വിഷാദം ഒരു കളിവാക്കല്ല; വിഷാദരോഗം ഒരു തമാശയായി തോന്നുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ അജ്ഞത കൊണ്ടാണ്

വിഷാദരോഗം നമ്മിൽ ആരെയാണ് പിടികൂടുക എന്നത് പ്രവചിക്കാനാവില്ല, നമ്മുടേത് ഒരു വിഷാദരോഗമാണെന്നുപോലും പലപ്പോഴും നമുക്ക് അറിയാൻ സാധിച്ചെന്നുവരില്ല

വിഷാദം ഒരു കളിവാക്കല്ല; വിഷാദരോഗം ഒരു തമാശയായി തോന്നുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ അജ്ഞത കൊണ്ടാണ്
dot image

നമ്മൾ അനുഭവിക്കാത്തതെല്ലാം നമുക്ക് കെട്ടുകഥകളാണ് എന്ന വാചകത്തിലൂടെയാണ് നാം പ്രശസ്ത സാഹിത്യകാരനായ ബെന്യാമിന്റെ ആടുജീവിതത്തിലെ നജീബിന്റെ ജീവിതദുരിതങ്ങളെ അതിന്റെ ആഴത്തിൽ തൊട്ടറിയുന്നത്. ഇതിപ്പോൾ പറയാൻ കാരണം കഴിഞ്ഞ ദിവസങ്ങളിൽ ഒരു മലയാളി നടി ഡിപ്രഷനെക്കുറിച്ച് പരിഹാസപൂർവ്വം നടത്തിയ ചില അഭിപ്രായപ്രകടനങ്ങൾ കണ്ടതാണ്.

പണിയൊന്നുമില്ലാത്തവർക്ക് വരുന്ന അസുഖമാണ് ഡിപ്രഷനും മറ്റ് മാനസിക രോഗങ്ങളും എന്നെല്ലാമാണ് അവർ പറഞ്ഞുവെക്കുന്നത്. ‘‘ഡിപ്രഷൻ ഉണ്ടെന്ന്‌ പറയുന്നവർക്ക്‌ പ്രത്യേകിച്ച്‌ പണിയൊന്നുമില്ലാത്തത്‌ കൊണ്ടാണ്‌, അവർക്ക്‌ ധാരാളം സമയമുണ്ട്‌, പണ്ട്‌ നമ്മൾ 'വട്ട്‌' എന്ന്‌ പറഞ്ഞിരുന്നു. ഇപ്പോൾ പേരൊക്കെ മാറ്റിയെന്നേ ഉള്ളൂ" എന്നായിരുന്നു അവരുടെ നിരുത്തരവാദപരമായ അഭിപ്രായപ്രകടനം.

നിങ്ങൾക്ക് വിഷാദരോഗം ഒരു തമാശയായി തോന്നുന്നുണ്ടെങ്കിൽ, അത് നിങ്ങളുടെ അജ്ഞത കൊണ്ടാണ്. നിങ്ങളുടെ പരിഹാസം ആത്മഹത്യയിലേക്ക് വരെ നയിച്ചേക്കാവുന്ന ഒരു രോഗത്തെയാണ് നിങ്ങൾ കെട്ടുകഥയാക്കി മാറ്റുന്നത് എന്നുമാത്രമേ ഈ വിഷയത്തിൽ അവരോടു പറയാനുള്ളൂ.

പക്ഷേ നമുക്ക് പറയാനുള്ളത് ഈ സമൂഹത്തോടാണ്. ഒരു സാമൂഹികജീവി എന്ന നിലയിൽ നമുക്ക് ഓരോരുത്തർക്കും ചില ഉത്തരവാദിത്തങ്ങളുണ്ട്. അത് പാലിക്കാൻ ശ്രമിക്കുക. ഏറ്റവും കുറഞ്ഞത് നാം നമുക്ക് അറിവില്ലാത്ത കാര്യങ്ങളിൽ മൗനം പാലിക്കുകയെങ്കിലും ചെയ്യുക.

ഒരു ഡോക്ടർ എന്ന നിലയിലും ജീവിതത്തിൽ ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോയ ഒരാൾ എന്ന നിലയിലും എനിക്ക് ചിലകാര്യങ്ങൾ ഈ സമയത്ത് എന്റെ അനുഭവത്തിൽ നിന്നുതന്നെ പറയാൻ കഴിയും.

