ലാലു പ്രസാദ് യാദവും നിതീഷ് കുമാറും; ബിഹാറിലെ പ്രക്ഷുബ്ധമായ രാഷ്ട്രീയ കൂട്ടുകെട്ടിൻ്റെ കഥ

പട്ന കാമ്പസിൽ ഇന്ദിര ​ഗാന്ധിക്കെതിരായ പോരാട്ടത്തിലൂടെ തുടക്കമിട്ട രാഷ്ട്രീയ യാത്രയുടെ തുടർച്ചയിൽ ലാലുവും നിതീഷും കടന്നുപോയത് അസാധാരണ വഴികളിലൂടെ

ലാലു പ്രസാദ് യാദവും നിതീഷ് കുമാറും; ബിഹാറിലെ പ്രക്ഷുബ്ധമായ രാഷ്ട്രീയ കൂട്ടുകെട്ടിൻ്റെ കഥ
വിഷ്ണു വിജയകുമാർ
1 min read|22 Oct 2025, 09:37 am
dot image

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലെ ബിഹാറിന്റെ രാഷ്ട്രീയ ചരിത്രം ലാലു പ്രസാദ് യാദവിന്റെയും നിതീഷ് കുമാറിന്റെയും കൂടിയാണ്. ഇണങ്ങിയും പിണങ്ങിയും പോ‍ർ വിളിച്ചും ഇരുവരും നടത്തിയ രാഷ്ട്രീയ പോരാട്ടമാണ് ബിഹാർ ഭരണ‌ത്തിന്റെ ​ഗതി വി​ഗതികളെ നി‍ർണയിച്ചത്. പട്ന കാമ്പസിൽ ഇന്ദിര ​ഗാന്ധിക്കെതിരായ പോരാട്ടത്തിലൂടെ തുടക്കമിട്ട രാഷ്ട്രീയ യാത്രയുടെ തുടർച്ചയിൽ ലാലുവും നിതീഷും കടന്നുപോയത് അസാധാരണ വഴികളിലൂടെ.

1970കളിൽ പട്നയിൽ വിദ്യാർഥി രാഷ്ട്രീയ കാലത്താണ് ലാലുവും നിതീഷും തമ്മിൽ കണ്ടുമുട്ടുന്നത്. ജയപ്രകാശ് നാരായണന്റെ സമ്പൂ‍ർണ ക്രാന്തി പ്രക്ഷോഭത്തിന്റെ മുന്നണി പോരാളികളായിരുന്നു ഇരുവരും. ഇന്ദിരാ വിരുദ്ധ പ്രക്ഷോഭങ്ങളിൽ കലുഷിതമായ ക്യാംപസുകളിൽ ഇരുവരും വിദ്യാ‍‍‍ർഥികളെ സംഘടിപ്പിച്ചു. പട്ന സർവകലാശാല വിദ്യാ‍ർഥി യൂണിയന്റെ പ്രസിഡന്റായാണ് ലാലു ശ്രദ്ധ നേടുന്നത്. ബിഹാ‍ർ എൻജിനീയറിങ് കോളജിലെ വിദ്യാ‍ർഥി നേതാവായിരുന്നു നിതീഷ്. പഠനത്തിനു ശേഷം ബിഹാർ വൈദ്യുതി വകുപ്പിൽ ജോലിക്കു കയറിയ നിതീഷ് ഇതുപേക്ഷിച്ചാണ് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച കാലം മുതലെ ക്രൗഡ് പുള്ളറായിരുന്നു ലാലു. അണിയറയിൽ തന്ത്രങ്ങൾ മെനയുന്നതിലായിരുന്നു നിതീഷ് ആദ്യ കാലത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ബിഹാറിൽ അനുദിനം ശക്തിയാ‍ർജിച്ചു കൊണ്ടിരുന്ന ജനതാ പാർട്ടിയുടെ കരുത്തരായ നേതാക്കളായി ഇവർ മാറി.

