

ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ലക്ഷ്യമിട്ടുള്ള സ്റ്റിങ് ഓപ്പറേഷന്‍ വീഡിയോയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് കേന്ദ്രമന്ത്രി എച്ച്ഡി കുമാരസ്വാമിയെന്ന് ഗ്രേറ്റര്‍ ബെംഗളൂരു ഡെവലപ്‌മെന്റ് മിനിസ്റ്റര്‍ കൃഷ്ണ ബെയ്‌രെ ഗൗഡ. കുമാരസ്വാമിയുടെ സോഷ്യല്‍ മീഡിയ ടീം ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. 'സ്റ്റിങ് ഓപ്പറേഷന്‍ എന്ന് പറയപ്പെടുന്ന ആ വീഡിയോ റിലീസ് ചെയ്തതിന് പിന്നിലെ സൂത്രധാരന്‍ എച്ച്ഡി കുമാരസ്വാമിയാണ്. അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ ടീം ഇതില്‍ നേരിട്ട് പ്രവര്‍ത്തിച്ചവരാണ്. ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതി തന്നെയാണ് ഉപയോഗപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി പണവും കൈമാറിയിരുന്നു,' സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പങ്കുവെച്ച പോസ്റ്റില്‍ ഗൗഡ എഴുതി.

നിലവിലെ കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറാണ് വീഡിയോ പുറത്തുവിട്ടതിന് പിന്നില്‍ എന്ന് വരുത്തിത്തീര്‍ക്കാന്‍ കുമാരസ്വാമി ശ്രമിച്ചതായും ഗൗഡ ആരോപിച്ചു.
'മുന്‍ മുഖ്യമന്ത്രിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുക, ശേഷം നിലവിലെ മുഖ്യമന്ത്രി ശിവകുമാറിന് മേല്‍ അതിന്റെ എല്ലാ വിധ കുറ്റവും ചാര്‍ത്തിക്കൊടുക്കുക. രാഷ്ട്രീയ കുതന്ത്രത്തിന്റെ മാസ്റ്റര്‍ സ്‌ട്രോക്, ഇത് ഒരു വെടിക്ക് രണ്ട് പക്ഷികളെ തീര്‍ക്കുന്നതിന് തുല്യമായിരുന്നു,' ഗൗഡ കൂട്ടിച്ചേര്‍ത്തു.
അതേസമയം, വ്യാജ സ്റ്റിങ് ഓപ്പറേഷനില്‍ അന്വേഷണം കുമാരസ്വാമിയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലേക്കും വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ്. വ്യാജ ആരോപണ വീഡിയോ അപ്‌ലോഡ് ചെയ്ത ഫോണ്‍ വാങ്ങിയത് ഡല്‍ഹിയില്‍ നിന്നാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അറസ്റ്റിലായ പ്രതി റിതേഷ് പാണ്ഡെയാണ് ഇത് സംബന്ധിച്ച മൊഴി നല്‍കിയത്. കരോള്‍ബാഗില്‍ നിന്ന് വാങ്ങിയ ഫോണ്‍ കുമാരസ്വാമിയുടെ വസതിയില്‍ കൈമാറിയെന്നാണ് മൊഴി. കുമാരസ്വാമിയുടെ സോഷ്യല്‍ മീഡിയ ടീമംഗം പ്രജ്വല്‍ പ്രസാദിന്റെ നിര്‍ദേശമനുസരിച്ചാണ് നീങ്ങിയതെന്നും മൊഴിയുണ്ട്. പ്രജ്വല്‍ പ്രസാദ്, റിതേഷ് പാണ്ഡെയുടെ സുഹൃത്ത് വിനോദ് ശര്‍മ്മ എന്നിവരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ബെംഗളൂരു സിറ്റി പൊലീസിന്റെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്.
സിദ്ധരാമയ്യക്കെതിരായി കഴിഞ്ഞ വര്‍ഷമാണ് വ്യാജ ലൈംഗിക ആരോപണ വീഡിയോ പുറത്തുവന്നത്. വിപിഎന്‍, വ്യാജ ഐപി വിലാസങ്ങള്‍, സ്പൂഫ് ചെയ്ത ഫോണ്‍ നമ്പറുകള്‍ എന്നിവയുപയോഗിച്ച് വിവിധ വ്യാജ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ വഴിയാണ് വീഡിയോ പ്രചരിപ്പിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
വീഡിയോയിലെ ലൈംഗിക പീഡന ആരോപണങ്ങള്‍ മനഃപൂര്‍വം കെട്ടിച്ചമച്ചതും ഗൂഢലക്ഷ്യത്തോടെ സൃഷ്ടിച്ചതുമാണെന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു. 2011ല്‍ നടന്നതായി പറയപ്പെടുന്ന സംഭവമാണ് വീഡിയോയ്ക്ക് ആധാരം. വീഡിയോയിലുള്ള വ്യക്തികളെ തിരിച്ചറിഞ്ഞ് ചോദ്യം ചെയ്തതായും ഇതുവരെ ലഭിച്ച തെളിവുകള്‍ പ്രകാരം ആരോപണങ്ങളില്‍ കഴമ്പില്ലെന്നുമാണ് പൊലീസ് പറയുന്നത്.
വിവാദ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വീഡിയോയുടെ സംപ്രേഷണവും പ്രചാരണവും തടയണമെന്നാവശ്യപ്പെട്ട് സിദ്ധരാമയ്യ കോടതിയെ സമീപിച്ച് അനുകൂല വിധി നേടുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പുത്തൂരില്‍നിന്ന് കോണ്‍ഗ്രസ് ടിക്കറ്റ് പ്രതീക്ഷിച്ചിരുന്ന കൃപ ആല്‍വയാണ് ഈ നീക്കങ്ങള്‍ക്ക് പിന്നിലെന്ന് സിദ്ധരാമയ്യ ആരോപിച്ചിരുന്നു. വ്യാജ ഒളിക്യാമറ ഓപ്പറേഷനില്‍ പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കൂടിയായിരുന്ന കൃപയെ കഴിഞ്ഞ ദിവസം 6 വര്‍ഷത്തേയ്ക്ക് കോണ്‍ഗ്രസില്‍നിന്നും പുറത്താക്കിയിരുന്നു.
Content highlight: HD Kumaraswamy masterminded release of sting operation video against Siddaramaiah: Krishna Byre Gowda