2019 ഡിസംബർ 3-ന് കോഴിക്കോടിനടുത്ത് വളാഞ്ചേരി ദേശീയപാതയിൽ വെച്ചുണ്ടായ റോഡപകടം എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്തതാണ്. കോഴിക്കോട് ആസ്റ്റർ മിംസിൽ കാർഡിയോളജി വിഭാഗത്തിൽ ജൂനിയർ ഡോക്ടറായി ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴായിരുന്നു എനിക്ക് അപകടം സംഭവിക്കുന്നത്., പിതാവ് പി. എച്ച്. ഹംസ ഓടിച്ച കാറിൻ്റെ പിൻസീറ്റിലായിരുന്നു ഞാൻ .എന്റെ ഉമ്മ റഷീദ ഹംസ മുൻസീറ്റിലുണ്ടായിരുന്നു.

മറ്റൊരു കാർ ഞങ്ങളുടെ വാഹനത്തിൽ ഇടിച്ചതിനെത്തുടർന്ന് പിതാവിന് നിയന്ത്രണം നഷ്ടപ്പെട്ടു. തുടർന്ന് ഈ കാർ അമിതവേഗത്തിൽ വന്ന ടാങ്കർ ലോറിയിലിടിക്കുകയായിരുന്നു. മാതാപിതാക്കൾക്ക് നിസ്സാര പരിക്കേറ്റപ്പോൾ, കാർ രണ്ടായി പിളർന്ന്, ഞാൻ ഇരുന്ന ഭാഗം ലോറിയുടെ അടിയിൽ കുടുങ്ങിയതിനാൽ എനിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സമീപവാസികൾ ഉടൻ തന്നെ എന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെനിന്ന് ആസ്റ്റർ മിംസിലേക്ക് റഫർ ചെയ്യുകയുമുണ്ടായി.

മൂന്ന് ദിവസത്തോളം വെൻ്റിലേറ്റർ സഹായത്തിലായിരുന്നു ഞാൻ. നട്ടെല്ലിന് ഒടിവുണ്ടായതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായി. സീനിയർ ഡോക്ടർമാരുടെയും സഹപ്രവർത്തകരുടെയും കൂട്ടായ ശ്രമഫലമായി നാല് മാസത്തിനുള്ളിൽ ഞാൻ ജീവിതത്തിലേക്ക് തിരിച്ചുവന്നു.

എന്റെ പ്രിയപ്പെട്ടവരുടെ അക്ഷീണ പ്രയത്നമാണ് എന്നെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവന്നത്. ഈ കാലയളവിൽ ഞാൻ കടുത്ത മാനസിക ആഘാതത്തിലൂടെയാണ് കടന്നുപോയത്. കൂടെയുള്ളവരുടെ പിന്തുണയും സർവ്വശക്തൻ്റെ അനുഗ്രഹവുമാണ് ആ സമയത്ത് എനിക്ക് കരുത്തായത്. സർവ്വം നഷ്ട്ടപ്പെട്ട അവസ്ഥയിലായിരുന്നു ഞാൻ. ജീവിതത്തെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷയും അറ്റുപോയതുപോലെ എനിക്ക് തോന്നി. കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് ആ നാളുകൾ കടന്നുപോയത്. എന്നെ അത്രമേൽ ആഴത്തിൽ സ്നേഹിക്കുന്ന കൂട്ടുകാരുടെ സ്നേഹവും കരുതലും അവർ നല്കിയ മാനസിക പിന്തുണയുമാണ് മരുന്നുകളേക്കാൾ എന്നെ ആ വിഷാദകാലത്തെ അതിജീവിക്കാൻ സഹായിച്ചത്.

നമ്മിൽ പലർക്കും ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകേണ്ടി വന്നിരിക്കാം. ഇപ്പോഴും അത്തരം അവസ്ഥകളോട് ഇണങ്ങി ജീവിക്കുന്നവരുണ്ടാകാം. അതിനാൽ എന്താണ് 'ഡിപ്രഷൻ' എന്ന് നാം അറിഞ്ഞിരിക്കേണ്ടതുണ്ട്

എന്താണ് വിഷാദം (Depression)?

വിഷാദം എന്നത് ഒരു വ്യക്തിയുടെ ചിന്തകളെയും വികാരങ്ങളെയും പെരുമാറ്റത്തെയും ശാരീരിക പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന ഒരു ഗുരുതരമായ മാനസിക രോഗാവസ്ഥയാണ്. ഇത് വെറും മാനസികമായ വിഷമമോ സങ്കടമോ മാത്രമല്ല. ഒരാൾക്ക് താൽക്കാലികമായി ഉണ്ടാകുന്ന മൂഡ് സ്വിങ് (Mood Swing) പോലെയോ, ദുഃഖകരമായ ഒരവസ്ഥയോടോള്ള പ്രതികരണമായോ മാത്രം ഇതിനെ കാണാൻ കഴിയില്ല.

മെഡിക്കൽ വിശദീകരണം (Medical Explanation)

കേവല കാര്യകാരണബന്ധങ്ങൾക്ക് വിധേയമായി മാത്രമല്ല പലപ്പോഴും ഒരാൾക്ക് വിഷാദം ഉണ്ടാകുന്നത്.
അകാരണമായും ഒരാൾ കഠിനമായ വിഷാദത്തിനു അടിമപ്പെടാം. അവയെ അറിയുകയും നിരീക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്.

