ബിഹാറിന് വേണ്ടത് 'RESPECT'; കാഴ്ചപ്പാടുകളുടെ ചുരുക്കെഴുത്തിൽ തെളിയുന്നത് തേജസ്വിയെന്ന പുതുപ്രതീക്ഷ

തെരഞ്ഞെടുപ്പ് ഫലം എന്തു തന്നെയായാലും തേജസ്വി യാദവെന്ന സോഷ്യലിസ്റ്റ് നേതാവ് ബിഹാറിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഒഴിവാക്കാനാകാത്ത പേരായി മാറും

ബിഹാറിന് വേണ്ടത് 'RESPECT'; കാഴ്ചപ്പാടുകളുടെ ചുരുക്കെഴുത്തിൽ തെളിയുന്നത് തേജസ്വിയെന്ന പുതുപ്രതീക്ഷ
dot image

നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ദാരിദ്ര്യത്തിന്റെയും നിരക്ഷരതയുടെയും പിന്നാക്കവസ്ഥയുടെയും ചങ്ങലകൾ പൊട്ടിക്കേണ്ടി വരും. വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയും ആദരവിന്റെയും വാതിലുകൾ നിർധനർക്കും ദരിദ്രർക്കും ദലിതർക്കും പിന്നോക്കക്കാർക്കും മുന്നിൽ തുറക്കേണ്ടി വരും. ആർജെഡി നേതാവ് തേജസ്വി യാദവ് തന്റെ ബിഹാർ അധികാർ യാത്രയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞതാണിത്. RESPECT എന്നെഴുതിയ തന്റെ വെളുത്ത ടീ ഷർട്ടിൽ ബിഹാറിന്റെ എല്ലാ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട് തേജസ്വി യാദവ്. തേജസ്വിയുടെ ഇത്തവണത്തെ തിരഞ്ഞെടുപ്പ് അജണ്ട എന്താണെന്ന ചോദ്യത്തിനുള്ള ഉത്തരവും RESPECT എന്നെഴുതിയ ഈ ടീ ഷർട്ടാണ്. റെസ്‌പെക്റ്റിലെ R എന്ന അക്ഷരം റോസിദാർ അഥവാ തൊഴിലിനെ സൂചിപ്പിക്കുന്നു. E - വിദ്യാഭ്യാസം, S - സുരക്ഷ, P - പലായൻ മുക്ത്, E - സമത്വം, C- സംരക്ഷണം, T -ടെക്നോളജി. തൊഴിലും വിദ്യാഭ്യാസവും സ്ത്രീകളടക്കമുള്ളവരുടെ സുരക്ഷയും ഉറപ്പാക്കും. ബിഹാറിൽ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്കടക്കമുള്ള തൊഴിൽ തേടിയുള്ള പലായനം കുറയ്ക്കും. വലിയ വിവേചനം നേരിടുന്ന സംസ്ഥാനമെന്ന നിലയ്ക്ക് ബിഹാറിൽ തുല്യത ഉറപ്പു വരുത്തുകയും പരസ്പരം ചേർത്തു നിർത്തുന്ന ഭരണം കാഴ്ച വെക്കുകയും ചെയ്യും. കൂടാതെ ടെക്‌നോളജിയുടെ സഹായത്തോടെ പുതിയ ബിഹാറിനെ പടുത്തുയർത്തും. ഇത്രയുമാണ് തന്റെ RESPECT എന്നെഴുതിയ ടീഷർട്ടിലൂടെ തേജസ്വിക്ക് പറയാനുള്ളത്.

