

ജനീവ: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്നത് വംശഹത്യയാണെന്ന് കണ്ടെത്തിയ ഐക്യരാഷ്ട്ര സഭാ (യുഎന്‍) കമ്മീഷന്റെ തലവന്‍ ഇന്ത്യൻ ജഡ്ജി. മുന്‍ ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശ്രീനിവാസന്‍ മുരളീധരായിരുന്നു കമ്മീഷന്റെ അധ്യക്ഷന്‍. ഗാസയിലെ പലസ്തീനികളുടെ നിലനില്‍പ്പ് ഇല്ലാതാക്കാന്‍ ഇസ്രയേല്‍ മനഃപൂര്‍വം കുട്ടികളെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയെന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ട്.
'രണ്ട് രീതിയിലാണ് ഇസ്രയേല്‍ ഗാസയിലെ കുട്ടികളെ ആക്രമിച്ചത്. ക്വാഡ്‌കോപ്ടറുകള്‍, സ്‌നൈപ്പറുകള്‍ എന്നീ ആയുധങ്ങള്‍ ഉപയോഗിച്ച് കുട്ടികളെ ലക്ഷ്യം വെച്ച് ഷൂട്ട് ചെയ്യുന്നതാണ് ഒരു രീതി. വലിയ ആയുധങ്ങള്‍ ഉപയോഗിച്ച് ആളുകള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍, സ്‌കൂളുകള്‍, കുട്ടികള്‍ തിങ്ങിപ്പാര്‍ക്കുന്ന ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍ ആക്രമണം നടത്തുന്നതായിരുന്നു മറ്റൊരു രീതി. ഈസ്റ്റ് ജെറുസേലം, വെസ്റ്റ് ബാങ്ക് തുടങ്ങിയ ഇടങ്ങളില്‍ ഇസ്രയേല്‍ സൈനികരാലും കുടിയേറ്റക്കാരാലും ആക്രമിക്കപ്പെടുന്ന കുട്ടികളെ സംരക്ഷിക്കുന്നതില്‍ നിന്നും വീഴ്ച പറ്റിയതില്‍ ഇസ്രയേലിന് നിയമപരമായ ഉത്തരവാദിത്തമുണ്ട്. പലസ്തീന്‍ ഭൂമി പിടിച്ചെടുത്ത് അവരുടെ സ്ഥലത്ത് നിന്ന് നിര്‍ബന്ധിതമായി കുടിയിറക്കുന്ന ഇസ്രയേല്‍ കുടിയേറ്റക്കാരുടെ നടപടികളിലും ഇസ്രയേലിന് ഉത്തരവാദിത്തമുണ്ട്', കമ്മീഷന്‍ പറയുന്നു.
2023 ഒക്ടോബര്‍ ഏഴിനും 2025 ഒക്ടോബര്‍ ഏഴിനും ഇടയില്‍ 20,179 കുട്ടികള്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. 44,143 കുട്ടികള്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടതില്‍ 5,031 കുട്ടികള്‍ അഞ്ച് വയസിന് താഴെയുള്ളവരാണ്. ഒരു വയസില്‍ താഴെയുള്ള 1029 കുട്ടികളും 420 നവജാത ശിശുക്കളും കൊല്ലപ്പെട്ടു. രേഖകളില്‍പ്പെടാത്ത മരണവും മിസ്സിങ് കേസുകളുമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
2025 ഒക്ടോബറിലെ വെടിനിര്‍ത്തലിന് ശേഷവും കുട്ടികളെ കൊലപ്പെടുത്തുന്നത് തുടര്‍ന്നു. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക, ലിംഗാധിഷ്ഠിത അക്രമങ്ങളും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് കുട്ടികള്‍ ശാരീരിക-മാനസിക ആഘാതങ്ങളുണ്ടാക്കി. ആശുപത്രികള്‍, സ്‌കൂളുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ കുട്ടികളുടെ നിലനില്‍പ്പിനും വികാസത്തിനും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കി. നവജാത ശിശു- പ്രസവ ശുശ്രൂഷ അടക്കമുള്ള ആരോഗ്യസുരക്ഷാ സംവിധാനങ്ങള്‍ തകര്‍ത്തത് നവജാത ശിശുക്കളുടെ ആരോഗ്യം അപകടത്തിലാക്കുകയും കുട്ടികളെ അംഗവൈല്യമുള്ളവരും ദീര്‍ഘകാലം ആരോഗ്യപ്രശ്‌നമുള്ളവരുമാക്കി മാറ്റുന്നു. ഇസ്രയേലിന്റെ ഉപരോധം പോഷകാഹാരക്കുറവും കുട്ടികളില്‍ ഉണ്ടാക്കി.
'വര്‍ഷങ്ങളായുള്ള ആക്രമണം, പലായനം, സംഘര്‍ഷം, ദാരിദ്ര്യം എന്നിവ പലസ്തീനിയന്‍ കുട്ടികള്‍ക്ക് ആഴത്തിലുള്ള മാനസികാഘാതം ഉണ്ടാക്കി. അവരുടെ സുരക്ഷ, അസ്ഥിത്വം, പ്രതീക്ഷ, സാധ്യതകള്‍ എന്നിവയെ ദുര്‍ബലപ്പെടുത്തി', കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രയേലുമായുള്ള ദ്വിമുഖ സൈനിക വ്യാപാരം പൂര്‍ണമായും നിര്‍ത്തണമെന്ന് യുഎന്‍ സുരക്ഷാ സമിതിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. അതോടൊപ്പം 2023 ഒക്ടോബര്‍ മുതലുള്ള ആക്രമണങ്ങളില്‍ ഉത്തരവാദികളായ ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍, സൈനിക കമാന്‍ഡര്‍മാര്‍, വ്യക്തികള്‍ എന്നിവര്‍ക്ക് യാത്രാ വിലക്ക്, സ്വത്തുക്കള്‍ കണ്ടുകെട്ടല്‍, സാമ്പത്തിക നിയന്ത്രണം എന്നിവ ഏര്‍പ്പെടുത്തണമെന്നും സുരക്ഷാ സമിതിയോട് ആവശ്യപ്പെട്ടു.
Content Highlights: The head of a UN commission and an Indian judge has stated that Israel's actions in Gaza effected Children