോട് ചെയ്യുന്ന ക്രൂരതകള്‍ക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ സിനിമ നഷ്ടപ്പെടുകയാണെങ്കില്‍ ആ സിനിമ തനിക്ക് വേണ്ടായെന്ന് പറയാനുള്ള ആര്‍ജ്ജവം ആ കാലഘട്ടത്തില്‍ മറ്റൊരു കലാകാരനും ഉണ്ടായിരുന്നില്ല എന്നതാണ് പ്രധാനം. മഅ്ദനിയെപ്പോലുള്ളവരെ പിന്തുണച്ച് അഭിപ്രായം പറയുന്നതിന്റെ പേരില്‍ ചിലര്‍ തന്നെ സലിം കെ ഉമ്മര്‍ ആക്കി മാറ്റിയെന്നും എന്നാല്‍ അതൊന്നും താന്‍ മൈന്‍ഡ് ചെയ്യാറില്ലെന്നും സലിം കുമാര്‍ വ്യക്തമാക്കിയിരുന്നു

സിനിമയിലൂടെ മാത്രമായിരുന്നില്ല സലിം കുമാര്‍ അടിച്ചമര്‍ത്തപ്പെടുന്നവരോടും നീതി നിഷേധിക്കുന്നപ്പെടുന്നവരോടുമുള്ള തന്റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുള്ളത്. അബ്ദുള്‍ നാസര്‍ മഅ്ദനി നേരിടുന്ന മനുഷ്യാവകാശ ലംഘനത്തെയും നീതിനിഷേധത്തെയും രൂക്ഷമായി വിമര്‍ശിക്കാന്‍ സലിം കുമാര്‍ മടിച്ചില്ല. ഒരു ആഴ്ച പതിപ്പിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സലിം കുമാറിന്റെ രൂക്ഷമായ പ്രതികരണം. മനുഷ്യരോട് ചെയ്യുന്ന ക്രൂരതകള്‍ക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ സിനിമ നഷ്ടപ്പെടുകയാണെങ്കില്‍ ആ സിനിമ തനിക്ക് വേണ്ടായെന്ന് പറയാനുള്ള ആര്‍ജ്ജവം ആ കാലഘട്ടത്തില്‍ മറ്റൊരു കലാകാരനും ഉണ്ടായിരുന്നില്ല എന്നതാണ് പ്രധാനം. മഅ്ദനിയെപ്പോലുള്ളവരെ പിന്തുണച്ച് അഭിപ്രായം പറയുന്നതിന്റെ പേരില്‍ ചിലര്‍ തന്നെ സലിം കെ ഉമ്മര്‍ ആക്കി മാറ്റിയെന്നും എന്നാല്‍ അതൊന്നും താന്‍ മൈന്‍ഡ് ചെയ്യാറില്ലെന്നും സലിം കുമാര്‍ വ്യക്തമാക്കിയിരുന്നു. മഅദ്‌നിക്ക് സംഭവിച്ചത് നാളെ ആര്‍ക്കും സംഭവിക്കാമെന്ന് ചൂണ്ടിക്കാണിച്ചതിലൂടെ മഅ്ദനി നേരിട്ടുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനത്തിന്റെയും നീതിനിഷേധത്തിന്റെയും രാഷ്ട്രീയ മാനങ്ങള്‍ കൂടി സലിം കുമാര്‍ പറയാതെ പറഞ്ഞ് വെച്ചിരുന്നു. പത്ത് വര്‍ഷത്തോളമായി വിചാരണ തടവുകാരനായി തുടരുന്ന മഅ്ദനിക്കെതിരായ മനുഷ്യാവകാശ ധ്വംസനത്തോട് കേരളീയ പൊതുസമൂഹം പ്രതികരിച്ചില്ലെന്ന അതിശക്തമായ സാമൂഹിക വിമര്‍ശനവും ഈ അഭിമുഖത്തില്‍ സലിം കുമാര്‍ ചൂണ്ടിക്കാണിച്ചിരുന്നു. മഅ്ദനിയെ വെറുതെ വിടണം എന്നല്ല പറയുന്നതെന്നും കുറ്റം ചെയ്താല്‍ ശിക്ഷിക്കണം, പക്ഷേ ആ കുറ്റം എന്താണെന്ന് തെളിയിക്കേണ്ട ബാധ്യത നിയമത്തിനുണ്ടെന്നും വ്യക്തമാക്കി തന്റെ നിലപാടിനെ ക്ലാരിറ്റിയോടെയാണ് പൊതുസമൂഹത്തിന് മുന്നില്‍ സലിം കുമാര്‍ അവതരിപ്പിച്ചത്. അപ്പോഴും മറ്റേതൊരു ഇന്ത്യന്‍ പൗരനും ലഭിക്കേണ്ട അവകാശങ്ങള്‍ മഅദ്‌നിക്കും ലഭിക്കണം എന്നതില്‍ സലിം കുമാറിന് സംശയമുണ്ടായിരുന്നില്ല.

