ദുബായിലെ റോഡുകളും പ്രദേശങ്ങളും ഇനി ഒറ്റ ക്ലിക്കിൽ തിരിച്ചറിയാം; പുതിയ സംവിധാനവുമായി ഭരണകൂടം

ഏകീകൃത ഡിസൈൻ ഉപയോഗിക്കുന്നതിലൂടെ താമസക്കാർക്കും സന്ദർശകർക്കും ദുബായിലെ സ്ഥലങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാനും വഴി കണ്ടെത്താനും സാധിക്കും

ദുബായിലെ റോഡുകളും പ്രദേശങ്ങളും ഇനി ഒറ്റ ക്ലിക്കിൽ തിരിച്ചറിയാം; പുതിയ സംവിധാനവുമായി ഭരണകൂടം
dot image

ദുബായിലെ റോഡുകളും മേഖലകളും ഇനി കൂടുതൽ എളുപ്പത്തിൽ തിരിച്ചറിയാം. ഏരിയാ സൈൻബോർഡുകൾ മുതൽ സ്ട്രീറ്റ് പേരുകളും വീടുകളുടെ നമ്പർ പ്ലേറ്റുകളും വരെ പുതിയ രൂപത്തിലും ഏകീകൃത സംവിധാനത്തിലുമാക്കാനുള്ള പദ്ധതിക്കാണ് ദുബായ് തുടക്കമിടുന്നത്. ആദ്യഘട്ട മാറ്റങ്ങൾ ഈ വർഷം തന്നെ ആരംഭിക്കും. 2030ഓടെ എമിറേറ്റിലെ 186 മേഖലകളിലും പുതിയ സംവിധാനം പൂർണമായി നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.

ആദ്യഘട്ടത്തിൽ 2,000 ത്തിലധികം സൈൻബോർഡുകൾ സ്ഥാപിക്കുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യും. സഅബീൽ 1 (Za’abeel 1), സഅബീൽ 2 (Za’abeel 2), നാദ് അൽ ഷെബ (Nad Al Sbeba), അൽ ഖവാനീജ് 1 (Al Khawaneej 1), നസ്വ (Nazwa) എന്നിവയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുന്ന മേഖലകൾ. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതയ്ക്ക് അനുസരിച്ചായിരിക്കും പുതിയ സൈൻബോർഡുകളിൽ അഞ്ച് നിറങ്ങൾ ഉപയോഗിക്കുക. ഉദാഹരണത്തിന് കടലിനോട് ചേർന്നുള്ള പ്രദേശങ്ങൾ നീല നിറത്തിലും മരുഭൂമി മേഖലകൾ സ്വർണ നിറത്തിലും അടയാളപ്പെടുത്തും.

നഗരാസൂത്രണത്തിനായുള്ള സുപ്രീം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (RTA) ദുബായ് മുനിസിപ്പാലിറ്റിയും ചേർന്നാണ് പുതിയ അഡ്രസിങ് സംവിധാനം നടപ്പാക്കുന്നത്. ഏരിയകളും സെക്ടറുകളും തിരിച്ചറിയുന്നതിനുള്ള ബോർഡുകൾ, സ്ട്രീറ്റ് നെയിം ബോർഡുകൾ, വീടുകളുടെ നമ്പർ പ്ലേറ്റുകൾ എന്നിവ പുതിയ സംവിധാനത്തിന്റെ ഭാഗമാകും. ഏകീകൃത ഡിസൈൻ ഉപയോഗിക്കുന്നതിലൂടെ താമസക്കാർക്കും സന്ദർശകർക്കും ദുബായിലെ സ്ഥലങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാനും വഴി കണ്ടെത്താനും കഴിയുമെന്ന് ആർടിഎ വ്യക്തമാക്കി.

വീടുകളുടെ നമ്പർ പ്ലേറ്റുകളിൽ ഓരോ കെട്ടിടത്തിന്റെയും മക്കാനി നമ്പറിനൊപ്പം QR കോഡും ഉൾപ്പെടുത്തും. QR കോഡ് സ്കാൻ ചെയ്താൽ ഏരിയ, സെക്ടർ, സ്ട്രീറ്റ് എന്നിവയുടെ പേരുകൾക്കും സമീപത്തെ പ്രധാന സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾക്കും പുറമെ കൂടുതൽ വിശദാംശങ്ങളും ലഭിക്കും. പുതിയ സംവിധാനത്തിന്റെ ഭാഗമായുള്ള ഏകീകൃത രൂപകൽപ്പന പിന്നീട് ബസ് സ്റ്റോപ്പുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ, ഏരിയ മാപ്പ് ബോർഡുകൾ എന്നിവയിലേക്കും വ്യാപിപ്പിക്കും. 2026ന്റെ നാലാം പാദം മുതൽ 2030 വരെ ഘട്ടംഘട്ടമായായിരിക്കും പുതിയ സംവിധാനം നടപ്പാക്കുക. ജനസംഖ്യാ സാന്ദ്രതയും വളർച്ചയും, താമസ-വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സാന്നിധ്യം, ഔദ്യോഗിക വിലാസങ്ങളില്ലാത്ത സ്ട്രീറ്റുകളുടെ എണ്ണം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചായിരിക്കും മേഖലകൾക്ക് മുൻഗണന നൽകുക.

Content Highlights: Dubai is introducing a new visual addressing system with updated area, street and house signs to make locations easier to identify and navigation more convenient.

dot image
To advertise here,contact us
dot image