
ഇപ്പോൾ ഹിജാബ് വിവാദം നടക്കുന്ന പള്ളുരുത്തിയിലെ, ഏതാണ്ട് നൂറു വർഷം പഴക്കമുള്ള, സെയിന്റ് ആന്റണീസ് യു പി സ്കൂളിൽ പഠിച്ച ഒരു മുസ്‌ലിം നാമധാരിയാണ് ഞാൻ. എന്റെ ഉന്നത വിദ്യാഭ്യാസത്തിനും അതുവഴി അമേരിക്കയിൽ എത്താനുമുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം ഈ സ്കൂളും അവിടെയുള്ള അധ്യാപകരുമാണ്. പ്രത്യേകിച്ച് ആനി ടീച്ചർ. ആ ഒരു പ്രൈമറി സ്കൂൾ ടീച്ചറിന്റെ കരുതൽ കൊണ്ടുമാത്രം രണ്ടാം ക്ലാസ്സിനു മുകളിൽ പഠിക്കുകയും അമേരിക്ക വരെ എത്തിച്ചേരുകയും ചെയ്ത ഒരാളാണ് ഞാൻ.
എന്റെ രണ്ടാം ക്ലാസ്സിലെ ടീച്ചറായിരുന്നു ആനി ടീച്ചർ. കുട്ടികളോട് എല്ലാവരോടും വളരെ സ്നേഹത്തോടെ പെരുമാറുന്ന, ആരെയും അടിക്കാത്ത ടീച്ചറെ കുട്ടികൾ എല്ലാവരും വളരെ ഇഷ്ടപ്പെട്ടു. ആ സമയത്താണ് ചില കുടുംബപ്രശ്നങ്ങൾ കാരണം, വീട്ടിൽ ബാപ്പക്കും ഉമ്മക്കും ഞങ്ങളെ ശ്രദ്ധിക്കാൻ നേരമില്ലാതെ വന്നത്. ജന്മനാ മടിയനായ ഞാൻ സന്ദർഭം മുതലെടുത്ത് സ്കൂളിൽ പോകേണ്ട എന്ന അതി ധീരമായ ഒരു തീരുമാനം എടുത്തു. രണ്ടു ദിവസം പരമ സുഖം, വൈകി എഴുന്നേൽക്കുക, കളിക്കാൻ പോവുക, സുഖം,സുന്ദരം.
ആരോ ഉമ്മയെ വഴക്ക് പറയുന്ന ശബ്ദം കേട്ടാണ് മൂന്നാം ദിവസം എഴുന്നേറ്റത്. ആനി ടീച്ചർ ആയിരുന്നു. എങ്ങിനെയോ എന്റെ വീട് കണ്ടു പിടിച്ചു വന്നിരിക്കുകയാണ്.
"നസീർ നന്നായി പഠിക്കുന്ന കുട്ടിയാണ്, നിങ്ങൾ കുട്ടികളെ സ്കൂളിൽ വിട്ടില്ലെങ്കിൽ പോലീസ് കേസ് ആകും എന്നറിയാമോ?" ആ ഭീഷണിയിൽ ഞങ്ങളെ സ്കൂളിൽ ചേർക്കാൻ നേരം മാത്രം ആദ്യമായി സ്കൂളിൽ പോയ ഉമ്മ വിരണ്ടു. "അത് പിന്നെ ടീച്ചറെ, വീട്ടിലെ കാര്യങ്ങളുടെ ഇടയ്ക്കു നോക്കാൻ വിട്ടു പോയതാണ്, ഇനി ഞാൻ എല്ലാ ദിവസവും മുടങ്ങാതെ അയക്കാം". കുറെ നാൾ വരെ ഞാനും ഉമ്മയും ടീച്ചർ പറഞ്ഞത് ശരിക്കും വിശ്വസിച്ചു , മുടങ്ങാതെ സ്കൂളിൽ പോവുകയും ചെയ്തു. സ്കൂളിൽ ഏതാണ്ട് എല്ലാ കുട്ടികൾക്കും അമ്മയെ പോലെ ആയിരുന്നു ആനി ടീച്ചർ.
