
True Hero Of Planet.. ഈ ഗ്രഹത്തിലെ യഥാര്‍ഥ ഹീറോ, ജെയ്ന്‍ ഗുഡാലിന്റെ ഓര്‍മകളില്‍ ഹൃദയത്തില്‍ നിന്നുപങ്കുവച്ച കുറിപ്പില്‍ ഹോളിവുഡ് താരം ലിയനാര്‍ഡോ ഡികാപ്രിയോ അവരെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. ഒരു നരവംശ ശാസ്ത്രജ്ഞയും ഇത്രമേല്‍ ലോകത്തിന് പ്രിയപ്പെട്ടവളായിരുന്നിരിക്കില്ല. യുഎസ് പര്യടനത്തിനിടെ കലിഫോര്‍ണിയയില്‍ വച്ച് 91-ാം വയസ്സില്‍ ലോകത്തോട് വിടപറഞ്ഞ ജെയ്‌ന്റെ മരണവാര്‍ത്തയോട് വൈകാരികമായി പ്രതികരിച്ചത് ഡികാപ്രിയോ മാത്രമല്ല, ലോകം മുഴുവനുമാണ്. ലോകനേതാക്കളും, ഐക്യരാഷ്ട്രസഭയും അനുശോചനം അറിയിച്ചു. ദ ജെയ്ന്‍ ഗുഡാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് മരണവാര്‍ത്ത ഔദ്യോഗികമായി അറിയിച്ചത്. ആരായിരുന്നു ലോകത്തെ മുഴുവന്‍ സ്വാധീനിച്ച ജെയ്ന്‍ ഗുഡാല്‍?
കുട്ടിക്കാലത്തേ മൃഗസ്‌നേഹി
1934ല്‍ ലണ്ടനിലാണ് ജെയ്ന്‍ ഗുഡാല്‍ ജനിക്കുന്നത്. മുട്ടിലിഴഞ്ഞുനടക്കുന്ന സമയത്ത് തന്നെ പ്രകൃതിയിലെ ജീവജാലങ്ങളോടുള്ള സ്‌നേഹം ആരംഭിച്ചിരുന്നതായി ജെയ്ന്‍ തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. ഇന്‍ ദ ഷാഡോ ഓഫ് മാന്‍ എന്ന പുസ്തകത്തില്‍ കോഴി മുട്ടയിടുന്നത് കാണാന്‍ കോഴിക്കൂട്ടില്‍ ഒളിച്ചിരുന്ന ഓര്‍മകള്‍ അവര്‍ പങ്കുവയ്ക്കുന്നുണ്ട്, അന്നവരെ കാണാനില്ലെന്ന് പറഞ്ഞ് അമ്മ പൊലീസില്‍ വരെ പരാതികൊടുത്തിരിന്നുവത്രേ. 'ഒന്നര-രണ്ട് വയസ്സുള്ളപ്പോള്‍ തന്നെ ഞാന്‍ പ്രാണികളെ നിരീക്ഷിക്കുമായിരുന്നു. വളരുന്നതിന് അനുസരിച്ച് ആ താല്പര്യവും വളര്‍ന്നു. പിന്നീട് ഞാന്‍ ഡോ.ഡൂലിറ്റില്‍, ടാര്‍സന്‍ തുടങ്ങിയ പുസ്തകങ്ങള്‍ വായിച്ചു. അതോടെ ആഫ്രിക്ക എന്റെ ലക്ഷ്യമായി മാറി.'
ഭൂമിയുടെ സഹോദരി
1960കളിലാണ് ടാന്‍സാനിയയില്‍ ചിമ്പാന്‍സികളെ കുറിച്ചുള്ള പഠനത്തിന് ജെയ്ന്‍ തുടക്കം കുറിക്കുന്നത്. ചിമ്പാന്‍സികളെ കുറിച്ചുള്ള പഠനത്തിനായി കാടുകയറുമ്പോള്‍ 26 വയസ്സാണ് അവര്‍ക്ക്. ശാസ്ത്രീയ പരിശീലനങ്ങളൊന്നും അവര്‍ക്ക് ലഭിച്ചിരുന്നില്ല. അന്നുവരെ കണ്ട് ശീലിച്ച കണ്‍വെന്‍ഷണല്‍ രീതിയിലുള്ള പഠനമോ, ഗവേഷണമോ ആയിരുന്നില്ല അത്. ചിമ്പാന്‍സികളെ ദൂരെ നിന്ന് നിരീക്ഷിക്കുന്നതിന് പകരം അവരുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെന്നു.60 വര്‍ഷങ്ങള്‍ നീണ്ട പഠനത്തിന്റെ തുടക്കമായിരുന്നു അത്. ചിമ്പാന്‍സികളെ കുറിച്ചുള്ള ഗവേഷണങ്ങള്‍ക്കുപരി അവര്‍ക്കൊപ്പമുള്ള നിമിഷങ്ങളിലൂടെയാണ് ജെയ്ന്‍ ലോകരുടെ മനംകവര്‍ന്നത്.