വിഷാദം എന്നത് തലച്ചോറിലെ ന്യൂറോട്രാൻസ്മിറ്ററുകളുടെ (Neurotransmitters) രാസപരമായ അസന്തുലിതാവസ്ഥയുമായി ബന്ധപ്പെട്ട ഒരു രോഗമാണ്.

Also Read:

ന്യൂറോട്രാൻസ്മിറ്ററുകൾ: തലച്ചോറിലെ കോശങ്ങൾ തമ്മിൽ വിവരങ്ങൾ കൈമാറാൻ സഹായിക്കുന്ന രാസ സന്ദേശവാഹകരാണിവർ. സെറോടോണിൻ (Serotonin), ഡോപാമിൻ (Dopamine), നോറെപിനെഫ്രിൻ (Norepinephrine) എന്നിവയാണ് പ്രധാനമായും വിഷാദവുമായി ബന്ധപ്പെട്ട ന്യൂറോട്രാൻസ്മിറ്ററുകൾ.

അസന്തുലിതാവസ്ഥ: ഈ ന്യൂറോട്രാൻസ്മിറ്ററുകളുടെ അളവിലുള്ള കുറവോ, അവയുടെ പ്രവർത്തനത്തിലെ തകരാറുകളോ വിഷാദത്തിലേക്ക് നയിച്ചേക്കാം. ഇത് ചിന്തകൾ, ഉറക്കം, വിശപ്പ്, ഊർജ്ജസ്വലത എന്നിവയെ ബാധിക്കുന്നു.

ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങൾ: പാരമ്പര്യം, കടുത്ത മാനസിക സമ്മർദ്ദം, ഹോർമോൺ വ്യതിയാനങ്ങൾ, മസ്തിഷ്കത്തിലെ ഘടനാപരമായ മാറ്റങ്ങൾ എന്നിവയും വിഷാദത്തിന് കാരണമായേക്കാം.

ലക്ഷണങ്ങൾ: ഒരാഴ്ചയിലധികം, തുടർച്ചയായി ഭൂരിഭാഗം സമയത്തും താഴെ പറയുന്ന അഞ്ച് ലക്ഷണങ്ങളെങ്കിലും നിലനിൽക്കുകയാണെങ്കിൽ അത് വിഷാദ രോഗമായി കണക്കാക്കാം:

  • തുടർച്ചയായ ദുഃഖം അല്ലെങ്കിൽ ശൂന്യതാബോധം
  • മുമ്പ് ആസ്വദിച്ചിരുന്ന കാര്യങ്ങളിൽ താൽപര്യമില്ലായ്മ (Anhedonia)
  • ശരീര ഭാരത്തിൽ ഉണ്ടാകുന്ന വലിയ മാറ്റങ്ങൾ (കൂടുകയോ കുറയുകയോ ചെയ്യുക)
  • ഉറക്കമില്ലായ്മ (Insomnia) അല്ലെങ്കിൽ അമിതമായ ഉറക്കം (Hypersomnia)
  • ക്ഷീണവും ഊർജ്ജസ്വലത ഇല്ലായ്മ
  • ശ്രദ്ധക്കുറവ്, തീരുമാനങ്ങളെടുക്കാനുള്ള ബുദ്ധിമുട്ട്
  • മനസ്സിൽ മരണ ചിന്തകൾ വന്നുനിറയുക അല്ലെങ്കിൽ ആത്മഹത്യാ പ്രവണത

പ്രതിവിധികൾ (Treatments)

വിഷാദം പൂർണ്ണമായും ചികിത്സിച്ചു മാറ്റാൻ സാധിക്കുന്ന ഒരു രോഗമാണ്. ചികിത്സാരീതികൾ രോഗത്തിൻ്റെ തീവ്രത അനുസരിച്ച് വ്യത്യാസപ്പെടാം.

സൈക്കോതെറാപ്പി (Psychotherapy)

വിഷാദത്തിന് കാരണമായ ചിന്താരീതികളും പെരുമാറ്റങ്ങളും മാറ്റിയെടുക്കാൻ സഹായിക്കുന്ന ചികിത്സയാണിത്. കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT) പോലുള്ളവ സാധാരണയായി ഉപയോഗിക്കാറുണ്ട്.

