


 
            ഒക്ടോബർ 31ന് ബ്ലൂംബർഗ് ബില്യണയർ ഇൻഡക്‌സ് പുറത്ത് വരുമ്പോൾ മെറ്റ സ്ഥാപകനായ മാർക്ക് സക്കർബർഗ് നേരിട്ടിരിക്കുന്നത് കോടികളുടെ നഷ്ടമാണെന്ന വിവരം ടെക് ലോകത്തെ തന്നെ അമ്പരപ്പിച്ചിരിക്കുകയാണ്. ഇൻഡക്‌സിൽ രണ്ട് സ്ഥാനങ്ങളിടിഞ്ഞ് അഞ്ചാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് സക്കർബർഗ്. ആമസോണിന്റെ സ്ഥാപകൻ ജെഫ് ബെസോസ്, ആൽഫബറ്റ് ഇൻകോർപ്പറേറ്റഡ് സ്ഥാപകൻ ലാരി പേജ് എന്നിവർക്ക് താഴെ എത്തിയ സക്കർബർഗിന് ആകെ ആസ്തിയിൽ ഇത്തവണ 29.2 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ സക്കർബർഗിന് നേരിടേണ്ടി വന്ന ഏറ്റവും വലിയ നഷ്ടമാണിത്.
സുക്കർബർഗിന്റെ ആകെ ആസ്തി 235.2 ബില്യൺ ഡോളറാണെന്നാണ് ബ്ലൂംബർഗ് ബില്യണയർ ഇൻഡക്‌സ് ഫിഗറിൽ വന്ന വിവരം. സുക്കർബർഗിന്റെ ആസ്തിയിലുണ്ടായ ബില്യണുകളുടെ നഷ്ടം നാലാമത്തെ ഏറ്റവും വലിയ വിപണി ഇടിവായാണ് കണക്കാക്കുന്നത്. ഇത് മെറ്റയിൽ വന്ന ഏറ്റവും വലിയ ഇടിവാണ്.
അതേസമയം ഫോബ്‌സിൽ സക്കർബർഗിന്റെ ആസ്തി 228.5 ബില്യൺ എന്നാണ് ഒക്ടോബർ 30ലെ കണക്കനുസരിച്ച് ചൂണ്ടിക്കാട്ടുന്നത്. 2022 മുതൽ കമ്പനി സ്റ്റോക്കിൽ വന്ന 11 ശതമാനം ഇടിവാണ് മെറ്റ സിഇഒയുടെ ആസ്തിയെ ബാധിച്ചത്. എഐയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളുടെ ഭാഗമായി നടത്തി ഇരട്ടി നിക്ഷേപങ്ങളാണ് പെട്ടെന്നുണ്ടായ മാറ്റങ്ങൾക്ക് പിന്നിലെന്നാണ് നിഗമനം. ബ്ലൂംബർഗ് റിപ്പോർട്ടിന് പുറമേ ഫോബ്‌സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത് കമ്പനിയുടെ ഓഹരിയിൽ 12.3 ശതമാനം ഇടിവുണ്ടായി എന്നാണ്.
Content Highlights:  loss in Mark Zuckerberg's net worth
 
                        
                        