പേപ്പർ ടിക്കറ്റുകൾക്ക് ബെെ ബെെ, ദുബായ് പൊതു​ഗതാ​ഗത സംവിധാനങ്ങളിൽ ഇനി ഡിജിറ്റൽ ടിക്കറ്റുകൾ; മാറ്റവുമായി ആർടിഎ

nol Pay, S’hail എന്നീ ആപ്പുകൾ വഴി ഡിജിറ്റൽ നോൾ ടിക്കറ്റുകൾ എടുക്കാം

പേപ്പർ ടിക്കറ്റുകൾക്ക് ബെെ ബെെ, ദുബായ് പൊതു​ഗതാ​ഗത സംവിധാനങ്ങളിൽ ഇനി ഡിജിറ്റൽ ടിക്കറ്റുകൾ; മാറ്റവുമായി ആർടിഎ
dot image

ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളിൽ യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). സ്മാർട്ട്‌ഫോണുകളിൽ നിന്ന് നേരിട്ട് ക്യുആർ കോഡുകൾ ഉപയോഗിച്ച് ദുബായ് മെട്രോ, ട്രാം, പബ്ലിക് ബസുകൾ എന്നിവയിൽ യാത്ര ചെയ്യാൻ അനുവദിക്കുന്ന ഡിജിറ്റൽ ടിക്കറ്റിംഗ് സേവനമാണ് ആർടിഎ അവതരിപ്പിച്ചത്. ഇതോടെ പേപ്പർ ടിക്കറ്റുകളുടെ ആവശ്യം ഒഴിവാക്കാൻ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു.

nol Pay, S’hail എന്നീ ആപ്പുകൾ വഴി ഡിജിറ്റൽ നോൾ ടിക്കറ്റുകൾ എടുക്കാം. യാത്രയ്ക്കിടെ നിശ്ചിത റീഡറുകളിൽ ക്യുആർ കോഡ് സ്കാൻ ചെയ്താൽ മതിയാകും. മെട്രോ സ്റ്റേഷനുകളിലെ നീല എൻട്രി ഗേറ്റുകളിലും ബസുകളുടെ പ്രവേശന ഭാഗത്തുള്ള ചുവന്ന നോൾ റീഡറുകളിലും ഫോൺ ഉപയോഗിച്ച് ടിക്കറ്റ് പരിശോധിക്കാം. ദുബായ് ട്രാമിലും ഈ സേവനം ലഭ്യമാണ്. ടിക്കറ്റ് ലഭിക്കുന്നതിന് ആപ്പുകളിൽ ഏതെങ്കിലും തുറന്ന് ഒറ്റയാത്രാ ടിക്കറ്റോ ഒരു ദിവസത്തെ പാസോ തിരഞ്ഞെടുക്കണം. തുടർന്ന് യാത്രാ മേഖലയോ ലക്ഷ്യസ്ഥാനമോ തിരഞ്ഞെടുത്ത് പണമടയ്ക്കുന്നതോടെ ക്യുആർ കോഡ് ലഭിക്കും. ആപ്പിലൂടെ തന്നെ ടിക്കറ്റ് ഉപയോഗിക്കാനും കഴിയും.

വാങ്ങിയെങ്കിലും ഉപയോഗിക്കാത്ത ഡിജിറ്റൽ ക്യുആർ ടിക്കറ്റുകൾ 90 ദിവസം വരെ സാധുവായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ ഒരു ദിവസത്തെ പാസ് ആക്ടിവേറ്റ് ചെയ്താൽ അന്നേ ദിവസം അർധരാത്രി വരെയാണ് സാധുതയുള്ളത്. 24 മണിക്കൂർ മുഴുവനുള്ള കാലയളവല്ല ഇതെന്നും ആർടിഎയുടെ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. യാത്ര ആരംഭിക്കുമ്പോഴും അവസാനിപ്പിക്കുമ്പോഴും ഡിജിറ്റൽ ടിക്കറ്റ് സ്കാൻ ചെയ്യണം. ഗതാഗത സംവിധാനങ്ങൾ മാറിക്കയറുമ്പോഴും യാത്രയിലുടനീളവും ടിക്കറ്റ് ഫോണിൽ ലഭ്യമാണെന്ന് ഉറപ്പാക്കണമെന്നും അധികൃതർ നിർദേശിച്ചു.

Content Highlights: Dubai RTA has introduced digital QR code tickets for Metro, Tram and public buses, allowing passengers to buy tickets through nol Pay or S’hail apps and scan them using smartphones

dot image
To advertise here,contact us
dot image