

യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാർ പാസ്‌പോർട്ടിന് അപേക്ഷിച്ചാൽ ഇനി മുതൽ ലഭിക്കുന്നത് ഇ -പാസ്പോർട്ട് മാത്രം. കൂടുതൽ സുരക്ഷാ സംവിധാനങ്ങളുള്ള ആർഎഫ്‌ഐഡി ചിപ്പ് ഘടിപ്പിച്ച പാസ്പോർട്ടുകളുടെ വിതരണം ആരംഭിച്ചതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. നിലവിലുളള പാസ്പോർട്ടിന്റെ അതേ ഫീസിൽ തന്നെയാണ് ഇ പാസ്പോർട്ടും ലഭ്യമാക്കുന്നത്.
പാസ്പോർട്ട് സേവനങ്ങൾ സുതാര്യമായും വേഗത്തിലും പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമാക്കിയാണ് ചിപ്പ് ഘടിപ്പിച്ച ഇ- പാസ്പോർട്ട് ലഭ്യമാക്കുന്നത്. ഇത്തരം പാസ്പോർട്ടുകൾ എമിഗ്രഷൻ നടപടികൾ വേഗത്തിലാക്കാനും വ്യാജ പാസ്‌പോർട്ടുകൾ, പാസ്‌പോർട്ടിലെ തിരുത്തലുകൾ എന്നിവ വേഗത്തിൽ മനസിലാക്കാനും സഹായിക്കുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ പറഞ്ഞു.
ഈ മാസം 28മുതലാണ് പുതിയ സംവിധാനം നിലവിൽ വന്നത്. ഇതിന് ശേഷം പുതിയ പാസ്പോർട്ടിനോ പാസ്പോർട്ട് പുതുക്കുന്നതിനോ നൽകിയ അപേക്ഷകർക്കും ഇനി നൽകുന്നവർക്കും ഇ-പാസ്പോർട്ട് ആയിരിക്കും ലഭിക്കുക. പാസ്‌പോർട്ടിൽ ചേർത്തിരിക്കുന്ന ചിപ്പിൽ പാസ്പോർട്ട് ഉടമയുടെ വിവരങ്ങൾ ഡിജിറ്റലായും രേഖപ്പെടുത്തും. പാസ്‌പോർട്ടിൽ രേഖപ്പെടുത്തേണ്ട വിവരങ്ങളിൽ മാറ്റമില്ലെങ്കിൽ പഴയ പാസ്പോർട്ട് നമ്പർ കൊടുത്ത് രണ്ടു മിനിട്ടിനുള്ളിൽ അപേക്ഷാ നടപടികൾ പൂർത്തിയാക്കാൻ സാധിക്കും.
അതേസമയം നിലവിലെ പാസ്പോർട്ടുകളുടെ കാലാവധി അവസാനിക്കും വരെ അത് സാധുവായിരിക്കുമെന്നും കോൺസുൽ ജനറൽ വ്യക്തമാക്കി. ഒക്ടോബർ 28ന് മുൻപ് അപേക്ഷ നൽകിയവർക്കും ആവശ്യമെങ്കിൽ ഇ- പാസ്പോർട്ടിനായി അപേക്ഷിക്കാമെന്നും ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
Content Highlights: Indians living in the UAE will receive e-passports if they apply for a passport