മരുന്നുകൾ (Medication)

തലച്ചോറിലെ ന്യൂറോട്രാൻസ്മിറ്ററുകളുടെ അളവ് സന്തുലിതമാക്കാൻ സഹായിക്കുന്ന ആൻ്റിഡിപ്രസൻ്റ് (Antidepressant) മരുന്നുകളാണ് പ്രധാനമായും നൽകുന്നത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം കൃത്യമായ അളവിലും സമയത്തും കഴിക്കേണ്ടത് അത്യാവശ്യമാണ്

ജീവിതശൈലി മാറ്റങ്ങൾ

ക്രമമായ വ്യായാമം, പോഷകസമൃദ്ധമായ ഭക്ഷണം, കൃത്യമായ ഉറക്കം എന്നിവ വിഷാദത്തെ ഒരളവുവരെ നേരിടാൻ സഹായിക്കും.മദ്യപാനം, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവ പൂർണ്ണമായും ഒഴിവാക്കണം.

സമൂഹത്തെ ബോധവൽക്കരിക്കാൻ ചെയ്യേണ്ടത്

വിഷാദത്തെ ഒരു രോഗമായി അംഗീകരിക്കാനും അതിനോടുള്ള സാമൂഹിക സമീപനം മാറ്റാനും ഇക്കാര്യങ്ങളാണ് ചെയ്യേണ്ടത്.

മാനസികരോഗങ്ങൾ എന്നത് ശാരീരിക രോഗങ്ങൾ പോലെ തന്നെ ചികിത്സ ആവശ്യമുള്ള അവസ്ഥയാണെന്ന് പൊതുസമൂഹത്തെ ബോധവൽക്കരിക്കുക. മാനസികാരോഗ്യ വിദഗ്ദ്ധരെ കാണുന്നത് ഒരു കുറവല്ലെന്ന് ബോധ്യപ്പെടുത്തുക. ചികിത്സയിലൂടെ സുഖം പ്രാപിച്ച വ്യക്തികളുടെ അനുഭവങ്ങൾ പങ്കുവെക്കുക. സവിശേഷമായ മാനസികാവസ്ഥ ഒരുമാറാരോഗമല്ലെന്നും മാനസികാരോഗ്യത്തിനുള്ള ശരിയായ മാർഗങ്ങളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക. സ്കൂൾ തലം മുതൽ മാനസികാരോഗ്യ വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കുക. വിഷാദരോഗ ലക്ഷണങ്ങൾ, സഹായം തേടേണ്ട രീതികൾ എന്നിവ കുട്ടികളെ പഠിപ്പിക്കുക.

മാധ്യമങ്ങളുടെ പങ്ക്

സിനിമകളിലും സീരിയലുകളിലും വിഷാദരോഗത്തെ പരിഹാസ്യമോ നിസ്സാരമോ ആയി ചിത്രീകരിക്കുന്നത് ഒഴിവാക്കണം. മാനസികാരോഗ്യ വിദഗ്ധരുമായി കൂടിയാലോചിച്ച് ശരിയായ രീതിയിൽ മാത്രം അതിനെ സമീപിക്കുക. ചികിത്സാ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലളിതമായ ഭാഷയിൽ ആളുകളിലേക്കെത്തുന്ന രീതിയിൽ പ്രചരിപ്പിക്കുക.

സാമൂഹിക ഇടപെടൽ

ഓരോ സ്ഥാപനങ്ങളിലും (ഓഫീസുകൾ, കോളേജുകൾ) കൗൺസിലിംഗ് സേവനങ്ങൾ ഉറപ്പാക്കുക.

ഒറ്റപ്പെട്ടു കഴിയുന്നവർക്ക് പിന്തുണ നൽകാൻ കമ്മ്യൂണിറ്റി തലത്തിൽ കൂട്ടായ്മകളും സൗഹൃദ ഗ്രൂപ്പുകളും പ്രോത്സാഹിപ്പിക്കുക. പ്രധാനമായും, കേൾക്കാൻ തയ്യാറുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുക. സഹായം ആവശ്യമുള്ളവരോട് നമ്മുടെ അറിവനുസരിച്ച് വിധി പറയാതെ, സഹാനുഭൂതിയോടെ സംസാരിക്കുക.

വിഷാദരോഗം നമ്മിൽ ആരെയാണ് പിടികൂടുക എന്നത് പ്രവചിക്കാനാവില്ല. നമ്മുടേത് ഒരു വിഷാദരോഗമാണെന്നുപോലും പലപ്പോഴും നമുക്ക് അറിയാൻ സാധിച്ചെന്നുവരില്ല.
സ്വയം നിഗമനങ്ങളിൽ എത്താതെ ഏറ്റവും അടുത്ത സുഹൃത്തുക്കളുമായി വിവരം പങ്കുവെക്കുക. ആവശ്യമായ വൈദ്യസഹായങ്ങൾ തേടുക. ഏവർക്കും സന്തോഷപ്രദമായ ഒരു ജീവിതം സാധ്യമാകട്ടെ.

Content Highlights: what is depression and how to cure it

dot image
To advertise here,contact us
dot image