An old photo of Bihar chief minister Nitish Kumar with RJD supremo Lalu Prasad Yadav
ജയപ്രകാശ് നാരായണന്റെ സമ്പൂ‍ർണ ക്രാന്തി പ്രക്ഷോഭത്തിന്റെ മുന്നണി പോരാളികളായിരുന്നു നിതീഷ് കുമാറും ലാലു പ്രസാദ് യാദവും

ആദ്യ അങ്കത്തിൽ ജയിച്ച ലാലു, തോറ്റ നിതീഷ്

ഒരേ വർഷമാണ് ഇരുവരും തിരഞ്ഞെടുപ്പ് ​ഗോദയിലിറങ്ങുന്നത്. ലാലു ഉജ്ജ്വല വിജയം നേടിയപ്പോൾ നിതീഷ് കന്നി മത്സരത്തിൽ പരാജയപ്പെട്ടു. 1977ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ചാപ്ര മണ്ഡലത്തിൽ നിന്നും ജയിക്കുമ്പോൾ ലാലുവിനു പ്രായം 29 വയസ്സ് മാത്രം. ഇന്ദിരാവിരുദ്ധ തരം​ഗം ആഞ്ഞടിച്ച തിരഞ്ഞെടുപ്പിൽ 3.73 ലക്ഷം വോട്ടുകളുടെ വിജയം ബിഹാർ രാഷ്ട്രീയത്തിൽ ലാലുവിനെ ശ്രദ്ധേയനാക്കി. എന്നാൽ അതേ വ‍‌‍ർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഹ‍ർനത് മണ്ഡലത്തിൽ നിതീഷ് പരാജയപ്പെട്ടു.1979ൽ ജനതാപാ‍ർട്ടിയിലുണ്ടായ പിളർപ്പിൽ ഇരുവരും ചരൺസിങ്ങിന്റെയും ക‍ർപൂരി താക്കൂറിന്റെയും നേതൃത്വത്തിലുള്ള ലോക്ദളിന്റെ ഭാ​ഗമായി. ഈ കാലത്താണ് ഇരുവരുടെയും സുഹൃത്ത് ബന്ധം ശക്തമാകുന്നത്. 1980ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ചാപ്രയിൽ പരാജയപ്പെട്ടതോടെ ലാലുവും സംസ്ഥാന രാഷ്ട്രീയത്തിലേക്കു കളംമാറി. 1980ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുവരും മാറ്റുരച്ചു. സോനാപുരിൽ ലാലു ജയിച്ചപ്പോൾ ഹർനത്തിൽ നിതീഷ് വീണ്ടും പരാജയം രുചിച്ചു. 1985ലാണ് ഇരുവരും ഒരുമിച്ച് നിയമസഭയിലെത്തുന്നത്. ലാലു സോനോപു‍ർ നിലനിർത്തിയപ്പോൾ മൂന്നാം അങ്കത്തിൽ ഹർനത്തിൽ നിതീഷും വിജയം കണ്ടു. ബിഹാറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായ നിതീഷിനു ആദ്യ വിജയത്തിനായി മൂന്നാം മത്സരം വരെ കാത്തിരിക്കേണ്ടി വന്നതും ശ്രദ്ധേയം.

ലാലുവിനെ മുഖ്യമന്ത്രിയാക്കിയ നിതീഷ്?