ഒരിക്കല്‍ പിഡിപി സംഘടിപ്പിച്ച ഒരുപരിപാടിയില്‍ സംസാരിക്കുമ്പോഴും മഅ്ദനിയുമായുള്ള ഹൃദയബന്ധം തുറന്ന് പറയാന്‍ സലിം കുമാര്‍ മടിച്ചില്ല. ദളിത്പക്ഷ സിനിമ ചെയ്തതിന്റെ പേരില്‍ തന്നെ അഭിനന്ദിക്കാന്‍ വിളിച്ച മഅ്ദനിയുടെ ഫോണ്‍ കോളിനെക്കുറിച്ച് ആ പ്രസംഗത്തില്‍ സലിം കുമാര്‍ അനുസ്മരിച്ചിരുന്നു. 'നിങ്ങളൊരു സിനിമ നിര്‍മ്മിച്ചു എന്ന് അറിയാന്‍ കഴിഞ്ഞു. ഞാന്‍ ഇപ്പോള്‍ ബാംഗ്ലൂരാണ്. ആ സിനിമ ഒരു ദളിത്പക്ഷം സംസാരിക്കുന്ന സിനിമയാണെന്ന് അറിഞ്ഞു. എല്ലാവിധ ഭാവുകങ്ങളും നേരുന്നു എന്നറിയിക്കാന്‍ വിളിച്ചതാണെന്ന് പറഞ്ഞു. എനിക്ക് സന്തോഷം തോന്നി കരണം ഒരു ദളിതന്റെ സിനിമയുമായി ഞാന്‍ നടക്കാന്‍ തുടങ്ങിയിട്ട് മൂന്ന് കൊല്ലമായി ഒന്ന് തീയേറ്റര്‍ കാണിക്കാനായി. ആദ്യമായിട്ടാണ് ഒരു തണുത്ത കാറ്റ് ബാംഗ്ലൂരില്‍ നിന്ന് വീശിയത്. ആദ്യമായിട്ടാണ് എന്നെ അഭിനന്ദിച്ചത്. താന്‍ ചെയ്ത കുറ്റം എന്തെന്ന് അറിയാതെ ശിക്ഷ അനുഭവിക്കപ്പെടുന്ന ഒരു മനുഷ്യന്റെ വാക്കുകള്‍ കേട്ടപ്പോള്‍ എന്റെ കണ്ണ് നനഞ്ഞ് പോയി. ഞാന്‍ ഇപ്പോഴും അടിയുറച്ച് പറയുകയാണ് ഞാന്‍ വന്നത് ഈ അവാര്‍ഡ് വാങ്ങാനല്ല അദ്ദേഹത്തോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ വേണ്ടി മാത്രമാണ് അദ്ദേഹത്തിന് എന്റെയും എന്റെ കുടുംബത്തിന്റെയും എന്നെ സ്‌നേഹിക്കുന്നവരുടെയും പ്രാര്‍ത്ഥന എപ്പോഴും ഉണ്ടാകും' എന്ന് ഒരിക്കല്‍ കൂടി ആണയിട്ട് പറയുന്നു എന്നായിരുന്നു ആ വേദിയില്‍ സലിം കുമാര്‍ വ്യക്തമാക്കിയത്.

ഒരു ജനതയുടെയും മണ്ണിന്റെയും ജൈവിക സത്തയുമായി കെട്ട് പിണഞ്ഞ് കിടക്കുന്ന ഒരു പാരമ്പര്യ കൃഷിരീതി അന്യം നിന്ന് പോകുമെന്ന ആശങ്കയുടെ ഘട്ടത്തിലായിരുന്നു കാമറ എന്ന ആയുധവുമായി സലിം കുമാര്‍ ഇറങ്ങിയത്. പൊക്കാളി കൃഷി നടത്തുന്ന ഒരു കര്‍ഷകന്റെ പ്രതിസന്ധികളെല്ലാം നേരിട്ട് മനസ്സിലാക്കിയ അനുഭവ പരിചയം തന്നെയായിരുന്നു ആ വിഷയത്തില്‍ ഒരു ഡോക്യുമെന്ററി ചെയ്യാന്‍ സലിം കുമാറിന് കരുത്തായത്