സ്കൂളിൽ നിന്ന് പോയതിനു ശേഷം ടീച്ചറെ ഞാൻ അധികം കണ്ടില്ല. വർഷങ്ങൾക്ക് ശേഷം, MCA പഠനമെല്ലാം കഴിഞ്ഞു, ബാംഗ്ലൂരിൽ ജോലിയും കിട്ടിയപ്പോൾ ആണ് എനിക്ക് ടീച്ചറെ കാണണം എന്ന് തോന്നിയത്. 1997 ൽ ആയിരുന്നു അത്. അപ്പോഴേക്കും ടീച്ചർ വിരമിച്ചു കഴിഞ്ഞിരുന്നു. കുമ്പളങ്ങിയിലെ ടീച്ചറുടെ വീട്ടിൽ പോയി. എന്നെ കണ്ടപ്പോൾ ടീച്ചറിന് വളരെ സന്തോഷം ആയി. ഇത്രയും കുട്ടികളെ പഠിപ്പിച്ച ഒരാൾ എന്റെ പേര് ഓർക്കും എന്ന് തന്നെ ഞാൻ കരുതിയില്ല, ടീച്ചർ ക്ലാസ്സിലെ എല്ലാ കുട്ടികളുടെയും പേര് പറഞ്ഞു അവർ ഇപ്പൊ എവിടെ ആണ് എന്നെല്ലാം എന്നോട് ചോദിച്ചു. ചെറിയ ഒരു വീടായിരുന്നു ടീച്ചറിന്റേത്. ടീച്ചറുടെ പേരക്കുട്ടികൾ ആകാൻ പ്രായമുള്ള കുറെ ചെറിയ കുട്ടികൾ അവിടെയും ഇവിടെയും ഓടിക്കളിച്ചു കൊണ്ടിരുന്നു.
"ടീച്ചറിന്റെ മക്കൾ എല്ലാവരും എന്ത് ചെയ്യുന്നു?" ഞാൻ ഒരു ഉപചാരത്തിനു ചോദിച്ചു. ടീച്ചർ ഓടിക്കളിച്ചുകൊണ്ടിരുന്ന കുട്ടികളെ എല്ലാം കൂട്ടിനിർത്തി, എന്നിട്ട് പറഞ്ഞു. "ഇവരെല്ലാം എന്റെ കുട്ടികൾ ആണ്". അപ്പോൾ കൂട്ടത്തിൽ കുറച്ചു കുരുത്തം കേട്ടത് എന്ന് തോന്നിപ്പിച്ച ഒരു പീക്കിരി പറഞ്ഞു."ആന്റി കല്യാണം കഴിച്ചിട്ടില്ല " എനിക്ക് നാവ് വരണ്ടു പോയി. ടീച്ചർ കല്യാണം കഴിച്ചിട്ടില്ല എന്ന് എനിക്കറിയില്ലായിരുന്നു. "ഇതെല്ലം എന്റെ ആങ്ങളമാരുടെ മക്കളാണ് നസീറേ" കൂടുതൽ ചോദ്യോത്തരങ്ങൾ ഉണ്ടായില്ല. ടീച്ചർ സ്നേഹപൂർവം തന്ന ചായയും കുടിച്ചു ഞാൻ യാത്ര പറഞ്ഞ് ഇറങ്ങി.
മനസ്സിൽ അമ്മയെ പോലെ ഞങ്ങളെ നോക്കിയ ടീച്ചറുടെ രൂപം ഓർമ വന്നു. ആയിരക്കണക്കിന് കുട്ടികൾക്ക് അമ്മയായ ടീച്ചർ. രണ്ടാം ക്ലാസ്സിൽ പഠനം നിലച്ചുപോകേണ്ട എന്നെ വീട്ടിൽ വന്ന് സ്കൂളിലേക്ക് തിരിച്ചു കൊണ്ടുവന്ന ടീച്ചർ. ചെറുതായി കണ്ണ് നിറഞ്ഞു.
നോക്കൂ, പഠനം രണ്ടാം ക്ലാസ്സിൽ നിലച്ചു പോകേണ്ടിയിരുന്ന ഒരു കുട്ടിയെ അവന്റെ മതവും സാമ്പത്തിക സ്ഥിതിയുമൊന്നും നോക്കാതെ സ്നേഹം കൊണ്ട് മാറ്റിയെടുത്ത ആനി ടീച്ചറെയാണ് ഞാൻ എല്ലാ സ്കൂളുകളിലും തിരയുന്നത്, കോൺവെന്റ് സ്കൂളുകളിൽ പ്രത്യേകിച്ചും. ഇപ്പോൾ വിവാദം നടന്ന സ്കൂളിലും തലയിൽ തട്ടമിട്ടു വന്ന കുട്ടിയെ സ്നേഹത്തോടെ അധ്യാപകർ ചേർത്ത് പിടിക്കണം. വിദ്യാഭ്യാസം മാത്രമാണ് ആളുകൾക്ക് സാമ്പത്തികമായും സാംസ്കാരികമായും മതപരമായും സ്വാതന്ത്ര്യം നേടാനുള്ള ഒരേ ഒരു മാർഗം.
