


 
            എഐ സാന്നിധ്യമുള്ള ടോസ്റ്റർ വരെ രംഗപ്രവേശനം ചെയ്ത് കഴിഞ്ഞ സാഹചര്യത്തിൽ ടോയ്‌ലെറ്റിൽ കൂടി എഐ വന്നാലോ? കേട്ട് ഞെട്ടണ്ട. യാഥാർത്ഥ്യമാണ് പറഞ്ഞുവരുന്നത്. സാനിറ്റിവെയർ ആൻഡ് ബാറ്റ് ഫിറ്റിങ്‌സിന്റെ ലോകത്ത് ഒഴിച്ചുകൂടാനാവാത്ത പുതിയൊരു ആശയമാണ് കോഹ്ല തങ്ങളുടെ ഉപഭോക്താക്കൾക്കായി പുറത്തിറക്കിയിരിക്കുന്നത്. നമ്മുടെ വയറിന്റെ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്കകൾക്കുള്ള ഒരു പരിഹാരമാണിത്. കോഹ്‌ലയുടെ പുതിയ ബാത്ത്‌റൂം ഗാഡ്ജറ്റ് നിങ്ങളുടെ ടോയ്‌ലെറ്റ് ബൗളിൽ ഫിറ്റ് ചെയ്താണ് ഉപയോഗിക്കാൻ കഴിയുക. നിങ്ങളുടെ വയറിന്റെയും കുടലുകളുടെയും ആരോഗ്യം ശ്രദ്ധിക്കാൻ ഈ ഗാഡ്ജറ്റ് എങ്ങനെയാണ് സഹായിക്കുന്നതെന്നാണോ ചിന്തിക്കുന്നത്? നിങ്ങളുടെ വിസർജ്ജ്യം പരിശോധിച്ചാണ് നിങ്ങളുടെ വയറിന്റെ ആരോഗ്യത്തെ കുറിച്ചുള്ള വിവരങ്ങൾ ഈ ഉപകരണം കൈമാറുക.
Dekoda എന്നാണ് ഈ ഉപകരണത്തിന് നൽകിയിരിക്കുന്ന പേര്. കാമറയും സെൻസറും അടങ്ങിയ ഈ സജ്ജീകരണം ടോയ്‌ലെറ്റ് ബൗളിന്റെ റിമ്മിലാണ് നേരിട്ട് ഘടിപ്പിക്കേണ്ടത്. ഇത് മനുഷ്യ വിസർജ്യത്തെ കുറിച്ച് കൃത്യമായി പഠിക്കും. കമ്പനിയുടെ പുതിയ കോഹ്ല ഹെൽത്ത് ഡിവിഷനാണ് ഈ ഉത്പന്നം പുറത്തിറക്കിയത്. പ്രധാനപ്പെട്ട ആരോഗ്യ വിവരങ്ങൾ ഈ ഉപകരണത്തിന് ട്രാക്ക് ചെയ്യാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഓരോ സെഷനിലും കണ്ടെത്തുന്ന വിവരങ്ങൾ ഈ ഉപകരണവുമായി ബന്ധിപ്പിച്ചിരിക്കുന്ന നിലവിൽ ഐഫോണിൽ മാത്രം ലഭ്യമാകുന്ന ആപ്ലിക്കേഷനിൽ ശേഖരിക്കും. തുടർന്ന് മനസിലാക്കാൻ എളുപ്പമാവുന്ന തരത്തിൽ തർജ്ജിമ ചെയ്ത് ഉപയോക്താവിന് നൽകും. ഇത് വ്യക്തമായ വിവരങ്ങൾ കൈമാറുന്നതിനൊപ്പം ജീവിതശൈലിയെ കുറിച്ചുള്ള നിർദേശങ്ങളും നൽകും. ബാറ്ററിയിലാണ് ഈ ഉപകരണം പ്രവർത്തിക്കുക. ഇത് ചാർജിങിനായി മാറ്റാനും പിന്നീട് ഘടിപ്പിക്കാനും കഴിയുന്ന തരത്തിലാണ് നിർമിച്ചിരിക്കുന്നത്.
സ്വകാര്യത ഏറ്റവും കൂടുതൽ വേണ്ടൊരിടത്ത് കാമറ ഉൾപ്പെടെയുള്ളൊരു സജ്ജീകരണം വരുന്നതിനെതിരെ വിമർശനം ഒരു വശത്ത് ഉയരുന്നുണ്ട്. ഇതിലെ കാമറ കണ്ണുകൾ ക്ലോസെറ്റിനുള്ളിലേയ്ക്ക് മാത്രം കേന്ദ്രീകരിച്ചാണ് സജ്ജീകരിച്ചിരിക്കുന്നതെന്നാണ് കമ്പനിയുടെ ഉറപ്പ്. എല്ലാ വിവരങ്ങളും എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സുരക്ഷയിലാണെന്നും ഇവർ അവകാശപ്പെടുന്നുണ്ട്. ഒരു കുടുംബത്തിലെ ഒന്നിൽ കൂടുതൽ അംഗങ്ങൾ ഒരേ ഉപകരണം ഉപയോഗിച്ചാലും ഒരാളുടെ വിവരം മറ്റൊരാൾക്ക് ലഭിക്കില്ലെന്നും ഇതിനായി ബ്ലൂടൂത്ത് ഫിംഗർപ്രിന്റ് സെൻസർ ഓതന്റിക്കേഷനുണ്ടെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നുണ്ട്.
599 ഡോളറാണ് ഈ ഉപകരണത്തിൻ്റെ വില. കോഹ്ല ഹെൽത്ത് സബ്‌സ്‌ക്രിപ്ഷനും ഇതിന് ആവശ്യമാണ്. സിംഗിൾ യൂസർ അല്ലെങ്കിൽ ഫാമിലി പ്ലാൻ എന്നിവ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. നിലവിൽ യുഎസിൽ മാത്രമാണ് ഈ ഉപകരണം വിപണിയിലെത്തുക. മറ്റു രാജ്യങ്ങളിലേക്കുള്ള വിപണനത്തെ കുറിച്ച് കമ്പനി വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Content Highlights: AI to alert about your gut health,  here is the device 
 
                        
                        