1985ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 324 സീറ്റുകളിൽ 196 സീറ്റുകളിലും ജയിച്ച കോൺ​ഗ്രസ് അധികാരം നിലനിർത്തി. ലോക്ദളിനു 46 സീറ്റ് നേടാനെ കഴിഞ്ഞുള്ളു. ലാലു പ്രസാദ് യാദവ് പ്രതിപക്ഷ നേതാവായി. 1989ൽ ലോക്ദളും ജനതാപാർട്ടിയും ലയിച്ചതോടെ ഇരുവരും ജനതാദളിന്റെ ഭാ​ഗമായി. പിന്നാലെ ബ‍ർഹിൽ നിന്നും നിതീഷ് ലോക്സഭയിലെത്തി. 1990ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺ​ഗ്രസ് തക‍ർന്നടിഞ്ഞു. 122 സീറ്റു നേടി ജനതാദൾ ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഭൂരിപക്ഷമായ 163 നേടാനായില്ലെങ്കിലും സിപിഐയും സിപിഐഎമ്മും ജെഎംഎമ്മും ചില സ്വതന്ത്രരും പുറത്തു നിന്ന് പിന്തുണച്ചതോടെ ജനതാദളിനു സ‍ർക്കാരുണ്ടാക്കാൻ കഴിഞ്ഞു. എന്നാൽ ആരു മുഖ്യമന്ത്രിയാകണമെന്ന കാര്യത്തിൽ പാർട്ടിയിൽ ഭിന്നത രൂക്ഷമായി. 3 പ്രബല വിഭാ​ഗങ്ങൾ തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാ‍ർഥികളുമായി രം​ഗത്തെത്തി. റാം സുന്ദർ ദാസിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി വിപി സിങ്ങ് വിഭാ​ഗം രം​ഗത്തെത്തി. ഉപപ്രധാനമന്ത്രിയായിരുന്ന ദേവി ലാൽ ലാലു പ്രസാദ് യാദവിനെ പിന്തുണച്ചു. പ്രധാനമന്ത്രിയായിരുന്ന ചന്ദ്രശേഖറിന്റെ സ്ഥാനാർഥിയായി രഘുനാഥ് ഝായും മത്സരിച്ചു. എംഎൽഎമാർക്കിടയിൽ നടന്ന ആവേശകരമായ വോട്ടെടുപ്പിൽ ലാലുവിനു 3 വോട്ടുകളുടെ വിജയം. ലാലുവിനു 59, ദാസിനു 56, രഘുനാഥിനു 14 എന്നിങ്ങനെയാണ് പിന്തുണ ലഭിച്ചത്. രഘുനാഥിനു ലഭിച്ച വോട്ടുകളാണ് ദാസിനെ മറികടന്ന് മുഖ്യമന്ത്രിയാകാൻ ലാലുവിനെ സഹായിച്ചത്. ലാലുവിന്റെ ആവശ്യപ്രകാരമാണ് ചന്ദ്രശേഖർ സ്ഥാനാർഥിയെ നിർത്തിയതെന്നും ഇതിനു പിന്നിൽ താനായിരുന്നുവെന്നും നിതീഷ് പിന്നീട് അവകാശപ്പെട്ടിരുന്നു. അക്കാലത്തെ മാധ്യമപ്രവർത്തകരും ജനതാദളിലെ ചില നേതാക്കളും നിതീഷിന്റെ വാദങ്ങളെ ശരിവയ്ക്കുന്നുണ്ട്.

ആർജെഡിയുടെയും ജെഡിയുവിന്റെയും പിറവി

മുഖ്യമന്ത്രിയായ ലാലുവിന്റെ പ്രധാന ഉപദേഷ്ടാവായി നിതീഷ്. ഇതിനിടെ എൽ കെ അദ്വാനിയുടെ രഥയാത്രയെ സമസ്തിപുരിൽ വെച്ചു തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതോടെ ദേശീയ രാഷ്ട്രീയത്തിൽ ലാലുവിന്റെ യശ്ശസ് ഉയർന്നു. 1991ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 54 സീറ്റുകളിൽ 31 എണ്ണവും ജനതാദൾ നേടി. എന്നാൽ വിജയത്തിന്റെ ക്രെഡിറ്റ് സംബന്ധിച്ച തർക്കം ഇരുവരും തമ്മിലുള്ള ഭിന്നതയുടെ ആദ്യ വിത്തുകൾ പാകി. ഇതു വളർന്ന് 1994ൽ ഇരുവരും വേ‌‌ർപിരിയുന്നതിനു കാരണമായി. ലാലുവിനെതിരായ അഴിമതി കേസുകൾ ചൂണ്ടിക്കാട്ടി പാർട്ടി വിട്ട നിതീഷ് ജോർജ് ഫെർണാണ്ടസിനൊപ്പം ചേർന്ന് സമതാ പാർട്ടി രൂപീകരിച്ചു.

 Nitish Kumar and Sharad Yadav With Bihar Chief Minister Lalu Prasad Yadav
നിതീഷ് കുമാർ, ശരദ് യാദവ്, ലാലു പ്രസാദ് യാദവ്- 1990ലെ ചിത്രം

