


 
            തിരുവനന്തപുരം: തമ്പാനൂരില്‍ ആമയിഴഞ്ചാന്‍ തോട് ശുചീകരണത്തിനിടെ മാലിന്യകൂമ്പാരത്തില്‍ കുടുങ്ങി മരിച്ച ശുചീകരണ തൊഴിലാളി ജോയ്‌യുടെ അമ്മയ്ക്ക് വീടൊരുങ്ങി. താക്കോല്‍ കൈമാറി. പാലുകാച്ചല്‍ ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാരായമുട്ടം കോണത്തുവിളാകത്താണ് വീട് നിര്‍മിച്ചിരിക്കുന്നത്. ചോര്‍ന്നൊലിക്കുന്ന ഒറ്റമുറി വീട്ടിലായിരുന്നു അമ്മ മെല്‍ഹിയുടെയും ജോയിയുടെയും വാസം.
വേദനിപ്പിച്ച ദുരന്തമായിരുന്നു ജോയിയുടേതെന്നും 200 ദിവസത്തിനുള്ളില്‍ വീട് പണി പൂര്‍ത്തിയാക്കി വാക്ക് പാലിച്ചതില്‍ അഭിമാനമുണ്ടെന്നും എം ബി രാജേഷ് പറഞ്ഞു. ജോയിയുടെ വേര്‍പ്പാട് പരിഹരിക്കാനാകാത്ത നഷ്ടമാണ്. പക്ഷെ അമ്മ അനാഥമാകില്ലെന്ന ഉറപ്പ് പാലിക്കാന്‍ കഴിഞ്ഞുവെന്നും എം ബി രാജേഷ് പറഞ്ഞു.
ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്തതായിരുന്നു ജോയിയുടെ മരണമെന്ന് ആര്യാ രാജേന്ദ്രനും പ്രതികരിച്ചു. കുടുംബത്തിന്റെ സാഹചര്യം തിരിച്ചറിഞ്ഞവരാണ് നമ്മളെല്ലാവരും. കുടുംബത്തിന് അടിയന്തരമായി പത്ത് ലക്ഷം രൂപ നല്‍കി. അത് മാത്രം പോര ഇനി എന്ത് ചെയ്യാനാകും എന്ന് ആലോചിച്ചാണ് മുഖ്യമന്ത്രിയെ പോയി കണ്ടത്. എന്ത് ചെയ്താലും കുറഞ്ഞു പോകില്ലെന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. മുഖ്യമന്ത്രിയും തദ്ദേശ മന്ത്രിയും നല്‍കിയ പിന്തുണയാണ് അമ്മയുടെ കൂടെയുണ്ടെന്ന് തെളിയിക്കാന്‍ സാധിച്ചത്. തദ്ദേശസ്ഥാപനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് നഗരസഭയും പഞ്ചായത്തും ചേര്‍ന്ന് ഒരു വീട് വെച്ച് നല്‍കുന്നതെന്നും ആര്യാ രാജേന്ദ്രന്‍ പറഞ്ഞു.
മകന്റെ വേര്‍പാടിന് പകരം ആകില്ല വീട് എങ്കിലും ഒപ്പം നിന്ന് സഹായിച്ച കോര്‍പ്പറേഷനും ജില്ലാ പഞ്ചായത്തിനും അമ്മ നന്ദി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തിലാണ് മാരായമുട്ടം മലഞ്ചരിവ് വീട്ടില്‍ ജോയി(47)യെ ആമയിഴഞ്ചാന്‍ തോട്ടിൽ കാണാതായത്. മൂന്ന് ദിവസത്തെ തെരച്ചിലിനൊടുവില്‍ കാണാതായ സ്ഥലത്തുനിന്ന് ഒരുകിലോമീറ്ററിനപ്പുറത്തു നിന്നാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.
Content Highlights: amayizhanjan canal Joy's mother's house keys are handed over
 
                        
                        