അവരുമായി ആശയവിനിമയം നടത്താന്‍ പഠിച്ചു. അവരെ പോറ്റി, ഒരോ ചിമ്പാന്‍സിക്കും നമ്പറുകള്‍ക്ക് പകരം പേരുകളിട്ടു. പക്ഷെ ആ നീക്കം പല കണ്‍വെന്‍ഷണല്‍ സയന്റിസ്റ്റിനും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതായിരുന്നില്ല. സ്വാഭാവികമായും വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്തു. ചിമ്പാന്‍സികളെ അവര്‍ ആലിംഗനം ചെയ്തു, അവര്‍ക്കൊപ്പം കളിച്ചു, അവരെ ചുംബിച്ചു. മനുഷ്യരുടേത് പോലെ അവര്‍ക്കും സന്തോഷവും ആനന്ദവും സങ്കടവും പേടിയുമുള്ളതായി തിരിച്ചറിഞ്ഞു. ചിമ്പാന്‍സിക്കുഞ്ഞുങ്ങളും അമ്മമാരും തമ്മിലുള്ള വൈകാരിക ബന്ധം അവര്‍ തിരിച്ചറിഞ്ഞു. കൂടപ്പിറപ്പുകള്‍ക്കിടയിലെ ശണ്ഠയും എന്തിന് പുരുഷമേധാവിത്വം പോലും അവര്‍ക്കിടയിലും ഉണ്ടെന്ന് അവര്‍ കണ്ടെത്തി. മൃഗങ്ങള്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതായി ആദ്യം സാക്ഷ്യപ്പെടുത്തിയ ശാസ്ത്രജ്ഞയായിരുന്നു അവര്‍. ഒരു ആണ്‍ ചിമ്പാന്‍സി വടി ഉപയോഗിച്ച് ചിതലുകള്‍ക്കായി കുഴിക്കുന്നതാണ് അവര്‍ കണ്ടത്. അതുവരെ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് മനുഷ്യര്‍ മാത്രമാണെന്നാണ് കരുതിയിരുന്നത്. അവരുടെ നിരീക്ഷണങ്ങള്‍ പരിണാമശാസ്ത്രത്തിന്റെ ഭാവിയിലേക്ക് വെളിച്ചം വീശി.
1963ല്‍ നാഷ്‌നല്‍ ജ്യോഗ്രഫിക്കിന്റെ കവര്‍പേജില്‍ ജെയ്ന്‍ പ്രത്യക്ഷപ്പെടുന്നതോടെയാണ് ജെയ്ന്‍ ഗുഡാല്‍ എന്ന നരവംശശാസ്ത്രജ്ഞയെ ലോകം ശ്രദ്ധിച്ചുതുടങ്ങുന്നത്. പിന്നീട് ഒരു ഡോക്യുമെന്ററിയിലും അവര്‍ പ്രത്യക്ഷപ്പെട്ടു. ശാസ്ത്രജ്ഞയില്‍ നിന്ന് ഒരു ആക്ടിവിസ്റ്റിലേക്ക് അവര്‍ ഉയര്‍ന്നു. ചിമ്പാന്‍സികളുടെ ട്രീറ്റ്്‌മെന്റ് മെച്ചപ്പെടുത്താനും ലോകത്തിന്റെ നാനാഭാഗത്തുള്ളവരെ പരിസ്ഥിതിയെക്കുറിച്ച് ബോധവല്‍ക്കരിക്കാനും അവര്‍ നിരന്തരം ശ്രമിച്ചു. അതോടെ നരംവശശാസ്ത്രജ്ഞയില്‍ നിന്ന് ഭൂമിയുടെ സഹോദരി എന്ന വിശേഷണത്തിലേക്ക് അവരെത്തിച്ചേരുകയായിരുന്നു. ആ വിശേഷണം അവര്‍ക്ക് നല്‍കിയത് ഒരു അമേരിക്കന്‍ ഗോത്രമാണ്.