തലയിൽ തട്ടമിട്ട കുട്ടിയെ ക്ലാസ്സിൽ കയറ്റില്ലെന്ന് പറഞ്ഞ് മാറ്റി നിർത്തുമ്പോൾ, ആ കുട്ടി ചെന്ന് ചേരാൻ പോകുന്നത് ഒരു പക്ഷെ തട്ടമിട്ടവർ മാത്രമുള്ള ഒരു സ്കൂളിലോ ക്ലാസ്സിലോ ആയിരിക്കും. പല മതത്തിൽ പെട്ട കുട്ടികൾ ഒരുമിച്ചിരുന്നു പഠിച്ചാൽ മാത്രമേ വ്യത്യസ്ത മതവിശ്വാസത്തിൽ പെട്ട ഭൂരിഭാഗം ആളുകളും, പ്രത്യേകിച്ച് മതം തലക്ക് പിടിക്കാത്ത കുട്ടികൾ, നമ്മളെ പോലെ തന്നെ സാധാരണ മനുഷ്യരാണെന്ന് നമുക്ക് നേരിട്ട് മനസിലാക്കാൻ കഴിയൂ. ഞാൻ ജീവിച്ച പള്ളുരുത്തി അങ്ങിനെ ഒരു ദേശമാണ്. എന്റെ ഏതാണ്ടെല്ലാ കൂട്ടുകാരും മറ്റു മതസ്ഥരാണ്. ബാപ്പയ്ക്ക് ഹാർട്ട് അറ്റാക്ക് വന്നു കിടന്ന സമയത്ത് ബ്ലഡ് ഡോണറ്റ് ചെയാൻ അനേകം കൂട്ടുകാർ വന്നത് എന്റെ മതം നോക്കിയല്ല.
ഇക്കാര്യത്തിൽ സ്നേഹവും കരുണയും കരുതലും മാറ്റി നിർത്തി ലോജിക്ക് മാത്രം നോക്കിയാൽ, ഈ പെൺകുട്ടിയും, തലയിൽ തട്ടമിടേണ്ട എന്ന് പറഞ്ഞ കന്യസ്ത്രീയും എല്ലാം മതത്തിന്റെയും പുരുഷാധിപത്യത്തിന്റെയും ഒക്കെ ഇരകളാണെന്നു കാണാം. രണ്ടുപേരും ഒരേ പോലെ സഹതാപം അർഹിക്കുന്നവരാണ്. വസ്ത്രസ്വാതന്ത്ര്യം എന്നൊക്കെ പറയാമെങ്കിലും, പല മത വസ്ത്രങ്ങളും, പ്രത്യേകിച്ച് സ്ത്രീകളുടെ വസ്ത്രങ്ങൾ, നമ്മൾ കുട്ടികളായിരിക്കുമ്പോൾ, അല്ലെങ്കിൽ ഒരു വ്യവസ്ഥയുടെ അടയാളമായി നമ്മുടെ മേൽ അടിച്ചേല്പിക്കുന്നവയാണ്. അതുപോലെ തന്നെ കോടതി വിധി സ്കൂളിനാണോ കുട്ടിക്കാണോ അനുകൂലം എന്നൊക്കെ നമുക്ക് തലനാരിഴ കീറി പരിശോധിക്കാം. പക്ഷെ വിദ്യാഭ്യാസ രംഗത്ത് ചരിത്രപരമായ കാരണങ്ങളാൽ വളരെ മുന്നോക്കം നിൽക്കുന്ന ക്രിസ്ത്യൻ സമുദായം, മറ്റുള്ളവരെ ചേർത്ത് പിടിക്കണം എന്നാണ് എന്റെ അഭിപ്രായം. അതിൽ തലയിൽ തട്ടമിടാത്ത കുട്ടികൾക്ക് മാത്രമേ വിദ്യാഭ്യാസം നൽകൂ എന്ന് വാശി പിടിക്കുന്നത്, ഇപ്പോൾ തന്നെ കീരിയും പാമ്പും പോലെ നിൽക്കുന്ന മനുഷ്യരെ കൂടുതൽ അകറ്റാനേ ഉപകരിക്കൂ. അങ്ങിനെ അപരവത്കരിക്കപ്പെടുന്നവരാണ് കൂടുതൽ തങ്ങളുടെ മത ചിഹ്നങ്ങൾ അണിയാൻ പോകുന്നത്.
തലയിൽ തട്ടമിട്ട് വന്ന പെൺകുട്ടിയുടെ അദ്ധ്യാപകൻ യേശുക്രിസ്തു ആയിരുന്നെങ്കിൽ അവളെ ചേർത്ത് പിടിച്ചേനെ എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. എന്റെ മനസിലെ ക്രിസ്തു അങ്ങിനെ ഒരാളാണ്. വെറുപ്പും വിദ്വേഷവും മാറ്റിവച്ച് നമുക്ക് സ്നേഹത്തോടെ നമ്മുടെ കുട്ടികളെ വളർത്താം. ഒരുനാൾ മതമില്ലാത്ത ജീവനുകൾ ഈ വാർത്തയൊക്കെ കേട്ട് ചിരിക്കുന്ന കാലം വരുമായിരിക്കും എന്ന പ്രതീക്ഷയോടെ..
Content Highlights: Nazeer Hussain Kizhakkedathu on palluruthy school issue