

ആലപ്പുഴ: ജില്ലയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ, ഹരിപ്പാട്, മാവേലിക്കര നഗരസഭകളിലെ അസുഖം ബാധിക്കപ്പെട്ട വളര്‍ത്തു പക്ഷികളെ ഇന്ന് മുതല്‍ കൊന്നൊടുക്കും. പത്തനംതിട്ട ജില്ലയിലെ നാല് പഞ്ചായത്തുകളിലും പക്ഷികളെ കൊന്നൊടുക്കും. മുന്‍കരുതലിന്റെ ഭാഗമായി 26,000 ത്തിലധികം വളര്‍ത്തുപക്ഷികളെ കൊല്ലാനാണ് തീരുമാനമായിരിക്കുന്നത്. ക്രിസ്തുമസ് അടുത്ത് നില്‍ക്കെ താറാവ്, കോഴി ഫാമുകള്‍ നടത്തുന്ന കര്‍ഷകര്‍ക്ക് ഇത് കനത്ത തിരിച്ചടിയാവും. പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാമെന്നും അതിനാല്‍ വ്യക്തിഗത സുരക്ഷ ഉറപ്പാക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്കി.
രോഗം റിപ്പോര്‍ട്ട് ചെയ്ത മേഖലകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചതിലൂടെ ഏവിയന്‍ ഇന്‍ഫ്ലുവന്‍സയുടെ (പക്ഷിപ്പനി) H5N1 വകഭേദമാണ് ബാധിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നിരീക്ഷണ മേഖലയില്‍ ഒരാഴ്ചത്തേക്ക് കോഴി, താറാവ്, മുട്ട, ഇറച്ചി എന്നിവയുടെ വിപണനവും കടത്തലും നിരോധിച്ചു. പനി, ശക്തമായ ശരീരവേദന, ചുമ, ജലദോഷം, തൊണ്ടവേദന, ശ്വാസംമുട്ടല്‍ എന്നിവയാണ് പനി ബാധിച്ചാലുണ്ടാകുന്ന പ്രധാന ലക്ഷണങ്ങള്‍. കഫത്തില്‍ രക്തം കാണപ്പെടുക, ശ്വാസകോശ സംബന്ധമായ മറ്റ് ഗുരുതര അണുബാധകള്‍ എന്നിവ ഗുരുതര ലക്ഷണങ്ങളാണ്.
ആലപ്പുഴ നഗരസഭയിലെ 13 വാര്‍ഡുകള്‍, ഹരിപ്പാട്, മാവേലിക്കര നഗരസഭകള്‍ എന്നിങ്ങനെ 36 ഗ്രാമ പഞ്ചായത്തുകളിലാണ് പക്ഷികളെ കൊന്നൊടുക്കുന്നത്. അതില്‍ 4 എണ്ണം പത്തനംതിട്ട ജില്ലയിലാണ്. അതേസമയം, കഴിഞ്ഞ തവണത്തെ നഷ്ടപരിഹാര തുക പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെട്ടു.
Content Highlights: Bird flu has been confirmed again in Alappuzha, Kerala, with the H5N1 strain detected. Over 26,000 domestic birds will be culled across affected areas in Alappuzha and Pathanamthitta districts, with restrictions imposed on poultry, meat and egg sales