

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ പുതിയ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ ഉടന്‍ പുതിയ ഇസിഐആര്‍ ഉണ്ടാകുമെന്നാണ് ഇ ഡി അറിയിച്ചിരിക്കുന്നത്. സിഎംആർഎൽ എക്സാലോജിക് കേസിൽ എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.
പിണറായി വിജയനെതിരെയും മുഹമ്മദ് റിയാസിനെതിരെയും കേസെടുക്കാമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നിലവില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള ഇ ഡിയുടെ നീക്കം. ഇ ഡി നല്‍കിയ കത്തില്‍ പിണറായി വിജയന്‍, മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ ഇടാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇ ഡി നല്‍കിയ കത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷം എഫ്‌ഐആര്‍ എന്നതായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഈ വാദം തള്ളിയാണ് പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്നും നേരിട്ട് എഫ്‌ഐആര്‍ ഇടാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്. കെ എം ഷാജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
സിഎംആര്‍എല്‍-എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് സീല്‍ചെയ്ത കവറില്‍ ചില വിവരങ്ങള്‍ ഇഡി സംസ്ഥാന സര്‍ക്കാരിന് കൈമാറിയിരുന്നു. ഇതില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരായി വിവരങ്ങളാണ് ഉണ്ടായിരുന്നത്. ഇതേ വിവരങ്ങള്‍ സീല്‍ ചെയ്ത കവറില്‍ ഇ ഡി ഹൈക്കോടതിക്കും കൈമാറിയിരുന്നു. ഈ വിവരങ്ങളെല്ലാം ഹൈക്കോടതി പരിശോധിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇ ഡി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരിക്കുന്നത്.
അഴിമതി നിരോധന നിയമപ്രകാരം ഒരു പ്രാഥമിക പരിശോധന നടത്തിയതിന് ശേഷം തുടര്‍നടപടിയിലേയ്ക്ക് കടന്നാല്‍ മതിയെന്നായിരുന്നു നേരത്തെയുള്ള സുപ്രീം കോടതി നിര്‍ദ്ദേശം. അതിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി കത്തിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷം മാത്രം തുടര്‍നടപടികള്‍ തീരുമാനിക്കാം എന്ന നിലപാടിലേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ എത്തിയത്. എന്നാല്‍ ഈ വാദം കൂടിയാണ് ഹൈക്കോടതി തള്ളിയത്. ഇത് പ്രകാരം സുപ്രീം കോടതി നിര്‍ദ്ദേശിച്ച അഴിമതി നിരോധന നിയമപ്രകാരം ഒരു പ്രാഥമിക പരിശോധന നടത്തിയതിന് ശേഷം തുടര്‍നടപടിയിലേയ്ക്ക് കടന്നാല്‍ മതിയെന്ന ഒഴിവ് ഈ കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും ലഭിക്കില്ലെന്ന് കൂടിയാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് പുതിയ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഇ ഡി നീക്കം.
Content Highlights: The Enforcement Directorate is set to register a fresh ECIR in connection with the financial transactions between CMRL and Exalogic.