ബം​ഗ്ലാദേശിന് ഭേദപ്പെട്ട സ്കോർ; കിവിസിന് ലക്ഷ്യം 246

ഏകദിന ക്രിക്കറ്റിൽ 200 വിക്കറ്റ് തികച്ച് ട്രെന്റ് ബോൾട്ട്.
ബം​ഗ്ലാദേശിന് ഭേദപ്പെട്ട സ്കോർ; കിവിസിന് ലക്ഷ്യം 246

ചെന്നൈ: ഏകദിന ലോകകപ്പിൽ ന്യൂസീലൻഡിനെതിരെ ബം​ഗ്ലാദേശിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത ബം​ഗ്ലാദേശ് ഒമ്പത് വിക്കറ്റിന് 245 റൺസെടുത്തു. ടോസ് നേടിയ ന്യുസിലാൻഡ് ടീം ഫീൽഡ് ചെയ്യാൻ തിരുമാനിക്കുക​യായിരുന്നു. ആദ്യ ബോളിൽ തന്നെ ട്രെന്റ് ബോൾട്ട് ആഞ്ഞടിച്ചു. മാറ്റ് ​ഹെൻറിക്ക് ക്യാച്ച് നൽകി ലിട്ടൺ ദാസ് സംപൂജ്യനായി മടങ്ങി. തൻസീദ് ഹസ്സൻ ആദ്യ ഓവറിൽ പുറത്താകലിന്റെ വക്കിൽ നിന്ന് രക്ഷപെട്ടു. തൻസീദിന്റെ ഫ്ലിക്ക് ഷോട്ട് വിക്കറ്റ് കീപ്പർ ടോം ലതാമിന്റെ ​ഗ്ലൗവിൽ തട്ടി ബൗണ്ടറിലേക്ക് നീങ്ങി. തൻസീദും മെഹിദിയും അൽപ്പസമയം പിടിച്ചുനിന്ന ശേഷം ഡ​ഗ് ഔട്ടിലേക്ക് മടങ്ങി. തൻസീദ് 16ഉം മെഹിദി 30ഉം റൺസെടുത്തു. നജ്മുൾ ഹസ്സൻ ഷാന്റോയ്ക്ക് നേടാനായത് ഏഴ് റൺസ് മാത്രം. 1ന് 40 എന്ന നിലയിൽ നിന്ന് 4ന് 56ലേക്ക് കടുവകൾ നിലംപതിച്ചു.

അഞ്ചാം വിക്കറ്റിൽ മുഷ്ഫിക്കർ റഹീം സ്കോർ ഉയർത്തുവാൻ തുടങ്ങി. ക്യാപ്റ്റൻ ഷക്കീബ് അൽ ഹസ്സൻ പിന്തുണ നൽകി. ഇരുവരും ചേർന്ന് നേടിയത് 96 റൺസായിരുന്നു. നായകൻ ഷക്കീബ് 40 റൺസെടുത്ത് പുറത്തായി. പിന്നാലെ 66 റൺസെടുത്ത് മുഷ്ഫിക്കറും പവലയിനിലേക്ക് മടങ്ങി. എട്ടാമനായി ക്രീസിലെത്തി ഭേദ​പ്പെട്ട പ്രകടനം പുറത്തെടുത്ത മഹമ്മദുള്ളാ സ്കോർ 200 ക‌ട‌ത്തി. 41 റൺസെടുത്ത മഹമ്മദുള്ള പുറത്താകാതെ നിന്നു.

വാലറ്റത്ത് തൗഹിദ് ഹൃദോയി 13ഉം ടസ്കിൻ അഹമ്മദ് 17ഉം റൺസെടുത്തു. തൗഹിദിനെ പുറത്താക്കി ട്രെന്റ് ബോൾട്ട് ഏകദിന ക്രിക്കറ്റിൽ വേഗത്തിൽ 200 വിക്കറ്റ് നേടുന്ന മൂന്നാമത്തെ ബൗളറായി. മത്സരത്തിലെ ബോൾട്ടിന്റെ രണ്ടാം വിക്കറ്റാണിത്. ലോക്കി ഫെർ​ഗൂസൺ മൂന്നും മാറ്റ് ഹെൻറി രണ്ടും വിക്കറ്റ് വീഴ്ത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com