

ദുബായ് പൊലീസിന്റെ ലോകപ്രശസ്തമായ തങ്ങളുടെ ആഡംബര പട്രോളിംഗ് വാഹന നിരയിലേക്ക് ആദ്യമായി ഒരു ആഡംബര സൂപ്പർ ബൈക്കും ഉൾപ്പെടുത്തി അധികൃതർ. മണിക്കൂറിൽ 314 കിലോമീറ്റർ വരെ വേഗതയിൽ കുതിക്കാൻ ശേഷിയുള്ള 'ബിഎംഡബ്ല്യു എം 1000 ആർആർ' (BMW M 1000 RR) എന്ന ബൈക്കാണ് സേനയുടെ ഭാഗമായത്. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ലോക പൊലീസ് ഉച്ചകോടിയുടെ ഉദ്ഘാടന ദിവസത്തിൽ, പ്രമുഖ വാഹന വിതരണക്കാരായ എജിഎംസിയുമായി (AGMC) സഹകരിച്ചാണ് ഈ അത്യാധുനിക ബൈക്ക് പുറത്തിറക്കിയത്.
വിനോദസഞ്ചാര കേന്ദ്രങ്ങളിലും നഗരത്തിലെ പ്രധാന ഇടങ്ങളിലും സുരക്ഷയും പൊലീസ് സേവനങ്ങളും കൂടുതൽ ശക്തമാക്കുന്നതിനാണ് പുതിയ ബൈക്ക് ഉപയോഗിക്കുക. സന്ദർശകർക്ക് സുരക്ഷാബോധം ഉറപ്പാക്കാനും വിനോദസഞ്ചാരികൾക്ക് ആവശ്യമായ സഹായങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും വേഗത്തിൽ നൽകാനും ഈ നീക്കം സഹായിക്കുമെന്ന് ദുബായ് പൊലീസ് ട്രാൻസ്‌പോർട്ട് ആൻഡ് റെസ്ക്യൂ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഇൻസ്ട്രക്ടർ പൈലറ്റ് അലി അൽ മുഹൈരി പറഞ്ഞു.
ചടങ്ങിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ബ്രിഗേഡിയർ ഒമർ അലി അഹമ്മദ് അൽ മുതവ അൽ ഷെഹി, ടൂറിസ്റ്റ് പോലീസ് വിഭാഗം ഡയറക്ടർ കേണൽ മുഹമ്മദ് അബ്ദുറഹ്മാൻ, ഫോഴ്സ് വെഹിക്കിൾസ് വിഭാഗം ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അൻവർ അൽ നിമർ എന്നിവർ പങ്കെടുത്തു. എജിഎംസിയെ പ്രതിനിധീകരിച്ച് ജനറൽ മാനേജർ മുഹമ്മദ് ലുത്ഫി, സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഡയറക്ടർ ഫാദി റിസ്ക് എന്നിവരും ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
999 സിസി കരുത്തുള്ള എൻജിനാണ് ഈ സൂപ്പർ ബൈക്കിനുള്ളത്. വെറും 3.1 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് സാധിക്കും. 194 കിലോഗ്രാം മാത്രം ഭാരമുള്ള ബൈക്കിൽ 16.5 ലിറ്റർ ഇന്ധന ടാങ്കും അത്യാധുനിക നിയന്ത്രണ സംവിധാനങ്ങളുമാണുള്ളത്. ഭാരം കുറയ്ക്കുന്നതിനായി കാർബൺ ഫൈബർ ഭാഗങ്ങളും ഉയർന്ന വേഗതയിൽ ബൈക്കിന് കൃത്യമായ സന്തുലിതാവസ്ഥ നൽകുന്നതിനുള്ള പ്രത്യേക രൂപകൽപ്പനയും ഇതിന്റെ സവിശേഷതയാണ്.
Content Highlights: Dubai Police has introduced its first luxury superbike, the BMW M 1000 RR, in collaboration with AGMC. The motorcycle was unveiled during the World Police Summit at Dubai World Trade Centre on November 17, 2026.