

ഇന്ത്യയുടെ ടി20 ക്രിക്കറ്റ് സ്ക്വാഡിൽ തന്റെ പൊസിഷനെ കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് മറുപടി നൽകി വിക്കറ്റ് കീപ്പർ ബാറ്ററും മലയാളി താരവുമായ സഞ്ജു സാംസൺ. ശുഭ്മന്‍ ഗില്‍ ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചെത്തിയതോടെ സഞ്ജുവിന് ഓപ്പണിങ് സ്ഥാനം നഷ്ടമായിരുന്നു. ഇതിനുപിന്നാലെ ടീമിൽ സഞ്ജുവിന്റെ സ്ഥാനത്തെ കുറിച്ചും ആശങ്കകളും ചർച്ചകളും ഉണ്ടായിരുന്നു. ഇപ്പോഴിതാ ടീമിൽ തന്റെ ബാറ്റിങ് പൊസിഷനെ കുറിച്ച് സഞ്ജു തന്നെ പ്രതികരിക്കുകയാണ്.
'സത്യസന്ധമായി പറഞ്ഞാൽ ഞാൻ വിവിധ ടീമുകളിലായി പല റോളുകളിലും ബാറ്റ് ചെയ്തിട്ടുണ്ട്. ഞാൻ ഈ ടീമിന്റെ ഭാഗമായിട്ട് കുറച്ചുനാളുകളായി. ഇവിടെയും പല റോളുകളും ചെയ്തു. ഇന്നിങ്സ് ഓപ്പൺ ചെയ്യുന്നത് മുതൽ മത്സരം ഫിനിഷ് ചെയ്യുകവരെ ചെയ്തിട്ടുണ്ട്. ഇപ്പോൾ ഞാൻ മധ്യനിരയിലാണ് ബാറ്റുചെയ്യുന്നത്. ഈ ടീമിൽ ഓപ്പണർമാർക്ക് മാത്രമാണ് സ്ഥിരമായ സ്ഥാനമുള്ളത്. ബാക്കിയുള്ള ബാറ്റർമാർ ഏത് സാഹചര്യത്തിലും ഏത് സമയത്തും ബാറ്റുചെയ്യാൻ തയ്യാറായിരിക്കണം. ഞങ്ങളെല്ലാം അതിന് തയ്യാറായിരിക്കണം', കാൻബറയിലെ ഒന്നാം ടി20 മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു സഞ്ജു.
Sanju Samson is confident in adapting to any batting role as #TeamIndia prepare for the 1st T20I against Australia.#AUSvIND | 1st T20I | #SanjuSamsonpic.twitter.com/mTYiMWjqRL
— Arshit Yadav (@imArshit) October 29, 2025
അതേസമയം ഓസ്‌ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ ടി20 പരമ്പരയിലെ ആദ്യ പോരാട്ടം കനത്ത മഴയെ തുടർന്ന് ഉപേക്ഷിച്ചിരിക്കുകയാണ്. കാന്‍ബറയിലെ മനുക ഓവലില്‍ നടന്ന മത്സരത്തിനിടെ രണ്ട് തവണയാണ് രസംകൊല്ലിയായി മഴയെത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 9.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ 97 റൺസെന്ന നിലയില്‍ നില്‍ക്കെയാണ് രണ്ടാമതും മഴയെത്തിയത്. പിന്നീട് മഴ ശക്തമായതോടെ മത്സരം ഉപേക്ഷിക്കേണ്ടി വരികയായിരുന്നു.
Content Highlights: Sanju Samson reacts to Shubman Gill taking his opening spot in India T20 XI