തൊഴിലില്ലായ്മ രൂക്ഷമായ, പട്ടിണിയും ദാരിദ്ര്യവും കൊണ്ട് പൊറുതിമുട്ടുന്ന, ജാതി വിവേചനം കൊടുമ്പിരികൊള്ളുന്ന ഒരു നാടിന്റെ പ്രതീക്ഷയായി മാറിയിരിക്കുകയാണ് തേജസ്വിയെന്ന ഈ 35 കാരൻ. ലാലുപ്രസാദ് യാദവ്, നിതീഷ് കുമാർ, രാം വിലാസ് പസ്വാൻ, സുശീൽ കുമാർ മോദി തുടങ്ങി ബിഹാർ ജനത കണ്ടും കേട്ടും മടുത്ത പേരുകൾക്ക് പകരം, ഇക്കഴിഞ്ഞ പതിനഞ്ചു വർഷത്തിനിടെ ഉയർന്നുവന്ന യുവ നേതാവ്. 1990 ൽ അദ്വാനിയുടെ നേതൃത്വത്തിൽ നടന്ന രഥയാത്ര വർഗീയ യാത്രയാണെന്ന് പറയാൻ ആർജ്ജവം കാണിച്ച നേതാവിന്റെ മകൻ. ഡൽഹിൽ ചെന്ന് അദ്വാനിയെ നേരിൽ കണ്ട് യാത്ര ബിഹാറിലേക്ക് കടക്കരുതെന്നും ബിഹാറിൽ വീണ്ടുമൊരു വർഗീയ സംഘർഷത്തിന് വഴിയൊരുക്കരുതെന്നും പറയാൻ ധൈര്യം കാണിച്ച അച്ഛന്റെ മകൻ. 1989 ലെ ബാഗൽപൂർ കലാപം മുതലിങ്ങോട്ട് ബിഹാറിലെ വർഗീയതക്കെതിരെയും ജാതിവിവേചനങ്ങൾക്കെതിരെയും നിരന്തരം സംസാരിച്ചുകൊണ്ടിരുന്ന ലാലുപ്രസാദ് യാദവെന്ന സെക്യുലർ നേതാവിനെ തന്നെയാണ് ബിഹാർ ജനത തേജസ്വിയിലും കാണുന്നത്.

Leader of Opposition in the Lok Sabha Rahul Gandhi and RJD leader Tejashwi Yadav ride motorcycles with others during the Voter Adhikar Yatra, in Bihar
ബിഹാറിൽ വോട്ടർ അധികാർ യാത്രക്കിടെ തേജസ്വി യാദവും രാഹുൽ ഗാന്ധിയും

ദേശീയ രാഷ്ട്രീയത്തിൽ രാഹുൽ ഗാന്ധിയെന്ന പോലെ ബിഹാർ രാഷ്ട്രീയത്തിൽ മണ്ണിലിറങ്ങി രാഷ്ട്രീയം പറയുന്ന നേതാവാണ് തേജസ്വി യാദവ്. 25 ജില്ലകളും 110 മണ്ഡലങ്ങളും താണ്ടി ബിഹാറിൽ രാഹുൽ ഗാന്ധി നടത്തിയ വോട്ടർ അധികാർ യാത്രയിൽ രാഹുലിനൊപ്പം തന്നെയുണ്ടായിരുന്നു ഈ നേതാവ്. 1300 കിലോമീറ്റർ യാത്രയിൽ ബിഹാറിലെ ഓരോ ഗ്രാമങ്ങളിലേക്കും രാഹുലിനെ കൊണ്ടു പോയതും തേജസ്വിയായിരുന്നു. തെരെഞ്ഞുപ്പ് കമ്മീഷന്റെയും കേന്ദ്ര സർക്കാരിന്റെയും അവിശുദ്ധ കൂട്ടുകെട്ട് തുറന്നു കാട്ടിയ വോട്ട് അധികാർ യാത്ര പ്രതിപക്ഷ കൂട്ടായ്മയുടെ ഐക്യപ്പെടൽ കൂടിയായിരുന്നു. അതിന് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തതും യാത്രയുടെ ആദ്യാവസാനം രാഹുൽഗാന്ധിക്കൊപ്പം നിന്നതും തേജസ്വി യാദവാണ്. ബുള്ളറ്റിൽ ഒരുമിച്ച് യാത്ര ചെയ്യുന്ന, പ്രവർത്തകരെ ഒരുമിച്ച നിന്ന് അഭിവാദ്യം ചെയ്യുന്ന രാഹുലും തേജസ്വിയും അക്ഷരാർഥത്തിൽ ബിഹാറിനെ ഇളക്കിമറിച്ചു.

