

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്ന ഹൈക്കോടതി ഉത്തരവിൽ പിണറായി വിജയനെതിരെ ഒറ്റക്കെട്ടായി പാർട്ടി. പിണറായി വിജയനെ വേട്ടയാടാനുള്ള ഇ ഡിയുടെ ശ്രമത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് സിപിഐഎം നേതാക്കൾ വ്യക്തമാക്കി. സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ ഇ ഡി നടത്തുന്നത് രാഷ്ട്രീയ വേട്ടയാടലാണെന്ന് പറഞ്ഞാണ് സിപിഐഎം നേതാവ് എം വി ജയരാജനും ജോണ്‍ ബ്രിട്ടാസ് എംപിയും പ്രതികരിച്ചത്.
പിണറായിയെ വേട്ടയാടാനുള്ള ശ്രമം നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ഇതേ കേസില്‍ ഷോണ്‍ ജോര്‍ജ് പുറത്തുവിട്ട ലിസ്റ്റില്‍ ബിജെപിയുടെ തലതൊട്ടപ്പന്മാരുമുണ്ടെന്നും ജോണ്‍ ബ്രിട്ടാസ് എം പി പ്രതികരിച്ചു. കോടതി എല്ലാം പരിശോധിക്കട്ടെയെന്നും സമഗ്രമായ അന്വേഷണം നടത്തട്ടെയെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
കേസില്‍ ബന്ധപ്പെട്ടവരെ കേട്ടിട്ടില്ലെന്നും എക്‌സാലോജികിന്റെ ഭാഗം കേള്‍ക്കാതെയാണ് കേസെടുത്തതെന്നും എം വി ജയരാജന്‍ ചൂണ്ടിക്കാട്ടി. ഇ ഡി ഉദ്യോഗസ്ഥര്‍ പലരെയും ഭീഷണിപ്പെടുത്തിയാണ് മൊഴി രേഖപ്പെടുത്തിയതെന്നും എം വി ജയരാജന്‍ പറഞ്ഞു. ഇ ഡിയുടെ രാഷ്ട്രീയ വേട്ടയ്ക്ക് കോണ്‍ഗ്രസ് കൂട്ടുനില്‍ക്കുകയാണ്. തമിഴ്‌നാട്ടിലും പഞ്ചാബിലും ഇ ഡി കൊടുത്ത റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളി. ഇത് കേരളത്തില്‍ നടക്കുമോ എന്നും എം വി ജയരാജന്‍ ചോദിച്ചു. ഇഡിയുടെ രാഷ്ട്രീയ വേട്ടയ്ക്ക് സര്‍ക്കാര്‍ കൂട്ട് നില്‍ക്കുന്നില്ലെങ്കില്‍ ഈ കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോണമെന്നും അദ്ദേഹം പറഞ്ഞു. ഇ ഡിയുടെ വേട്ടയാടല്‍ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ ഇ ഡി നടത്തിയത് രാഷ്ട്രീയ നീക്കമെന്ന് സിപിഐഎം നേതാവ് പി ജയരാജനും അഭിപ്രായപ്പെട്ടു. സ്വാഭാവിക നീതിയുടെ നിഷേധമാണ് ഇപ്പോള്‍ ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടുമെന്നും പി ജയരാജന്‍ വ്യക്തമാക്കി. ബിജെപി വിരുദ്ധ സമീപനമുള്ളവരെ വേട്ടയാടുന്ന സമീപനമാണ് നടക്കുന്നത്. അന്വേഷണത്തില്‍ പിണറായി വിജയനെയോ റിയാസിനെയോ കേള്‍ക്കാന്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇ ഡിയുടേത് രാഷ്ട്രീയ വേട്ടയെന്നാണ് കേസില്‍ എ എ റഹീം എം പി പ്രതികരിച്ചത്. നിയമവഴികള്‍ ഇനിയുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ റഹീം ഇ ഡി നീക്കത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് വ്യക്തമാക്കി. കേരളത്തിലെ കോണ്‍ഗ്രസ് ബിജെപിയുടെ ടീമാണ്. ഇ ഡി നല്‍കിയ കത്ത് എന്ന് പറഞ്ഞാല്‍, നരേന്ദ്ര മോദിയുടെ ഓഫീസില്‍ നിന്ന് ഗ്യാനേഷ് കുമാറിന് കത്ത് നല്‍കുന്ന പോലെയാണ്. അതെ ഭയഭക്തി ബഹുമാനത്തോടെയാണ് ഇ ഡിയോട് സതീശന്‍ സര്‍ക്കാര്‍ പെരുമാറുന്നത്. ഇതില്‍ കോണ്‍ഗ്രസ് രാഷ്ട്രീയ മറുപടി പറയേണ്ടി വരും. പിണറായി വിജയനെ ഇല്ലാതാക്കാന്‍ ഉള്ള ബിജെപിയുടെ പൊളിറ്റിക്കല്‍ പ്രോജക്ടാണ് ഇ ഡി നടപ്പാക്കുന്നത്. ഇ ഡി ആദ്യമായല്ല കത്ത് നല്‍കുന്നതെന്നും അദ്ദേഹം ചൂട്ടിക്കാട്ടി.
സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇഡി നൽകിയ കത്തിൽ പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ എഫ്ഐആർ ഇടാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇ ഡി നൽകിയ കത്തിൽ പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷം എഫ്ഐആർ എന്നതായിരുന്നു സംസ്ഥാന സർക്കാരിൻ്റെ നിലപാട്. എന്നാൽ സംസ്ഥാന സർക്കാരിൻ്റെ ഈ വാദം തള്ളിയാണ് പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്നും നേരിട്ട് എഫ്ഐആർ ഇടാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്.
Content Highlights: The CPI(M) has said it will challenge the Enforcement Directorate's actions over the CMRL-Exalogic financial deal through legal and political means.