ഖത്തർ പുറത്ത്; സ്വിറ്റ്സർലാൻഡ് ഗ്രൂപ്പ് ജേതാക്കൾ

ഗ്രൂപ്പ് ബിയിൽ നിന്ന് സ്വിസും കാനഡയും റൗണ്ട് ഓഫ് 32ൽ

ഖത്തർ പുറത്ത്; സ്വിറ്റ്സർലാൻഡ് ഗ്രൂപ്പ് ജേതാക്കൾ
dot image

ലോകകപ്പിൽ നിന്ന് ഏഷ്യൻ പ്രതിനിധികളായ ഖത്തർ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്ത്. ഗ്രൂപ്പ് ബിയിൽ ഒരു ജയം പോലും നേടാതിരുന്ന ഖത്തർ, സ്വിറ്റ്സർലാൻഡിനെ സമനിലയിൽ തളച്ചതിലൂടെ നേടിയ ഏക പോയന്റുമായി നാലാം സ്ഥാനത്താണ്. അവസാന മത്സരത്തിൽ ഖത്തറിനെ 3-1ന് തോൽപിച്ച ബോസ്നിയ ഹെർസഗോവിന ഗ്രൂപ്പിൽ മൂന്നാമത് എത്തി നോക്കൌട്ട് പ്രതീക്ഷ നിലനിർത്തി.

പതിനെട്ടുകാരനായ കരിം അലാബെഗോവിച്ചാണ് ബോസ്നിയയുടെ ആദ്യ ഗോൾ നേടിയത്. ബോസ്നിയ ഹെർസഗോവിനക്കായി ലോകകപ്പ് കളിച്ച പ്രായം കുറഞ്ഞ താരമാണ് കൌമാരക്കാരനായ അലാബെഗോവിച്ച്. രണ്ടാം ഗോൾ ഖത്തർ താരത്തിന്റെ സെൽഫ് ഗോളായിരുന്നു. രാജ്യത്തിനായി നൂറ്റിയമ്പതാം മത്സരം കളിച്ച ബോസ്നിയ ക്യാപ്റ്റൻ എഡിൻ സെക്കോയുടെ ഷോട്ട്, ഖത്തർ ലെഫ്റ്റ് ബാക്ക് സുൽത്താൻ അൽ-ബ്രാക്കിന്റെ തുടയിൽ തട്ടി വഴിമാറി ഗോളിയെയും മറികടന്ന് വലയിൽ കയറുകയായിരുന്നു.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഖത്തർ ഒരു ഗോൾ മടക്കി. ഇടത് വശത്ത് നിന്ന് എഡ്മിൽസൺ ജൂനിയർ പിന്നിലേക്ക് നീട്ടി നൽകിയ പന്ത് ഖത്തർ ക്യാപ്റ്റൻ ഹസ്സൻ അൽ-ഹൈദോസ് ക്ലോസ് റേഞ്ചിൽ നിന്ന് ഗോൾവലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.

മത്സരത്തിൽ സമനിലക്കായി പൊരുതിയ ഖത്തറിനെ ഞെട്ടിച്ച് എൺപതാം മിനുട്ടിൽ എർമിൻ മാഹ്മിക് ബോസ്നിയ ഹെർസഗോവിനയുടെ മൂന്നാം ഗോൾ നേടി വിജയം ഉറപ്പിച്ചു. മൂന്ന് കളികളിൽ ഒരു സമനില മാത്രമുള്ള ഖത്തറിന് ഒരു പോയന്റുമായി നാലാം സ്ഥാനമാണ് നേടാനായത്.

ഗ്രൂപ്പ് ബിയിൽ കാനഡയെ 2-1ന് തോൽപിച്ച സ്വിറ്റ്സർലാൻഡ് ഗ്രൂപ്പ് ജേതാക്കളായി റൌണ്ട് ഓഫ് 32 ഉറപ്പിച്ചു. മൂന്ന് കളികളിൽ ഒരോ ജയവും തോൽവിയും സമനിലയും നേടിയ കാനഡയും ബോസ്നിയ ഹെർസഗോവിനയും നാല് പോയന്റുമായി തുല്യനിലയിലാണ്. എന്നാൽ ഗോൾ ശരാശരിയിൽ കാനഡ രണ്ടാമതെത്തി നോക്കൌട്ടിലേക്ക് മുന്നേറി.

Content highlight: Switzerland group winners Qatar out World Cup

dot image
To advertise here,contact us
dot image