

ദുബായിലെ പങ്കാളിത്ത പാർപ്പിടങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്കും മറ്റ് വാടകക്കാർക്കും വലിയ ആശ്വാസമേകുന്ന പുതിയ നിയമവുമായി അധികൃതർ. കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് തന്നെ വാടകക്കരാർ റദ്ദാക്കാനും മുൻകൂറായി നൽകിയ വാടകത്തുക തിരികെ വാങ്ങാനും ഇനിമുതൽ താമസക്കാർക്ക് അവകാശമുണ്ട്. ഇതിനായി നിശ്ചിത സമയപരിധിക്കുള്ളിൽ കെട്ടിട ഉടമയ്ക്ക് നോട്ടീസ് നൽകണമെന്ന് മാത്രമാണ് ആകെയുള്ള നിബന്ധന.
കുറഞ്ഞത് 30 ദിവസം മുമ്പാണ് വാടകക്കാരൻ കെട്ടിട ഉടമയെ കരാർ അവസാനിപ്പിക്കുന്ന കാര്യം അറിയിക്കേണ്ടത്. എന്നാൽ, വാടകക്കരാറിൽ ഇതിനേക്കാൾ കൂടുതൽ ദിവസത്തെ (ഉദാഹരണത്തിന് 60 ദിവസം) നോട്ടിസ് കാലയളവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആ കാലാവധിയായിരിക്കും ബാധകമാകുന്നത്. വാടകക്കാരുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുന്ന പുതിയ നിയമാവലിയുടെ വിശദാംശങ്ങളും ലൈസൻസിംഗ് നടപടികളും ദുബായ് മുനിസിപ്പാലിറ്റി ഉടൻ പുറത്തുവിടും.
നിയമാനുസൃതമായി നോട്ടീസ് നൽകി കരാർ അവസാനിപ്പിക്കുന്നവർക്ക് മുൻകൂറായി നൽകിയ വാടകത്തുക തിരികെ ലഭിക്കും. എന്നാൽ ബാക്കി തുക തിരികെ നൽകുന്നതിന് മുൻപ് ഒരു മാസത്തെ വാടകയ്ക്ക് തുല്യമായ തുക പിടിച്ചെടുക്കാൻ കെട്ടിട ഉടമയ്ക്ക് നിയമപരമായി അവകാശമുണ്ട്. മാസങ്ങളോളം മുന്നേക്കൂട്ടി വാടക നൽകിയവർക്ക് ഈ നിയമം ഏറെ പ്രയോജനപ്പെടും. പുതിയ നിയമമനുസരിച്ച് പങ്കാളിത്ത പാർപ്പിടങ്ങളിൽ പ്രതിമാസ അടിസ്ഥാനത്തിലാണ് വാടക നൽകേണ്ടത്. കരാറിൽ പ്രത്യേകം പറഞ്ഞിട്ടില്ലെങ്കിൽ കുടിവെള്ള, വൈദ്യുതി ചാർജുകളും വാടകയിൽ ഉൾപ്പെടും.
നോട്ടീസ് നൽകിയിട്ടും അഡ്വാൻസ് തുക തിരികെ നൽകാൻ ഉടമ തയ്യാറായില്ലെങ്കിൽ വാടകക്കാർക്ക് നിയമനടപടി സ്വീകരിക്കാം. റീഫണ്ട് ആവശ്യപ്പെട്ട് 30 ദിവസത്തിനുള്ളിൽ തുക ലഭിച്ചില്ലെങ്കിൽ, തുക ഈടാക്കി നൽകണമെന്ന് ആവശ്യപ്പെട്ട് എക്സിക്യൂഷൻ ജഡ്ജിക്ക് ഹർജി നൽകാം. ഈ നിയമവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാനുള്ള പൂർണ്ണ അധികാരം ദുബായ് റെന്റൽ ഡിസ്പ്യൂട്ട് സെന്ററിനായിരിക്കും.
ഒഴിയാനുള്ള നോട്ടിസ് നൽകുന്ന രീതിയും വളരെ പ്രധാനമാണ്. വാക്കാൽ പറയുന്നതിന് പകരം നോട്ടിസ് നോട്ടിഫൈഡ് പബ്ലിക് മുഖേനയോ, കരാറിൽ നൽകിയിട്ടുള്ള ഇമെയിൽ വിലാസത്തിലോ, നേരിട്ട് നൽകിയോ മറ്റ് അംഗീകൃത നിയമമാർഗ്ഗങ്ങൾ വഴിയോ നൽകണം. കൂടാതെ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മറ്റൊരാൾക്ക് കൈമാറിയാലും വാടകക്കാരുടെ കരാറിനെ അത് ബാധിക്കില്ല. പുതിയ ഉടമയുടെ കീഴിലും പഴയ കരാറിലെ വ്യവസ്ഥകൾ അതേപടി തുടരുമെന്നും നിയമത്തിൽ വ്യക്തമാക്കുന്നു.
Content Highlights: Dubai tenancy rules provide circumstances under which tenants may vacate a rental property before the lease expires and seek a refund of advance payments. The applicable terms and conditions of the tenancy contract remain important when ending a lease early.