1995ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ലാലു നയിച്ച ജനതാദൾ 167 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. എന്നാൽ കന്നി തിരഞ്ഞെടുപ്പിൽ നിതീഷിന്റെ സമതാപാർട്ടിക്കു കനത്ത പരാജയം നേരിടേണ്ടി വന്നു. 310 സീറ്റുകളിൽ മത്സരിച്ച പാർട്ടിക്കു 7 ഇടത്തു മാത്രമാണ് വിജയിക്കാനായത്. പരാജയത്തിന് പിന്നാലെ തൊട്ടടുത്ത വർഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ നിതീഷ് ബിജെപിക്കൊപ്പം സഖ്യമുണ്ടാക്കി. 6 സീറ്റുകൾ നേടി സമതാപാ‍ർട്ടി സംസ്ഥാനത്ത് വേരുകളുണ്ടാക്കി. 22 സീറ്റുകളോടെ സംസ്ഥാനത്തെ മേധാവിത്തം നിലനിർത്താൻ ജനതാദളിനു കഴിഞ്ഞെങ്കിലും കോളിളക്കം സൃഷ്ടിച്ച കാലിത്തീറ്റ കുംഭകോണം ലാലുവിനെതിരെ പാർട്ടിക്കുള്ളിൽ അതൃപ്തിക്കും മുറുമുറുപ്പിനും കാരണമായി. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് 53 കേസുകളാണ് ലാലുവിനെതിരെ ചുമത്തിയിരുന്നത്. 1997 ജൂലൈ 23ന് സിബിഐ ലാലുവിനെതിരെ കുറ്റപത്രം സമർപ്പിച്ചു. ലാലു രാജിവയ്ക്കണമെന്ന ആവശ്യം പാർട്ടിയിലെ ഒരു വിഭാഗം ശക്തമാക്കി. ഇതോടെ ജൂലൈയിൽ ജനതാദൾ പിളർത്തി ലാലു ആർജെഡി രൂപീകരിച്ചു. ജനതാദളിലെ ഭൂരിഭാഗം എംഎൽഎമാരും എംപിമാരും ലാലുവിനൊപ്പം നിന്നു. എന്നാൽ കേസിൽ ലാലുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ രാജി ഒഴിവാക്കാൻ കഴിയാതെ വന്നു. ഭാര്യ റാബ്റി ദേവിയെ മുഖ്യമന്ത്രിയാക്കിയുള്ള പതിനെട്ടാം അടവിലൂടെ സംസ്ഥാന ഭരണം ലാലു നിലനിർത്തി. 1997 ഡിസംബർ 23ന് കേസിൽ ലാലു അറസ്റ്റിലായി. 3 മാസത്തെ ജയിൽ വാസത്തിനൊടുവിൽ ജാമ്യം. ജയിലിലായിരുന്നപ്പോഴും ബിഹാറിന്റെ ഭരണചക്രം ലാലുവിന്റെ പക്കലായിരുന്നു.

ഇക്കാലയളവിൽ ദേശീയ രാഷ്ട്രീയത്തിലേക്ക് കൂടുമാറിയ നിതീഷ് 1998ലെ വാജ്പേയ് മന്ത്രിസഭയിൽ റെയിൽവേ മന്ത്രിയായി. 1999ൽ ഓഗസ്റ്റ് 2ന് 290 പേരുടെ മരണത്തിനിടയാക്കിയ ഗൈസാൽ ട്രെയിൻ കൂട്ടിയിടിയെ തുടർന്ന് മന്ത്രിസ്ഥാനം രാജിവച്ചു. 2000ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാന രാഷ്ട്രീയത്തിലേക്കു നിതീഷ് തിരികെയെത്തി. ഫലം വന്നപ്പോൾ ആർക്കും ഭൂരിപക്ഷമില്ലാത്ത സഹാചര്യം ബിഹാറിൽ ഉടലെടുത്തു. നിയമസഭയിൽ 159 പേർ ലാലുവിനെയും 151 പേർ നിതീഷിനെയും പിന്തുണയ്ക്കുന്നവരായിരുന്നു. എന്നാൽ കേന്ദ്രത്തിലെ വാജ്പേയ് സർക്കാരിന്റെ പിന്തുണയോടെ നിതീഷ് ആദ്യമായി മുഖ്യമന്ത്രിയായി. ഭൂരിപക്ഷം തെളിയിക്കാതെ വന്നതോടെ 7 ദിവസത്തിനു ശേഷം രാജി. പിന്നാലെ റാബ്രി ദേവി വീണ്ടും മുഖ്യമന്ത്രിയായതോടെ ബിഹാർ ഭരണം വീണ്ടും ലാലുവിന്റെ കൈയ്യിൽ. 2003 ഒക്ടോബർ 30ന് ജനതാദളിലെ ശരത് യാദവ് വിഭാഗത്തെയും കർണാടകയിലെ ലോക്ശക്തി പാർട്ടിയെയും തന്റെ സമതാ പാർട്ടിയെയും ചേർത്ത് നിതീഷ് ജനതാദൾ യുവിനു രൂപം നൽകി. ബിഹാർ രാഷ്ട്രീയത്തിലേക്ക് പൂർണമായും ശ്രദ്ധ മാറ്റി. ഇക്കാലയളവിലാണ് ലാലു ദേശീയ രാഷ്ട്രീയത്തിലേക്കു ചുവടു മാറ്റുന്നത്. 2004ലെ മൻമോഹൻ സർക്കാരിൽ റെയിൽവേ മന്ത്രിയായി. 2005ൽ ആർജെഡിയെ 54 സീറ്റിൽ ഒതുക്കി നിതീഷ് ബിഹാ‍ർ പിടിച്ചു. 2010ലും വിജയം ആവ‍‍ർത്തിച്ച നിതീഷ് മൂന്നാം തവണയും ബിഹാറിന്റെ മുഖ്യമന്ത്രിയായി.

