

ദുബായിൽ വീടുകളും കെട്ടിടങ്ങളും വാടകയ്ക്കെടുക്കുന്ന പ്രവാസികൾ ഉൾപ്പെടെയുള്ളവർക്കായി നടപടിക്രമങ്ങൾ ഇനി കൂടുതൽ എളുപ്പമാകും. വാടക കരാറുകൾ രജിസ്റ്റർ ചെയ്യുന്നതിനും പുതുക്കുന്നതിനും റദ്ദാക്കുന്നതിനുമായി ദുബായ് സർക്കാർ 'ദുബായ് നൗ' (Dubai Now) മൊബൈൽ ആപ്പിൽ പുതിയ സേവനം ആരംഭിച്ചു. ഡിജിറ്റൽ ദുബായ്, ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് (DLD), ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA) എന്നിവ സംയുക്തമായി, സർക്കാരിന്റെ 'സർവീസസ് 360' നയത്തിന്റെ ഭാഗമായാണ് ഈ ഏകീകൃത പ്ലാറ്റ്ഫോം സജ്ജമാക്കിയിരിക്കുന്നത്.
ഇനിമുതൽ വാടകക്കാർക്കും വീട്ടുടമസ്ഥർക്കും യുഎഇ പാസ് (UAE Pass) ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഡിജിറ്റലായി കരാറുകൾ പുതുക്കാനും റദ്ദാക്കാനും സാധിക്കും. ആപ്പ് വഴി കരാർ അംഗീകരിച്ച ഉടൻ തന്നെ ഔദ്യോഗിക എജാരി (Ejari) സർട്ടിഫിക്കറ്റ് ലഭ്യമാകും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. വാടക നടപടികൾക്കായി വിവിധ വെബ്സൈറ്റുകളോ ഓഫീസുകളോ മാറിമാറി സന്ദർശിക്കേണ്ട ബുദ്ധിമുട്ട് ഇതിലൂടെ പൂർണ്ണമായും ഒഴിവാക്കാനാകും.
പുതിയ അപ്ഡേറ്റിലെ മറ്റൊരു സുപ്രധാന സവിശേഷത, ദീവയുടെ (DEWA) സെക്യൂരിറ്റി ഡിപ്പോസിറ്റ് ദുബായ് നൗ ആപ്പ് വഴി തന്നെ നേരിട്ട് അടയ്ക്കാം എന്നതാണ്. പുതിയ വീട്ടിലേക്ക് മാറുമ്പോൾ വൈദ്യുതി, ജല സേവനങ്ങൾ തടസ്സമില്ലാതെ ഉടനടി ലഭ്യമാക്കാൻ ഈ സംവിധാനം സഹായിക്കും. സേവനങ്ങൾ ഒരൊറ്റ ആപ്പിലേക്ക് ചുരുങ്ങിയതോടെ വാടകക്കാരുടെ സമയം വലിയ അളവിൽ ലാഭിക്കാൻ സാധിക്കും.
നഗരത്തിലെ വാടക വിപണിയിൽ വൻ വളർച്ച രേഖപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് കൂടുതൽ സുതാര്യവും ലളിതവുമായ ഈ ഡിജിറ്റൽ സേവനങ്ങൾ അധികൃതർ അവതരിപ്പിച്ചത്. റിയൽ എസ്റ്റേറ്റ് മേഖലയിൽ ഒരു ലക്ഷത്തിലധികം പുതിയ കരാറുകളും പുതുക്കലുകളുമാണ് രേഖപ്പെടുത്തിയത്. ഇടപാടുകാർക്ക് ഏറ്റവും മികച്ചതും വേഗതയേറിയതുമായ അനുഭവമൊരുക്കാൻ ദുബായ് ഭരണകൂടത്തിന്റെ ഈ പുതിയ ചുവടുവെപ്പ് ഏറെ ഉപകരിക്കും.
Content Highlights:
Dubai introduces simplified digital rental contract procedures, making it easier for tenants and landlords to register and manage tenancy agreements online.