ചിമ്പാന്‍സികള്‍ക്കൊപ്പമുള്ള ജെയ്‌നിന്റെ ചിത്രങ്ങള്‍ ലോകം ആഘോഷിച്ചു. ജെയ്‌നിനൊപ്പം അവള്‍ പേരിട്ടുപരിപാലിച്ച ചിമ്പാന്‍സികളും പ്രശസ്തരായി. ഫ്‌ളിന്റ് എന്ന കുഞ്ഞുചിമ്പാന്‍സിക്കൊപ്പമുള്ള ജെയിനിന്റെ ചിത്രം അത്തരത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. മൃഗങ്ങളുടെ പെരുമാറ്റരീതികള്‍ സംബന്ധിച്ച മനുഷ്യബോധങ്ങളെ തിരുത്തുക മാത്രമല്ല നമ്മള്‍ മനുഷ്യരെ നിര്‍വചിക്കുന്ന രീതി പുനഃനിര്‍വചിക്കുകയും ചെയ്തു.'ഇത്രയും വര്‍ഷങ്ങള്‍കൊണ്ട് ചിമ്പാന്‍സികള്‍ എന്നെ പഠിപ്പിച്ചത് അവര്‍ നമ്മളെപ്പോലെയാണെന്നാണ്. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള അതിര്‍വരമ്പ് അവര്‍ കുറച്ചു.'എന്നാണ് അവര്‍ പറഞ്ഞിട്ടുള്ളത്. 1986ല്‍ ലാബോറട്ടറിയില്‍ നടത്തുന്ന മൃഗങ്ങളുടെ പരീക്ഷണങ്ങള്‍ സംബന്ധിച്ച ഒരു ചലച്ചിത്രം കണ്ടതോടെയാണ് ആക്ടിവിസത്തിലേക്ക് ജെയ്ന്‍ തിരിയുന്നത്.
പാതിവഴിയിലുപേക്ഷിച്ച ദാമ്പത്യത്തിനുപിന്നില്‍
1964ലാണ് ജെയ്ന്‍ നാഷ്ണല്‍ ജ്യോഗ്രഫിക് ഫോട്ടോഗ്രാഫറായ ഹ്യൂഗോ വാന്‍ ലാവിക്കിനെ വിവാഹം കഴിക്കുന്നത്. ടാന്‍സാനിയയില്‍ ചിമ്പാന്‍സികളെ കുറിച്ചുളള പഠനം നടത്തുന്നതിനിടയിലാണ് അവര്‍ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. ജെയ്ന്‍ ചിമ്പാന്‍സികളെ കുറിച്ച് പഠിക്കുകയും അതെല്ലാം ഹ്യൂഗോ ക്യാമറക്കുള്ളില്‍ പകര്‍ത്തുകയും ചെയ്തു. ഇവര്‍ക്ക് ഒരു മകനും ജനിച്ചു. ഹ്യൂഗോ വാന്‍ ലാവിക്കിന് പ്രൊഷണല്‍ കാര്യവുമായി ബന്ധപ്പെട്ട് അവിടെ നിന്ന് മടങ്ങേണ്ടി വന്നു. പക്ഷെ അദ്ദേഹത്തിനൊപ്പം മടങ്ങാന്‍ ജെയ്ന്‍ ഒരുക്കമായിരുന്നില്ല..ആ ബന്ധം അവസാനിക്കുന്നത് അങ്ങനെയാണ്. ദുഃഖകരമായിരുന്നു അതെന്ന് പിന്നീട് ജെയ്ന്‍ പറഞ്ഞിട്ടുണ്ട്. ഹ്യൂഗോ വാന്‍ ലാവിക്കുമായുള്ള വിവാഹമോചനത്തിന് ശേഷം അവര്‍ ടാന്‍സാനിയന്‍ പാര്‍ക്ക് ഡയറക്ടര്‍ ഡെറിക്ക് ബ്രൈസെസണിനെ വിവാഹം കഴിച്ചു.
