

ദുബായിലെ ഡെലിവറി ബൈക്കുകൾക്ക് നിരീക്ഷണം ശക്തമാക്കാൻ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അത്യാധുനിക സ്മാർട്ട് സംവിധാനം ഏർപ്പെടുത്തുന്നു. വർദ്ധിച്ചുവരുന്ന ഡെലിവറി മേഖലയെ കൂടുതൽ സുരക്ഷിതമാക്കാനും റോഡപകടങ്ങൾ കുറയ്ക്കാനുമാണ് ഈ നടപടി. ഇൻ്റർനെറ്റ് ഓഫ് തിങ്സ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ, ക്യാമറകൾ, സ്മാർട്ട് ഡിജിറ്റൽ പ്ലാറ്റ്ഫോം എന്നിവ ഉൾപ്പെടുന്നതാണ് പുതിയ സംവിധാനം. ഇതിലൂടെ ബൈക്ക് റൈഡർമാരുടെ അമിതവേഗത, പെട്ടെന്നുള്ള ആക്സിലറേഷൻ, പെട്ടെന്ന് ബ്രേക്ക് ഇടൽ തുടങ്ങിയ അപകടകരമായ ഡ്രൈവിങ് രീതികൾ തത്സമയം നിരീക്ഷിക്കപ്പെടും. 2027 രണ്ടാം പകുതിയോടെ ഡെലിവറി കമ്പനികൾ തങ്ങളുടെ വാഹനങ്ങളിൽ ട്രാക്കിങ് ഉപകരണങ്ങൾ പിടിപ്പിക്കുകയും ആർടിഎ പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നത് നിർബന്ധമാക്കും.
കമ്പനികൾക്ക് ആവശ്യമായ സാങ്കേതിക ഒരുക്കങ്ങൾ പൂർത്തിയാക്കാൻ 2027 ഒന്നാം പകുതി വരെ സമയപരിധി അനുവദിച്ചിട്ടുണ്ട്. ഈ പരിവർത്തന കാലയളവിൽ ബൈക്കുകളിൽ ഈ സംവിധാനം ഘടിപ്പിക്കുന്നത് ഐച്ഛികമായിരിക്കും. പൈലറ്റ് ഘട്ടം പൂർത്തിയാകുന്നതോടെ മുഴുവൻ ഡെലിവറി വാഹനങ്ങൾക്കും നിയമം ബാധകമാകും. റോഡിൽ ബൈക്കുകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് അധികൃതർക്ക് കൃത്യമായ വിവരങ്ങൾ ലഭിക്കാനും റൈഡർമാരുടെ അപകടകരമായ രീതികൾ കണ്ടെത്തി മുൻകൂട്ടി തിരുത്തൽ നടപടികൾ സ്വീകരിക്കാനും കമ്പനികൾക്ക് ഇത് വഴിയൊരുക്കും.
പരമ്പരാഗതമായി നടത്തിവന്ന പരിശോധനകളിൽ നിന്ന് മാറി ഡിജിറ്റൽ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള മുൻകരുതൽ നിരീക്ഷണ രീതിയിലേക്കാണ് ആർടിഎ മാറും. ഡെലിവറി പ്രവർത്തനങ്ങളുടെ തത്സമയ നിരീക്ഷണം സുഗമമാക്കുന്നതിലൂടെ ഡ്രൈവിങ് രീതികളെയും റൂട്ടുകളെയും കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി ശേഖരിക്കാനാകുമെന്ന് ആർടിഎ ലൈസൻസിങ് ആക്റ്റിവിറ്റീസ് മോണിറ്ററിങ് ഡയറക്ടർ സഈദ് അൽ റംസി വ്യക്തമാക്കി. ദുബായ് പൊലീസുമായും മറ്റ് അനുബന്ധ സ്ഥാപനങ്ങളുമായും സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഡെലിവറി കമ്പനികൾക്ക് തങ്ങളുടെ റൈഡർമാർക്ക് ആവശ്യമായ സുരക്ഷാ പരിശീലനങ്ങളും ബോധവത്ക്കരണ പരിപാടികളും തെളിവുകളുടെ അടിസ്ഥാനത്തിൽ നൽകാൻ ഈ ഡാറ്റ സഹായിക്കും. നഗരത്തിലുടനീളം ഡെലിവറി സർവീസുകളുടെ എണ്ണം ഗണ്യമായി ഉയർന്ന പശ്ചാത്തലത്തിൽ, റോഡുകളിലെ സുരക്ഷ വർദ്ധിപ്പിക്കാനും വ്യവസ്ഥാപിതമായ നിയമങ്ങൾ നടപ്പിലാക്കാനും ഈ പുതിയ സാങ്കേതിക മുന്നേറ്റം വലിയ തണലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: Dubai is strengthening road safety with real-time monitoring of delivery bike riders' driving behaviour. The new system will become mandatory from July 2027