

തിരുവനന്തപുരം: പിഎം ശ്രീയില്‍ മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചുവെന്നും അത് തന്നെയാണ് തന്റെയും അഭിപ്രായമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മന്ത്രിസഭാ ഉപസമിതിയുടെ പ്രവര്‍ത്തനം അംഗങ്ങളുമായി ആലോചിച്ച് തീരുമാനിക്കും. കാര്യങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. തുടര്‍നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പിഎം ശ്രീയിലെ സമവായ തീരുമാനത്തില്‍ പ്രതികരിച്ച് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയും രംഗത്തെത്തി. സിപിഐയും സിപിഐഎമ്മും ഒരുമിച്ചെടുത്ത തീരുമാനമാണെന്ന് ഡി രാജ പറഞ്ഞു. മുഖ്യമന്ത്രി കാര്യങ്ങള്‍ വ്യക്തമാക്കി. ധാരണാപത്രം മരവിപ്പിച്ചു. ചില പോരായ്മകള്‍ ഉണ്ടെന്ന് അവരും അംഗീകരിച്ചുവെന്നും ഡി രാജ പറഞ്ഞു. സിപിഐയുടെ ആശയപരമായ വിജയമാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കൂട്ടായ വിജയം എന്നായിരുന്നു ഡി രാജ പ്രതികരിച്ചത്. കേന്ദ്രത്തിന് സര്‍ക്കാര്‍ ഉടന്‍ കത്തയയ്ക്കും. രാജയോ ബേബിയോ എന്നല്ല, സിപിഐയും സിപിഐഎമ്മും ഒരുമിച്ച് എടുത്ത തീരുമാനമാണെന്നും ഡി രാജ വ്യക്തമാക്കി.
പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത് പുനഃപരിശോധിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. വിഷയം പരിശോധിക്കാന്‍ ഏഴംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് അധ്യക്ഷന്‍. സിപിഐയില്‍ നിന്ന് രണ്ട് മന്ത്രിമാര്‍ ഉപസമിതിയില്‍ ഉള്‍പ്പെട്ടു. കെ രാജന്‍, പി പ്രസാദ് എന്നിവരാണ് സിപിഐയില്‍ നിന്ന് ഉപസമിതിയില്‍ ഉള്‍പ്പെട്ടവര്‍. പി രാജീവ്, എ കെ ശശീന്ദ്രന്‍, കെ കൃഷ്ണന്‍കുട്ടി, റോഷി അഗസ്റ്റിന്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. ഉപസമിതി തീരുമാനമെടുക്കും വരെ പിഎം ശ്രീ തുടര്‍നടപടികള്‍ മരവിപ്പിക്കും. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തയക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
പിഎം ശ്രീയില്‍ തിരക്കിട്ട ചര്‍ച്ചകളായിരുന്നു ഇന്ന് നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ അടക്കമുള്ളവര്‍ ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ പിഎം ശ്രീ താത്ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. എല്‍ഡിഎഫ് യോഗത്തിലെടുത്ത തീരുമാനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി നേരിട്ടറിയിച്ചു. ഇതിന് പിന്നാലെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ സിപിഐ മന്ത്രിമാര്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കി. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചത്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ പതിനാറിനായിരുന്നു പിഎം ശ്രീ ധാരണാപത്രം തയ്യാറാക്കിയത്. 22ന് ധാരണാപത്രം ഡല്‍ഹിയില്‍ എത്തിക്കുകയും 23ന് ഒപ്പിട്ട് തിരികെ എത്തിക്കുകയും ചെയ്തു. സിപിഐയെ അറിയിക്കാതെയായിരുന്നു നീക്കങ്ങള്‍. ഇതിന് തൊട്ടുമുന്‍പ് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രിയോ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയോ വിഷയത്തെക്കുറിച്ച് സംസാരിച്ചിരുന്നില്ല. ധാരണാപത്രത്തില്‍ ഒപ്പിട്ട വിവരം വാര്‍ത്തയായതോടെ സിപിഐ ഇടഞ്ഞു. സര്‍ക്കാര്‍ മുന്നണി മര്യാദകള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ബിനോയ് വിശ്വം രംഗത്തെത്തി. പല ഘട്ടങ്ങളിലും സര്‍ക്കാരിനും സിപിഐഎമ്മിനുമെതിരെ ബിനോയ് വിശ്വം ഉന്നംവെച്ചു. ഒടുവില്‍ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയും വിഷയത്തില്‍ ഇടപെട്ടു. സിപിഐഎം സംസ്ഥാന ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബിയുമായി ഡി രാജ കൂടിക്കാഴ്ച നടത്തിയെങ്കിലും സമവായമുണ്ടായില്ല. പിഎം ശ്രീയില്‍ ഒപ്പിട്ട നടപടി പാര്‍ട്ടി നയത്തിന് വിരുദ്ധമെന്നായിരുന്നു ഡി രാജ പറഞ്ഞത്. വിഷയം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം സിപിഐ എക്‌സിക്യൂട്ടീവ് ചേര്‍ന്നിരുന്നു. അതില്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കടുത്ത തീരുമാനമായിരുന്നു സിപിഐ സ്വീകരിച്ചത്. ഇതിന് ശേഷമാണ് എല്‍ഡിഎഫ് യോഗം ചേര്‍ന്നതും സമവായത്തില്‍ എത്തിയതും.
Content Highlights- Minister v sivankutty reaction after cm press meet over freezing pm shri project