'അത് ചെയ്യേണ്ട സമയമതല്ലായിരുന്നു'; കോഹ്‌ലിയില്‍ നിന്ന് ജേഴ്‌സി വാങ്ങിയ ബാബറിനെ വിമര്‍ശിച്ച് അക്രം

ബാബറിന് തന്റെ ജേഴ്‌സി സമ്മാനിക്കുന്ന കോഹ്‌ലിയുടെയും അത് സന്തോഷത്തോടെ സ്വീകരിക്കുന്ന പാക് നായകന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു
'അത് ചെയ്യേണ്ട സമയമതല്ലായിരുന്നു'; കോഹ്‌ലിയില്‍ നിന്ന് ജേഴ്‌സി വാങ്ങിയ ബാബറിനെ വിമര്‍ശിച്ച് അക്രം

അഹമ്മദാബാദ്: വിരാട് കോഹ്‌ലിയുടെ കൈയില്‍ നിന്നും ഇന്ത്യന്‍ ജേഴ്‌സി വാങ്ങിയ പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പാക് നായകന്‍ വസീം അക്രം. ലോകകപ്പില്‍ ശനിയാഴ്ച അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന് ശേഷമായിരുന്നു സംഭവം. ഇന്ത്യക്കെതിരെ നടന്ന അഭിമാന പോരാട്ടത്തില്‍ പാകിസ്താന്‍ തോല്‍വി വഴങ്ങിയിരുന്നു. ഇതിന് ശേഷം ബാബറിന് തന്റെ ഓട്ടോഗ്രാഫോടെയുള്ള ജേഴ്‌സി സമ്മാനിക്കുന്ന കോഹ്‌ലിയുടെയും അത് സന്തോഷത്തോടെ സ്വീകരിക്കുന്ന പാക് നായകന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനെതിരെയാണ് വസീം കടുത്ത എതിര്‍പ്പറിയിച്ച് രംഗത്തെത്തിയത്.

പാകിസ്താന്‍ വലിയ തോല്‍വി നേരിട്ട് നില്‍ക്കുമ്പോള്‍ ക്യാപ്റ്റന്റെ ഭാഗത്തുനിന്നും ഇത്തരത്തില്‍ ഉണ്ടാകരുതായിരുന്നുവെന്നാണ് അക്രം പറയുന്നത്. 'എല്ലാ ആരാധകരുടെയും മുന്നില്‍ വെച്ചാണ് ബാബര്‍ കോഹ്‌ലിയുടെ ജേഴ്‌സി വാങ്ങിയത്. രഹസ്യമായിട്ടല്ല. ഇങ്ങനെ ചെയ്യാനുള്ള ദിവസം ഇതല്ലായിരുന്നു. അദ്ദേഹത്തിന്റെ അമ്മാവന്റെ മകനോ മറ്റ് ആര്‍ക്കെങ്കിലുമോ കോഹ്‌ലിയുടെ ജേഴ്‌സി ആവശ്യമായിരുന്നെങ്കില്‍ ഡ്രെസിങ് റൂമില്‍ ചെന്ന് സ്വകാര്യമായി വാങ്ങാമായിരുന്നു', അക്രം പറഞ്ഞു.

ശനിയാഴ്ച നടന്ന ത്രില്ലര്‍ പോരാട്ടത്തില്‍ മത്സരത്തില്‍ പാകിസ്താനെ ഏഴ് വിക്കറ്റുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്. ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ 191 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ 117 പന്ത് ബാക്കിനില്‍ക്കെ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. മത്സരത്തിന് ശേഷം പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന് വിരാട് കോഹ്ലി ഇന്ത്യന്‍ ജേഴ്സി സമ്മാനിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മത്സര ശേഷം സംസാരിക്കവെയായിരുന്നു കോഹ്ലി ബാബറിന് തന്റെ ഓട്ടോഗ്രാഫോട് കൂടിയ ജേഴ്സി സമ്മാനിച്ചത്. പാകിസ്താന്‍ താരങ്ങളുമായി വിരാട് സംസാരിക്കുകയും ചെയ്തിരുന്നു. ഇരുവരും പരസ്പരം സൂക്ഷിക്കുന്ന ബഹുമാനത്തിന്റെ തെളിവാണ് ഇതെന്നും പാക് ക്യാപ്റ്റന്റെ ഫാന്‍ബോയ് മൊമന്റാണെന്നുമെല്ലാമാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com