14 ദിവസത്തെ വോട്ടർ അധികാർ യാത്ര സെപ്റ്റംബർ ഒന്നിന് സമാപിച്ചെങ്കിലും തേജസ്വി യാദവെന്ന ചെറുപ്പക്കാരന് വിശ്രമിച്ചില്ല. കൃത്യം ഒരാഴ്ചക്കകം അടുത്ത യാത്ര പ്രഖ്യാപിച്ചു, ബിഹാർ അധികാർ യാത്ര. ബിഹാർ നേരിടുന്ന ദാരിദ്ര്യവും തൊഴിലില്ലായ്മയുമടക്കമുള്ള അടിസ്ഥാന പ്രശ്‌നങ്ങൾ ഉയർത്തിയാണ് ബിഹാർ അധികാർ യാത്ര മുന്നോട്ട് പോയത്. ബിഹാറിലെ ജെഹാനാബാദിൽ നിന്ന് തുടങ്ങിയ യാത്ര പാട്‌നയും നളന്ദയും എല്ലാം കടന്ന് വൈശാലിയെത്തുന്നത് വരെ ജനസാഗരം അദ്ദേഹത്തെ പിന്തുടർന്നു. തൊഴിലില്ലായ്മ ഇല്ലാത്ത, ദാരിദ്ര്യമില്ലാത്ത പുതിയൊരു ബിഹാറിനെ കെട്ടിപ്പെടുത്താനാണ് ഈ യാത്ര എന്നാണ് തേജസ്വ യാദവ് പറയുന്നത്. നിങ്ങളിൽ ഒരാളെയും വീട്ടിലിരുത്തില്ലെന്നും എല്ലാവർക്കും ജോലി നൽകുമെന്നും തേജസ്വി പ്രഖ്യാപിച്ചു. എല്ലാ വീട്ടിലും ഒരു സർക്കാർ ജോലിയെന്ന വമ്പൻ പ്രഖ്യാപനവും ഇക്കഴിഞ്ഞ ദിവസം തേജസ്വി നടത്തി.

ബിഹാറിലെ ആകെയുള്ള 20.47 ലക്ഷം വരുന്ന സർക്കാർ ഉദ്യോഗസ്ഥരിൽ ആറുലക്ഷത്തിലധികവും ഉയർന്ന ജാതിയിൽ നിന്നുള്ളവരാണ്. ജനസംഖ്യയിൽ ന്യൂനപക്ഷമായ ഉയർന്ന ജാതിക്കാർ അടക്കിവാണിരുന്ന സർക്കാർ മേഖലയിൽ എല്ലാ കുടുംബത്തിനും പ്രാതിനിധ്യം നൽകുമെന്നാണ് തേജസ്വിയുടെ പ്രഖ്യാപനം. ജാതി രാഷ്ട്രീയത്തോടൊപ്പം എല്ലാവർത്തും സാമ്പത്തിക തുല്യത ഉറപ്പുവരുത്തുകയെന്ന മുദ്രാവാക്യവും തേജസ്വി ഉയർത്തുന്നു. ജാതിസെൻസസ് പുറത്തുവരികയും ബിഹാറിലെ വിദ്യാഭ്യാസ മേഖലകളിലും തൊഴിൽ മേഖലകളിലുമുള്ള ജാതീയമായ വിവേചനങ്ങൾ പുറംലോകം അറിയുകയും ചെയ്തതോടെ തേജസ്വിയുടെ മുദ്രാവാക്യങ്ങൾക്ക് മൂർച്ച കൂടിയിട്ടുണ്ട്.

Nitish Kumar attended an iftar party held by Tejashwi Yadav at his home
തേജസ്വി യാദവിൻ്റെ വീട്ടിൽ നടന്ന ഇഫ്താർ പാർട്ടിക്കെത്തിയ നിതീഷ് കുമാർ