വീണ്ടും ഒരുമിച്ചു, പിരിഞ്ഞു

2013ൽ രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചു കൊണ്ട് നിതീഷ് എൻഡ‍ിഎ വിട്ടു. നരേന്ദ്രമോദിയെ ​പ്രധാനമന്ത്രി സ്ഥാനാ‍ർഥിയായി ഉയർത്തികാട്ടി തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ബിജെപിയുടെ നീക്കത്തിൽ പ്രതിഷേധിച്ചായിരുന്നു ഇത്. 20 വ‍‍ർഷങ്ങൾക്കു ശേഷം നിതീഷിന്റെയും ലാലുവിന്റെയും ഒത്തുചേരലിലാണ് ഇതു കലാശിച്ചത്. 2015ലെ തിരഞ്ഞെടുപ്പിൽ ആർജെഡിയും ജെഡിയുവും ചരിത്രത്തിലാദ്യമായി സഖ്യത്തിലായി. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തിന്റെ തിളക്കത്തിലായിരുന്ന ബിജെപിയെ ഞെട്ടിച്ച് സഖ്യം മിന്നും ജയം നേടി. നിതീഷ് വീണ്ടും മുഖ്യമന്ത്രിയായപ്പോൾ ലാലുവിന്റെ മകൻ തേജസ്വി ഉപമുഖ്യമന്ത്രിയായി. എന്നാൽ സഖ്യത്തിനു അധികം ആയുസ്സുണ്ടായില്ല. നിതീഷും തേജസ്വിയും തമ്മിൽ ഭിന്നത രൂക്ഷമായത് സർക്കാരിന്റെ പ്രവ‍ർത്തനങ്ങളെ ബാധിച്ചു. 2017ൽ സഖ്യം വിട്ട നിതീഷ് വീണ്ടും എൻ‍ഡിഎയ്ക്കൊപ്പം ചേർന്ന് മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്നു. 2020ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ‍ഡിഎ അധികാരം നിലനിർത്തിയതോടെ നിതീഷ് വീണ്ടും മുഖ്യമന്ത്രിയായി. 2022ൽ ബിജെപിയുമായി തെറ്റിയ നിതീഷ് വീണ്ടും ആർജെഡിക്കൊപ്പം ചേ‍ർന്നു. അപ്പോഴും മുഖ്യമന്ത്രി പദവിയിൽ നിതീഷ് തുടർന്നു. പിന്നീട് 2024 ജനുവരിയിൽ വീണ്ടും എൻ‍ഡിഎയുടെ ഭാ​ഗമായി. അപ്പോഴും മുഖ്യമന്ത്രി പദവി നിതീഷ് കൈവശം സൂക്ഷിച്ചു.

