

ലോകത്ത് പലതരം റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയവരുണ്ട്. കായികരംഗം, മത്സരങ്ങള്‍, സാഹിത്യം, കല അങ്ങനെ പല മേഖലകളില്‍ പ്രത്യേക കഴിവ് തെളിയിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലടക്കം ഇടംപിടിച്ച ധാരാളം ആളുകള്‍. എന്നാല്‍ തന്റെ പേരിന്റെ പ്രത്യേകതകൊണ്ട് റെക്കോര്‍ഡ് സ്വന്തമാക്കിയ വ്യക്തിയാണ് ന്യൂസിലന്‍ഡുകാരനായ ലോറന്‍സ് വാട്ട്കിന്‍സ്. ലോകത്തിലെ ഏറ്റവും നീളംകൂടിയ പേരിന് ഉടമയാണ് ഇദ്ദേഹം. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ബുക്കിന്റെ 6 പേജ് നിറഞ്ഞുനില്‍ക്കുകയാണ് ഇദ്ദേഹത്തിന്റെ പേര്.

1992 ല്‍ വാട്ട്കിന്സിന് വെറും 24 വയസുള്ളപ്പോഴാണ് ഇദ്ദേഹത്തിന്റെ പേര് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടംനേടിയത്. അക്കാലത്ത് ഓക്ക്ലന്‍ഡിലെ സിറ്റി ലൈബ്രറിയില്‍ ജോലി ചെയ്യുകയായിരുന്നു വാട്ട്കിന്‍സ്.
കുട്ടിക്കാലം മുതല്‍ തന്നെ വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കണമെന്ന് താന്‍ സ്വപ്നം കണ്ടിരുന്നുവെന്ന് വാട്ട്കിന്‍സ് പറയുന്നു. എങ്കിലും അതിന് കഴിയത്തക്കവണ്ണം ശക്തനോ ഉയരമുള്ളവനോ വേഗതയേറിയവനോ ഒന്നും ആയിരുന്നുമില്ല. അങ്ങനെയിരിക്കെയാണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ പേര് എന്തുകൊണ്ട് സ്വന്തമാക്കിക്കൂടാ എന്ന് വാട്ട്സ്കിന്സ് ചിന്തിക്കുന്നത്.
അതിനായി ബേബി നെയിം ബുക്കുകള്‍, മാവോറി ഡിക്ഷ്ണറികള്‍, യൂറോപ്യന്‍, മാവോറി, സമോവന്‍, ജാപ്പനീസ്, ചൈനീസ് പേരുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്ന് ആയിരക്കണക്കിന് പേരുകള്‍ അദ്ദേഹം ശേഖരിച്ചു. ക്രമേണ, രണ്ടായിരത്തിലധികം പദങ്ങള്‍ ഉപയോഗിച്ച് തനിക്കൊരു പേരുമുണ്ടാക്കി. ആകെ 2,253 വാക്കുകള്‍ ആണ് ഈ പേരിനുള്ളത്. പിന്നീടത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടംപിടിക്കുകയായിരുന്നു.
എന്നാല്‍ ഈ റെക്കോര്‍ഡ് സ്ഥാപിക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. വാട്ട്കിന്‍സ് തന്റെ നീണ്ട പേര് രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷിച്ചപ്പോള്‍ രജിസ്ട്രാര്‍ ജനറല്‍ അത് നിരസിച്ചു. തുടര്‍ന്ന് ലോറന്‍സ് കോടതിയില്‍ പോവുകയും ഒടുവില്‍ തീരുമാനം ലോറന്‍സിന് അനുകൂലമാവുകയുമായിരുന്നു.അങ്ങനെ വാട്ട്കിന്‍ ലോകത്തിലെ ഏറ്റവും നീളം കൂടിയ പേരുള്ള വ്യക്തിയായി മാറി.
Content Highlights :The world record for the longest name in the world belongs to New Zealander Lawrence Watkins. His name has over 2,253 letters.