ഇനി ആരായിരുന്നു തേജസ്വി യാദവെന്ന് നോക്കാം. ഐപിഎല്ലിലടക്കം ഭാഗമായിരുന്ന ക്രിക്കറ്റ് താരം ബിഹാർ രാഷ്ട്രീയത്തിലെ മുഖമായി മാറിയത് ആർജെഡിയുടെ ഏറ്റവും വലിയ പ്രതിസന്ധി കാലത്താണ്. ആർ ജെ ഡിയുടെ ഏറ്റവും വലിയ പ്രതിസന്ധികാലമായിരുന്നു 2020. ആർജെഡിയുടെ മുഖമായിരുന്ന ലാലുപ്രസാദ് യാദവ് ജയിലിൽ കഴിയുന്ന കാലം. ആ പ്രതിസന്ധി കാലത്തും ബിജെപിയെയും പിന്നിലാക്കി ആർജെഡിയെ ബിഹാറിലെ ഏറ്റവും വലിയ ഒറ്റകക്ഷി ആക്കുന്നതിൽ തേജസ്വി യാദവെന്ന യുവ രാഷ്ട്രീയ നേതാവിന്റെ പങ്ക് എടുത്തു പറയേണ്ടതാണ്. അന്ന് അദ്ദേഹത്തിന് 30 വയസ് മാത്രമായിരുന്നു പ്രായം. ബിഹാറിലെ ഏറ്റവും വലിയ ഒറ്റകക്ഷി ആയെങ്കിലും കേവലഭൂരിപക്ഷം നേടാൻ കഴിയാത്തതിനാൽ ബിജെപിയും ജെഡിയുവും ചേർന്ന് സർക്കാർ രൂപീകരിച്ചു. എങ്കിലും തേജസ്വി യാദവെന്ന ആ ചെറുപ്പക്കാരൻ അപ്പോഴേക്കും ബിഹാർ ജനതക്കിടയിൽ സ്വീകാര്യനായി മാറിയിരുന്നു.

തുടർന്നങ്ങോട്ടും ബിഹാർ ജനതയുടെ വിദ്യാഭ്യാസവും സാമ്പത്തികവും തൊഴിൽപരവുമായ തുല്യതക്ക് വേണ്ടി അദ്ദേഹം നിരന്തരം സംസാരിച്ചു. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്കു മേൽ ജനവിശ്വാസ് യാത്ര നടത്തി ആ ചെറുപ്പക്കാരൻ സമ്മർദ്ദശക്തിയായി മാറി. 2024 ഫെബ്രുവരി 20 ന് മുസാഫർപുരിൽ നിന്ന് ആരംഭിച്ച ആ യാത്ര 3500 കിലോമീറ്ററോളം ബിഹാറിലെ ഓരോ ഗ്രാമങ്ങളെയും തൊട്ട് കടന്നു പോയി. ആയിരക്കണക്കിന് യുവാക്കളും സാധാരണക്കാരും തേജസ്വിയാദവെന്ന ആ യുവ നേതാവിനെ ആവേശത്തോടെ സ്വാഗതം ചെയ്തു. 2024 ലെ ആ ജനവിശ്വാസ് യാത്രയുടെ തുടർച്ച തന്നെയായിരുന്നു ഏറ്റവുമൊടുവിൽ രാഹുൽ ഗാന്ധി ബിഹാറിൽ നടത്തിയ വോട്ടർ അധികാർ യാത്ര.

ജനവിശ്വാസ് യാത്ര നടത്തിയ പരിചയം തന്നെയാണ് തേജസ്വിയെന്ന ആ നേതാവിന് രാഹുൽ ഗാന്ധിക്ക് വഴികാട്ടാനുള്ള ഊർജ്ജം നൽകിയത്. അന്ന് തേജസ്വി യാദവിന് വേണ്ടി ജയ് വിളിച്ചവരാണ് രാഹുലിനും തേജസ്വിക്കും പുറകിൽ ആവേശത്തോടെ അണിനിരന്നത്. അത് കൊണ്ട് തന്നെയാണ് ദേശീയ രാഷ്ട്രീയത്തിൽ രാഹുൽ ഗാന്ധിയെന്ന പോലെ ബിഹാർ രാഷ്ട്രീയത്തിൽ തേജസ്വി യാദവെന്ന് പറയേണ്ടി വരുന്നത്. ആർജെഡി നേതാവ് എന്നതിനുമപ്പുറം രാജ്യം പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ശക്തനായ സോഷ്യലിസ്റ്റ് നേതാവായി തേജസ്വി യാദവ് ഇതിനോടകം മാറിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇത്തവണത്തെ ബിഹാർ തെരഞ്ഞെടുപ്പിൽ ആരായിരിക്കും പ്രതിപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. അത് തേജസ്വി യാദവെന്ന പേരാണ്. തെരഞ്ഞെടുപ്പ് ഫലം എന്തു തന്നെയായാലും തേജസ്വി യാദവെന്ന സോഷ്യലിസ്റ്റ് നേതാവ് ബിഹാറിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഒഴിവാക്കാനാകാത്ത പേരായി മാറും.

Content Highlights: Tejashwi Yadav is the new hope for Bihar

dot image
To advertise here,contact us
dot image