സിനിമയുടെ തിരക്കിനിടയില്‍ തന്റെ പ്രദേശത്തെ കര്‍ഷക ജനസാമ്യത്തിന്റെയും മണ്ണിന്റെയും ജീവശ്വാസമായ പൊക്കാളി കൃഷിയെക്കുറിച്ചും അത് നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചും സലിം കുമാര്‍ ശബ്ദം ഉയര്‍ത്തിയിരുന്നു. ഒരു ജനതയുടെയും മണ്ണിന്റെയും ജൈവിക സത്തയുമായി കെട്ട് പിണഞ്ഞ് കിടക്കുന്ന ഒരു പാരമ്പര്യ കൃഷിരീതി അന്യം നിന്ന് പോകുമെന്ന ആശങ്കയുടെ ഘട്ടത്തിലായിരുന്നു കാമറ എന്ന ആയുധവുമായി സലിം കുമാര്‍ ഇറങ്ങിയത്. പൊക്കാളി കൃഷി നടത്തുന്ന ഒരു കര്‍ഷകന്റെ പ്രതിസന്ധികളെല്ലാം നേരിട്ട് മനസ്സിലാക്കിയ അനുഭവ പരിചയം തന്നെയായിരുന്നു ആ വിഷയത്തില്‍ ഒരു ഡോക്യുമെന്ററി ചെയ്യാന്‍ സലിം കുമാറിന് കരുത്തായത്. ആറ് മാസം നെല്‍കൃഷിയും ആറ് മാസം ചെമ്മീന്‍ കൃഷിയും നടത്തുന്ന പൊക്കാളി കൃഷിയുടെ പാരമ്പര്യ ശീലങ്ങള്‍ പിന്തുടര്‍ന്ന് ഒരു വ്യാഴവട്ടത്തിലേറെ സലിം കുമാര്‍ കൃഷി നടത്തിയിരുന്നു. വ്യക്തിയെന്ന നിലയില്‍ താന്‍ ജീവിക്കുന്ന പരിസരത്തോടുള്ള ജൈവിക ചോതന തന്നെയായിരുന്നു ഇതിനെല്ലാം സലിം കുമാറിന് പ്രചോദനമായതെന്ന് തീര്‍ച്ചയാണ്. സ്വന്തം കൃഷി നോക്കി നടത്താന്‍ ഭാര്യയെ പനങ്ങാട്ടെ കാര്‍ഷിക സര്‍വകലാശാലയില്‍ ചേര്‍ത്ത് കൃഷി പഠിപ്പിച്ചിരുന്ന സലിം കുമാറിനെ നമുക്ക് കാണാന്‍ കഴിയും. കൃഷിയില്‍ ഭാര്യ തന്നെക്കാള്‍ വിദഗ്ധയായി എന്ന് അതിന് ശേഷം അഭിമാനബോധത്തോടെ പറഞ്ഞ സലിം കുമാറിന്റെ ഹൃദയവികാരം അദ്ദേഹത്തിന്റെ സ്വഭാവികതകളുമായി കെട്ട് പിണഞ്ഞ് കിടക്കുന്നതാണ്.

മലയാളിയെ കുടുകുടെ ചിരിപ്പിച്ച്, മീമിലും ട്രോളിലും അമരത്വം ബാക്കിയാക്കിയ ഒരു അഭിനേതാവ് എന്ന നിലയില്‍ മാത്രം അടയാളപ്പെടുത്തി കടന്ന് പോകേണ്ടതല്ല സലിം കുമാറിന്റെ ജീവിതം. അത് കൃത്യമായ രാഷ്ട്രീയ-സാമൂഹിക-ചരിത്ര വീക്ഷങ്ങളിലൂടെ പരുവപ്പെട്ട, പാര്‍ശ്വവത്കരിക്കപ്പെട്ടവനെ മാനവിക ബോധത്തോടെ ചേര്‍ത്ത് പിടിച്ച ജൈവികമായ ഒരു രാഷ്ട്രീയ ജീവിതം തന്നെയായിരുന്നു

മലയാളിയെ കുടുകുടെ ചിരിപ്പിച്ച്, മീമിലും ട്രോളിലും അമരത്വം ബാക്കിയാക്കിയ ഒരു അഭിനേതാവ് എന്ന നിലയില്‍ മാത്രം അടയാളപ്പെടുത്തി കടന്ന് പോകേണ്ടതല്ല സലിം കുമാറിന്റെ ജീവിതം. അത് കൃത്യമായ രാഷ്ട്രീയ-സാമൂഹിക-ചരിത്ര വീക്ഷങ്ങളിലൂടെ പരുവപ്പെട്ട, പാര്‍ശ്വവത്കരിക്കപ്പെട്ടവനെ മാനവിക ബോധത്തോടെ ചേര്‍ത്ത് പിടിച്ച ജൈവികമായ ഒരു രാഷ്ട്രീയ ജീവിതം തന്നെയായിരുന്നു. ഓര്‍മ്മിക്കാനും ചിന്തിക്കാനും ഏറെ ബാക്കിവെച്ചാണ് സലിം കുമാര്‍ നമ്മളോട് വിടപറഞ്ഞിരിക്കുന്നത്. ജീവിച്ചിരുന്ന കാലഘട്ടത്തെ സ്വന്തമായൊരു റിബല്‍ ജീവിത്തിലൂടെ അടയാളപ്പെടുത്തി വിടപറഞ്ഞ പ്രിയപ്പെട്ട സലിം കുമാറിന് വിട…

Explore how Salim Kumar connects diverse strands of resistance, from Sahodaran Ayyappan and Abdul Nasser Madani to the history and struggles of Black Jews

dot image
To advertise here,contact us
dot image