ബിരുദമില്ലാതെ പിഎച്ച്ഡി, നേട്ടങ്ങളുടെ നെറുകയിലെത്തിയ ജെയ്ന്‍
വിവിധ രാജ്യങ്ങളുടെ പരമോന്നത ബഹുമതികള്‍ നേടിയിട്ടുള്ള വ്യക്തിയാണ് ജെയ്ന്‍. ബ്രിട്ടന്‍, ഫ്രാന്‍സ്, ജപ്പാന്‍, ടാന്‍സാനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് സിവിലിയന്‍ ബഹുമതികള്‍ നേടിയിട്ടുണ്ട്. 2002ല്‍ ഐക്യരാഷ്ട്ര സഭയുടെ മെസഞ്ചര്‍ ഓഫ് പീസായി തിരഞ്ഞെടുക്കപ്പെട്ടു. 2021ല്‍ ടെംപിള്‍ടണ്‍ പ്രൈസും നേടി. 2025ല്‍ പ്രസിഡന്റല്‍ മെഡല്‍ ഓഫ് ഫ്രീഡം അന്നത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡനില്‍ നിന്ന് അവര്‍ സ്വീകരിച്ചു. കേംബ്രിജ് സര്‍വകലാശാലയില്‍ നിന്ന് അവര്‍ നേടിയ പിഎച്ച്ഡിക്കും പ്രത്യേകതകളുണ്ട്. അണ്ടര്‍ ഗ്രാജ്വേറ്റ് ഡിഗ്രിയില്ലാതെ പിഎച്ച്ഡി കാന്‍ഡിഡേറ്റായി കാംബ്രിജ് തിരഞ്ഞെടുത്ത എട്ടാമത്തെ വ്യക്തി മാത്രമായിരുന്നു അന്നവര്‍. 50 ഓണററി ഡിഗ്രികളാണ് അവര്‍ നേടിയിട്ടുള്ളത്. ജെയ്‌ന് ആദരവ് അര്‍പ്പിച്ച് 2022ല്‍ ബാര്‍ബി ടോയ് കമ്പനി അവളുടെ രൂപത്തിലുള്ള പാവയെ രൂപകല്പന ചെയ്തിരുന്നു. ലീഗോയും ജെയ്‌നിന് ആദരവ് അര്‍പ്പിച്ച് പാവയെ നിര്‍മിച്ചിട്ടുണ്ട്.
സംസാരിക്കാന്‍ കഴിയാത്തവര്‍ക്ക് വേണ്ടി സംസാരിക്കുകയാണ് എനിക്ക് ചെയ്യാനാകുന്ന ഏറ്റവും ചെറിയ കാര്യമെന്ന് പറഞ്ഞിട്ടുള്ള വ്യക്തിയാണ് ജെയ്ന്‍. അതുതന്നെയാണ് അവര്‍ തന്റെ ജീവിതത്തില്‍ ചെയ്തിട്ടുള്ളതും. ഭൂമിക്ക് വേണ്ടി നിലകൊണ്ട, മൃഗങ്ങളെ, പ്രത്യേകിച്ച് ചിമ്പാന്‍സികളെ ജീവനുതുല്യം സ്‌നേഹിച്ച, കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ആശങ്കപ്പെട്ട, അതിനുവേണ്ടി സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത വനിതയായിരുന്നു അവര്‍. വന്യജീവികളുടെയും വനത്തിന്റെയും സംരക്ഷണത്തിനായി അശ്രാന്തപരിശ്രമം നടത്തിയ വ്യക്തി, ഒരുപാട് പേരുടെ പ്രചോദനം. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് എക്‌സില്‍ കുറിച്ചതുപോലെ മാനവരാശിക്കും നമ്മുടെ ഭൂമിക്കും ഒരു അസാധാരണ പാരമ്പര്യം അവശേഷിപ്പിച്ചുകൊണ്ടാണ് ജെയന്‍ ഗുഡാല്‍ വിടപറഞ്ഞിരിക്കുന്നത്.
Content Highlights: From Childhood Curiosity to Global Impact: Jane Goodall's Journey