Ties between allies Nitish Kumar and Lalu Yadav have hit unprecedented turbulence.
ലാലു പ്രസാദ് യാദവ്, നിതീഷ് കുമാർ

നിരന്തര മുന്നണിമാറ്റങ്ങൾ നിതീഷിന്റെയും ജെഡിയുവിന്റെയും ജനപ്രീതി കുറച്ചു. ഇത്തവണ മത്സരിക്കുന്നത് തുല്യമായ സീറ്റുകളിലാണെങ്കിലും മുന്നണിയിൽ ബിജെപിക്കു താഴെയാണ് ജെഡിയുവിന്റെ സ്ഥാനം. ആരോ​ഗ്യപ്രശ്നങ്ങളും നിതീഷിന്റെ രാഷ്ട്രീയ ജീവിതം ക്ലൈമാക്സിനോടടുക്കുന്നതായി വ്യക്തമാക്കുന്നു. കാലിത്തീറ്റ കുംഭകോണത്തിലെ ആദ്യ കേസിൽ 2013ൽ 5 വർഷം തടവുശിക്ഷ ലഭിച്ചതോടെ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ ലാലു അയോ​ഗ്യനാക്കപ്പെട്ടിരുന്നു. വിവിധ കേസുകളിൽ 30 വർഷത്തിലേറെ തടവു ശിക്ഷ ലഭിച്ചിട്ടുള്ള ലാലു നിലവിൽ ജാമ്യത്തിലാണുള്ളത്. അനധികൃത സ്വത്ത് സമ്പാദനത്തിനു ഉൾപ്പെടെ വേറെയും കേസുകളുണ്ട്. അതിനാൽ ഏതു സമയവും ജയിലിലേക്കു മടങ്ങേണ്ടി വരുമെന്ന അവസ്ഥയുമുണ്ട്. മക്കളായ തേജ് പ്രതാപും തേജസ്വിയും തമ്മിലുള്ള പടല പിണക്കവും വയസ്സുകാലത്ത് ലാലുവിന് തലവേദനയാണ്.‌

ബിജെപിയോടു ഇതുവരെയും കൂട്ടു കൂടാത്ത ഏക സോഷ്യലിസ്റ്റ് നേതാവെന്ന പ്രതിഛായയും ജനകീയതയുമാണ് ലാലു പ്രസാദ് യാദവെന്ന നേതാവിനെ ബിഹാർ രാഷ്ട്രീയത്തിൽ പ്രസക്തനാക്കുന്നത്. എന്നാൽ എണ്ണിയാൽ ഒടുങ്ങാത്ത അഴിമതിക്കേസുകളും മുഖ്യമന്ത്രിയായിരിക്കെ ദുർഭരണം നടത്തിയെന്ന ചീത്തപ്പേരും ലാലുവിനെ വേട്ടയാടുന്നുണ്ട്. സംസ്ഥാനത്തെ വികസനത്തിലേക്കു നയിച്ച ഭരണാധികാരിയെന്നതാണ് നിതീഷിന്റെ വിശേഷണം. സ്ത്രീകളെ ഉൾപ്പെടെ സാമൂഹിക മുന്നേറ്റത്തിന്റെ ഭാ​ഗമാക്കാൻ നിതീഷിന്റെ ഭരണപാടവത്തിനു കഴിഞ്ഞിട്ടുണ്ട്. എന്നാൽ അവസരവാദിയെന്ന ചീത്തപ്പേര് നിതീഷിനെയും വേട്ടയാടുന്നു.

അഞ്ച് പതിറ്റാണ്ടുകൾക്കു മുൻപ് ബിഹാറിലെ ക്യാംപസുകളിൽ പ്രക്ഷോഭത്തിന്റെ അ​ഗ്നി പടർത്തിയ ആ യുവനേതാക്കൾ ഇന്നു രാഷ്ട്രീയ ജീവിതത്തിലെ അവസാന ഘട്ടത്തിലാണ്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ 2 മുന്നണികളിലായി പരസ്പരം പോരടിക്കുകയാണ് ഇരുവരും. എന്നാൽ തിരഞ്ഞെടുപ്പിനു ശേഷം നടക്കുന്ന രാഷ്ട്രീയ അന്ത‍ർ നാടകങ്ങൾ ഇരുവരെയും വീണ്ടും ഒരു കുടക്കീഴിൽ എത്തിക്കുമോയെന്ന ചോദ്യമാണ് ബിഹാർ അവശേഷിപ്പിക്കുന്നത്.

Content Highlights: Lalu Prasad Yadav And Nitish Kumar The tale of Bihar's turbulent political tandem

dot image
To advertise here,contact us
dot image